Sorry, you need to enable JavaScript to visit this website.

റദ്ദാക്കുന്ന റീ എന്‍ട്രി വിസകളുടെ ഫീസ് തിരികെ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

റിയാദ് - റദ്ദാക്കുന്ന റീ-എന്‍ട്രി വിസകളുടെ ഫീസ് തിരികെ ലഭിക്കില്ലെന്ന് ജവാസാത്ത് അറിയിച്ചു.  ഭാവിയില്‍ മറ്റു സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന വിധം ബാലന്‍സ് ജവാസാത്ത് അക്കൗണ്ടിലുണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദി പൗരന്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചത്.

ഇഖാമ പുതുക്കുമ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള ലെവി മുന്‍കൂറായി അടക്കല്‍ നിര്‍ബന്ധമാണ്. ഇങ്ങനെ ഇഖാമ പുതുക്കിയശേഷം ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്നവര്‍ക്ക് ഇഖാമയില്‍ ശേഷിക്കുന്ന കാലയളവിലെ ലെവിയും തിരികെ ലഭിക്കില്ല.

കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ സൗദിയില്‍ കഴിയുന്ന വിദേശികള്‍ തങ്ങളുടെ റീ-എന്‍ട്രി വിസകളും ഫൈനല്‍ എക്‌സിറ്റ് വിസകളും കാലാവധി അവസാനിക്കുന്നതിനു മുമ്പ് റദ്ദാക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കാലാവധി അവസാനിക്കുന്നതിനു മുമ്പ് അവ റദ്ദാക്കിയില്ലെങ്കില്‍ നിയമാനുസൃത പിഴ അടക്കേണ്ടിവരും. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങളായ അബ്ശിറും മുഖീമും വഴി റീ-എന്‍ട്രി വിസകളുടെയും ഫൈനല്‍ എക്‌സിറ്റ് വിസകളുടെയും കാലാവധി പരിശോധിക്കാനും വിസകള്‍ റദ്ദാക്കാനും കഴിയും.

നിലവിലെ നിയമമനുസരിച്ച് വിദേശത്തുള്ളവരുടെ ഇഖാമ പുതുക്കാന്‍ കഴിയില്ലെന്നും ജവാസാത്ത് ആവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളോ നിര്‍ദേശങ്ങളോ പ്രഖ്യാപിക്കുന്ന പക്ഷം അക്കാര്യം ഔദ്യോഗിക ചാനലുകള്‍ വഴി പരസ്യപ്പെടുത്തുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

 

Latest News