Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ് നീട്ടിയാലും മേരികോം അടങ്ങില്ല

ന്യൂദല്‍ഹി - വിരമിക്കേണ്ട പ്രായമായെങ്കിലും ഒളിംപിക് ചാമ്പ്യനാവുന്നതു വരെ തനിക്ക് വിശ്രമമില്ലെന്ന് വനിതാ ബോക്‌സര്‍ എം.സി മേരികോം. ടോക്കിയൊ ഒളിംപിക്‌സിന് മുപ്പത്തേഴുകാരി യോഗ്യത നേടിയിട്ടുണ്ട്. ഒളിംപിക്‌സ് നീട്ടിവെച്ചത് മണിപ്പൂരുകാരിക്ക് വലിയ തിരിച്ചടിയായെങ്കിലും വിട്ടുകൊടുക്കാനൊരുക്കമില്ലെന്ന് മേരികോം പറഞ്ഞു. ആറു തവണ ലോക ചാമ്പ്യനായ മേരികോം 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയിരുന്നു. 
ഒളിംപിക്‌സില്‍ ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുക്കലാണ് ലക്ഷ്യമെന്നും അതിനായി കഠിനാധ്വാനം ചെയ്യുമെന്നും മേരികോം പറഞ്ഞു. 2016 ലെ റിയൊ ഒളിംപിക്‌സിന് മേരികോമിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. ഇത്തവണ യുവ എതിരാളി നിഖാത് സെറീനില്‍ നിന്ന് കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഒളിംപിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവകാശം നേടിയത്. ജോര്‍ദാനില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക നീട്ടിയത്. ഒളിംപിക്‌സിന് യോഗ്യത നേടുക തന്നെ വലിയ കടമ്പയായിരുന്നുവെന്ന് മുന്‍ ലോക ചാമ്പ്യന്‍ പറഞ്ഞു. എങ്കിലും ഒളിംപിക്‌സില്‍ സ്വര്‍ണം നേടുന്നതു വരെ വിശ്രമമില്ലെന്ന് മേരികോം വ്യക്തമാക്കി. 
ജോര്‍ദാനില്‍ നിന്ന് തിരിച്ചുവന്നപ്പോഴാണ് കൊറോണ വ്യാപിച്ചതും ക്വാരന്റൈന്‍ നിര്‍ബന്ധമാക്കിയതും. ഒറ്റപ്പെട്ടു കഴിയുന്ന കാലത്തും ടോക്കിയൊ ഒളിംപിക്‌സിനായുള്ള തീവ്രപരിശീലനത്തിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഒളിംപിക്‌സ് നീട്ടിയതോടെ ദൗത്യം ദുഷ്‌കരമായി. തന്റെ സ്വപ്‌നം പൂവണിയാന്‍ രാജ്യത്തിന്റെ പിന്തുണയും സ്‌നേഹവും അനിവാര്യമാണെന്ന് മേരികോം പറഞ്ഞു. 
രാജ്യസഭാ എം.പിയാണ് മേരികോം. കഴിഞ്ഞ ദിവസം ഒരു മാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും നല്‍കി.  
 

Latest News