ഇരുളിനെന്തൊരു വെളിച്ചം

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കൈയിൽനിന്നും ബെസ്റ്റ് റോൾ മോഡലിനുള്ള അവാർഡ് നേടിയ ടിഫാനി ബ്രാർ എന്ന അന്ധയായ  യുവതി നമ്മളോരോ ഇന്ത്യക്കാരുടെയും  അഭിമാനമാണ്. സാമൂഹിക പ്രവർത്തക,  മോട്ടിവേഷനൽ സ്പീക്കർ എന്നീ നിലകളിൽ പ്രശസ്തയായ ടിഫാനി ബ്രാർ വർഷങ്ങളായി അംഗവൈകല്യം ബാധിച്ചവരുടെ അവകാശങ്ങൾക്കായി പോരാടുകയാണ്. 
രാമകൃഷ്ണ മിഷൻ, വിവേകാനന്ദ  എഡ്യൂക്കേഷണൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്  എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം  ബി.എഡ് ഇൻ  സ്‌പെഷ്യൽ എഡ്യൂക്കേഷൻ. അക്കാദമികവും അല്ലാത്തതുമായ യോഗ്യതയുടെ കിരീടമണിഞ്ഞ, അകക്കണ്ണിന്റെ കരുത്തിൽ ജീവിത സമരത്തിലേർപ്പെട്ട സ്ത്രീരത്‌നം.


1990 സെപ്റ്റംബർ 14 ന്  ചെന്നൈയിൽ തേജ്  പ്രതാപ് സിംഗ് ബ്രാർ - ലെസ്ലി ബ്രാർ എന്നിവരുടെ മകളായി ടിഫാനി ജനിച്ചു. അധികമായ ഓക്‌സിജന്റെ അളവിനാൽ, പ്രിമെച്വർ ആയി ജനിച്ച ടിഫാനി ജന്മനാ തന്നെ ഇതിനാൽ അന്ധയായിത്തീർന്നു. അമ്മയുടെ അകാല വിയോഗത്തിലും ആർമിയിൽ ജനറൽ ആയിരുന്ന അച്ഛന്  കാർഗിൽ യുദ്ധകാലത്തെ രാജ്യ സുരക്ഷാ  നടപടികളുടെ ഭാഗമായി വീട്ടിൽ നിന്ന് അകന്നു  നിൽക്കേണ്ടി വന്നതും ടിഫാനിയുടെ പ്രശ്‌നങ്ങൾ കൂടുതൽ വിഷമകരമാക്കി.
നിങ്ങളുടെ യഥാർത്ഥ ജീവിതം ആരംഭിക്കുന്നത് നിങ്ങളുടെ സുഖ സൗകര്യങ്ങൾ നഷ്ടപ്പെടുന്നിടത്തു നിന്നാണ് എന്നൊരു പഴമൊഴിയുണ്ട്. ടിഫാനിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ചെറുപ്പത്തിൽ കേൾക്കേണ്ടിവന്ന, അനുഭവിക്കേണ്ടിവന്ന ഖേദകരമായ അനുഭവങ്ങൾ.. വിദ്യാലയത്തിലും ജീവിതത്തിന്റെ വിവിധ തുറകളിലുമനുഭവിക്കേണ്ടി വന്ന വിവേചനം... അതായിരുന്നു പ്രതിസന്ധികളെ മറികടന്നു മുന്നോട്ടു കുതിക്കാൻ  ടിഫാനിക്കു ഇന്ധനമായത്.


ഫാത്തിമാ സലീം
അന്ധയായ ഏതൊരു കുട്ടിയും നേരിടേണ്ടിവരുന്ന  'പാടില്ല' അല്ലെങ്കിൽ  'സാധിക്കില്ല'  ഈ വാക്കുകൾക്കിടയിലൂടെ തന്നെയാണ് ടിഫാനിയും വളർന്നത്്. എന്നാൽ അവളുടെ നിശ്ചയ ദാർഢ്യവും ഒന്നിനും സമയം ഒരിക്കലും വൈകിയിട്ടില്ല എന്ന ഉറച്ച വിശ്വാസവും ഇരുട്ടിൽ നിന്നു വെളിച്ചത്തിലേക്ക്, പിൻബെഞ്ചിൽ  നിന്നും മുൻബെഞ്ചിലേക്ക് അവളെ നയിച്ചു. ഒപ്പം തന്നെപ്പോലെ വിഷമിക്കുന്നവർക്കായി ഒരു ട്രെയിനിങ് സ്‌കൂളും അവൾ തുടങ്ങി. അതാണ് 'ജ്യോതിർഗമയ'. ഒരു മൊബൈൽ അന്ധവിദ്യാലയമായി തുടങ്ങി,  ഇന്ന് അതിന്റെ പൂർണമായ രൂപത്തിൽ ഈ സ്ഥാപനം വികസിപ്പിച്ചെടുത്തതിൽ ടിഫാനിയോടൊപ്പം സഹായികളായി നിരവധി പേരുണ്ട്്. ജ്യോതിർഗമയയുടെ വിജയത്തിൽ അവർ ഓരോരുത്തർക്കും അവരവരുടേതായ പങ്കുണ്ട്. 
എപ്പോഴും പോസിറ്റീവായി ചിന്തിക്കുക.  സെ,   'നോ ടു നോ'. ഇതാണ് ടിഫാനിയുടെ വിജയത്തിന്റെ അടിസ്ഥാനം. 
മൊബൈൽ ബ്ലൈൻഡ് സ്‌കൂളിന്റെ ഭാഗമായി  വീടുകൾ സന്ദർശിച്ച് അന്ധരായ  കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും  ബോധവൽക്കരണം നടത്തി, അവരിൽ ആത്മവിശ്വാസം നിറക്കുമ്പോൾ  നിരവധി തിക്താനുഭവങ്ങളും ടിഫാനി നേരിട്ടു. ഉൾപ്രദേശങ്ങളിലും മറ്റും അന്ധരായവരെ കട്ടിലിൽ കെട്ടിയിട്ട് വീട് താഴിട്ടു പൂട്ടി ജോലിക്കു പോയി  തിരിച്ചുവരുന്ന സ്ഥിതി വിശേഷം പോലും ടിഫാനിക്ക് കാണേണ്ടിവന്നു. അവരുടെ സ്‌കൂളുകളിൽ പോയി അധ്യാപകരെ നേരിൽ കണ്ട് അവരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു മനസ്സിലാക്കി  പരിഹരിക്കാൻ  ശ്രമിച്ചു. ചിലർ സഹകരിച്ചു. ചിലർ ടിഫാനിയുടെ  വാക്കുകളെ നിരാകരിച്ചു.
ഇത്തരമൊരു സമൂഹത്തിൽ നിന്നും അവരെ വിദ്യാഭ്യാസം നൽകി,  പുറംലോകവുമായി ഇടപഴക്കേണ്ടതിന്റെ ആവശ്യകതയും അന്ധരെങ്കിലും അവർ മനുഷ്യരാണെന്നും സ്വയം പര്യാപ്തത കൈവരിച്ച് കുടുംബത്തിന്റെ 'ബ്രെഡ് വിന്നേഴ്‌സ്' ആയിത്തീരാൻ അവർക്കു സാധിക്കണമെന്നും ബ്രാർ അന്നേ തീരുമാനിച്ചിരുന്നു. അന്ധർ  കുടുംബത്തിനും സമൂഹത്തിനും ഒരു ബാധ്യതയല്ല, മറിച്ച് ഒരു മുതൽക്കൂട്ടായിത്തീരണം എന്നവർ ആഗ്രഹിച്ചു. 
ജ്യോതിർഗമയയിലെ അനീഷ് എന്ന കുട്ടി വീട്ടിലെ എല്ലാ കാര്യങ്ങളും ടെലിഫോൺ, കംപ്യൂട്ടർ എന്നിവയടക്കം സമർത്ഥമായി കൈകാര്യം ചെയ്യുമായിരുന്നെങ്കിലും വീടിനു പുറത്തിറങ്ങാൻ അവന് അനുവാദമുണ്ടായിരുന്നില്ല. ഇന്ന് ജ്യോതിർഗമയയുടെ അഭിമാനവും മറ്റുള്ളവർക്ക് മാതൃകയുമാണ്  അനീഷ്. ജ്യോതിർഗമയയിൽ നിന്നും പുറംലോകത്തേക്ക് കാലെടുത്തു  വെച്ച നിരവധി  പേർ ഇന്ന് പേരെടുത്ത  കമ്പനികളിൽ  ഉയർന്ന തസ്തികകളിൽ നല്ല ശമ്പളത്തോടെ ജോലി ചെയ്യുന്നു, സ്വയം പര്യാപ്തരായി. 
യൂറോപ്യൻ പാർലമെന്ററി സെഷനിൽ, അന്ധർ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റി ചർച്ച ചെയ്യാനായി ടിഫാനി ബ്രാറിന് ഒരു ക്ഷണം ഉണ്ടായി. അവരതിൽ പങ്കെടുക്കുകയും ഇന്ത്യയിൽ കാഴ്ചയില്ലാത്തവർ നേരിടുന്ന പ്രശ്‌നങ്ങൾ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുകയും പ്രശ്‌ന പരിഹാരങ്ങൾക്കായി ശ്രമിക്കുകയും ചെയ്തു. പ്രധാനമായും അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്  പുറം ലോകത്തിൽ   'ഗതാഗതം',  'അവശ്യ സാധന, സാമഗ്രികകൾ' വാങ്ങുന്നതിനു അന്ധർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയിലായിരുന്നു. യൂറോപ്പിൽ ഒരു ബട്ടൺ അമർത്തിയ ശേഷം ഒരു ശബ്ദം കേട്ടുകഴിഞ്ഞാൽ വളരെ സുഗമമായി ഒരു മൈതാനത്തിലൂടെ എന്ന പോലെ ടിഫാനിക്കു റോഡ് മുറിച്ചു  കടക്കാം. ഒരു വാഹനമോ ഹോണടി  പോലുമോ അവരെ  ബുദ്ധിമുട്ടിക്കില്ല.
സൂപ്പർ മാർക്കറ്റുകളിൽ നമുക്ക് വേണ്ട എല്ലാ സാധനങ്ങളുടെ  പേരിനും വിലയ്്ക്കുമൊപ്പം ബ്രെയിൽ ലിപിയിൽ പ്രത്യേകം ടാഗുകൾ ഉണ്ടാകും. പരസഹായമില്ലാതെ തന്നെ അവർക്കു  ഷോപ്പിംഗ് നടത്താം.
പലരും ടിഫാനിയോട്  യൂറോപ്പിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. ജോലിക്കും ഒട്ടും അവസരക്കുറവുണ്ടായിരുന്നില്ല. ഇവിടെയാണ് ടിഫാനി ബ്രാർ എന്ന മനുഷ്യത്വത്തിനും മാതൃരാജ്യത്തിനും വേണ്ടി സ്വന്തം ദുഃഖങ്ങൾ വേണ്ടെന്നുവെച്ച ആ സാമൂഹ്യ പ്രവർത്തകക്ക് മുന്നിൽ നാം  കൈകൂപ്പുക. അവർ പറഞ്ഞതിതാണ്:
'ഇവിടെ ഞാൻ കാണുന്ന ടെക്‌നോളജി ഉണ്ടെങ്കിൽ എന്റെ രാജ്യത്തെ കാഴ്ചയില്ലാത്തവർ സുഗമമായ  ഒരു ജീവിതം നയിക്കും. അതിനു ഞാൻ അവരുടെ കൂടെ, അവിടെ എന്റെ നാട്ടിൽ വേണം'.
തിരിച്ചെത്തിയ  ബ്രാർ  ഒട്ടും വൈകാതെ ഗവർണറെ കണ്ടു. യൂറോപ്പിലെ ചർച്ചയുടെ തുടർച്ചയായി ആ മുഖാമുഖത്തിൽ  അവർ അന്ധർക്കായുള്ള വിദ്യാഭ്യാസം, സുരക്ഷാ  റോഡ്‌സ്, ഗതാഗതം, അവശ്യ  വസ്തുക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത, ബ്രെയിൽ ലിപി എന്നീ  കാര്യങ്ങളിൽ തീരുമാനങ്ങളെടുത്തു. പലതുമിപ്പോഴും കടലാസിൽ തന്നെയാണെങ്കിലും, വിശ്രമമില്ലാത്ത പ്രയത്‌നത്തിലാണ് ഈ തളരാത്ത മനസ്സും ശരീരവും. 
ടിഫി  ടെംപ്ലേറ്റ്‌സ് എന്ന ഇന്ത്യൻ കറൻസി നോട്ടുകൾ  തിരിച്ചറിയാനുള്ള, അന്ധർക്കായി ടിഫാനിയും  സുഹൃത്തായ പോളും ചേർന്ന്  ഡിസൈൻ ചെയ്ത കേവലം രണ്ട് രൂപ  മാത്രം  വില വരുന്ന ഉപകരണം പലപ്പോഴും കബളിപ്പിക്കപ്പെടുന്ന, കാഴ്ചയില്ലാത്തവരെ ഒരുപാട് വിധത്തിൽ  സഹായിക്കുന്നു. ഇത് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. കൂടാതെ     ട്രെയിനിംഗ്  സെന്ററിൽ അന്തേവാസികൾ  വികസിപ്പിച്ചെടുക്കുന്ന ധാരാളം ഉൽപന്നങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. സ്വയംപര്യാപ്തത ഇതിലൂടെയാണ് ഈ സ്ഥാപനം കണ്ടെത്തുന്നത്. 
ബ്രാറിന്റെ വ്യക്തിത്വം  പൂർണമായും അറിയണമെങ്കിൽ അവരുടെ 'ഉൽപതിഷ്ണുത്വം', അവരിൽ ഒളിഞ്ഞിരിക്കുന്ന ചില  'വാശികൾ' 'കുസൃതികൾ '.... ഇതെല്ലാം  അറിയണം.  ഇതിനിടെ ആകത്തുകയായ ബ്രാറിലെ 'സാഹസികതയും'
മനസ്സിലാക്കേണ്ടതുണ്ട്. 
ആദ്യം  അന്ധയായ അവർ യൂറോപ്പിലേക്ക് നടത്തിയ യാത്ര. പരസഹായമില്ലാതെ ഒറ്റക്ക്. കൂട്ടിനു ഒരു വൈറ്റ് വോക്കിങ് സ്റ്റിക്. 
രണ്ട്,   4000 അടി ഉയരത്തിൽ  നിന്നും ബങ്കി  ജംപിംഗ്!
മൂന്ന്, സ്‌കൈ ഡൈവിംഗ്. 
നാല്, റോക്ക്  ക്ലൈംപിംഗ്. 
അഞ്ച്, റോപ്  ക്ലൈംപിംഗ്. 
ഒടുവിൽ, നിരുത്സാഹപ്പെടുത്തലുകൾക്കും ഭയപ്പെടുത്തലുകൾക്കുമിടയിൽ... 
എല്ലാ  പ്രതിസന്ധികളും മറികടന്നുകൊണ്ട്  'ടാൻടെം സൈക്ലിംഗ്'!!!
ഇത്രയും ചെയ്തത് പൂർണമായും അന്ധയായ ഒരു പെൺകുട്ടി.
ഏറ്റവും കുറഞ്ഞ തോതിലെങ്കിലും കാഴ്ചയില്ലാത്ത സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ അനുഭവത്തിലൂടെയെങ്കിലും കാഴ്ചയുള്ളവർക്കു മനസ്സിലാക്കിക്കൊടുക്കാൻ ടിഫാനി കണ്ടുപിടിച്ച ഒരു മാർഗം (തമാശയായി തോന്നാമെങ്കിലും! ) വിരുന്നുകാരുടെ കണ്ണുകെട്ടി പ്ലെയിറ്റിൽ വഴുവഴുപ്പുള്ള  നൂഡിൽസും, മുള്ളുകൾ നിറഞ്ഞ കരിമീനും വിളമ്പിയായിരുന്നു. ആഹാരം നോക്കിക്കണ്ടു കഴിക്കുന്ന ലോകവും... ഇരുട്ടിൽ  ആഹാരത്തെ വിരലുകൾ കൊണ്ട് തൊട്ട്, ഫീൽ ചെയ്തു കഴിക്കുന്നതും തമ്മിലുള്ള  വ്യത്യാസം.. തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ ചെറിയൊരംശം  സമൂഹത്തിനു മുന്നിൽ അനുഭവവേദ്യമാക്കുമ്പോൾ ടിഫാനി  ഒരു സാധാരണക്കാരന്റെ /സാധാരണക്കാരിയുടെ ചിന്താധാരയിൽ തിരിച്ചറിവിന്റെ തിരിനാളങ്ങളും വിവേകത്തിന്റെ സ്ഫുലിംഗങ്ങളും പ്രകാശിപ്പിക്കുകയായിരുന്നു. 
'ഞങ്ങൾ ഇവിടെ  ഉണ്ട്. ഒന്നിനും  തളർത്താനാകാത്ത കരുത്തോടെ.' എന്നു  സൽകർമത്തിലൂടെ തെളിയിക്കുകയാണ് ടിഫാനി ബ്രാർ.


അവർ പറയുന്നു: നിങ്ങളുടെ, ഗവണ്മെന്റിന്റെ 'സഹായം വേണം. എംപതി  വേണം. സിമ്പതി  അല്ല. അവരുൾപ്പെടുന്ന അന്ധരുടെ സമൂഹത്തോടും അവർക്കു പറയാനുണ്ട്. എപ്പോഴും പരസഹായത്തിനായി കാത്തിരിക്കാതിരിക്കുക. നിങ്ങൾ  മുന്നോട്ടു വന്നാലേ, അവർ നിങ്ങൾക്ക് പിന്നിൽ സഹായവുമായി എത്തൂ. ഒറ്റക്കല്ല, ഒറ്റക്കെട്ടായി നിന്നു പൊരുതണം. 
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചോദിച്ച ചോദ്യങ്ങൾക്ക്  'പ്രാർത്ഥിക്കുക' എന്നതായിരുന്നു ആദ്യ മറുപടി. മൊബൈൽ ബ്ലൈൻഡ് ക്ലാസുകൾ,   ജ്യോതിർഗമയയുടെ പ്രവർത്തനങ്ങൾ എന്നിവയെയും കോവിഡ് പ്രതിസന്ധി പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഉത്തരവാദപ്പെട്ട  പൗരന്മാർ എന്ന നിലക്ക് നാം  ഗവണ്മെന്റിനെ അനുസരിക്കാൻ ബാധ്യസ്ഥരാണ്. കൂടാതെ ആരോഗ്യ വകുപ്പ് നിഷ്‌കർഷിക്കുന്ന  എല്ലാവിധ പ്രാഥമിക മുൻകരുതലുകളും  അസുഖം ബാധിച്ചാൽ വേണ്ട നടപടികളും സ്വമേധയാ സ്വീകരിക്കേണ്ടതും നിർദേശങ്ങളത്രയും നിർബന്ധമായും അനുസരിക്കേണ്ടതുമാണ്. 
പക്വതയും സാഹസികതയും ഇരുൾ നിറഞ്ഞ ജീവിതത്തിലെ വെളിച്ചത്തിന്റെ തുരുത്തുകളോടുള്ള ആസക്തിയും... എല്ലാം തികഞ്ഞ അകക്കണ്ണിന്റെ പ്രകാശം ഇരുൾ മൂടിയ ഈ ലോകത്തെ വെളിച്ചത്തിലേക്കു നയിക്കട്ടെ. 
അവരെ കണ്ട്, അവരെ കേട്ട് തിരികെ മടങ്ങുമ്പോൾ ഉള്ളിൽ ആ  വാചകങ്ങൾ മനസ്സിൽ മുഴങ്ങി..
'സെ നോ ടു നോ '... 'വി  ആർ നോട്ട് യുവർ ലയബിലിറ്റീസ്... ബട്ട് വി ഹാവ്  ദി  പൊട്ടൻഷ്യൽ ടു ബി യുവർ അസറ്റ്‌സ്.. ആന്റ് ഫൈനലി: ഇറ്റ്  ഈസ് നെവർ ടൂ ലേറ്റ്. 
അതെ, തമസോമാ ജ്യോതിർഗമയ (ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്). 


 

Latest News