ദുബായ്- ദുബായിലെ വിവിധ സ്ഥലങ്ങളിലും ലേബര്‍ ക്യാമ്പുകളിലും കഴിയുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് ദുബായിലെ കോണ്‍സല്‍ ജനറല്‍ വിപുലിനാണ് നോര്‍ക്ക മുഖേന കേരളം കത്തയച്ചത്. ദെയ്‌റയില്‍, പ്രത്യേകിച്ച് നയിഫ് ഏരിയയില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ താമസിക്കുന്ന ഇടങ്ങളിലാണ് അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടത്.
അടുത്തിടെ കേരളത്തില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധിതരില്‍ ഭൂരിപക്ഷവും വന്നത് ദുബായില്‍നിന്നായിരുന്നു. ഇവരില്‍ മിക്കവരും ദെയ്‌റ നായിഫില്‍ താമസിച്ചിരുന്നവരുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവിടെ കഴിയുന്നവര്‍ക്ക് കൂടുതല്‍ ശ്രദ്ധയും മുന്‍കരുതലുകളും വേണമെന്ന് കേരളം ആവശ്യപ്പെട്ടത്. തൊഴിലാളികള്‍ക്ക് സുരക്ഷയും കൃത്യമായ ഭക്ഷണവും ചികിത്സയും ഉറപ്പാക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച കത്തില്‍ അഭ്യര്‍ഥിക്കുന്നു.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയാണ് ദെയ്‌റ നായിഫ്. കൂടുതലും കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ വര്‍ഷങ്ങളായി ചെറുകിട ബിസിനസ് ചെയ്തുവരുന്നു.
കാസര്‍കോട് രോഗം പരത്തിയ യുവാവ് ഇവരുടെ ഇടയിലാണ് വന്നാല്‍ താമസിക്കാറ്.
കോവിഡ് 19 പടരാതിരിക്കാന്‍ യു.എ.ഇയിലെ ഇന്ത്യന്‍ സമൂഹം കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ ആവശ്യപ്പെട്ടിരുന്നു. യു.എ.ഇ അധികൃതര്‍ നല്‍കുന്ന നിര്‍ദേശം പാലിച്ച് പരമാവധി താമസയിടങ്ങളില്‍ തന്നെ തുടരാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.