Sorry, you need to enable JavaScript to visit this website.

നൂറനാടിന്റെ നൂപുരധ്വനി 

കവിയും അധ്യാപകനുമായ ഡോ. സുരേഷ് നൂറനാട് തന്റെ 'അപരകഥ-ആത്മകഥാക്കുറിപ്പുകളുടെ' ആമുഖത്തിൽ പുസ്തകത്തെ പരിചയപ്പെടുത്തുന്നതിങ്ങനെ: അപരകഥ എന്റെ തന്നെ കഥയാണ്. അവിടവിടെ വീണുപോയ ജീവിത നിമിഷങ്ങളെ മാറിനിന്ന് നോക്കിക്കാണുകയാണ്.
സുരേഷ് തന്റെ കണ്ണീരും കിനാവും ചായം തേക്കാതെ തുറന്നു വെക്കുകയാണ് ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്. വായനക്കാരുടെ നെഞ്ചിലേക്ക് കുളിരും തീയും പകരാൻ ഈ പുസ്തകത്തിനു കഴിയുന്നു.
പുസ്തകം സമർപ്പിച്ചിരിക്കുന്നത് 'സുരേഷിന് വീണ്ടും ജീവിതത്തിലേക്ക#ു  പ്രവേശനം നൽകിയ തിരുവനന്തപുരം പട്ടം എസ്.യു.ടി ഹോസ്പിറ്റൽ ജനറൽ സർജൻ ഡോ. ആർ. രാം രാജിനാണ്. രോഗം സുരേഷിനെ ജീവിതത്തെ കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കാം. അതുകൊണ്ടു തന്നെ സുരേഷിന് ജീവിത കഥയെഴുതാനുള്ള പ്രായമായോയെന്ന ചോദ്യം ഇവിടെ പ്രസക്തമല്ല. അര നൂറ്റാണ്ടിലേറെ കാലത്തിലേറെയുള്ള തന്റെ ജീവിതത്തെ അക്ഷരത്തിൽ കൊത്തിവെക്കുമ്പോൾ  ഒരു നാടിന്റെ പടിപടിയായുള്ള വളർച്ചയും കിതപ്പും കൂടിയാണ് അതിൽ തെളിയുന്നത്. 
അതുകൊണ്ടു തന്നെ ഈ പുസ്തകം സുരേഷിന്റെ മാത്രം ജീവിതത്തെയല്ല തുറന്നിടുന്നത്. നൂറനാടിന്റെ സാംസ്‌കാരികവും ഭൗതികവുമായ വളർച്ച കൂടി ഇതിൽ തെളിഞ്ഞുവരുന്നു. ഒപ്പം ഗ്രാമ്യ നഷ്ടങ്ങളുടെ വേദനകളും. നൂറനാട്ടിലേക്ക് വികസനം കാടുകേറി വന്നതിന്റെ നേർചിത്രങ്ങളിലൊന്നിങ്ങനെ: പ്ലാസ്റ്റിക്കിൽ വലക്കണ്ണി തീർത്ത് കട്ടിൽ നെയ്യുന്നത് ഞാൻ ആദ്യം കാണുന്നത് ഭഗവതി അയ്യത്തെ വാടക വീട്ടിൽവെച്ചാണ്. വലക്കണ്ണി നെയ്യുന്നതു കാണാൻ നല്ല രസമുണ്ട്. ഊടും പാവുമിട്ട് വിരലോടിച്ചു പോകുമ്പോൾ ആറു കോണുകളോടു കൂടിയ പ്ലാസ്റ്റിക് കണ്ണി വിടർന്നുവരും. കൂർപ്പിച്ച അലകാണി കൊണ്ടാണ് മുറുക്കിമുറിക്കിപ്പോകുന്നത്. പുതിയ പ്ലാസ്റ്റിക്കിന് പ്രത്യേക മണമാണ്. ഞാനതെടുത്ത് മണത്ത് നോക്കും'
സുരേഷ് ഇതെഴുമ്പോൾ ഞങ്ങളുടെ കയറ്റുകട്ടിലിനെക്കുറിച്ച് ഞാനോർത്തു. പ്ലാസ്റ്റിക് ഞങ്ങളുടെ നാട്ടിൽ വരുന്നതിന് മുമ്പ് കയറു കൊണ്ടായിരുന്നു കട്ടിൽ വരിഞ്ഞിരുന്നത്. ഇത്തരത്തിലൊരു കട്ടിൽ ഇന്നും ഞങ്ങളുടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇരുനൂറ് വർഷമെങ്കിലും പഴക്കമുള്ള കട്ടിലാണത്. ലോഹത്തിന്റെ ഒരു തരി പോലുമതിലില്ല. അലകാണിയുമില്ല. ആ കട്ടിലിന്റെ നിർമിതി ഇപ്പോൾ അദ്ഭുതകരമായിത്തോന്നാം. പ്ലാസ്റ്റിക് ഫാഷനായി വന്നപ്പോൾ പ്ലാസ്റ്റിക് നാരു കൊണ്ടുള്ള ലേഡീസ് ബാഗും മറ്റും തൂക്കി  സ്ത്രീകൾ നടക്കുന്നത് പരിഷ്‌കാരത്തിന്റെ ഒരു ചിഹ്നമായിപ്പോലും കരുതിയിരുന്നു. സുരേഷിന്റെ പുസ്തകം വായിക്കുമ്പോൾ നിങ്ങളുടെ മനസ്സിലും ഇങ്ങനെ ഒരുപാട് മുഹൂർത്തങ്ങൾ അലതല്ലി വരുമെന്നുറപ്പാണ്. കേരളത്തിലെ ഏതൊരു ഗ്രാമത്തിൽ ജനിച്ചവർക്കും ഇത്തരത്തിൽ നിരവധി കഥകൾ പറയാനുണ്ടാകും. അവയ്‌ക്കൊക്കെയൊരു സമാനതയും കാണാനാവും.  അങ്ങനെ നോക്കുമ്പോൾ ഇതു വായിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം എന്റെ നാടിന്റെ കഥ കൂടിയാണല്ലോയെന്നു തോന്നുക സ്വഭാവികം മാത്രം.
മാവേലിക്കര താലൂക്കിന്റെ ഭാഗമായ നൂറനാട് (പാലമേൽ)  ഗ്രാമത്തിൽ പാറ ഭാഗത്തായി അറുപതുകളിൽ     എത്തിയ ഒരു കുടുംബത്തിൽ ജനിച്ച ഒരാൾ 2020 ൽ തിരിഞ്ഞുനോക്കുമ്പോൾ നാട്ടിൽ സജീവമായി മുമ്പുണ്ടായിരുന്ന ഒരുപാടു പേർ അപ്രത്യക്ഷരായിരിക്കുന്നതായി കാണുന്നു. എന്നാൽ പുതുതായി ഒരു യുവതലമുറ വളർന്നു വന്നിട്ടുമുണ്ട്. തലമുറകളുടെ വിടവു പ്രകടമാണ്. സുരേഷ് ഗൃഹാതുരതയോടെ ഓർക്കുന്ന ഈ മനുഷ്യരെ പലരും എന്റെയും പരിചയക്കാരോ, സുഹൃത്തുക്കളോയൊക്കെയാണെന്നത് ഈ പുസ്തകത്തിന്റെ വായന കൂടുതൽ ആസ്വാദ്യകരമാക്കി.
നാട്ടുമാവുകളും ആഞ്ഞിലിയും മറ്റും വരിവരിയായി നിന്നിരുന്ന  പഴയ രാജപാതയിന്ന് ഒരോർമ മാത്രമാണ്. മരങ്ങളിൽ മഹാഭൂരിപക്ഷവും റോഡ് വികസനത്തിന്റെ ഭാഗമായി മുറിച്ചുനീക്കി. ഈ മരങ്ങളിൽ എൺപതുകളിൽ കൂടൊരുക്കാനെത്തിയിരുന്ന ആയിരക്കണക്കിനു നീർപക്ഷികളും ഇന്ന് ചരിത്രത്തിന്റെ ഭാഗമായി മാറി. ഇവിടെ കൂടൊരുക്കാനെത്തിയവയിൽ അപൂർവമായ പക്ഷികളും ഉണ്ടായിരുന്നു. തൊണ്ണൂറുകളോടെ നൂറനാട് ഗ്രാമത്തിന്റെ മുഖഛായ അനുദിനം മാറിമറിയുകയായിരുന്നു. കായംകുളം - പുനലൂർ കച്ചവട പാതയുടെ ഓരത്തെ പരിമിതമായ സൗകര്യങ്ങൾ മാത്രമുണ്ടായിരുന്ന ഈ ചെറുഗ്രാമമിന്ന് ഒരു ചെറുപട്ടണമായി വികസിച്ചിരിക്കുന്നു. 
സുരേഷിന്റെ ജീവിതത്തിലും ഈ വളർച്ചയും അതിന്റെ രോഗാതുരതയും നമുക്കു വായിച്ചെടുക്കാം. 'ആദ്യ വാടക വീട് മാറുന്ന ദിവസം പലരും കളിയാക്കി കിടക്കാനിടമില്ലാത്തവർ, വരുത്തർ, പക്ഷേ അച്ഛന് ഒരു കൂസലും തോന്നിയില്ല. കാവിനരികിലുള്ള ഒരൊറ്റ വീട് കണ്ടെത്തി അവിടേക്ക് മാറി.'
സുരേഷിന്റെ കുടുംബം നൂറനാടിന്റെ വിദ്യാഭ്യാസ മേഖലക്കു വലിയ സംഭാവന ചെയ്തവരാണ്. ഈ കുടുംബത്തിന്റെ ഇവിടേക്കുള്ള പറിച്ചുനടീൽ നാട്ടുകാർക്കു പുതിയ ലോകം വെട്ടിപ്പിടിക്കുന്നതിനു സഹായകമായി. സുരേഷിന്റെ അച്ഛൻ കെ. രാമചന്ദ്രൻ (ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹം അന്തരിച്ചു) നൂറനാട്ടുകാർക്ക് ടൈപ് സാറാണ്.  അമ്മ വി.ആർ. വിജയമ്മയും വിദ്യാർത്ഥികൾക്കു പ്രിയപ്പെട്ടവരാണ്. ടൈപ്പും ഷോർട്ട് ഹാൻഡും പഠിപ്പിച്ചിരുന്ന വന്ദേമാതരം (പിന്നീടത് സുരേഷ് ഇൻസ്റ്റിറ്റിയൂട്ടായി മാറി) ആയിരക്കണക്കിനു വിദ്യാർത്ഥികളുടെ ജീവിതത്തെ കരുപിടിപ്പിക്കാൻ സഹായകമായി. കൂട്ടംകൂട്ടമായി ഹിപ്പികളായ വിദ്യാർത്ഥികളും ഹാഫ് സാരി ചുറ്റിയ, തലയിൽ പൂ ചൂടിയ വിദ്യാർത്ഥിനികളും സുരേഷ് ഇൻസ്റ്റിറ്റിയൂട്ടിൽനിന്ന് പഠിത്തം കഴിഞ്ഞ് രാവിലെയും വൈകുന്നേരങ്ങളിലും പുറത്തേക്കു വരുന്ന കാഴ്ച എന്റെ ഓർമകളിൽ ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ട്.
നാടിന്റെ ഈ സൗഹൃദത്തെ സുരേഷ് ഓർത്തെടുക്കുന്നതിങ്ങനെ: ടൈപ് റൈറ്ററിന്റെ കാലം ഒരർത്ഥത്തിൽ ഉത്സവ കാലമാണ്. എല്ലാവരും ടൈപ്പിനെ ഇഷ്ടപ്പെട്ടു. ബാങ്കിൽ, സർക്കാർ ഓഫീസിൽ എന്നു വേണ്ട വലിയ നഗരങ്ങളിലെ കൊമേഴ്‌സ്യൽ സ്ഥാപനങ്ങളിലെല്ലാം നാട്ടിലെ ചെറുപ്പക്കാർക്കു ജോലി കിട്ടി. അവർ വീട്ടിലേക്ക് മണിയോർഡർ അയച്ചു. അന്തസ്സായി വിവാഹം കഴിച്ചു.
നാട്ടുകാരുടെ ഈ വളർച്ച സുരേഷിന്റെ കുടുംബത്തിലും പ്രതിഫലിക്കുന്നു. സുരേഷിന്റെ അച്ഛൻ സ്വന്തമായി റോഡരികിൽ വീടു വാങ്ങുന്നു. അവിടെ ഇൻസ്റ്റിറ്റിയൂട്ട് പ്രവർത്തിപ്പിക്കുന്നു. കൃഷിഭൂമി വാങ്ങുന്നു. പുരയിടം വാങ്ങുന്നു. അങ്ങനെ ഈ കുടുംബം എല്ലാ അർത്ഥത്തിലും നൂറനാട്ടുകാരായി മാറുന്നു.
ഓണാട്ടുകരയുടെ ഭാഗമായ നൂറനാടും പരിസരപ്രദേശങ്ങളും സാംസ്‌കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു. നൂറനാട് ഹനീഫ എല്ലാവരും അറിയുന്ന നോവലിസ്റ്റായിരുന്നു. നാട്ടിൽ  ചെറുതും വലുതുമായ നിരവധി എഴുത്തുകാരുണ്ടായിരുന്നു. കവി പി.കെ. ഗോപി നൂറനാട്ടായിരുന്നു താമസിച്ചിരുന്നത്.
നാടക പ്രവർത്തകുണ്ടായിരുന്നു. കഥാപ്രസംഗകരുണ്ടായിരുന്നു, മൂന്നോ, നാലോ മാസികകൾ ഈ ചെറിയ പ്രദേശത്തുനിന്ന് ഇങ്ങിയിരുന്നു. ഇതിൽ ഉൺമ മാസിക തുടക്കത്തിൽ സ്വരാജ് പോൾ, സുരേഷ് നൂറനാട്, നൂറനാട് മോഹനൻ എന്നിവർ ചേർന്നാണ് ഇറക്കിയിരുന്നത്. അതിനു മുമ്പ് സരണിയെന്ന പേരിൽ ഈ സംഘം ഒരു കൈയെഴുത്ത് മാസികയും നടത്തിയിരുന്നു. ഇതിലൊക്കെ ഞാനുമൊരു എഴുത്തുകാരനായിരുന്നു. നാട്ടിൽ കവികളുണ്ടായിരുന്നു, പാട്ടുകാരുണ്ടായിരുന്നു. വാദ്യോപകരണങ്ങൾ വായിക്കുന്നവരുണ്ടായിരുന്നു. അലഞ്ഞു തിരിയുന്നവരുണ്ടായിരുന്നു. ചലച്ചിത്രകാരന്മമാരുണ്ടായിരുന്നു, കമ്യൂണിസ്റ്റുകാരുണ്ടായിരുന്നു. ഗാന്ധിയന്മാരുണ്ടായിരുന്നു- -ഇങ്ങനെ നാട് വളരെ സജീവമായിരുന്നു. ലോകത്ത് ഏതൊരു ദർശനമുണ്ടോ അതിന്റെ ഒരനുയായി നൂറനാട്ടിലുണ്ടായിരിക്കുമെന്നു ഞങ്ങളന്ന് അഭിമാനത്തോടെ പറയുമായിരുന്നു. 
എൺപതുകളിൽ തന്നെ നൂറനാട്ട് ഗ്രാമശ്രീ നേച്ചർ ക്ലബ്ബ് സ്ഥാപിച്ചു. തൊണ്ണൂറുകളിൽ ഫിലിം സൊസൈറ്റിയുണ്ടായി.  ഞാനും കെ. അനിൽ കുമാറും (ഏതാനും വർഷം മുമ്പ് അദ്ദേഹം അന്തരിച്ചു) ഗാന്ധി വിചാര കേന്ദ്രം സ്ഥാപിച്ചു. സുരേഷും സംഘവും ചേർന്ന് ബോൾഷെവിക് എന്നൊരു സംഘമുണ്ടാക്കി. സ്‌കൂൾ പഠന കാലത്തു തന്നെ സുരേഷ് എ.ഐ.എസ്.എഫിന്റെയും പിന്നീട് യുവകലാ സാഹിതിയുടെയും  ഇപ്റ്റയുടെയും മറ്റും പ്രവർത്തകനായ കഥകളും ഇതിൽ മിഴിവോടെ അവതരിപ്പിക്കുന്നുണ്ട്. സുരേഷിന്റെ പഠനം പന്തളം എൻ.എസ്.എസ് കോളേജിലേക്ക് മാറുന്നതോടെ ആ ലോകം കൂടുതൽ വിസ്തൃതമാകുന്നു. 
പിന്നീട് തിരുവനന്തപുരം കാര്യവട്ടത്തേക്ക്. അവിടെനിന്ന്  പിഎച്ച.്ഡി നേടുന്നു. ഇങ്ങനെ അനുഭവ ലോകം വളരുന്നു. പ്രണയിച്ച് സഹപാഠിയായ റീനയെ വിവാഹം ചെയ്യുന്നു. കവിയെന്ന നിലയിൽ ശ്രദ്ധേയനാകുന്നു. ശത്രു, പുരാവസ്തു എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറക്കുന്നു. ഇതിനിടയിൽ ജീവിതത്തിൽ പല തരത്തിലുള്ള തിരിച്ചടികളും നേരിടേണ്ടിവരുന്നു. കാൻസർ ബാധിതനാവുകയും അതിൽനിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു. ക്ഷേത്രങ്ങളിൽനിന്നു ക്ഷേത്രങ്ങളിലേക്ക് യാത്ര ചെയ്യുന്നു. മധുരയും തഞ്ചാവൂരും തുടങ്ങിയ ക്ഷേത്ര നഗരങ്ങളെക്കുറിച്ചുള്ള വർണനകൾ എടുത്തുപറയേണ്ട കാര്യമാണ്. തീവ്ര ഇടതുപക്ഷത്തുനിന്ന് ആത്മീയതയുടെ പടവുകൾ ഓരോന്നായി സുരേഷ് നടന്നു കേറുന്നതിന്റെ വിവരണങ്ങൾ ആരെയും പിടിച്ചിരുത്തുന്നതാണ്. വളരെ ലളിതമായ ആഖ്യാനമാണ് നിർവഹിച്ചിരിക്കുന്നത്. അനുഭവക്കുറിപ്പുകൾക്കൊപ്പം ഉചിതമായ ചിത്രങ്ങളും വരച്ച് ചേർത്തിട്ടുണ്ട്. ഇത്തരത്തിലുള്ള അനുഭവക്കുറിപ്പുകൾ നമ്മുടെ ഭാഷക്കും ചരിത്രത്തിനും സംസ്‌കാരത്തിനും മുതൽകൂട്ടാണെന്നതിൽ സംശയമില്ല.

അപരകഥ- 
ആത്മകഥാക്കുറിപ്പുകൾ

സുരേഷ് നൂറനാട്
പുലിസ്റ്റർ ബുക്‌സ് 
കൊടുങ്ങല്ലൂർ
വില 160 രൂപ 

Latest News