വിദേശത്തുള്ളവരുടെ റീ-എന്‍ട്രി; ജവാസാത്തിന്റെ പുതിയ വിശദീകരണം

റിയാദ് - വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശ തൊഴിലാളികളുടെ റീ-എന്‍ട്രി വിസകള്‍ ദീര്‍ഘിപ്പിക്കേണ്ടത് വിദേശ മന്ത്രാലയം വഴിയാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. തൊഴിലുടമകളാണ് ഓണ്‍ലൈന്‍ വഴി റീ-എന്‍ട്രി ദീര്‍ഘിപ്പിക്കേണ്ടത്.

https://visa.mofa.gov.sa/ExtendReturnedVisa എന്ന ലിങ്ക് വഴിയാണ് ഇതിനുള്ള നടപടികള്‍ തൊഴിലുടമകള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

തൊഴിലാളിയുടെ റീ-എന്‍ട്രി വിസയില്‍ പത്തു ദിവസം മാത്രമാണ് ശേഷിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ വഴി റീ-എന്‍ട്രി ദീര്‍ഘിപ്പിക്കുന്നതിന് ശ്രമിച്ചെങ്കിലും സാധിക്കുന്നില്ലെന്നും അറിയിച്ച സൗദി പൗരനാണ്  ജവാസാത്ത് മറുപടി നല്‍കിയത്.

വാർത്തകൾ വിശദമായി വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
കൊറോണ പ്രത്യാഘാതങ്ങള്‍ തരണം ചെയ്യുന്നതിന് പ്രഖ്യാപിച്ച ഉത്തേജന പദ്ധതിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമകള്‍ മൂന്നു മാസത്തേക്ക് ഓട്ടോമാറ്റിക് ആയി ദീര്‍ഘിപ്പിച്ചു നല്‍കില്ലെന്നും ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഹൗസ് ഡ്രൈവറുടെ ഇഖാമ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചെന്നും ഓട്ടോമാറ്റിക് ആയി ഇഖാമ ദീര്‍ഘിപ്പിച്ചു നല്‍കുന്ന പദ്ധതിയുടെ പ്രയോജനം  ലഭിക്കുമോയെന്നുമുള്ള സൗദി പൗരന്റെ അന്വേഷണത്തിനാണ് നിലവില്‍ പ്രഖ്യാപിച്ച ഇളവ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലഭിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.

സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കു മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവിന്റെ ആനുകൂല്യം ലഭിക്കുക. ലെവിയില്ലാതെ മൂന്നു മാസത്തേക്ക് ഇവരുടെ ഇഖാമകള്‍ ഓട്ടോമാറ്റിക് ആയി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ജവാസാത്ത് അറിയിച്ചിട്ടുണ്ട്. ഇതിന് ജവാസാത്തിനെ സമീപിക്കുകയോ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയോ വേണ്ടതില്ല. മാര്‍ച്ച് 20 മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ഇഖാമ കാലാവധി അവസാനിക്കുന്ന സ്വകാര്യ മേഖലാ തൊഴിലാളികളുടെ ഇഖാമകളാണ് ലെവിയില്ലാതെ മൂന്നു മാസത്തേക്ക് ഓട്ടോമാറ്റിക് ആയി ദീര്‍ഘിപ്പിച്ചു നല്‍കുക.

 

Latest News