അബുദാബി- കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ജീവനക്കാരുമായുള്ള കരാര്‍ പുനരവലോകനം ചെയ്യാന്‍ സ്വകാര്യ മേഖലയെ അനുവദിച്ച് യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം. ഒറ്റയടിക്ക് മാറ്റങ്ങള്‍ അരുതെന്നും ക്രമേണ നടപടിക്രമങ്ങളിലൂടെ കരാര്‍ മാറ്റങ്ങള്‍ ആകാമെന്നുമാണ് മന്ത്രാലയം പറയുന്നത്.
സ്വദേശിവത്കരണ മന്ത്രി നാസര്‍ താനി അല്‍ ഹംലി അംഗീകരിച്ച തീരുമാനപ്രകാരം, കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ മോശമായി ബാധിച്ച സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ സമ്മതത്തോടെ ഇനി പറയുന്ന മാറ്റങ്ങള്‍ തൊഴില്‍ കരാറില്‍ ഘട്ടം ഘട്ടമായി കൊണ്ടുവരാന്‍ സാധിക്കും:
*വിദൂര ജോലി സംവിധാനം നടപ്പാക്കുക
*ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്കല്
*-ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി നല്കല്
* പ്രതിരോധ നടപടികളുടെ കാലയളവില്‍ ശമ്പളം താല്‍ക്കാലികമായി കുറയ്ക്കുക
*ശമ്പളം സ്ഥിരമായി കുറയ്ക്കുക
മാര്‍ച്ച് 26 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ജീവനക്കാരുണ്ടെന്ന് തോന്നിയാല്‍ അധിക ജീവനക്കാരെ തൊഴില്‍ വിപണിയില്‍ രജിസ്റ്റര്‍ ചെയ്യണം, അതുവഴി അവരെ മറ്റ് ബിസിനസുകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ കഴിയുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ള ജീവനക്കാര്‍ക്ക് രാജ്യത്ത് ഉള്ളിടത്തോളം അല്ലെങ്കില്‍ മറ്റ് ജോലികളില്‍ നിയമിക്കുന്നതുവരെ ശമ്പളം ഒഴികെയുള്ള താമസവും മറ്റ് കുടിശ്ശികയും നല്കാന് സ്ഥാപനങ്ങള്‍ ബാധ്യസ്ഥരായിരിക്കും.
തീരുമാനത്തിലെ ആര്‍ട്ടിക്കിള്‍ 4 പ്രകാരം, വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ബിസിനസുകള്‍ ഇനിപ്പറയുന്നവ ചെയ്യേണ്ടതുണ്ട്:
*വെര്‍ച്വല്‍ തൊഴില്‍ വിപണിയില്‍ അവരുടെ ഒഴിവുകള്‍ പോസ്റ്റുചെയ്യുക, ലഭ്യമായ ഡാറ്റയിലൂടെ തിരയുക, യോഗ്യരായവരെ തിരഞ്ഞെടുക്കുക
*മന്ത്രാലയത്തില്‍നിന്ന് വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കുക. അത് ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ നല്‍കും. തെരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികളെ നിയമിക്കുക. സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ ട്രാന്‍സ്ഫര്‍ വര്‍ക്ക് പെര്‍മിറ്റ് വേണോ താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് വേണോ, പാര്‍ട്ട് ടൈം വര്‍ക്ക് പെര്‍മിറ്റ് വേണോ എന്ന കാര്യം തെരഞ്ഞെടുക്കാം.
ഒരു ജീവനക്കാരന്റെ ശമ്പളം താല്‍ക്കാലികമായി കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലുടമ അതിനായി ഒരു അധിക അനുബന്ധത്തില്‍ ഒപ്പുവെക്കുമെന്ന് ആര്‍ട്ടിക്കിള്‍ 5 പറയുന്നു. ഈ താല്‍ക്കാലിക അനുബന്ധത്തിന്റെ സാധുത ഉഭയകക്ഷി സമ്മതപ്രകാരമുള്ള കാലാവധി വരെയാണ്. പിന്നീട് ഇത് പുതുക്കാന്‍ കഴിയും. ആവശ്യപ്പെടുമ്പോഴെല്ലാം അത് മന്ത്രാലയത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ തൊഴിലുടമ തയ്യാറായിരിക്കണം.
ആര്‍ട്ടിക്കിള്‍ 6 പ്രകാരം, ഒരു ജീവനക്കാരന്റെ ശമ്പളം ശാശ്വതമായി കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ നടപടിക്രമങ്ങള്‍ അനുസരിച്ച് തൊഴില്‍ കരാറിന്റെ ഡാറ്റ മാറ്റുന്നതിന് അപേക്ഷിച്ചുകൊണ്ട് ആദ്യം മന്ത്രാലയത്തിന്റെ അനുമതി നേടണം.






