കുവൈത്ത് സിറ്റി- കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തു നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത് മന്ത്രിസഭ. വര്‍ക്ക് ഷോപ്പുകളും ഓട്ടോ പാര്‍ട്‌സ് സെന്ററുകളും അടച്ചിടാന്‍ ഉത്തരവിട്ടു.
തൊഴിലാളികള്‍ സമ്പര്‍ക്കം പുലര്‍ത്തുന്നത് കര്‍ശനമായി നിയന്ത്രിക്കുവാനും സഹകരണ സംഘങ്ങളില്‍ സന്നദ്ധ സേവനം നടത്തിയിരുന്നവരെ തല്‍ക്കാലം അവിടെനിന്ന് മാറ്റി മറ്റു സ്ഥലങ്ങളിലേക്ക് നിയോഗിക്കാനും തീരുമാനിച്ചു. ഇ ലേണിങ്ങുമായി ബന്ധപ്പെട്ട് അതാത് സ്ഥാപനങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാം. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നിര്‍ബന്ധമില്ല. സഹകരണ സംഘങ്ങളുടെ ഫെഡറേഷനുമായി ഏകോപിപ്പിക്കുന്നതിന് സാമൂഹിക കാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.






