Sorry, you need to enable JavaScript to visit this website.

പെനാൽറ്റി പാഴാക്കിയതിന് മെസിയുടെ പ്രായശ്ചിത്തം, ബാഴ്‌സക്ക് രണ്ടു ഗോൾ ജയം

മഡ്രീഡ്- ഒരു പെനാൽറ്റി പാഴാക്കിയതിന് രണ്ടു ഗോളിലൂടെ പകരം വീട്ടി സൂപ്പർ താരം ലിയണൽ മെസി. ഡെപാർട്ടീവോ അലാവെസിനെതിരായ മത്സരത്തിൽ ബാഴ്‌സലോണ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വിജയിച്ചു. ഇരുപതാമത്തെ മിനിറ്റിലാണ് മെസി പെനാൽറ്റി പാഴാക്കിയത്. ഗോളുകളെല്ലാം മാറിനിന്ന ആദ്യ പകുതിക്ക് ശേഷം അൻപത്തിയഞ്ചാം മിനിറ്റിലായിരുന്നു മെസിയുടെ സൂപ്പർ ഗോൾ. ബോക്‌സിൽനിന്ന് ലഭിച്ച പന്ത് എതിർതാരത്തിനന്‌റെ കാലുകൾക്കിടയിലൂടെ ഗോളിയെ കാഴ്ച്ചക്കാരനാക്കി മെസി പോസ്റ്റിലേക്ക് അടിച്ചുകയറ്റി. മെസിയെ പ്രതിരോധിക്കാൻ മൂന്നു താരങ്ങൾ വട്ടമിട്ടെങ്കിലും രക്ഷയുണ്ടായില്ല. അറുപത്തിയാറാമത്തെ മിനിറ്റിലായിരുന്നു രണ്ടാമത്തെ ഗോൾ. ഈ ഗോളും പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് മെസി അനായാസം അടിച്ചുകയറ്റി. ബാഴ്‌സയുമായി പുതിയ കരാർ ഒപ്പിട്ട ബൊറൂഷ്യ ഡോർട്മുണ്ടിന്റെ ഉസ്മാനു ദെംബല കളിക്കാനുണ്ടായിരുന്നില്ല. 

അവസാനനിമിഷത്തിൽ സിറ്റിക്ക് വിജയം
യുനൈറ്റഡും വിജയവഴിയിൽ

ലണ്ടൻ- കഴിഞ്ഞ മത്സരത്തിന്റെ തനിയാവർത്തനം സംഭവിച്ചേക്കുമോ എന്ന ഭീതിയിൽനിന്ന് അവസാനനിമിഷം മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ബേൺമൗത്തിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സിറ്റി വിജയിച്ചു. ഇരുഭാഗത്തും നിരവധി അവസരങ്ങൾ പെയ്തിറങ്ങിയ മത്സരത്തിൽ അവസാനം ഭാഗ്യം സിറ്റിക്കൊപ്പം നിൽക്കുകയായിരുന്നു. ഒരു ഗോളിന് പിറകിൽനിന്ന ശേഷമായിരുന്നു സിറ്റിയുടെ വിജയം. ഗോളടിച്ചതിന്റെ ആഹ്ലാദപ്രകടനം ആരാധകർക്ക് സമീപം പോയി പ്രകടിപ്പിച്ചതിന് സിറ്റി താരം സ്റ്റെർലിംഗിന് റഫറി സമ്മാനിച്ചത് ചുവപ്പുകാർഡ്. നേരത്തെ ഒരു മഞ്ഞക്കാർഡ് സ്റ്റെർലിംഗ് സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ മഞ്ഞയും കണ്ടതോടെ സ്റ്റെർലിംഗ് കളത്തിന് പുറത്തായി. 97-ാം മിനിറ്റിലാണ് സ്റ്റെർലിംഗ് വിജയഗോൾ നേടിയത്.

ബേൺമൗത്തിന് വേണ്ടി പതിമൂന്നാമത്തെ മിനിറ്റിൽ ചാർലി ഡാനിയേൽസാണ് ആദ്യഗോൾ നേടിയത്. ഡാൻ ഗോസ്‌ലിൻഗ്‌സിൽനിന്ന് ഇടതുവശത്തൂടെ ലഭിച്ച ക്രോസ് കൊംപാനി വഴി ഡാനിയൽസിന്റെ കാലുകളിൽ. ഹാഫ് വോളിയിലൂടെ ഡാനിയൽസിന്റെ കിടിലൻ ഗോൾ. എട്ടുമിനിറ്റിന് ശേഷം സിറ്റിയുടെ ബ്രസീലിയൻ താരം ഗബ്രിയേൽ ജീസസ് സിറ്റിയെ ഒപ്പമെത്തിച്ചു. സ്റ്റെർലിംഗിന് ചുവപ്പുകാർഡ് നൽകിയതിനെതിരെ സിറ്റി പരിശീലകൻ പെപ് ഗാർഡിയോള രംഗത്തെത്തി. ആരാധകരുമെത്ത് നേട്ടം ആഘോഷിക്കാൻ അനുവാദമില്ലെങ്കിൽ ആരാധാകർക്ക് സ്റ്റേഡിയത്തിൽ ഇടംകൊടുക്കാതിരിക്കുകയാണ് നല്ലത് എന്നായിരുന്നു ഗാർഡിയോളയുടെ അഭിപ്രായം. അവസാനനിമിഷം നേടുന്ന വിജയഗോളിന്റെ ആഹ്ലാദപ്രകടനം എങ്ങിനെയായിരിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആഘോഷത്തിനിടെ സ്റ്റേഡിയത്തിലെ പരിചാരകരെ സിറ്റി താരം സെർജിയോ അഗ്യൂറോ കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. 


മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചു. അൻപത്തിമൂന്നാം മിനിറ്റിൽ റൊമേലു ലുകാകു പെനാൽറ്റി പാഴാക്കിയതിന് ശേഷമായിരുന്നു യുനൈറ്റഡിന്റെ വിജയം. എഴുപതാം മിനിറ്റിൽ മാർക്യൂസ് റാഷ്‌ഫോർഡ് ആദ്യഗോൾ നേടി. 82-ാം മിനിറ്റിൽ ഫെല്ലൈനി രണ്ടാം ഗോളും നേടി. ന്യൂകാസിൽ വെസ്റ്റ് ഹാമിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. സ്വൻസി സിറ്റി ക്രിസ്റ്റൽ പാലസിനെ രണ്ടു ഗോളുകൾക്ക് മുട്ടുകുത്തിച്ചു.

Latest News