Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ് റദ്ദാക്കുന്നതും ആലോചിച്ചു -ബാക്

ആതന്‍സ് - ഒളിംപിക്‌സ് ഒരു സാഹചര്യത്തിലും റദ്ദാക്കില്ലെന്ന് ഐ.ഒ.സി പലതവണ ആവര്‍ത്തിക്കുമ്പോഴും അക്കാര്യം പരിഗണിച്ചിരുന്നുവെന്ന് ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക്. മറ്റെല്ലാ സാധ്യതകള്‍ക്കുമൊപ്പം അതും പരിഗണനക്കു വന്നിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ അതിനോട് ഐ.ഒ.സിക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു -അറുപത്താറുകാരന്‍ വ്യക്തമാക്കി. ബാക് അഭിഭാഷകനും ജര്‍മനിയുടെ മുന്‍ ഒളിംപിക് ഫെന്‍സിംഗ് ചാമ്പ്യനുമാണ്. 
ഒളിംപിക്‌സ് നീട്ടുന്നതുമായി ബന്ധപ്പെട്ട അവധാനതയുടെ പേരില്‍ രാജി വെക്കുന്ന കാര്യം പരിഗണിച്ചിരുന്നുവോയെന്ന് ഒരു ജര്‍മന്‍ റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ബാകിന്റെ മറുപടി. ദേശീയ ഒളിംപിക് ഫെഡറേഷനുകളുമായും അത്‌ലറ്റുകളുടെ പ്രതിനിധികളുമായും കഴിഞ്ഞയാഴ്ച സംസാരിച്ചപ്പോള്‍ ആരും ഐ.ഒ.സിയുടെ നിലപാടിനെ എതിര്‍ത്തിരുന്നില്ല. 
എന്തുകൊണ്ട് ഇത്ര വൈകും വരെ കാത്തിരുന്നു എന്ന ചോദ്യത്തിന് ഗവണ്‍മെന്റുകള്‍ പോലും ഒരു മാസക്കാലമേ നിത്യ ജീവിതത്തിനുള്ള നിയന്ത്രണങ്ങള്‍ പാലിച്ചിട്ടുള്ളൂ എന്ന് അദ്ദേഹം മറുപടി നല്‍കി. ഏപ്രില്‍ പകുതിയാവുമ്പോഴേക്കും വൈറസിനെതിരായ പോരാട്ടം വിജയിക്കുമെന്നാണ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പോലും പറഞ്ഞത്. തിങ്കളാഴ്ച ലോകാരോഗ്യ സംഘടന കൊറോണ മഹാമാരി അതിവേഗം പടരുകയാണെന്ന് അറിയിച്ചതോടെയാണ് പുനര്‍വിചിന്തനം വേണ്ടിവന്നത്. ജൂലൈ അവസാനം വരെ നിയന്ത്രണം വേണ്ടിവരുമെന്ന ആശങ്ക അതുവരെ ഉണ്ടായിരുന്നില്ല-അദ്ദേഹം വെളിപ്പെടുത്തി. 

Latest News