കുവൈത്തില്‍ ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ക്ക് കൂടി കോവിഡ്

കുവൈത്ത് സിറ്റി- കുവൈത്തില്‍ രണ്ട് പുതിയ കൊറോണ വൈറസ് ബാധ കൂടി സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 191 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

വിദേശത്തുനിന്ന് മടങ്ങി എത്തിയ ഒരാളുമായ സമ്പര്‍ക്കത്തിലാണ് രണ്ട് പുതിയ രോഗബാധയും.  ഒരാള്‍ ഫിലിപ്പീന്‍സ് പൗരനും മറ്റൊരാള്‍ ഇന്ത്യക്കാരനുമാണെന്ന് മന്ത്രാലയം അറിയിച്ചു.

അതിനിടെ, ഒന്‍പത് പേര്‍ കൂടി കുവൈത്തില്‍ രോഗമുക്തി നേടി. ഇതോടെ മൊത്തം അസുഖം ഭേദമായവരുടെ എണ്ണം 39 ആയി.

തീവ്രപരിചരണ വിഭാഗത്തിലുള്ള അഞ്ച് പേരടക്കം 152 പേര്‍ക്ക് നിലവില്‍ ചികിത്സ നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണെന്നും രണ്ടുപേര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും  മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.  കുവാത്തില്‍ ഇതുവരെ 17,316 കൊറോണ വൈറസ് പരിശോധനകളാണ് നടത്തിയത്.  

ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ശനിയാഴ്ച മുതല്‍ രാജ്യത്ത് 11 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്്. കര്‍ഫ്യൂ നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തെ സഹായിക്കാന്‍ ദേശീയ ഗാര്‍ഡിന് നിര്‍ദേശം നല്‍കുകയും ചെയ്തു. നേരത്തെ മാര്‍ച്ച് 24 വരെ നിര്‍ത്തിവെച്ചിരുന്നു സര്‍ക്കാര്‍, സ്വകാര്യ കമ്പനികളിലെ ജോലിക്കുള്ള നിരോധം രണ്ടാഴ്ച കൂടി നീട്ടിയിട്ടുണ്ട്. സ്‌കൂളുകളും സര്‍വകലാശാലകളും ഓഗസ്റ്റ് നാലിന് മാത്രമേ തുറക്കുകയുള്ളൂ.

 

Latest News