അല്ലാഹുവിന്റെ അതിഥികൾ

(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ തീർത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. കാൽനടയായും, വിദൂരമായ സകല മലമ്പാതകൾ താണ്ടി വരുന്ന മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിന്റെയടുത്ത് വന്നു കൊള്ളും. വിശുദ്ധ ഖുർആൻ (22:27)

ദുൽഹജ് മാസം 1438. സ്വയം സമർപ്പണത്തിന്റെ പുണ്യകാലം. ആത്മസായൂജ്യത്തിന്റെ ആരൂഢമേറാൻ ആകാശത്തിന്റെ അതിരുകൾ ഭേദിച്ച്, കടൽ കടന്ന്, കരകൾ താണ്ടി ആഗോള മുസ്‌ലിംകളുടെ പ്രതിനിധികൾ പുണ്യഭൂമിയിൽ. ഹജ് തീർഥാടനത്തിന്റെ കേന്ദ്രബിന്ദുവായി മാറുന്ന മക്കയും മദീനയും അറഫായും മിനായും മുസ്ദലിഫയും. വിശ്വമുസ്‌ലിംകളുടെ വികാരസാന്ദ്രമായ വാർഷിക മഹാസംഗമത്തിന് ഒരിക്കൽക്കൂടി സാക്ഷ്യം വഹിക്കാൻ പുണ്യകേന്ദ്രങ്ങൾ തയാറെടുത്തു. ഈ ചൊവ്വാഴ്ച രാത്രിയോടെ ഹജിന്റെ തിരുകർമ്മങ്ങൾക്ക് തുടക്കമാവുന്നു.
മുസ്‌ലിം ലോകം ഒരൊറ്റ ദിശയിലേയ്ക്ക് കേന്ദ്രീകരിക്കപ്പെടുന്ന അഭൗമ തേജസ്സിന്റെ ഇരവുപകലുകൾ. യാത്രകളിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ട യാത്രയായ ഹജിനു വേണ്ടി എത്തിയവരുടെ പാപമോചനത്തിനായുള്ള അകം നിറഞ്ഞ പ്രാർഥനകൾ. പശ്ചാത്താപത്തിന്റെ പരിദേവനങ്ങൾക്കൊപ്പം ലക്ഷക്കണക്കിന് വിശ്വാസികളുടെ ജപമന്ത്രങ്ങൾക്ക് അനുപല്ലവിയുടെ മഴവില്ലൊരുക്കി, അപൂർവ ജ്യോതിസ്സോടെ പൊട്ടിവിടരുന്ന അനുഗ്രഹ തേജസ്വിയായ അറേബ്യൻ ഉഷഃസന്ധ്യകൾക്കും ഭക്തയാമങ്ങൾക്കുമാണ് ഭൂമിയുടെ മധ്യസ്ഥാനമെന്ന് നിർണയിക്കപ്പെട്ടിട്ടുള്ള വിശുദ്ധ മക്കയുടെ മണ്ണും വിണ്ണും ഈ പുണ്യമണ്ണിൽ ശയ്യാഗാരം തീർത്തിട്ടുള്ളത്. 
ദേവസ്‌തോത്രങ്ങളുടെ ഈണം മുറിയാത്ത ആലാപനങ്ങളുമായി വിശുദ്ധിയുടെ വെൺമ പുതച്ച, ലളിത വസ്ത്രധാരികളായ ആൺ പെൺ സഞ്ചയം ഹജ് സംഗമത്തിലേയ്ക്ക് നിറഞ്ഞൊഴുകുന്ന കാഴ്ച ഓരോ വർഷവും ഇസ്‌ലാമിക വിശ്വാസ പ്രമാണത്തിന്റെ പിറവി കുറിച്ച വിശുദ്ധഭൂമിയെ വിമലീകരിക്കുന്നു. ഇസ്‌ലാമിക വിശ്വാസ പ്രമാണത്തിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് പരിശുദ്ധ ഹജ് കർമ്മം. ധനവും ആരോഗ്യവും അനുവദിക്കുന്ന ഓരോ മുസൽമാനും നിർബന്ധമാക്കപ്പെട്ട അനുഷ്ഠാനം. 
ഹജ് ചെയ്യാനെത്തിയവരിൽ ഏഷ്യക്കാരും ആഫ്രിക്കക്കാരുമുണ്ട്. വെളുത്തവരും കറുത്തവരുമുണ്ട്. ധനികനും ദരിദ്രനുമുണ്ട്. യൂറോപ്യന്മാരും അമേരിക്കക്കാരുമുണ്ട്. അറബികളും അല്ലാത്തവരുമുണ്ട്. സ്രഷ്ടാവിന്റെ തിരുസന്നിധിയിൽ എല്ലാവരും സമന്മാർ. എല്ലാവരുടേയും ലക്ഷ്യം അറഫ. അറഫ എന്നാൽ തിരിച്ചറിവ്. സ്വയം തിരിച്ചറിയാനുള്ള ചരിത്രഭൂമികയിൽ ഐഹികേച്ഛകൾ വെടിഞ്ഞ് അല്ലാഹുവിലേയ്ക്ക് സ്വയം സമർപ്പിക്കുന്ന ജനലക്ഷങ്ങളുടെ പുറപ്പാട്. അറഫയിലെ നിൽപ്പാണ് ഹജ് കർമ്മത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. ഹജ് എന്നാൽ അറഫ എന്നാണ് പറയപ്പെടുക. 
വിശ്വമുസ്‌ലിംകളുടെ വിശ്വാസപ്പെരുമ തുടിച്ചുണരുന്ന മഹാസംഗമത്തിന് അറഫയുടെ ആകാശവും ഭൂമിയും ആതിഥേയത്വം വഹിക്കുന്നു. അറഫാദിനത്തിൽ സംഗമിക്കുകയെന്നതാണ് ഹജിന്റെ ഏറ്റവും പരമ പ്രധാനമായ ചടങ്ങ്. പരിശുദ്ധ ഹജ് കർമത്തിന്റെ ചൈതന്യം ഏറ്റുവാങ്ങാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ ചരിത്രം മിടിക്കുന്ന അറഫാമൈതാനത്തിന്റെ വിശാലതയിൽ ഒരുമിച്ച് കൂടുന്നു. 
അല്ലാഹുവിന്റെ അപരിമേയമായ അനുഗ്രഹങ്ങളുടെ പ്രഭവശൃംഗമാണ് അറഫ. തിരുദൂതരുടെ അവസാന യാത്രാവചനം കേട്ട് അനുചരവൃന്ദത്തിന്റെ കണ്ണുനീർ വീണ ഉർവരതയുടെ ഉൾനിലം കൂടിയാകുന്നു അറഫ. മുന്നൂറോളം രാജ്യങ്ങളിൽ നിന്ന് നാനൂറോളം ഭാഷ സംസാരിക്കുന്ന തീർഥാടകർ, പ്രാർഥനയ്ക്ക് ഉത്തരം കിട്ടുന്ന അറഫയിൽ ധ്യാനനിമീലരായി അണിനിരക്കുന്നതും അറഫയിലെ പ്രഭാഷണത്തിന് കാതോർക്കുന്നതുമാണ് ഹജിന്റെ കർമ്മങ്ങളിൽ മുഖ്യം. 
അളവറ്റ അനുഗ്രഹങ്ങളുടെ അദൃശ്യസ്രോതസ്സായ പുണ്യഭൂമിയിലേക്കുള്ള യാത്രക്കിടെ തീർഥാടകരുടെ ചുണ്ടിൽ നിന്നുതിരുന്ന മന്ദ്രമുഖരിതശബ്ദം ഗംഭീരമായ കടൽത്തിര പോലെ: ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...(നാഥാ, നിന്റെ വിളിക്കുത്തരം നൽകാൻ ഞങ്ങളിതാ എത്തി).
അല്ലാഹുവിന്റെ അതിഥികൾ എന്ന നിലയ്ക്കാണ് ഹജ് തീർഥാടകരെ സൗദി അറേബ്യൻ ഭരണകൂടം പരിചരിച്ചുപോരുന്നത്. പാപമുക്തിയുടെ പാഥേയവുമായി എത്തുന്ന ഹജ് തീർഥാടകന് ഒരു നവജാതശിശുവിന്റെ നൈർമ്മല്യം തിരിച്ചുകിട്ടുന്ന വിശുദ്ധ കർമവും പൂർത്തിയാക്കി സ്വന്തം നാടുകളിലേക്ക് സുഗമമായി തിരിച്ചുപോകാനുള്ള സൗകര്യങ്ങളാണ് ഓരോ വർഷവും സൗദി സർക്കാർ നിർവഹിക്കുന്നത്. സ്വീകരിക്കപ്പെട്ട ഹജ് കർമ്മത്തിന് സ്വർഗം തന്നെയാണ് പ്രതിഫലമെന്നും പ്രവാചകൻ അരുളിചെയ്തിട്ടുണ്ട്.
നാലായിരം വർഷങ്ങൾക്കപ്പുറം ഖലീലുല്ലാഹി (അല്ലാഹുവിന്റെ തോഴൻ) എന്നറിയപ്പെട്ട ഇബ്രാഹിം നബി മുഖേനയായിരുന്നു സ്രഷ്ടാവ് ഹജ് കർമത്തിന് വിശ്വാസികളെ ക്ഷണിച്ചത്. ആ വിളിക്കുത്തരമേകിയാണ് ഓരോ ദുൽഹജ് മാസത്തിന്റെ തുടക്കത്തിലും ഇസ്‌ലാം വിശ്വാസികൾ പരിശുദ്ധ മക്കയും മദീനയും ഹജിന്റെ കേന്ദ്രദിശയായ മറ്റു പുണ്യകേന്ദ്രങ്ങളും തേടി സൗദി അറേബ്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.
ദൈവത്തിന്റെ വിരുന്നുകാരെന്ന അതിശ്രേഷ്ഠമായ പദവിയുമായി വരുന്ന തീർഥാടകരുടെ ഓരോ വാക്കും കർമ്മവും ഒപ്പം വിചാരവികാരങ്ങളും പ്രപഞ്ചനാഥനിൽ സമ്പൂർണമായും സമർപ്പിച്ചുകൊണ്ടുള്ളതാവണം. ഹജിനുള്ള നിയ്യത്ത് മനസ്സിൽ കരുതുന്നത് മുതൽ ഈയൊരു സമർപ്പിതമനസ്സോടെ വേണം ഓരോ തീർഥാടകനും തുടർ കർമ്മങ്ങളിലേയ്ക്ക് നീങ്ങേണ്ടത്. 
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തെതാണ് ഹജ്. ശാരീരികശേഷിയും സാമ്പത്തിക സ്വയംപര്യാപ്തതയുമുള്ള മുഴുവൻ മുസ്‌ലിംകൾക്കും നിർബന്ധമാക്കപ്പെട്ടതാണ് ഹജ് കർമം.
 

Latest News