Sorry, you need to enable JavaScript to visit this website.

ജോർദാനിൽ കർഫ്യൂ ഇളവ്

അമ്മാൻ - ജോർദാനിൽ കർഫ്യൂവിൽ ഇളവ് വരുത്തിയതായി പ്രധാനമന്ത്രി ഉമർ അൽറസ്സാസ് അറിയിച്ചു. രാവിലെ പത്തു മുതൽ വൈകിട്ട് ആറു വരെയുള്ള സമയത്ത് സമീപ പ്രദേശത്തെ ബഖാലകളും ബേക്കറികളും ഫാർമസികളും അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന് വീടുകളിൽ നിന്ന് കാൽനടയായി പുറത്തിറങ്ങാനാണ് ഇന്നലെ മുതൽ അനുവദിച്ചിരിക്കുന്നത്. കടുത്ത തിക്കുംതിരക്കും ശ്രദ്ധയിൽ പെട്ടാൽ അത്തരം സ്ഥാപനങ്ങൾ അടപ്പിക്കും. വാഹനങ്ങൾക്കുള്ള പൂർണ വിലക്ക് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
ശനിയാഴ്ചയാണ് ജോർദാനിൽ കർഫ്യൂ നടപ്പാക്കിയത്. വീടുകളിൽ കഴിയണമെന്ന ആഹ്വാനം പലരും അവഗണിക്കുകയും അതിവേഗത്തിലുള്ള കൊറോണ വ്യാപനത്തിന് ഇടയാക്കുകയും ചെയ്തതാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതമായതെന്ന് ജോർദാൻ ഗവൺമെന്റ് പറഞ്ഞു. അന്നു മുതൽ രാജ്യത്ത് ബേക്കറികളും ബഖാലകളും ഫാർമസികളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. രാജ്യമെങ്ങും തെരുവുകളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് ഒരു വർഷം തടവുശിക്ഷ ലഭിക്കുമെന്ന് ഗവൺമെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Latest News