ഒളിംപിക്‌സ്: പുതിയ തിയ്യതി തീരുമാനമായി

ടോക്കിയൊ - 2021 ലും ഒളിംപിക്‌സ് സമ്മറില്‍ (ഉഷ്ണകാലം) തന്നെയായിരിക്കുമെന്ന് ടോക്കിയൊ 2020 സംഘാടകര്‍ സൂചന നല്‍കി. നീട്ടിവെച്ച ഒളിംപിക്‌സ് സ്പ്രിംഗ് സീസണില്‍ (വസന്തം) നടത്തിയേക്കുമെന്ന് ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ 2020 ല്‍ നിശ്ചയിച്ചതില്‍ നിന്ന് വലിയ വ്യത്യാസമില്ലാതെയായിരിക്കും അടുത്ത വര്‍ഷം ഗെയിംസ് നടത്തുകയെന്ന് സംഘാടക സമിതി പ്രസിഡന്റ് യോഷിരൊ മോറി വ്യക്തമാക്കി. ഒളിംപിക്‌സ് നടക്കാറ് സമ്മറിലാണ്. അതിനാല്‍ ജൂണിനും സെപ്റ്റംബറിനുമിടയിലുള്ള സമയമാണ് പരിഗണിക്കുന്നത്. ഈ വര്‍ഷം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയായിരുന്നു ഒളിംപിക്‌സ് നിശ്ചയിച്ചിരുന്നത്. 2021 ജൂലൈ 23 ന് ഉദ്ഘാടനച്ചടങ്ങ് നടത്തുന്ന രീതിയില്‍ ഒളിംപിക്‌സ് നടത്താനാണ് ആലോചനയെന്നും ഓഗസ്റ്റ് എട്ടിനായിരിക്കും സമാപനമെന്നും ജപ്പാനിലെ ഔദ്യോഗിക ടെലിവിഷന്‍ എന്‍.എച്ച്.കെ വെളിപ്പെടുത്തി. 
കൊറോണ പടര്‍ന്നതോടെ രാജ്യങ്ങള്‍ ലോക്ഡൗണാവുകയും കളിക്കളങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്ത സാഹചര്യത്തില്‍ ഒളിംപിക്‌സ് നീട്ടിവെക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.  
സംഘാടക സമിതിയുടെ എക്‌സിക്യൂട്ടിവ് ബോര്‍ഡ് ഈയാഴ്ച ചേരുന്നുണ്ട്. അതില്‍ പുതിയ തിയ്യതി പ്രഖ്യാപിക്കാനാണ് സാധ്യത. ഐ.ഒ.സി, നൂറുകണക്കിന് സ്‌പോണ്‍സര്‍മാര്‍, അമ്പതോളം സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍, ബ്രോഡ്കാസ്റ്റര്‍മാര്‍ എന്നിവയുമായി ആലോചിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. തിയ്യതി നിശ്ചയിച്ചാലേ അത്‌ലറ്റുകള്‍ക്ക് ട്രയ്‌നിംഗ് ഷെഡ്യൂള്‍ തയാറാക്കാനാവൂ.
ഒളിംപിക്‌സ് മാറ്റി വെച്ചതു വഴി 300 കോടി ഡോളറിന്റെയും അധികച്ചെലവുണ്ടാവുമെന്നാണ് കണക്ക്. ഇതിലെറെയും വഹിക്കേണ്ടി വരിക ജപ്പാനിലെ നികുതിദായകരാണ്. 
 

Latest News