Sorry, you need to enable JavaScript to visit this website.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലില്‍ 'ആടുജീവിതം' ജോര്‍ദാനില്‍ പുനരാരംഭിച്ചു

അമ്മാന്‍- കോവിഡ് 19 ബാധയെത്തുടര്‍ന്ന് നിര്‍ത്തിവച്ച പൃഥിരാജ് ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോര്‍ദ്ദാനില്‍ പുനരാരംഭിച്ചു. പൃഥിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണെന്നു കരുതപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസിയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആടുജീവിതത്തിന്റെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
കോവിഡ് ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്നതിനിടെയായിരുന്നു ആടു ജീവിതത്തിന്റെ ഷൂട്ടിംഗ്. ജോര്‍ദാന്‍ ഗവണ്‍മെന്റിന്റെ അനുമതിയോടെ വാദിറം സംരക്ഷിത മരുഭൂമിയില്‍ ആയിരുന്നു ചിത്രീകരണം.
എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇതോടെ സംഘത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി.
ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു. അതോടെ സംവിധായകന്‍ ബ്ലെസി ആന്റോ ആന്റണി എംപിയെ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു.
തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നുവെന്നാണ് വാര്‍ത്ത. അടുത്തമാസം 10വരെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ചിത്രീകരണ സംഘത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുമുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായാലും സംഘത്തിന്റെ മടക്കം പിന്നെയും നീളുമെന്നുറപ്പാണ്.
 

Latest News