Sorry, you need to enable JavaScript to visit this website.
Tuesday , July   14, 2020
Tuesday , July   14, 2020

കൊറോണക്കിടയിലെ  നുണ പ്രചാരണങ്ങൾ

മലപ്പുറം ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേർന്ന കൊറോണ വൈറസ് പ്രതിരോധ യോഗം.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൽ കരീം മലപ്പുറം ടൗണിൽ ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുന്നു.
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാളയാർ ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ.

ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം ഈ റിപ്പാർട്ട് തയാറാക്കുമ്പോൾ 200 കവിഞ്ഞിട്ടുണ്ട്. ദൽഹി, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലായി നാല് പേരാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണം രേഖപ്പെടുത്തിയത്. രാജസ്ഥാനിൽ ഒരു ഇറ്റാലിയൻ പൗരനും മരണപ്പെട്ടു. ഇന്ത്യയിൽ 25 വിദേശികൾ ചികിത്സയിൽ കഴിയുന്നുമുണ്ട്. അതേസമയം, ആഗോള തലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം ആയിട്ടുണ്ട്. മരണസംഖ്യ ഏറെ ഉയർന്ന നിരക്കിലുമാണ്. ലോകം മുഴുക്കെ ആയിരക്കണക്കിന് ആളുകളെ കൊറോണ കൊന്നൊടുക്കിയതോടെയാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ 'ആഗോള മഹാമാരി'യായി പ്രഖ്യാപിക്കുന്നത്. ജനിതക വ്യതിയാനം വന്ന് പുതിയതരം രോഗാണുക്കൾ, പ്രത്യേകിച്ച് വൈറസുകൾ പകർച്ചവ്യാധിയായി പടരുമ്പോഴാണ് ഐസൊലേഷനും, ക്വാറന്റയിനും നിർദേശിക്കപ്പെടുന്നത്. കൊറോണയുടെ കാര്യത്തിൽ ഇതാണ് സംഭവിച്ച് കൊണ്ടിരിക്കുന്നതും.
കേരളത്തിൽ ഏറെക്കുറെ പേടിക്കേണ്ടതായ സാഹചര്യം ഉണ്ടായിരുന്നില്ലെങ്കിലും കാര്യങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്. എറണാകുളത്ത് ആറ് പേർക്കും, കാസർകോട്ട് ആറ് പേർക്കും, പാലക്കാട്ട് ഒരാൾക്കും കൂടി കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 40 ലധികമായി. (ഈ റിപ്പോർട്ട് തയാറാക്കുമ്പോഴുള്ള കണക്ക്) 44,165 പേർ വീടുകളിലും, 225 പേർ ആശുപത്രികളിലുമായി 44,390 പേർ നിരീക്ഷണത്തിലുമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ പ്രശംസനീയമായ രീതിയിൽ തന്നെ നടക്കുന്നുണ്ടെങ്കിലും, വൈറസ് ബാധ സംബന്ധിച്ച് കേരളത്തിൽ നിന്ന് വിവിധ തരത്തിൽ നിരാശാജനകമായ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഗൾഫിൽ നിന്നെത്തിയ വൈറസ് ബാധിതനായ കാസർകോട് ജില്ലക്കാരനായ പ്രവാസി കരിപ്പൂരിൽ വിമാനമിറങ്ങി കോഴിക്കോട്ട് ലോഡ്ജിൽ തങ്ങുകയും, പിന്നീട് ഫുട്‌ബോൾ മേള, വിവാഹച്ചടങ്ങ് ഉൾപ്പെടെയുള്ള വിവിധ ഇടങ്ങളിൽ പലരുമായി സമ്പർക്കം പുലർത്തുകയും, കാസർകോട് ജില്ലയിലെ രണ്ട് എം.എൽ.എമാരിൽ ഒരാളെ ഹസ്തദാനം ചെയ്യുകയും, മറ്റൊരാളെ ആശ്ലഷിക്കുകയും ചെയ്തിട്ടുണ്ട്. വിവരം പുറത്ത് വന്നതോടെ കാസർകോട് ജില്ലക്കാർ അതീവ ഭീതിയിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആശങ്ക നിലനിൽക്കുന്നതും ഈ ജില്ലയിൽ തന്നെ.
ചൈനയിൽ തുടക്കമിട്ട് ഇറാൻ, ഇറ്റലി, തെക്കൻ കൊറിയ, അമേരിക്ക, ജർമനി, ഫ്രാൻസ്, സ്‌പെയിൻ, സ്വിറ്റ്‌സർലാന്റ്, മലേഷ്യ തുടങ്ങി 150-ഓളം രാജ്യങ്ങളിലായി മൂന്ന് ലക്ഷം പേരിൽ സ്ഥിരീകരിക്കപ്പെട്ടതാണ് കൊറോണ വൈറസ്. പതിനായിരങ്ങളാണ് ഇത് മൂലം മരണം വരിച്ചതും. ഈ രാജ്യങ്ങളിലെല്ലാം അസുഖം പടർന്ന് വ്യാപിച്ചത് അവിടങ്ങളിലെ ആളുകൾ മണ്ടൻമാർ ആയത് കൊണ്ടല്ല. വ്യക്തികളുടെ നിരുത്തരവാദപരമായ പെരുമാറ്റമോ, സമീപനമോ കൊണ്ട് മാത്രം കൈവന്ന ദുര്യോഗം. വൈറസ് ശരീരത്തിൽ പ്രവേശിച്ച വ്യക്തിയിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പ് തന്നെ അയാളുമായി ഇടപഴകുന്ന വ്യക്തിയിലേക്ക് അത് പകരുന്നു. രണ്ട് വ്യക്തികൾക്കും അത് മനസ്സിലാക്കാനുമാകില്ല. രോഗികളിൽ നിന്നും, രോഗം പിടിപെടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും അകലം പാലിക്കുക, ആൾക്കൂട്ടങ്ങൾ ഇല്ലാതാക്കുക, കൃത്യമായ വ്യക്തിശുചിത്വം പാലിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങളിൽ മുഖ്യം. 
എന്നാൽ ഇത് രോഗികളോടുള്ള വിവേചനമായി മാറാൻ പാടില്ല. സമൂഹ നന്മയ്ക്ക് വേണ്ടി ഒരു വ്യക്തി ചെയ്യുന്ന നന്മയും ത്യാഗവുമായിട്ട് വേണം ഈ പ്രവൃത്തിയെ കാണാൻ. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ലോപിനാവിർ, റെറ്റോനോവിർ, ഒസൽറ്റവിമിർ, ക്ലോർഫെനാമിൻ തുടങ്ങിയ മരുന്നുകളുടെ സംയോജനത്തിലൂടെയുള്ള ചികിത്സയാണ് രാജ്യത്ത് നടത്തി വരുന്നതെന്ന് വിദഗ്ധർ പറയുന്നു. 

അവഗണിക്കപ്പെടുന്ന മുന്നറിയിപ്പ്
ഉത്തരവാദിത്തമുള്ള വ്യക്തിയായി നിലകൊള്ളേണ്ടത് പൗരന്റെ കടമയാണ്. തന്നോട് തന്നെയും, ചുറ്റുപാടിനോടും, സമൂഹത്തോടും ഓരോ വ്യക്തിയിലും ഉത്തരവാദിത്ത ബോധമുണ്ടാകണം. പകർച്ചവ്യാധികളുടെ വ്യാപനം പോലുള്ള സങ്കീർണമായ സാഹചര്യങ്ങളിൽ നിരുത്തരവാദ നിലപാട് പുലർത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ അനിവാര്യവുമാണ്. മണിക്കൂറുകൾ കൊണ്ട് ലോകം മുഴുക്കെ വ്യാപിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വ്യക്തികൾക്കും, സമൂഹത്തിനും അതി ജാഗ്രത അനിവാര്യമാണ്. ഭരണകൂടവും ആരോഗ്യ പ്രവർത്തകരും ഈ വസ്തുതകൾ നിരന്തരം ആവർത്തിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ, നിർഭാഗ്യവശാൽ ഇതിനെതിരെ പ്രചാരണം നടത്തി വിവിധ തരത്തിലുള്ള മുതലെടുപ്പിന് തുനിയുന്നവരും ഏറെയുണ്ട്. 
രാഷ്ടീയ നേതാക്കളും, കപട-വൈദ്യ-സിദ്ധന്മാരും ഉയർന്ന റിട്ട. ഉദ്യോഗസ്ഥർ വരെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. കൂട്ടമായി നടത്തുന്ന പ്രാർഥന കൊണ്ട് വൈറസ് ബാധ തടയാമെന്ന് പ്രചരിപ്പിക്കുന്നവരും, ഗോമൂത്രം പാനം ചെയ്യലാണ് കൊറോണ വൈറസ് ബാധ തടയാനുള്ള ഫലപ്രദമായ ചികിത്സയെന്നും അവകാശപ്പെടുന്ന നിരവധി ഗ്രൂപ്പുകൾ സോഷ്യൽ മീഡിയ വഴി ശക്തമായ പ്രചാരണം നടത്തുന്നുണ്ട്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ഹൈടെക് ക്രൈം എൻക്വയറി, സൈബർ ഡോം, സൈബർ പോലീസ് എന്നീ വിഭാഗങ്ങളോട് കർശന നടപടി കൈക്കൊള്ളാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവ് നൽകിയിരുന്നു. 


പനി, ചുമ തുടങ്ങിയ രോഗങ്ങൾ ഉണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാതിരിക്കുകയോ, വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ അക്കാര്യം മറച്ച് വെക്കുകയോ ചെയ്താൽ പൊതുജനാരോഗ്യ നിയമ പ്രകാരം കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറും വ്യക്തമാക്കിയിരുന്നു. ഇതെല്ലാം കൂടി ആയിട്ടും തീക്കട്ടയിൽ ഉറുമ്പരിക്കുന്ന രീതിയിലാണ് സംസ്ഥാനത്തെ കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്. എറണാകുളം പോലീസ് അസി. കമ്മീഷണർ കെ.ലാൽജിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തതിന് പുറമെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റനേകം കേസുകളും ഇതിനകം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഒരസുഖവുമില്ലെന്നും സർക്കാർ മനഃപൂർവം പ്രശ്‌നങ്ങൾ ഊതിപ്പെരുപ്പിക്കുകയാണെന്നും പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനാണ് പ്രകൃതി ചികിത്സകനെന്ന് പറയപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിക്കെതിരെ പോലീസ് കേസെടുത്തത്. കൊറോണ വൈറസ് തീർത്തും ഭാവനാ സൃഷ്ടിയാണെന്ന് പ്രചരിപ്പിച്ച മോഹനൻ വൈദ്യരേയും പോലീസ് അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. എരുമപ്പെട്ടി സ്വദേശി പ്രവീഷ് ലാലിനെതിരെ കുന്നംകുളം പോലീസ് കേസെടുത്തത് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കൊറോണ ബാധിച്ച രോഗിയുണ്ടെന്ന് സമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാൾക്കെതിരെ നടപടിയെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 268, 505 (1-ബി) വകുപ്പുകളും, കേരളാ പോലീസ് ആക്ടിലെ (120-ഒ) വകുപ്പുമനുസരിച്ചാണ് അറസ്റ്റുകൾ. സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാലും ഈ വകുപ്പുകളെല്ലാം ബാധകമാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇതിനകം പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ചതിനുമാണ് ഈ കേസുകളത്രയും.
അധികൃതർ നടത്തുന്ന ബോധവൽക്കരണത്തിലും പാളിച്ചകളുണ്ടാകുന്നുണ്ട്. ആശയ വിനിമയത്തിലുണ്ടായ അപാകത മൂലം കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട മലപ്പുറം വാണിയമ്പലം സ്വദേശിനിയായ വീട്ടമ്മ വരുത്തിവെച്ച പൊല്ലാപ്പ് ഏറെ വലുതാണ്. ഇത് മൂലം ഇവരുമായി ഇടപഴകിയ പലരും വെട്ടിലാവുകയും ചെയ്തു. സൗദിയിൽ നിന്ന് ഉംറ തീർഥാടനം കഴിഞ്ഞ് തിരിച്ചെത്തവെ രണ്ടാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് എയർപോർട്ടിൽ വെച്ച് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യം തലകുലുക്കി സമ്മതിച്ച വീട്ടമ്മ, വെളുക്കാൻ തേച്ചത് പാണ്ടാക്കുന്ന അവസ്ഥയാണ് പിന്നീട് വരുത്തി വെച്ചത്. രണ്ടാഴ്ച സമയം ഇനി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റില്ലെന്ന് കരുതിയ വീട്ടമ്മ എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം വീട്ടിലെത്തി കുശലാന്വേഷണം നടത്തിയ ശേഷമാണ് സ്വന്തം വീടണഞ്ഞത്. ഇതോടെ ഇവർ സഞ്ചാരം നടത്തിയതിന്റെ റൂട്ട്മാപ്പ് തയാറാക്കി ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 194 പേരേയും, അവരുമായി സമ്പർക്കമുണ്ടായ 104 പേരേയും അധികൃതർക്ക് കണ്ടെത്തേണ്ടതായും വന്നു. ഇവരെല്ലാം തന്നെ മഞ്ചേരി മെഡിക്കൽ കോളേജിലും വീടുകളിലുമായി നിരീക്ഷണത്തിലുമാണ്. വീട്ടമ്മയെ കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്താൻ കഴിയാത്തതാണ് വില്ലനായി മാറിയത്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഗൾഫിൽ നിന്നെത്തിയ പലരും ഐസൊലേഷൻ വാർഡുകളിലോ ക്വാറന്റൈനുകളിലോ കഴിയാൻ തയാറാകാതെ ഒഴിഞ്ഞ് മാറി പലയിടത്തും കറങ്ങി നടക്കുന്ന വ്യക്തികൾ നിരവധിയാണ്. കൊറോണ വൈറസ് ബാധ പടരാൻ കാരണക്കാരാകുന്നവർ കടുത്ത നിയമ നടപടികളെ നേരിടേണ്ടി വരുമെന്ന് അധികൃതർ ആണയിട്ട് ആവർത്തിച്ചിട്ടും ഇത്തരം മുന്നറിയിപ്പുകളൊന്നും തങ്ങൾക്ക് പ്രശ്‌നമല്ല എന്ന മട്ടാണ് ചിലർക്കെങ്കിലുമുള്ളത്.

 

ബലിയാടാകുന്നവർ
മലപ്പുറത്ത് മത സംഘടനകളും, സന്നദ്ധ സംഘടനകളും, രാഷ്ട്രീയ കക്ഷികളുമെല്ലാം കൊറോണ വൈറസിനെതിരെ ശക്തമായ ബോധവത്കരണവും പ്രചാരണവും നടത്തുമ്പോൾ തന്നെ, വ്യക്തിവിരോധം തീർക്കാനായും, ക്രൂരവിനോദം നടത്തി ആനന്ദിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളും സജീവമാണ്. കൊറോണയുടെ പേരിൽ ഇവർ പടച്ച് വിടുന്ന 'കുറേ നൊണ'കൾ സമൂഹത്തിൽ വല്ലാത്ത അസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ഏത് തരം വൈറസിനേക്കാളും അതിവേഗത്തിലുമാണ്. മലപ്പുറത്ത് ചങ്ങരംകുളം, പെരിന്തൽമണ്ണ, കൊണ്ടോട്ടി, പൊന്നാനി, മേലാറ്റൂർ തുടങ്ങി മിക്ക പോലീസ് സ്റ്റേഷനുകളിലും കൊറോണ വൈറസുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാർബർ തൊഴിലാളിയായ യുവാവിന് വൈറസ് ബാധ ബാധിച്ചെന്ന പ്രചാരണം നടത്തിയതോടെ മാറഞ്ചേരി പനമ്പാട് സ്വദേശി ഷിനോജ് എന്ന യുവാവ് തന്റെ ഷോപ്പ് പോലും പ്രവർത്തിപ്പിക്കാനാകാതെ ദുരിതക്കയത്തിലായി. വ്യാജ വാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യ പ്രവർത്തകർ ഷിനോജിനെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇയാൾക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. വീട്ടുകാരിൽ നിന്നും ഒറ്റപ്പെട്ട ഇയാൾ ഒടുവിൽ പെരുമ്പടപ്പ് പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് ഇയാളുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
വസൂരി നടമാടിയിരുന്ന കാലത്ത് മരണപ്പെട്ടവരേയും, പാതിജീവനുള്ള രോഗികളേയും ഒന്നിച്ച് കുഴിച്ച് മൂടിയിരുന്ന അവസ്ഥ ഉണ്ടായിരുന്നുവത്രേ. കേശവദേവിന്റെ 'അയൽക്കാർ'എന്ന നോവലിൽ വസൂരി മരണ താണ്ഡവമാടിയ കാലഘട്ടത്തെക്കുറിച്ച് സവിസ്തരം വരച്ച് കാട്ടിയിട്ടുണ്ട്. പകർച്ചവ്യാധി പിടിപെട്ട ആളുകളോട് കുറ്റവാളികളോടെന്ന പോലെ സമൂഹം പ്രതികരിച്ചിട്ടുള്ള സന്ദർഭങ്ങളുമുണ്ട്. കുഷ്ഠരോഗിയെ വീട്ടുകാരും സമൂഹവും കൂടി ആക്രമിച്ച് തുരത്തിയോടിക്കുന്ന 'അശ്വമേധം' സിനിമ പുറത്തിറങ്ങിയത് പതിറ്റാണ്ടുകൾക്ക് മുമ്പാണെങ്കിലും, ഇന്നിന്റെ അവസ്ഥ ഏറെക്കുറെ മാറിയെന്ന് ഒട്ടും സമാധാനിക്കാനാകില്ല. കോഴിക്കോട് ചേവായൂരിലുള്ള ത്വക്ക് രോഗാശുപത്രിയിൽ (കുഷ്ഠരോഗാശുപത്രി) രോഗം മാറിയിട്ടും ആർക്കും വേണ്ടാതെ കഴിയുന്ന ഒരുപാട് സാധു മനുഷ്യരുണ്ട്. സ്വന്തം രക്തബന്ധുക്കൾ പോലും അകറ്റി നിർത്തപ്പെട്ട ഈ മനുഷ്യരുടെ ലോകം, കുഷ്ഠ രോഗാശുപത്രിയുടെ മതിൽക്കെട്ടിനുള്ളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. പിന്നിട്ട നാല് പതിറ്റാണ്ടായി ഇവിടെ കഴിയുന്ന വയനാട് പുൽപ്പള്ളി സ്വദേശിനിയായ പുഷ്പയാണ് ഇവിടുത്തെ ഏറ്റവും പഴക്കമേറിയ അന്തേവാസി. പുഷ്പയെ പോലെ കൗമാരത്തിന്റെ നിറവിലും യൗവനത്തുടിപ്പിലുമെല്ലാം കൈവിരലുകൾ മുരടിച്ച് പോകുന്ന അസുഖം പിടിപെട്ട് ചേവായൂരിലെ ലെപ്രസി ഹോസ്പിറ്റലിലെത്തിയ പലരുമുണ്ടായിരുന്നു. സ്വന്തക്കാരും ബന്ധുക്കളും ഏറെ ഉണ്ടായിട്ടും രോഗം മാറിയിട്ട് കൂടി ആരും തിരിഞ്ഞ് നോക്കാനില്ലാത്തവർ. ചിലരൊക്കെ ആറടി മണ്ണിലമർന്നു. ഇതേ അവസ്ഥയിൽ ശേഷിക്കുന്നവർ ആണും പെണ്ണുമായി മുപ്പതോളം പേരുണ്ട് ഇവിടെ. ഇവരുടെയെല്ലാം ജീവിത കഥകൾക്കും, നെഞ്ചകത്തെ വേദനകൾക്കും, കണ്ണുകളിലെ ദൈന്യതയ്ക്കുമെല്ലാം ഒരേ സമാനതയാണുള്ളത്. കുഷ്ഠ രോഗത്തോടുള്ള ഇതേ സാമൂഹിക പ്രതിഫലനം തന്നെയായിരുന്നു എച്ച്.ഐ.വി ബാധിതരായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന അവകാശങ്ങൾ നിഷേധിച്ച സംഭവവും നമ്മുടെ പ്രബുദ്ധമായ കേരളത്തിലുണ്ടായത്. രോഗം ഒരിക്കലും അപമാനത്തിന്റെ അടയാളമല്ല. ഈ അവബോധം സമൂഹത്തിൽ നിലനിൽക്കുമ്പോൾ മാത്രമാണ് നമ്മുടെ ആരോഗ്യ പ്രവർത്തനങ്ങൾ പൂർണമായും വിജയിക്കുക. പ്രബുദ്ധ കേരളത്തിൽ രോഗത്തോടുള്ള ഭീതിയിൽ നിന്ന് ഉടലെടുക്കുന്ന സാമൂഹിക അവജ്ഞയും അകറ്റി നിർത്തലും ഒരു ഭാഗത്ത് അരങ്ങേറുമ്പോൾ, മറുവശത്ത് ഭരണകൂടവും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ ബോധപൂർവം അവഗണിക്കുന്ന വൃത്താന്തമാണ് കേരളത്തിലിപ്പോൾ പ്രകടമായിട്ടുള്ളത്. 
കാലം മാറിയപ്പോൾ പകർച്ചവ്യാധികളുണ്ടക്കുന്നത് വിവിധ തരത്തിലുള്ള രോഗാണുക്കളാണെന്നും അത്തരം രോഗാണുക്കൾ എങ്ങനെയാണ് വ്യാപിക്കുന്നതെന്നും വൈദ്യശാസ്ത്രം കണ്ടെത്തി. വാക്‌സിൻ ഉൾപ്പെടെയുള്ള നടപടികൾ കൊണ്ട് അവയെ പ്രതിരോധിക്കാനും ചികിത്സിക്കാനുമൊക്കെ വൈദ്യശാസ്ത്രം വളരുകയും ചെയ്തു. ഇന്ന് വസൂരിയെ ആരും ഭയക്കുന്നില്ലെന്ന് പറയുമ്പോൾ തന്നെ കുഷ്ഠം, എച്ച്.ഐ.വി പോലുള്ള രോഗങ്ങളുടെ കാര്യത്തിൽ മനുഷ്യൻ അടിസ്ഥാനപരമായ സ്വാർഥതയിലേക്ക് ഒതുങ്ങുന്നു. സ്വന്തം ജീവനിലുള്ള ഭയം മൂലമാണിത്.
ഖത്തറിൽ ജോലി ചെയ്യുന്ന മകൻ ലീവിൽ മലപ്പുറം അരിയല്ലൂരിലെ വീട്ടിലെത്തിയപ്പോൾ മാതാപിതാക്കൾ വീട് വിട്ടിറങ്ങി. കൊറോണ വൈറസ് പരിശോധനയുടെ ഭാഗമായി എയർപോർട്ടിൽ വെച്ച് നടത്തിയ പരിശോധനയിൽ ഇയാൾക്ക് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാഴ്ച സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദേശിക്കുകയും ചെയ്തിരുന്നു. ഇയാൾ വീട്ടിലെത്തിയതോടെ വൈറസ് ബാധ ഭയന്ന് മാതാപിതാക്കൾ പടിയിറങ്ങി. തുടർന്ന് ബന്ധുക്കളാണ് ഇയാൾക്ക് ഭക്ഷണമെത്തിച്ച് നൽകിയത്. കൊറോണ വൈറസ് ബാധിതരെ ശുശ്രൂഷിച്ച പുരുഷ നഴ്‌സുമാരെ വാടക വീട്ടിൽ നിന്ന് വീട്ടുടമ ഇറക്കിവിട്ട സംഭവവും കേരളത്തിൽ തന്നെയാണുണ്ടായ്. 
കോട്ടയം മെഡിക്കൽ കോളേജിലെ മൂന്ന് മെയിൽ നഴ്‌സുമാരെയാണ് വീട്ടുടമ രോഗഭയം കാരണം ഇറക്കി വിട്ടത്. വിഷയത്തിൽ കോട്ടയം കലക്ടർ ഇടപെട്ട് നഴ്‌സുമാർക്ക് താമസിക്കാൻ മെഡിക്കൽ കോളേജിൽ തന്നെ സൗകര്യം ഒരുക്കുകയായിരുന്നു. ഇതേ രീതിയിൽ തന്നെ കൊറോണ വൈറസ് ഭയം മൂലം തൃശൂർ മുണ്ടുപാലത്ത് പ്രവാസി താമസിക്കുന്ന ഫഌറ്റിന് പുറത്തെ കതകിൽ വൈറസ് ബാധയുണ്ട് എന്നെഴുതി സ്റ്റിക്കറൊട്ടിക്കുകയും, കതക് പൂട്ടിയിടുകയും ചെയ്തതിന്റെ പേരിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവുമുണ്ടായി. ചുരുക്കത്തിൽ മൂന്ന് വിഭാഗം ആളുകളാണ് സമൂഹത്തിനിടയിൽ കടുത്ത അസ്വസ്ഥതകൾ സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ച് സുരക്ഷാ മാർഗങ്ങൾ കൈക്കൊള്ളാതെയും ക്വാറന്റയിൻ, ഐസൊലേഷൻ സംവിധാനങ്ങളേയുമെല്ലാം മനഃപൂർവം മറികടക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം. തനിക്കോ, തനിക്ക് വേണ്ടപ്പെട്ടവർക്കോ അസുഖം ബാധിയ്ക്കുമോ എന്ന അമിത ഭയമോ, ഉത്കണ്ഠയോ പുലർത്തുന്ന മറ്റൊരു വിഭാഗം ആളുകൾ. കൊറോണ വൈറസ് പോലുള്ള മഹാമാരി ലോകം മുഴുവൻ പടരുമ്പോൾ ഈയവസ്ഥയിൽ ക്രൂരവിനോദം നടത്തി ആനന്ദം പുൽകുന്ന ഒരു വിഭാഗവും. അസുഖം പിടിപെടുന്നത് വ്യക്തി മോശമായത് കൊണ്ടാണെന്ന വ്യാഖ്യാനമാണ് ഇവർക്കുള്ളത്. മുന്നറിയിപ്പുകൾ ഏറെ ഉണ്ടായിട്ട് കൂടി, പുറത്തായ ബിഗ്‌ബോസ് മത്സരാർഥി ഡോ.രജിത്കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ തടിച്ച് കൂടിയ ആൾക്കൂട്ടമെല്ലാം പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. നിയന്ത്രണങ്ങൾ മറികടക്കുന്നതിന് തുല്യമാണ്, നിർദേശങ്ങൾ ഉൾക്കൊള്ളാതെ രോഗികളേയും, രോഗം സംശയിക്കുന്നവരേയും, രോഗം ഭേദമായവരേയും അവജ്ഞയോടെ വീക്ഷിക്കുന്നതും. ക്വാറന്റൈനിൽ ഉള്ള ഓരോ വ്യക്തിയും അവനവനോട് മാത്രമല്ല, സമൂഹത്തോടുള്ള വലിയ കടമയാണ് നിറവേറ്റിക്കൊണ്ടിരിക്കുന്നത്. എന്നിരിക്കെ, ക്വാറന്റയിൻ മൂലം വ്യക്തികളുടെ സാമൂഹിക സുരക്ഷിതത്വം നഷ്ടപ്പെടുന്ന അവസ്ഥയും ചിലയിടത്തുണ്ട്. സാമൂഹികമായ ഒറ്റപ്പെടലിൽ നിന്നുള്ള പരിരക്ഷയാണ് ഇവർക്ക് വേണ്ടത്. പൊതുസമൂഹത്തിൽ വളരെ ക്രിയാത്മകമായി നിൽക്കുന്ന ഒരു വ്യക്തിയെ ക്വറന്റൈൻ ചെയ്യുമ്പോൾ ഹൃദയ ബന്ധങ്ങൾ ഉള്ളവരിൽ നിന്നുള്ള ഒറ്റപ്പെടൽ, വിരസത എന്നിങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങളുണ്ടാവുക ആ വ്യക്തിയിൽ സ്വാഭാവികമാണ്. സാമൂഹികമായ അവജ്ഞയും, ഒറ്റപ്പെടുത്തുമെന്ന ഭയവും അപമാനവും പേടിച്ച് രോഗം മറച്ച് വയ്ക്കാനുള്ള ശ്രമമാണ് പൊതുവിൽ സംഭവിക്കുക. ഇത്തരം വ്യക്തികൾക്ക് ആവശ്യമായ മാനസിക പിന്തുണയാണ് സമൂഹം നൽകേണ്ടത്. 

 

താറുമാറാകുന്ന സമ്പദ്ഘടന
കയറ്റുമതി നിലച്ചതോടെയും, അത് വഴിയുള്ള ജോലി നഷ്ടത്തോടെയും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കൊറോണ വൈറസ് മോശമായി ബാധിക്കുമെന്ന് ധനമന്തി തോമസ് ഐസക് ഇൗയിടെ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് പടർന്നതോടെ വിദേശികളുടെ വരവിൽ വൻതോതിൽ കുറവും വന്നു. ഇത് കൂടാതെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വരുമാനവും കുറയുന്നത് സംസ്ഥാനത്തെ നേരിട്ട് തന്നെ ബാധിക്കും. ചൈനയിൽ കൊറോണ വൈറസ് പടർന്നത് മൂലം ഫാർമസ്യൂട്ടിക്കൽ, ഇലക്ട്രിക്കൽ മേഖലകളെയെല്ലാം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ മേഖലകളിലെല്ലാം അസംസ്‌കൃത വസ്തുക്കൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള സങ്കീർണ വിഷയങ്ങൾ നിലനിൽക്കുമ്പോൾ തന്നെ മലബാർ മേഖലയിൽ പക്ഷിപ്പനി കൂടി വ്യാപിച്ചിരിക്കുകയാണ്. ഇത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി ജില്ലയിലുണ്ട്. ആയിരക്കണക്കിന് കോഴികളേയും, താറാവുകളേയും ഇതിനകം നശിപ്പിച്ച് കഴിഞ്ഞു. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള 25 അംഗ ദ്രുതകർമ സേനയാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ചെക് പോസ്റ്റുകളിൽ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. തമിഴ്‌നാട് മൃഗ സംരക്ഷണ വകുപ്പും അതിർത്തിയിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. 

      

Latest News