Sorry, you need to enable JavaScript to visit this website.

കിനാവിന്റെ ചാരത്തണഞ്ഞപ്പോൾ 

'മണ്ണടരുകളിലേക്കു ആഴ്ന്നിറങ്ങുന്ന തായ്‌വേരാണ് ഓർമകൾ. ചില്ലകൾ ഉണങ്ങിയാലും ഇലകൾ പൊഴിഞ്ഞടർന്നാലും ആത്മാവിനാഴങ്ങളിൽ ചിരഞ്ജീവിയാകും വേരുകൾ.'
ജീവിത പ്രയാണത്തിൽ വിട്ടുപിരിഞ്ഞുപോയ മാതാപിതാക്കൾക്കായി ഒരിക്കൽ  കുറിച്ചിട്ട വരികളാണിവ.
സുനീർ അലി അരിപ്രയുടെ 'കിനാവിന്റെ ചാരത്ത്' വായനയോരത്തു ചേർത്തപ്പോൾ ഈ വരികളാണ് മനസ്സിൽ നിറഞ്ഞു കവിഞ്ഞത്.
സ്‌നേഹത്തിന്റെ വേരാഴങ്ങൾ പകർന്നു വിടപറഞ്ഞ പിതാവിന്റെ ഓർമകൾ കൊണ്ടാണ് കവിതയുടെ കവാടം സുനീർ അലി തുറക്കുന്നത്.
ഓർമയിൽ ആദ്യം മാതാവിനുള്ള കാവ്യ നൈവേദ്യമാണ്.
ജീവിതച്ചൂരും ചൂടുമേകി തന്നെ താനാക്കിയ മാതാപിതാക്കൾക്കാണ് പുസ്തക സമർപ്പണം.


സുനീർ അലി അരിപ്ര 

'കിനാവിന്റെ ചാരത്താകെ' പ്രകൃതിക്കും പ്രിയതമക്കുള്ള സ്‌നേഹോപഹാരവും പ്രവാസത്തിന്റെ അനുഭവ ആഴങ്ങളും ഗൃഹാതുരതയും  ബാല്യകാല സ്മരണകളും സാമൂഹിക പ്രതിബദ്ധതയുമൊക്കെ ഭംഗിയായി  ലളിത ശൈലിയിൽ കാവ്യ മാല്യമാക്കിയിരിക്കുന്നു. കവിതകളിലുടനീളം തുളുമ്പി നിൽക്കുന്ന സ്ത്രീപക്ഷ ചായ്‌വുള്ള ചിന്താഗതികളും സ്ത്രീപക്ഷ വീക്ഷണ കോണുകളിൽ സമൂഹത്തിൽ വരുത്തേണ്ട മാറ്റങ്ങളും  ദർശിക്കാൻ കഴിയും.
കിനാവിന്റെ തീരത്തിലൂടെ സഞ്ചരിക്കുമ്പോൾ ആ നനുനനുത്ത കുളിരിൽ വായനക്കാരെയും കവി ഒപ്പം കൂട്ടുന്നുണ്ട്. ഹൃദയ സഞ്ചാര പഥങ്ങളെ പുല്ലു മൂടാതെ വെട്ടിത്തെളിയിച്ചു വെടിപ്പാക്കിയാണ് കാവ്യസഞ്ചാരം സുഗമമാക്കുന്നത്. ബന്ധങ്ങളിലെ സ്‌നേഹ നിരാസങ്ങൾക്കും വിശ്വാസക്കേടിനും മുന്നിലാണ് മനുഷ്യൻ വിഷണ്ണനും നിസ്സഹായനുമാകുന്നത്. ബന്ധങ്ങളിലെ നിരർത്ഥകതയും വ്യഥയുമാണ് 'എനിക്കറിയില്ല പോലും' മിലെ ഇതിവൃത്തം.
ഒരു പാട്ടിൽ വിരിയുന്ന ഓർമയായോ മുടിയിഴകളിലെ സാങ്കൽപിക തലോടലിനെ സാന്ത്വനമായോ  നിനക്കുന്ന സ്ത്രീഹൃദയങ്ങളിലെ  രൂപമില്ലാ പ്രണയത്തെയാണ് 'ഇഷ്ടങ്ങൾ പലതാണ്' എന്ന കവിതയിൽ കോറിയിട്ടിരിക്കുന്നത്. കൊടിയിലേക്കും മതത്തിലേക്കും താമസം മാറി മരിച്ചു മരവിക്കുന്ന മനുഷ്യത്വത്തിന്റെ തുറന്നു കാട്ടലും വേപഥുവുമാണ് 'താമസം' എന്ന കവിത.
മിക്കപ്പോഴും ജീവിതത്തിൽ തോറ്റുപോകുന്ന കുട്ടിയാണ് സ്ത്രീ.
പ്രണയത്തിൽ പട പൊരുതിത്തോൽക്കുന്ന സ്ത്രീക്കു വേണ്ടിയുള്ള കാവ്യ സപര്യയാണ് 'രാജകുമാരി' യെന്ന കവിത.
ഉസ്മാൻ ഇരുമ്പുഴിയുടെ അവതാരിക ഈ കവിതാ സമാഹാരത്തിലേക്ക് ശോഭ വിതറുന്ന വാതിലായി. വരികൾക്കിടയിലെ വായനയുടെ നീറ്റലും  നഷ്ട സ്വർഗങ്ങളും വൈധവ്യത്തിന്റെ നൊമ്പരവും പ്രവാസത്തിലെ ഒറ്റപ്പെടലിലൂടെയും ശരിതെറ്റുകളിലൂടെയും ഒഴുകി കിനാവിന്റെ ചാരത്തെത്തിയാണ് കവിത അവസാനിക്കുന്നത് .

'വിത്തൊന്നു പാകണം 
ദുഃഖം വിളയാത്ത 
കനവുകൾ പൂക്കുന്ന 
കിനാവിന്റെ തീരത്ത്.

മുള പൊട്ടിത്തളിർക്കണം 
വേദനയറിയാതെ 
പടർന്നങ്ങു കേറണം 
മുല്ലവള്ളി പോൽ 
പൂക്കണം പിന്നെ 
കായ്ക്കണം 
സ്വപ്‌നങ്ങൾ പൂക്കുന്ന 
കിനാവിന്റെ ചാരത്ത് ..'

വെളിച്ചം തേടി മുളച്ചു പൊന്തുന്ന കിനാ നാമ്പുകളെയാണ് വാക്കുകളിലൂടെ കടഞ്ഞിടുന്നത്. ആനുകാലികങ്ങളിൽ കഥയും കവിതയുമെഴുതുന്ന സുനീറലി സൗദിയിൽ ഗ്രാഫിക് ഡിസൈനർ ആണ്. ജിദ്ദാതരംഗം കലാസാഹിത്യ വേദി പുരസ്‌കാരം നേടിയിട്ടുണ്ട്. കിനാവിന്റെ ചാരത്ത്, എന്റെ മൗനത്തിന്റെ കടൽപക്ഷി എന്നീ കവിതാ സമാഹാരങ്ങളാണ് കൃതികൾ.
ലിപി പ്രസിദ്ധീകരിച്ച കിനാവിന്റെ ചാരത്തിന്റെ പുറംചട്ട, ഇമ ചിമ്മുമ്പോൾ പൂത്തു വിടരുന്ന കിനാമരങ്ങൾ പോൽ മനോഹരമാണ്. കിനാക്കൾക്കൊപ്പം സാമൂഹിക ഇടപെടലുകളിൽ മികവ് പുലർത്തി ഹൃദയങ്ങളിലേക്ക് വേഗം കടക്കുന്ന  ലളിത കവിതകൾ ഏറെ വായിക്കപ്പെടട്ടെ. ഇനിയുമേറെ അക്ഷര വിരുന്നൊരുക്കാൻ സുനീറലിക്ക് കഴിയട്ടെ. 

കിനാവിന്റെ ചാരത്ത് 
സുനീർ അലി അരിപ്ര 
കവിതകൾ 
ലിപി പബ്ലിക്കേഷൻസ് 

Latest News