Sorry, you need to enable JavaScript to visit this website.

ദീർഘദർശനം ചെയ്യുന്ന എഴുത്തുകാർ

''ന്യൂയോർക്ക് സിറ്റിയിലെ  മൻഹാട്ടൻ,  ക്യൂൻസ്. ആൾക്കാർ തിങ്ങി നിറഞ്ഞ് താമസിക്കുന്ന  സ്ഥലമാണ്. അവിടെയൊക്കെ ഇപ്പോൾ  എന്താ  അവസ്ഥ എന്നെനിക്ക് ആലോചിക്കാൻ  പോലും  വയ്യ!  അത്രക്ക് ഡെസ്‌പെറേറ്റ് ആണ്. ആൾക്കാർക്കാണെങ്കിൽ പുറത്ത് ചാടാനും വയ്യ. അതിന്റെ ഉള്ളിൽ പെട്ടാൽ പെട്ടത് പോലെയാ. അങ്ങനെ ആയിപ്പോയി! പുറത്തിറങ്ങാൻ വയ്യ. സിറ്റിയുടെ ഉള്ളിൽ വൈറസ് സാന്നിധ്യം വളരെ കൂടുതലാണ്. എനിക്ക് പരിചയം ഉള്ള ആളുടെ ഫ്രണ്ട് താമസിക്കുന്നത് ബ്രൂക്കിലിനിലാണ്.  വീട്ടിനുള്ളിൽ അടച്ചിട്ട് വല്ലാതെ ബോറടിച്ച് പ്രാന്തായപ്പം അവര് പുറത്തെ കാലിയായ റോഡിൽ അൽപദൂരം ബൈക്കോടിച്ച് തിരിച്ചു വന്നു.  ഒരു മനുഷ്യനെ അവർ കണ്ടിട്ടില്ല.  അതായത് എവിടേം തൊട്ടിട്ടില്ല. ഗ്ലൗസൊക്കെ ഇട്ടിട്ടാണ് പോയത്. എവിടേം അവര് ആരേം കണ്ടിട്ടുല്ല തൊട്ടിട്ടില്ല. പക്ഷേ അവർ തിരിച്ചു വന്നത് ഈ സാധനോം  കൊണ്ടാണ്.''  കൊറോണ ബാധിച്ച അമേരിക്കയിൽ നിന്നും കഴിഞ്ഞ ദിവസം സുന്നത്ത് സെറിൻ അയച്ച ശബ്ദ സന്ദേശത്തിലെ ഏതാനും ഭാഗമാണിത്. 
അതിഭീതിദമായ ദിനരാത്രങ്ങളിലൂടെ കടന്നു പോവുന്ന അമേരിക്കൻ അവസ്ഥയെ കുറിച്ച് സെറിൻ പങ്ക് വെച്ച ഹൃദയഭേദകമായ പല അനുഭവങ്ങളും കേട്ടുകൊണ്ടിരുന്നപ്പോൾ മനസ്സിലൂടെ കടന്നു പോയത് മുൻപ് വായിച്ചുപോയ ഒരു നോവലാണ് എന്നത് പറയാതെ വയ്യ. 
ലോകത്തെ ഭൂരിപക്ഷം ജനങ്ങളെ  തുടച്ചു നീക്കിയ 2013 ലെ റെഡ് ഡെത്ത് എന്ന അനിയന്ത്രിതമായ ഒരു മഹാമാരിക്ക് ശേഷം 60 വർഷം പിന്നിട്ട് 2073 ൽ അമേരിക്കയിൽ നടക്കുന്ന ഒരു മഹാവ്യാധിയുടെ കഥ പറയുന്നതാണ്  ജാക്ക് ലണ്ടൻ എഴുതിയ ദി സ്‌കാർലറ്റ് പ്ലേഗ് എന്ന ആ  വിഖ്യാത നോവൽ. നോവൽ പ്രസിദ്ധീകരിച്ചതാകട്ടെ,  ഒരു നൂറ്റാണ്ട് മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 1912 ൽ.എഴുത്തുകാരിലെ ക്രാന്തദർശിത്വത്തിന് ഉത്തമ ഉദാഹരണമാണീ നോവലെന്ന് നിസ്സംശയം പറയാം. 
ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട വിരലിലെണ്ണാവുന്ന  ഒരാളായ ഗ്രാൻസർ എന്ന  ജെയിംസ് ഹോവാർഡ് സ്മിത്  പകർച്ചവ്യാധിയോടും മരണത്തോടും എങ്ങനെയാണ് ജനം പ്രതികരിക്കുകയെന്നത് വിശ്വാസം വരാത്ത  പേരക്കുട്ടിയോട് വിവരിക്കുന്നതാണ് നോവൽ. ലോകത്തെയാകെ ഒരു മഹാമാരി പിടികൂടി ജനത്തെ മുഴുവൻ വീട്ടുതടങ്കലിലാക്കിയ ഈ കാലത്ത് എന്തുകൊണ്ടും ഒരിക്കൽ കൂടി വായിച്ച് നോക്കാൻ ആ നോവൽ ക്ഷണിക്കുന്നുണ്ടെന്ന് വേണം പറയാൻ.
പകർച്ചവ്യാധിയോടുള്ള മനുഷ്യനിലെ പ്രാചീനമായ ഭയം പ്രമേയമായുള്ള ഈ നോവൽ വായനക്കാരെ വർത്തമാന പശ്ചാത്തലത്തിൽ ഏറെ ചിന്തിപ്പിക്കും.
പഴയ കാലങ്ങളിൽ പ്ലേഗ്, കുഷ്ഠമുൾപ്പടെ മഹാമാരികൾ സാധാരണമായിരുന്നു. ഇവ വ്യാപിക്കുമ്പോൾ ചികിത്സ ഉണ്ടാകുമായിരുന്നില്ല. മാന്യമായി പെരുമാറാൻ ഇസ്രായില്യരോട് കൽപിക്കുന്ന ഭാഗങ്ങളിൽ ഇത്തരം മഹാമാരികൾ ദൈവശിക്ഷയായി വന്നെത്തുമെന്നു താക്കീത് ഉണ്ട്. മഹാമാരികൾ പാപത്തിനുള്ള പ്രതിക്രിയയായി ഗ്രീക്ക് സാഹിത്യങ്ങളിലും കാണാവുന്നതാണ്. ഹോമറിന്റെ ഇലിയഡും  സോഫോ ക്ലിസിന്റെ ഈഡിപ്പസ് ദി കിംഗ് എന്ന കൃതിയും ഉദാഹരണം. ഇതിന് വിരുദ്ധമായ അഭിപ്രായ പ്രകടനം നടത്തിയവരും അക്കാലത്ത് ഉണ്ടായിരുന്നു.
ഗ്രീക്ക് ചരിത്രകാരനായ ത്യൂസിഡൈഡ്‌സും ലാറ്റിൻ കവിയായ ലുക്രീഷ്യസും മഹാമാരികൾ നല്ലവരെന്നും പാപികളെന്നുമുള്ള വ്യത്യാസമില്ലാതെ ആരെയും പിടികൂടുന്ന പ്രകൃതി പ്രതിഭാസമാണെന്നും നിരീക്ഷിച്ചു. 
പിൽക്കാലത്ത്, മധ്യകാല ഘട്ടത്തിൽ ഡെക്കാമറോൺ എഴുതിയ ബൊക്കാച്ചിയോയും കാന്റർബറി ടേൽസ് എഴുതിയ ചോസറും മനുഷ്യരുടെ പെരുമാറ്റത്തിന് അടിവരയിട്ടുകൊണ്ട് മഹാമാരികളെ വിലയിരുത്തിയതായി കാണാം. തുടർന്ന് ധാരാളം രചനകളിൽ മഹാവ്യാധികളും മനുഷ്യരുടെ സമീപനങ്ങളും വിഷയമായിട്ടുണ്ട്. 
സംഹാര താണ്ഡവമാടുന്ന വ്യാധിയെയും അനുസ്യൂതം തുടരുന്ന മരണത്തെയും  വായനക്കാരനെ മുച്ചൂടും പിടിച്ചുലയ്ക്കുന്ന രീതിയിൽ ജാക്ക് ലണ്ടന്റെ നോവലിൽ  വരച്ചിട്ടിരിക്കുന്നു. 
ഈ കൃതി പ്രസിദ്ധീകരിച്ച് ആറു വർഷമായപ്പോഴാണ് 1918 മുതൽ 1920 വരെ നീണ്ടു നിന്ന സ്പാനിഷ് ജ്വരം ലോകമാകെ പടർന്നു പന്തലിച്ചത് എന്നോർമ വേണം. ഏകദേശം 20 ദശലക്ഷം പേരാണ് ആ മഹാമാരിയുടെ ഫലമായി മണ്ണടിഞ്ഞതെന്നതും നാം വിസ്മരിക്കരുത്.
ഒരു നൂറ്റാണ്ട് മുമ്പാണ് ജാക്ക് ലണ്ടന്റെ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടതെങ്കിലും ദി  സ്‌കാർലറ്റ് പ്ലേഗിൽ വിവരിക്കപ്പെട്ട കാര്യങ്ങൾ പകർച്ചവ്യാധികളുടെ കാലത്ത് നിത്യേന ലോകത്തിലെ വിവിധ ഭാഗങ്ങളിൽ പുലരുന്നതായി കാണാമെന്ന് മഹാവ്യാധികളും സാഹിത്യവും എന്ന വിഷയത്തിൽ ഗവേഷണം നടത്തിയ വൈദ്യശാസ്ത്ര രംഗത്തെ ചരിത്രകാരനായ  ഡോ. മിഷേൽ റിവ പ്രസ്താവിച്ചിട്ടുണ്ട്. ആ കാര്യങ്ങൾ ഓരോന്നും  പകൽ പോലെ തെളിയുന്ന നാളുകളിലൂടെയാണല്ലോ നാമിന്ന് കടന്നുപോയി കൊണ്ടിരിക്കുന്നത്.

Latest News