ഒമാനില്‍ കൊറോണബാധ മറച്ചുവെച്ചാല്‍ ശിക്ഷ

മസ്‌കത്ത് - രാജ്യത്തേക്ക് വരുന്നവര്‍ കൊറോണബാധയും മറ്റു പകര്‍ച്ചവ്യാധികളും മറച്ചുവെച്ചാല്‍ ഒരു വര്‍ഷം തടവും 10,000 റിയാല്‍ (26,000 ഡോളര്‍) പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഒമാനിലേക്ക് വരുന്നവര്‍ തങ്ങള്‍ക്ക് പകര്‍ച്ചവ്യാധി ബാധിച്ചത് അറിയുകയോ പകര്‍ച്ചവ്യാധി ബാധിച്ചതായി സംശയിക്കപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യം രാജ്യത്തിന്റെ അതിര്‍ത്തി പ്രവേശന കവാടങ്ങളിലെത്തിയാലുടന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മുന്നില്‍ വെളിപ്പെടുത്തണം. അല്ലാത്ത പക്ഷം ഒരു വര്‍ഷം തടവും 10,000 റിയാല്‍ പിഴയും ലഭിക്കും. 
പകര്‍ച്ചവ്യാധി ബാധിച്ചവരും രോഗം ബാധിച്ചതായി സംശയിക്കപ്പെടുന്നവരും പരിശോധനകള്‍ക്കും ചികിത്സക്കുമായി ഉടനടി തൊട്ടടുത്ത ആശുപത്രിയെ സമീപിക്കണം. അല്ലാത്ത പക്ഷം ഒരു വര്‍ഷം തടവും 10,000 റിയാല്‍ പിഴയും ലഭിക്കും. രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ പാലിക്കാതിരിക്കുന്നതും മുന്‍കരുതലുകള്‍ തടസ്സപ്പെടുത്തുന്നതും കുറ്റകൃത്യമാണ്. ഈ കുറ്റത്തിനും ഒരു വര്‍ഷം തടവും 10,000 റിയാല്‍ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതിന് ഷോപ്പിംഗ് മാളുകളും മസ്ജിദുകളും മണി എക്‌സ്‌ചേഞ്ചുകളും ഒമാന്‍ അടക്കുകയും പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.
 

Latest News