Sorry, you need to enable JavaScript to visit this website.

മാരക്കാനായിലെ മാജിക്

രണ്ടാം ലോക യുദ്ധ കാലത്ത് കളിക്കളങ്ങൾ നിശ്ചലമായ ശേഷം ബ്രസീലിൽ നടന്ന ലോകകപ്പിന്റെ അവിസ്മരണീയ ഓർമകൾ...

രണ്ടാം ലോക യുദ്ധം കാരണം ഒരു വ്യാഴവട്ടത്തോളം മുടങ്ങിയ ശേഷമാണ് ലോകകപ്പ് 1950 ൽ പുനരാരംഭിച്ചത്. ലോക മഹാ യുദ്ധത്തിൽ യൂറോപ്പ് ഛിന്നഭിന്നമായിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ട ജർമനിയെയും ജപ്പാനെയും യോഗ്യതാ റൗണ്ടിൽ പോലും പങ്കെടുക്കുന്നതിൽനിന്ന് വിലക്കി. എന്നാൽ 1934 മുതൽ ലോക ചാമ്പ്യന്മാരായ ഇറ്റലി പങ്കെടുത്തു. ഹിറ്റ്‌ലറുടെ ജർമനിയെ മാറ്റിനിർത്തിയപ്പോൾ മുസോളിനിയുടെ ഇറ്റലിക്ക് പ്രവേശനമനുവദിച്ചു. 1934 ലെയും 1938 ലെയും ചാമ്പ്യന്മാരായിരുന്നു ഇറ്റലി. യുദ്ധം കാരണം 12 വർഷം ലോകകപ്പ് മുടങ്ങുകയും ചെയ്തു. അതിനാൽ 16 വർഷമായി നിലവിലെ ചാമ്പ്യന്മാർ എന്ന പദവി അലങ്കരിക്കുകയായിരുന്നു ഇറ്റലി.
ലോക യുദ്ധത്തിനു മുമ്പ് ലോകകപ്പിൽ കളിച്ച രണ്ടു പേർ മാത്രമാണ് യുദ്ധത്തിനു ശേഷമുള്ള ഈ ലോകകപ്പിൽ മുഖം കാണിച്ചത്. സ്വീഡന്റെ എറിക് നീൽസനും സ്വിറ്റ്‌സർലന്റിന്റെ ആൽഫ്രഡ് ബിക്കലും.
1938 ലെ ലോകകപ്പിനു ശേഷം ലോകകപ്പ് ട്രോഫി ബാങ്ക് ഓഫ് റോമിൽ സൂക്ഷിക്കുകയായിരുന്നു. 1940 ൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ ട്രോഫി നഷ്ടപ്പെട്ടേക്കുമെന്ന് ഭീതിയുയർന്നു. ബാങ്കിൽ നിന്ന് ട്രോഫി തട്ടിയെടുത്ത ഇറ്റാലിയൻ സ്‌പോർട്‌സ് ഒഫീഷ്യൽ ഡോ. ഒട്ടോറിനൊ ബരാസി പത്തു വർഷത്തോളം അത് തന്റെ കിടക്കക്കടിയിൽ സൂക്ഷിച്ചു. 
1942 ലെ ലോകകപ്പ് നടത്താൻ മുന്നോട്ടുവന്നിരുന്ന ബ്രസീലിനാണ് ഇത്തവണ വേദി അനുവദിച്ചത്. സംഭവബഹുലമായിരുന്നു ബ്രസീലിലെ ആദ്യ ലോകകപ്പ്. എക്കാലത്തെയും വലിയ സ്റ്റേഡിയം റിയോഡിജനീറോയിലെ മാരക്കാനായിൽ നിർമിച്ച് ബ്രസീൽ ലോകകപ്പിന് ഒരുങ്ങി. അഭൂതപൂർവമായ വിജയമായിരുന്നു ആ ലോകകപ്പ്. ശരാശരി 61,000 പേരാണ് ബ്രസീൽ ലോകകപ്പിലെ ഓരോ കളിയും കണ്ടത്. 
1994 വരെ ഈ റെക്കോർഡ് നിലനിന്നു. മാരക്കാനാ സ്‌റ്റേഡിയത്തിന്റെ വലുപ്പവും ആ റെക്കോർഡിന് കാരണമായിരുന്നു. മാരക്കാനായിലെ മത്സരങ്ങൾ മാറ്റിനിർത്തിയാലും ശരാശരി 37,500 പേർ വീതം കളി കണ്ടു. പക്ഷെ ബ്രസീലിന്റെ സങ്കടക്കടലിലാണ് ആ ലോകകപ്പ് അവസാനിച്ചത്. വിജയം ഉറപ്പിച്ച അവർ കലാശപ്പോരാട്ടത്തിൽ ഉറുഗ്വായോട് തോറ്റു. 2014 ൽ ബ്രസീൽ വീണ്ടും ലോകകപ്പ് നടത്തിയപ്പോഴും ഈ തിരിച്ചടി ആവർത്തിച്ചു. സെമി ഫൈനലിൽ ജർമനിയോട് ഒന്നിനെതിരെ ഏഴു ഗോൡന് ബ്രസീൽ തോറ്റു. 
ഫുട്‌ബോളിന്റെ ജന്മദേശമായ ഇംഗ്ലണ്ട് ആദ്യമായി പങ്കെടുത്ത ലോകകപ്പ് കൂടിയായിരുന്നു 1950 ലേത്. ഫിഫയിൽ ചേരാൻ മടിച്ചുനിന്ന ഇംഗ്ലണ്ട് രണ്ടാം ലോക യുദ്ധത്തിനു ശേഷമാണ് ഒടുവിൽ വഴങ്ങിയത്.
ഇന്ത്യ കളിക്കേണ്ട ലോകകപ്പ് കൂടിയായിരുന്നു അത്.ഏഷ്യയെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയ ഇന്തോനേഷ്യയും ഫിലിപ്പൈൻസും ബർമയും പിന്മാറിയതിനാൽ ഇന്ത്യക്ക് ലോകകപ്പിൽ പങ്കെടുക്കാൻ ആദ്യമായും അവസാനമായും സാധ്യത തെളിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും പാരഗ്വായ്‌യും സ്വീഡനുമുൾപ്പെട്ട ഗ്രൂപ്പ് മൂന്നിൽ ഇന്ത്യ കളിക്കേണ്ടതായിരുന്നു. ഇന്ത്യ പങ്കെടുക്കാതിരുന്നതിന് പല കാരണങ്ങൾ പറയുന്നു. ബൂട്ട് ധരിച്ച് കളിക്കണമെന്ന നിബന്ധനയാണ് പിന്മാറ്റത്തിന് കാരണമെന്നാണ് പൊതുവായ വിശദീകരണം. ഇന്ത്യൻ കളിക്കാർ അന്ന് നഗ്നപാദരായാണ് കളിച്ചിരുന്നത്. എന്നാൽ ലോകകപ്പിന്റെ വലുപ്പം ഇന്ത്യൻ ഫുട്‌ബോൾ മേധാവികളും കളിക്കാരും മനസ്സിലാക്കിയില്ലെന്നതാണ് യഥാർഥ കാരണം. അതിനാൽ ആ ക്ഷണം ഇന്ത്യ വേണ്ടത്ര ഗൗരവത്തോടെ എടുത്തില്ല. രണ്ടാം ലോക യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് മൂന്നു ലോകകപ്പുകൾ നടന്നതിന്റെ ഓർമകൾ അപ്പോഴേക്കും വിദൂരമായിരുന്നു.  


1938 ലെ ഫൈനലിസ്റ്റ് ഹംഗറിയും 1934 ലെ ഫൈനലിസ്റ്റ് ചെക്കൊസ്ലൊവാക്യയും അർജന്റീനയും ഫ്രാൻസുമുൾപ്പെടെ നിരവധി ടീമുകൾ ലോകകപ്പിൽ പങ്കെടുക്കാൻ മടിച്ചു. വിചിത്രമായ രീതിയിലാണ് ആ ടൂർണമെന്റ് നടത്തിയത്. പങ്കെടുത്ത 13 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ചു. രണ്ടു ഗ്രൂപ്പുകളിൽ നാലു ടീമുകൾ വീതവും ഒന്നിൽ മൂന്നും നാലാമത്തേതിൽ രണ്ടും ടീമുകളായിരുന്നു. ടൂർണമെന്റിന് ഫൈനൽ ഉണ്ടായിരുന്നില്ല. നാലു ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാർ പങ്കെടുത്ത രണ്ടാം റൗണ്ടിൽ കൂടുതൽ പോയന്റ് കിട്ടുന്ന ടീമായിരുന്നു ചാമ്പ്യന്മാർ. നിരവധി സ്റ്റേഡിയങ്ങൾ ലോകകപ്പിനായി പണിത ബ്രസീൽ കൂടുതൽ മത്സരങ്ങൾ നടത്തി പരമാവധി പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. മുൻ ലോകകപ്പിലെ പോലെ നോക്കൗട്ട് റൗണ്ടിൽ ടൂർണമെന്റ് നടത്തിയാൽ കുറച്ചു മത്സരങ്ങളേ സാധ്യമാവുമായിരുന്നുള്ളൂ. 
ബ്രസീലും ഉറുഗ്വായ്‌യും തമ്മിലായിരുന്നു അവസാന മത്സരം. കിരീടം നേടാൻ ബ്രസീലിന് സമനില മതിയായിരുന്നു. ആതിഥേയർ ചാമ്പ്യന്മാരാവുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. രണ്ടു ലക്ഷത്തോളം പേർ മാരക്കാനായിൽ തടിച്ചുകൂടി. 
പ്രതീക്ഷിച്ചതു പോലെ നാൽപത്തേഴാം മിനിറ്റിൽ ഫ്രയാസയിലൂടെ ബ്രസീൽ മുന്നിലെത്തി. അറുപത്താറാം മിനിറ്റിൽ ഉറുഗ്വായ് തിരിച്ചടിച്ചു. യുവാൻ ഷിയാഫിനോയിലൂടെ അവർ ഗോൾ മടക്കി. 
കളി തീരാൻ 11 മിനിറ്റ് ശേഷിക്കെ ആൽസിഡെസ് ജീജിയ ഉറുഗ്വായ്‌യുടെ വിജയ ഗോളടിച്ചപ്പോൾ മാരക്കാനാ ഒന്നടങ്കം ഞെട്ടിത്തരിച്ചു. രണ്ടാം തവണ ലോകകപ്പിൽ പങ്കെടുത്ത ഉറുഗ്വായ് രണ്ടാം തവണ ലോക ചാമ്പ്യന്മാരായി എന്നതിനെക്കാൾ ബ്രസീലുകാരുടെ അടക്കാനാവാത്ത ദുഃഖമായിരുന്നു ആ കലാശപ്പോരാട്ടത്തിന് ചരിത്രത്തിൽ സ്ഥാനം നൽകിയത്. 


ഗ്രൂപ്പ് ഘട്ടത്തിൽ ജയറും സിസിഞ്ഞോയും അഡെമിറുമുൾപ്പെട്ട ബ്രസീൽ ടീം എതിരാളികളെ പിച്ചിച്ചീന്തി. മെക്‌സിക്കോയെ 4-0 ന് തകർത്താണ് ബ്രസീൽ തുടങ്ങിയത്. എന്നാൽ സ്വിറ്റ്‌സർലാന്റുമായി 2-2 സമനില പാലിച്ചതോടെ അവസാന മത്സരത്തിൽ യൂഗോസ്ലാവ്യയെ തോൽപിക്കണമായിരുന്നു ബ്രസീലിന് ഫൈനൽ റൗണ്ടിലെത്താൻ. ബ്രസീലിനെതിരായ മത്സരത്തിന് ഇറങ്ങവെ യൂഗോസ്ലാവ്യയുടെ റായ്‌കൊ മിറ്റിച്ചിന് ഇരുമ്പു വേലിയിൽ തട്ടി ഗുരുതരമായി മുറിവേറ്റെങ്കിലും റഫറി കളി വൈകിക്കാൻ വിസമ്മതിച്ചു. പത്തു പേരുമായാണ് യുഗോസ്ലാവ്യ കളി തുടങ്ങിയത്. മിറ്റിച് ചികിത്സ തേടവെ ബ്രസീലിന് അഡെമിർ ലീഡ് നൽകി. സിസിഞ്ഞൊ വിജയം ഉറപ്പാക്കി. അവസാന റൗണ്ടിൽ ബ്രസീൽ ഉജ്വല ഫോമിലായിരുന്നു. അഡെമിറിന്റെ നാലു ഗോളിൽ സ്വീഡനെ 7-1 ന് തകർത്ത അവർ സ്‌പെയിനിനെ 6-1 ന് തുരത്തി. അതേസമയം ഉറുഗ്വായ് പരീക്ഷണങ്ങൾ അതിജീവിക്കുകയായിരുന്നു. ഒടുവിൽ ഉറുഗ്വായ് പോലും പ്രതീക്ഷിക്കാതെ അവർ ജയിച്ചു.

Latest News