മഹാമേരിയുടെ ആനക്കുട്ടി 

മുംബൈയിൽ ഒരേ ദിവസം പല എഡിഷനുകളിലായി പുറത്തിറങ്ങുന്ന മിഡ് ഡേ പത്രം പലപ്പോഴും കൗതുകത്തോടെ വായിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ഇത്രയേറെ പ്രചാരം നേടുന്നതിന് മുമ്പ് 90 കളിൽ ഈ ടാബ്ലോയ്ഡ് പത്രം പൂനെയിലും നാസിക്കിലും നാഗ്്പുരിലും മുംബൈയിലും വ്യത്യസ്ത എഡിഷനുകളാണിറക്കിയിരുന്നത്. ഉച്ചക്ക് പൂനെയിൽ വായിച്ച പത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒന്നാം പേജുമായുള്ള പത്രം അഞ്ച് മണിക്കൂർ യാത്ര ചെയ്ത് മുംബൈയിൽ എത്തിയാൽ ലഭിക്കും. ലക്ഷങ്ങളുടെ പ്രചാരമുണ്ടായിരുന്ന ഈ പേപ്പറിന്റെ സൺഡേ പത്രം (സൺഡേ മിഡ്്‌ഡേ) കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ഹിഗ്ഗിബോത്തംസ് ബുക് സ്റ്റാളിൽ ലഭിക്കുമായിരുന്നു. ഒരു കാലത്ത് ബ്ലിറ്റ്‌സ് എന്ന ടാബ്ലോയിഡിനായിരുന്നു വായനക്കാരേറെ. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മഹാനഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനെന്ന് വിളിക്കുന്ന സബർബൻ ട്രെയിനിൽ ചാഞ്ഞു നിന്ന് ജനം ഇംഗ്ലീഷ് പത്രങ്ങൾ വായിച്ചു. ഇന്ത്യയിലെ എല്ലാ ട്രെയിൻ സർവീസുകളും നിലച്ചു. മുംബൈയിലെ പത്രങ്ങളുടെ വായനയെയും ഇത് ബാധിച്ചു. ലോകവും ഇന്ത്യയും അതീവ ഗുരുതരമായ സാഹചര്യമാണിത്. എല്ലായിടത്തും അടച്ചു പൂട്ടൽ. എന്നിരുന്നാലും ആളുകൾ വിവരമറിയാൻ പത്രങ്ങളെയാണ് ആശ്രയിക്കുന്നത്. പത്ര വിതരണം ഒരു കാരണവശാലും തടസ്സപ്പെടരുതെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അച്ചടി പത്രങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ബ്രീഫിംഗ് ആറു മണിക്കു മുമ്പ് പൂർത്തിയാക്കുന്നു. ഈ കോളം തയാറാക്കുന്ന ശനിയാഴ്ച വൈകുന്നേരം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളന വാർത്ത മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്യുന്നു. പത്ര വിതരണം അവശ്യ സർവീസ് -മുഖ്യമന്ത്രി എന്നതാണ് മിനി സ്‌ക്രീനിലെ ശീർഷകം. നൂറ്റാണ്ടുകളിലൂടെ ആർജിച്ചെടുത്തതാണ് പത്രങ്ങളുടെ വിശ്വാസ്യത. ഇന്നലെ പെയ്ത മഴക്കു പൊടിച്ച വാട്‌സാപ് സർവകലാശാലയല്ല. ബോളിവുഡ് നടൻ അക്ഷയ് കുമാർ 180 കോടി കൊറോണ ദുരിതാശ്വാസത്തിന് സംഭാവന നൽകിയെന്നൊക്കെയാണ് ഫേക്ക് ന്യൂസുകൾ പ്രചരിപ്പിക്കുന്നത്. പത്രങ്ങളില്ലാത്ത കാലം വന്നാൽ സാമൂഹ്യ വിരുദ്ധർക്ക് എന്നും വല്യ പെരുന്നാളായിരിക്കും. പത്രം തൊട്ടാൽ കൊറോണ വരുമെന്ന് ചില ഓൺലൈൻ ജീവികളും അതേറ്റു പിടിച്ച് വാട്‌സാപ് പ്രോപഗന്റക്കാരും പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ ഒട്ടും വാസ്തവമില്ലെന്ന്് ആരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള ചർച്ച മാതൃഭൂമി ന്യൂസിലും 24 ന്യൂസിലും കണ്ടു. 
*** *** ***
കൊറോണ എല്ലാവരെയും ആശങ്കപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ സീസണിൽ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. ലോകത്തൊരിടത്തും യുദ്ധമോ സംഘർഷമോ ഇല്ല. അതിനിടക്ക് ഏവരെയും ഞെട്ടിച്ച ഒരു വാർത്തയാണ് കാബൂളിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇന്ത്യയിലെ ന്യൂനാൽ ന്യൂൂനപക്ഷമായ സിക്ക് വിഭാഗത്തിന്റെ അഫ്്ഗാനിസ്ഥാനിലെ ഗുരുദ്വാരയിൽ ഇസ്്‌ലാമിക സ്റ്റേറ്റുകാർ ഭീകരാക്രമണം നടത്തിയതിന്റെ ഫലമായി നിരവധി പേർ കൊല്ലപ്പെട്ടു. ഇത് നടത്തിയവനെ സമ്മതിക്കണം. ഐ.എസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ പോലും കമാണ്ടർമാർ കടയും പൂട്ടി കൊറോണയെ പേടിച്ചു പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കഴിയുമ്പോഴാണ് ഈ പണി പറ്റിച്ചത്. ഇന്ത്യയിൽ അടച്ചുപൂട്ടൽ കാലം വിഭജനത്തിന് സമാനമായ സാഹചര്യമുണ്ടാക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ച ദേശീയ മാധ്യമമുണ്ട്. ദൽഹിയിൽ നിന്ന് കാൽനടയായി യു.പിയിലേക്ക് തിരിച്ച മറുനാടൻ തൊഴിലാളികളെ യോഗി ആദിത്യനാഥിന്റെ പോലീസ് വഴിക്കുവെച്ച് തവളചാട്ടത്തിലെ  പ്രൊഫിഷ്യൻസി ടെസ്റ്റ് ചെയ്യുന്നത് കണ്ടു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിൽ പിന്നോക്ക വിഭാഗക്കാരായ കുട്ടികൾ വിശപ്പടക്കാൻ പുല്ല് പറിച്ചു ഭക്ഷിക്കുന്ന ചിത്രം ദ ഹിന്ദു പത്രത്തിലാണ് അച്ചടിച്ചു വന്നത്. യു.പിയിലെ പോലീസിന്റെ സ്വാധീനം കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. വർക്കല പാരിപ്പള്ളിയിലെ പോലീസ് തടഞ്ഞു നിർത്തിയ കാറിൽ അച്ഛനു മരുന്നു വാങ്ങാൻ പുറപ്പെട്ട മകന്റെ ദൈന്യതയാണ് കണ്ടത്. ശനിയാഴ്ച ഉച്ചക്ക് മാതൃഭൂമി ന്യൂസിൽ കണ്ണൂർ അഴീക്കലിൽ പോലീസ് മൂന്ന് പേരെക്കൊണ്ട് ഏത്തമിടീക്കുന്നത് കണ്ടു. പ്രായമുള്ളവരായതിനാൽ മർദിക്കാൻ നിർവാഹമില്ലല്ലോയെന്നും പോലീസ് മേധാവി ചാനലിൽ വിശദീകരിച്ചു. വടക്കൻ കേരളത്തിൽ റോഡരികിൽ നിന്ന് ജനങ്ങളെ ചോദ്യം ചെയ്യുന്ന പോലീസിന്റെ ഭാഷ കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിലും കഷ്ടമാണ്. 
*** *** ***
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിക്കുന്നവരുടെ ബോറടി മാറ്റാൻ രാമായണവും മഹാഭാരതവും ദൂരദർശനിൽ പുനഃസംപ്രേഷണം ചെയ്യുന്നു. ജനങ്ങളുടെ താൽപര്യപ്രകാരമണ് 1987 ൽ പ്രക്ഷേപണം ആരംഭിച്ച രാമായണം എന്ന പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ലോക്ഡൗണിൽ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാൻ രാമായണം, മഹാഭാരതം സീരിയലുകൾ പുനഃസംപ്രഷേണം ചെയ്യുമെന്ന് പ്രസാർ ഭാരതി സി.ഇ.ഒ ശശി ശേഖറും അറിയിച്ചിരുന്നു. രാമായണം റിലീസ് ചെയ്യുമെന്ന് അറിയിച്ചതു മുതൽ മഹാഭാരതവും ഇതുപോലെ തന്നെ വേണമെന്ന  ആഗ്രഹം സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. രാവിലെ 9 മണി മുതൽ 10 മണി വരെയും, രാത്രി 9 മണി മുതൽ 10 മണി വരെയും ഡിഡി നാഷണലിൽ ആയിരിക്കും രാമായണം സംപ്രേഷണം ചെയ്യുക. 1987 ലാണ് ആദ്യമായി രാമായണം ദൂരദർശൻ വഴി പ്രക്ഷേപണം ചെയ്തത്. ഇന്ത്യയുടെ ടെലിവിഷൻ രംഗത്ത് ചരിത്രം കുറിച്ച പരമ്പരയായിരുന്നു രാമായണം. രാമാനന്ദ് സാഗർ ആയിരുന്നു സംവിധാനം.
55 രാജ്യങ്ങളിൽ ടെലികാസ്റ്റ് ചെയ്തു. 650 ദശലക്ഷത്തോളം ആളുകൾ പരമ്പര കണ്ടു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം സമാഹരിച്ച പരമ്പരയായി രാമായണം മാറി.
*** *** ***
കൊച്ചു സംസ്ഥാനമായ കേരളത്തിന്റെ കോവിഡ്19 പ്രതിരോധ നടപടികളെ രാജ്യവും ലോകവും അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. ദേശീയ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും കേരളത്തെ പുകഴ്ത്തി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇന്ത്യ ടുഡേ അവതാരകനും അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനുമായ രാജ്ദീപ് സർദേശായി പറഞ്ഞത് ഇന്നു കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കട്ടെ എന്നാണ്.  ഇന്ത്യ ടുഡേ പരിപാടിയിൽ പിണറായി നൽകിയ അഭിമുഖവും മലയാളികൾ സോഷ്യൽ മീഡിയയിൽ വൈറലാക്കി.  കോവിഡുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും നേരിടാൻ സർക്കാർ സജ്ജമാണെന്ന് പിണറായി വിജയൻ പറഞ്ഞു. രാജ്ദീപ് സർദേശായി ആണ് കേരള മുഖ്യമന്ത്രിയുമായി അഭിമുഖം നടത്തിയത്.
മൂന്നു മാസത്തേക്കുളള ഭക്ഷ്യധാന്യങ്ങൾ അടക്കം കേരളത്തിനുണ്ട്. ആളുകൾ ഭീതി കാരണം സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത്് മൂലമുളള പ്രതിസന്ധിയും നേരിടാനാകും -സർദേശായിയുടെ ചോദ്യത്തിന് ഉത്തരമായി പിണറായി പറഞ്ഞു. വരും ദിവസങ്ങളിൽ കൊറോണ കേസുകൾ ഇനിയും കൂടിയാൽ അതിനെ നേരിടാനുളള കഴിവ് സർക്കാറിനുണ്ടോ എന്ന് രാജ്ദീപ് സർദേശായി ചോദിച്ചു. എണ്ണത്തിൽ വലിയ മാറ്റം സർക്കാർ പ്രതീക്ഷിക്കുന്നില്ലെന്നും എങ്കിലും എന്തും നേരിടാൻ തയാറാണ് സർക്കാറെന്നും മുഖ്യമന്ത്രി മറുപടി നൽകി.
 ദേശീയ ലോക്ഡൗണിന് മുമ്പ് തന്നെ കേരളം ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളേക്കാളും കൂടുതൽ പരിശോധന കേരളം നടത്തുന്നുണ്ടെന്നും ഇനിയും ശക്തമായ പരിശോധനകൾ വേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിരവധി പേരാണ് പിണറായിയുടെ ഈ അഭിമുഖം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സിനിമാ താരം ടൊവിനോ തോമസ് അടക്കമുളളവർ അക്കൂട്ടത്തിലുണ്ട്. എല്ലാവരും പിണറായിയെ പുകഴ്ത്തിയപ്പോൾ ജനം ടി.വി തൊട്ടടുത്ത ദിവസത്തെ ബുള്ളറ്റിനിൽ മുഖ്യമന്ത്രി കള്ളം പറയുന്നു എന്ന ശീർഷകത്തിലാണ് വാർത്ത നൽകിയത്. ഞായറാഴ്ചയാണ് കേന്ദ്ര സർക്കാർ രാജ്യത്തെ 75 ജില്ലകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചത്. തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. സാഹചര്യത്തിന്റെ പ്രത്യേകത ജനം ടി.വി വാർത്താ അവതരണത്തിൽ കാണാനായി. ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദേശവുമായാണ് വാർത്ത സംപ്രേഷണം ചെയ്തത്. മലബാർ മാന്വൽ എന്ന പ്രോഗ്രാമിൽ കോഴിക്കോട് കുറ്റിച്ചിറയുടെ ചരിത്രവുമുൾപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 24 ന്യൂസിൽ കൊറോണ ബാധിതന്റെ അച്ഛൻ പാലക്കാട്-ആനക്കുട്ടി ബസിൽ കണ്ടക്ടറായി ജോലി ചെയ്തുവെന്ന് കേട്ടു. പാലക്കാട് ജില്ലയിൽ അഗളി വഴി പോയാലെത്തുന്ന ആനക്കട്ടിയായിരിക്കും ഉദ്ദേശിച്ചത്. പ്രതിപക്ഷ നേതാവിന്റെ മഹാമേരി പോലൊരു പ്രയോഗം.  
*** *** ***
കൊറോണ ഏറ്റവും കൂടുതൽ മരണം വിതച്ച രാജ്യമാണ് ഇറ്റലി. ഇപ്പോഴത്തെ ഇറ്റലിയിലെ ഭയപ്പെടുത്തുന്ന അവസ്ഥയെ കുറിച്ചു പറയുകയാണ് നടിയും ഗായികയുമായ ശ്വേത പണ്ഡിറ്റ്. ഇറ്റലിയിലെ വീട്ടിൽ സെൽഫ് ഐസൊലേഷനിലാണ് ശ്വേത. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്വേത തന്റെ ആശങ്കകൾ പങ്കുവെച്ചത്.ലോകം മുഴുവൻ ഭീതിയുണ്ടാക്കുന്ന കൊറോണ വൈറസിനെക്കുറിച്ച് നിങ്ങൾ കേട്ടുകാണും. ഇന്ത്യ പോലും കംപ്ലീറ്റ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് അവശ്യവുമാണ്. ഞാൻ കണ്ട ചില കാര്യങ്ങളാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഞാനിപ്പോൾ ഇറ്റലിയിലാണ്. ലോകത്തിൽ കൊറോണ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച ഒരു രാജ്യം. ഇവിടെ എന്റെ സ്വന്തം വീട്ടിനകത്ത് ഒറ്റപ്പെട്ടിരിക്കുകയാണ് ഞാൻ. നമുക്കെങ്ങനെ കിട്ടിയെന്നോ, എപ്പോൾ കിട്ടിയെന്നോ പോലും അറിയാൻ കഴിയാത്ത ഈ അസുഖം ഒരു സാധാരണ ഫ്ഌ ആണോ, അതോ കൊറോണ വൈറസ് ബാധയാണോ എന്നൊന്നും മനസ്സിലാകില്ല. ഡോക്ടർമാരുടെ അരികിലേക്ക് നമ്മൾ എത്തുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും. നമുക്കു തീവ്രപരിചരണവും ഓക്‌സിജൻ സപ്ലൈയുമൊക്കെ ആവശ്യമായി വരും. ഇതൊരു വിനോദയാത്രയോ അവധിക്കാലമോ അല്ല. ഈ സാഹചര്യത്തിന്റെ ഭീകരതയെ വളരെ ദുഃഖത്തോടെ കണ്ടുനിന്ന ആളാണ് ഞാൻ. ഏകദേശം 8000 ജീവനുകൾ കൊറോണവൈറസ് കാരണം നഷ്ടപ്പെട്ടു എന്നു നിങ്ങളും വാർത്തകളിലെല്ലാം കണ്ടിരിക്കും. എന്നും രാവിലെ ആംബുലൻസ് സൈറന്റെ ശബ്ദം കേട്ടാണ് ഉറക്കമുണരുന്നത്. ഇതു സത്യമാണ്. ആളുകൾ എന്നെ വിളിച്ച് എന്റെ ക്ഷേമം അന്വേഷിക്കുന്നുണ്ട്. ഞാൻ ഇപ്പോൾ സുരക്ഷിതയും ആരോഗ്യവതിയും ആയിരിക്കുന്നത് പ്രാർത്ഥനകൾ കൊണ്ടാണ്.
ലോകം മുഴുവൻ ഈ വൈറസ് പകർന്നു കൊണ്ടിരിക്കുകയാണ്. അമേരിക്കയും ലണ്ടനുമൊക്കെ കടന്ന് ഇപ്പോഴത് ഇന്ത്യയിലും എത്തിയിരിക്കുകയാണ്. വൈറസ് എത്താൻ വൈകിയെന്ന കാര്യത്തിൽ ഇന്ത്യക്ക് ഭാഗ്യമുണ്ട്. ഇറ്റലിയിൽ ഇത് എങ്ങനെ വന്നെന്നും എങ്ങനെ പടർന്നുപിടിച്ചെന്നും ഒരുപാടു പേർ ചോദിക്കുന്നുണ്ട്. ഞങ്ങൾക്ക് ശരിക്കും അത് അറിയില്ല. ഇതേക്കുറിച്ച് അറിഞ്ഞു വന്നപ്പോഴേക്കും വൈറസ് ചിറകു വിടർത്തി എല്ലായിടത്തേക്കും വ്യാപിച്ചിരുന്നു. ഇതു തന്നെ ഇന്ത്യയിലും സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കും ഹോളിക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തണം എന്നുണ്ടായിരുന്നു. ഒരു വിമാനത്തിൽ ഞാൻ വീട്ടിൽ എത്തുമായിരുന്നു. ഞാൻ ഇവിടെ ഒറ്റക്കാണ്. പക്ഷേ എനിക്ക് ആ വൈറസ് ബാധ ഏൽക്കണ്ട, അത് എന്റെ ശരീരത്തിലൂടെ പകരുകയും വേണ്ട.
നിങ്ങൾ പരിചയപ്പെടുന്ന ആൾ വൈറസ് ബാധിതൻ ആണോ അല്ലയോ എന്നു നിങ്ങൾക്ക് അറിയില്ല. ഇത് എന്റെ തീരുമാനമായിരുന്നു. ഒരു സർക്കാർ അധികാരിയും പറഞ്ഞതല്ല. നിങ്ങളെല്ലാവരും ഈ മഹാമാരിക്കെതിരെ പോരാടുകയും അതിനെ കീഴ്‌പ്പെടുത്തുകയും വേണം. വീട്ടിൽ തന്നെ ഇരിക്കുക, കൈകൾ കഴുകുക. വീട്ടിലെ അംഗങ്ങളോടു പോലും അകലത്തിൽ നിന്നു മാത്രം സംസാരിക്കുക. സുഹൃത്തുക്കളുമായി വീഡിയോ കോൾ വഴി സംസാരിക്കൂ. പാട്ടുകൾ കേൾക്കൂ, വായിക്കൂ, കുറച്ച് വിശ്രമിക്കൂ, സുരക്ഷിതരായി ഇരിക്കൂ''  -ശ്വേത വീഡിയോയിൽ പറഞ്ഞു. ഇതാണ് വകതിരിവ് -ഇക്കാലത്ത് പലർക്കുമില്ലാതെ പോകുന്നത്.
 

Latest News