മസ്കത്ത്- ഒമാനിലെ ബുറൈമിയില്‍ പാക്കിസ്ഥാനിയുടെ വെട്ടേറ്റ് മലയാളി യുവാവ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെതാമസ സ്ഥലത്തുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു അക്രമം. പ്രതിയെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ മറ്റൊരു തമിഴ്നാട് സ്വദേശിക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ സുഹാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
താമസിക്കുന്ന സ്ഥലത്തെ അടുക്കളക്കത്തി ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. രാജേഷിന്റെ നെഞ്ചിലും തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. രാജേഷിനൊപ്പം ഒരേ മുറിയില്‍ താമസിച്ചിരുന്നയാളാണ് പ്രതി. മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഫയര്‍ ആന്റ് സേഫ്റ്റി കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.






