Sorry, you need to enable JavaScript to visit this website.

ഐ.ഒ.സി വാക്കു മാറുന്നു, യോഗ്യത നേടിയവര്‍ പെരുവഴിയില്‍

പാരിസ് - ഒളിംപിക്‌സ് ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ചതോടെ ഇതിനകം യോഗ്യത നേടിയവര്‍ക്കെല്ലാം ബെര്‍ത്തുറപ്പാണെന്ന് പ്രഖ്യാപിച്ച ഐ.ഒ.സി പിന്മാറുന്നു. നേടിയ ഒളിംപിക് ക്വാട്ട മാത്രമേ ഉറപ്പുള്ളൂ എന്നും ആ ക്വാട്ടയില്‍ ഏത് അത്‌ലറ്റിനെ പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് അതാത് ദേശീയ ഫെഡറേഷനുകളാണെന്നും ഐ.ഒ.സി വ്യക്തമാക്കി.  
യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തതോടെ ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റിക്കെതിരെ അത്‌ലറ്റുകളില്‍ നിന്ന് കേസുകളുടെ പ്രവാഹമുണ്ടാവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. യോഗ്യതാ മാനദണ്ഡങ്ങള്‍ മാറ്റുന്നത് പല കായിക താരങ്ങളുടെയും സ്വപ്‌നം തകര്‍ത്തേക്കും. 
ലോക റാങ്കിംഗ് അനുസരിച്ചാണ് ഇന്റര്‍നാഷനല്‍ ഗോള്‍ഫ് ഫെഡറേഷന്‍ ഒളിംപിക്‌സിനുള്ള കളിക്കാരെ തെരഞ്ഞെടുക്കുന്നത്. ഇപ്പോഴത്തെ പട്ടികയും അടുത്ത വര്‍ഷത്തെ പട്ടികയും തമ്മില്‍ ഇക്കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടായേക്കാം. ഈ വര്‍ഷം പുറംവേദന കാരണം സീസണിലേറെയും നഷ്ടപ്പെട്ട ടൈഗര്‍ വുഡ്‌സിനെ പോലുള്ളവര്‍ക്ക് ഒളിംപിക്‌സിന് യോഗ്യത നേടാന്‍ ഇത് അവസരമൊരുക്കും. 
ഒളിംപിക്‌സില്‍ പങ്കെടുക്കേണ്ട 11,000 അത്‌ലറ്റുകളില്‍ 57 ശതമാനം പേരാണ് ഇതുവരെ ബെര്‍ത്തുറപ്പിച്ചത്. അവരുടെ കാര്യത്തില്‍ മാറ്റമുണ്ടാവില്ലെന്ന് ഐ.ഒ.സി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അത് ഐ.ഒ.സി മാത്രം തീരുമാനിക്കേണ്ട കാര്യമല്ലന്നാണ് ദേശീയ ഫെഡറേഷനുകള്‍ പറയുന്നത്. ഒളിംപിക്‌സില്‍ മെഡലുകളാണ് പ്രധാനം. 2021 ല്‍ മെഡല്‍ നേടാന്‍ സാധ്യതയുള്ള അത്‌ലറ്റുകളെ ഒളിംപിക്‌സിന് അയക്കാനാണ് രാജ്യങ്ങള്‍ താല്‍പര്യപ്പെടുക. ഈ സാഹചര്യത്തില്‍ ഓരോ രാജ്യവും നേടിയ ഒളിംപിക് ക്വാട്ടക്ക് മാത്രമേ സംരക്ഷണമുണ്ടാവൂ. ആ ക്വാട്ടയില്‍ ആരെ പങ്കെടുപ്പിക്കണമെന്നത് ഓരോ രാജ്യത്തിന്റെയും തീരുമാനമായിരിക്കും. ഫലത്തില്‍, ഈ വര്‍ഷം യോഗ്യത നേടിയവര്‍ തന്നെയാവണമെന്നില്ല അടുത്ത വര്‍ഷം ഒളിംപിക്‌സില്‍ പങ്കെടുക്കുക. ഇത് വലിയ നിയമയുദ്ധത്തിലേക്ക് നയിച്ചേക്കും. ആരെ തെരഞ്ഞെടുക്കണമെന്ന അന്തിമ തീരുമാനം ദേശീയ ഫെഡറേഷനുകള്‍ക്കാണെന്ന് ഐ.ഒ.സി സ്‌പോര്‍ട്‌സ് ഡയരക്ടര്‍ കിറ്റ് മക്കണല്‍ സമ്മതിച്ചു. അത്‌ലറ്റുകള്‍ അതാതു രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാല്‍ അവരെ തെരഞ്ഞെടുക്കേണ്ടത് അതാത് രാജ്യത്തെ ഫെഡറേഷനുകളാണ് -അദ്ദേഹം പറഞ്ഞു. 

Latest News