Sorry, you need to enable JavaScript to visit this website.
Saturday , July   11, 2020
Saturday , July   11, 2020

പറയാൻ മറന്ന പരിഭവങ്ങൾ...  

രമേഷ് നാരായൺ പണ്ഡിറ്റ്  ജസ്‌രാജിനൊപ്പം
രമേഷ് നാരായണും യേശുദാസും
രമേഷ് നാരായണും ഭാര്യ ഹേമയും മക്കളായ മധുവന്ദിയും മധുശ്രീയും

ഹിന്ദുസ്ഥാനി സംഗീതത്തിന് മലയാളത്തിന്റെ പാരിതോഷികം. പണ്ഡിറ്റ് ജസ്‌രാജ് കണ്ടെത്തിയ, തലശ്ശേരി കൂത്തുപറമ്പുകാരൻ രമേഷ് നാരായണന്റെ ജീവിതത്തിലൂടെ...

തബല മാന്ത്രികനായ കണ്ണൂരിലെ ഹാരിസ് ഭായി (പാട്ടുകാരൻ റോഷന്റെ പിതാവ്) വർഷങ്ങൾക്ക് മുമ്പ് കൂത്തുപറമ്പിലെ നാരാണൻ ഭാഗവതർ എന്ന സംഗീതജ്ഞന്റെ വീട് സന്ദർശിക്കുക പതിവായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ ഭാര്യാപിതാവ് ഖാദർ സാഹിബും ഉണ്ടാകും. അവരിരുവരും ഹിന്ദുസ്ഥാനി സംഗീതം നല്ല വശമുള്ളവരായിരുന്നു. ഖാദർ സാഹിബ് നല്ല ഹിന്ദി പാട്ടുകൾ പാടും. നാരായണൻ ഭാഗവതരും അവർക്കൊപ്പം ചേരും. ആ സംഗീത സഭ കണ്ട് ആവേശഭരിതനായി നാരായണൻ ഭാഗവതരുടെ മകനും പതുക്കെ അവർക്കൊപ്പം കൂടി. അവനന്ന് നന്നായി ഗിറ്റാർ വായിക്കും. അസ്സലായി കർണാട്ടിക് സംഗീതവും ആലപിക്കും.


നവരാത്രി കാലമായാൽ ഇവരെല്ലാം ചേർന്ന് വീട്ടിലെ രാവുകളെ സംഗീത സാന്ദ്രമാക്കി. അക്കാലത്തെപ്പൊഴോ ഈ മകന്റെ പാട്ടുകേട്ട് തബലിസ്റ്റ് ഹാരിസ് ഭായി പറഞ്ഞു, നീ ഹിന്ദുസ്ഥാനി പാടിയാൽ നന്നായിരിക്കും എന്ന്. ആ വാക്കുകൾ ഒരാവേശമായി മനസ്സിൽ കരുതി യാത്ര തുടങ്ങിയ അവൻ കാലമേറെ കഴിയും മുമ്പ് ഹിന്ദുസ്ഥാനി സംഗീതത്തിലെ മേവതി ഘരാനയുടെ തല തൊട്ടപ്പനായ പണ്ഡിറ്റ് ജസ്‌രാജിന്റെ അരുമ ശിഷ്യനായി. വർഷങ്ങൾക്കിപ്പുറം ഹിന്ദുസ്ഥാനി സംഗീതത്തെ മലയാളികൾക്കിടയിൽ ജനകീയമാക്കിയ ആചാര്യന്മാരിൽ ഒരാളായി. പേരു പറഞ്ഞാൽ ആളെ നാമറിയും- പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേഷ് നാരായണൻ!


രമേഷ് നാരായണന്റെ കുടുംബത്തിൽ എല്ലാവരും സംഗീതവുമായി ബന്ധമുള്ളവരായിരുന്നു. അമ്മ, നാരായണി കർണാട്ടിക് സംഗീത വിദുഷിയായിരുന്നു. 
അമ്മയുടെ അച്ഛൻ അപ്പാവു മാഷ് കർണാട്ടിക് സംഗീതജ്ഞനും നല്ല വയലിനിസ്റ്റും മൃദംഗ വിദ്വാനുമാണ്. അച്ഛൻ നാരായണൻ ഭാഗവതർ നന്നായി ഹാർമോണിയം വായിക്കും. നാടകങ്ങളിൽ പാടി അഭിനയിക്കുകയും ചെയ്തിരുന്നു. മുത്തച്ഛൻ കുഞ്ഞിരാമൻ വൈദ്യർ വയലിനിസ്റ്റും കഥകളി നടനുമാണ്. ജ്യേഷ്ഠൻ രാധാകൃഷ്ണൻ അഭിനേതാവും പാട്ടുകാരനുമായിരുന്നു. (ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മുൻഷിയിൽ ആദ്യ കാലത്ത് ഹാജ്യാരായി വേഷമിട്ടത് ഇദ്ദേഹമാണ്). ചേച്ചി രാജലക്ഷ്മി തൃപ്പൂണിത്തുറ സംഗീത കോളേജിൽ പ്രൊഫസറായിരുന്നു. മറ്റൊരു ജ്യേഷ്ഠനായ രാംദാസിനും സംഗീത വാസനയുണ്ടായിരുന്നു. ഈ ഒരു അന്തരീക്ഷത്തിൽ വളർന്ന രമേഷ് നാരായണൻ സംഗീതത്തിൽ തൽപരനായത് സ്വാഭാവികമാണല്ലോ.


അമ്മയായിരുന്നു സംഗീതത്തിൽ അദ്ദേഹത്തിന്റെ വലിയ പ്രചോദനം. സംഗീതത്തിൽ ആദ്യ ഗുരുവും അമ്മയാണ്. സംഗീതത്തിൽ മാത്രമല്ല ജീവിതത്തിലുമതെ. പന്ത്രണ്ടാം വയസ്സിൽ രമേഷിന് അച്ഛൻ നഷ്ടപ്പെടുന്നുണ്ട്. അതോടെ അമ്മയായി അദ്ദേഹത്തിന് എല്ലാം. അമ്മയിൽ നിന്നാണ് ചിട്ടയോടെ കർണാട്ടിക് സംഗീതം പരിശീലിക്കുന്നതും കീർത്തനങ്ങളും മറ്റും പഠിക്കുന്നതും. ഒരു കലാകാരൻ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും എങ്ങനെ പെരുമാറിക്കൂടെന്നും പഠിപ്പിച്ചതും അമ്മയാണ്. സംഗീതം പോലുള്ള ഒരു കലയെ ഉപാസിക്കുന്നവർ പിന്തുടരേണ്ട ലാളിത്യവും എളിമയും അദ്ദേഹം കണ്ട് മനസ്സിലാക്കിയതും അമ്മയിൽ നിന്നു തന്നെ. അങ്ങനെ നോക്കുമ്പോൾ രമേഷ് നാരായണന്റെ ബാല്യകാല സ്വഭാവ രൂപീകരണത്തിൽ വലിയൊരു പങ്ക് വഹിച്ചത് ഈ അമ്മ തന്നെയാണെന്ന് പറയാം.

കുട്ടിക്കാലത്ത് പാശ്ചാത്യ സംഗീതത്തിൽ ഭ്രമമുണ്ടായിരുന്നു രമേഷ് നാരായണന്. ചിത്രരചനയിലുമതെ. പക്ഷേ, അതിലൊന്നും അദ്ദേഹം ഉറച്ചു നിന്നില്ല. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഉപാസകനായി തീരാനുള്ള വിധിയുടെ നിയോഗം ആ താൽപര്യങ്ങളെയെല്ലാം അവഗണിക്കുകയായിരുന്നു. കൂത്തുപറമ്പിലും തൃശൂരിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം തുടർന്ന് പാലക്കാട് ചിറ്റൂർ ഗവ. സംഗീത കോളേജിൽ കർണാട്ടിക് സംഗീത കോഴ്‌സിന് ചേർന്നു. പാട്ടുകാരായ കൃഷ്ണചന്ദ്രനും ഉണ്ണിമേനോനും ഭാവന രാധാകൃഷ്ണനുമൊക്കെ അന്നവിടെയുണ്ട്. അവരൊക്കെ ചേർന്ന് മെലഡി ഓർക്കസ്ട്ര എന്നൊരു ഗാനമേളാ ട്രൂപ്പ് ഉണ്ടാക്കിയിരുന്നു. അന്ന് തൃശൂർ ആകാശവാണിക്ക് വേണ്ടി രമേഷ് സംഗീതം നൽകിയ ഒരു ലളിതഗാനം കൃഷ്ണചന്ദ്രനും ഭാവനയും പാടിയിട്ടുമുണ്ട്. 
പക്ഷേ, ചിറ്റൂർ സംഗീത കോളേജിലെ പഠനം അദ്ദേഹം ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചു. അതിലദ്ദേഹത്തിന് സങ്കടമൊന്നുമില്ല. അനിവാര്യമായ ഒരിടത്ത് നമ്മെ തളച്ചിടാൻ വിധി ഒരുക്കുന്ന ചില സാഹചര്യങ്ങൾ മാത്രമായി അതിനെ അദ്ദേഹം കണ്ടു. ഹിന്ദുസ്ഥാനി സംഗീതം പഠിക്കണമെന്ന മോഹം രമേഷിലപ്പോൾ കലശലായിരുന്നു. അതിനെന്തുവഴി എന്ന് ആലോചച്ചിരിക്കുമ്പോഴാണ് പട്ടാളത്തിലായിരുന്ന ജ്യേഷ്ഠൻ രാംദാസ് പൂനെയിലേക്ക് വിളിക്കുന്നത്. ക്ഷണം കിട്ടിയതും നേരെ അങ്ങോട്ടേക്ക് വെച്ച് പിടിച്ചു.


പക്ഷേ, അവിടെയെത്തിയിട്ടും വളരെക്കാലം ഹിന്ദുസ്ഥാനി സംഗീതം പഠിക്കാനൊന്നും കഴിഞ്ഞില്ല. താമസമായിരുന്നു അവിടെ ആദ്യ പ്രശ്‌നം. ജ്യേഷ്ഠന്റെ കൂടെ ക്വാർട്ടേഴ്‌സിൽ താമസിക്കാൻ പറ്റില്ലായിരുന്നു. അവസാനം പട്ടാളക്കാരുടെ ആരാധനാലയമായ ഫൗജി മന്ദിറിൽ അഭയാർഥിയെ പോലെ കഴിയേണ്ടി വന്നു. കഷ്ടപ്പാടുകളെല്ലാം ജീവിതത്തിലേക്ക് ഘോഷയാത്രയായി കടന്നുവന്ന കാലം. ഹിന്ദുസ്ഥാനി പഠിക്കാനുള്ള ആവേശം ഒന്നു മാത്രമായിരുന്നു അന്നദ്ദേഹത്തെ അവിടെ നിലനിൽക്കാൻ പ്രേരിപ്പിച്ചത്.  
പൂനെയിൽ ആയിരിക്കുമ്പോഴാണ് സവായി ഗന്ധർവ സംഗീത മഹോത്സവത്തിന് പാടാൻ വന്ന പണ്ഡിറ്റ് ജസ്‌രാജിനെ രമേഷ് ആദ്യമായി കേൾക്കുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിൽ താൻ തേടുന്ന ഗുരു ഇതാണ് എന്ന് അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചു. പക്ഷേ അക്കാര്യവും പറഞ്ഞ് അദ്ദേഹത്തെ സമീപിക്കുക അന്ന് രമേഷിനെ പോലുള്ള ഒരു തുടക്കക്കാരന് എളുപ്പമായിരുന്നില്ല. അതിനാൽ കാത്തിരുന്നു. അതിനിടയിൽ അദ്ദേഹം സാരംഗി പഠിക്കാൻ ശ്രമിച്ചു. ഖാൻ സാഹിബ് മുഹമ്മദ് ഹുസൈനായിരുന്നു ഗുരു. ആ സമയത്ത് തന്നെ സദാനന്ദ് ഫഡ്‌കെ എന്നൊരു ഗുരുവിന്റെ കീഴിൽ സിത്താറും പരിശീലിച്ചു തുടങ്ങി. ഫഡ്‌കെ, സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറുടെ പ്രധാന ശിഷ്യനായിരുന്നു. 
അന്ന് സുനിൽ പാഥെ എന്നൊരു സുഹൃത്തുണ്ടായിരുന്നു രമേഷിന്. തബല വിദ്വാൻ ഉസ്താദ് അല്ലാ രാഖയുടെ അരുമ ശിഷ്യനായിരുന്നു അദ്ദേഹം. അതിനിടയിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ അഖില ഭാരതീയ ഗന്ധർവ മഹാവിദ്യാലയത്തിൽ ചേർന്നു. രണ്ടു വർഷം കൊണ്ട് വിശാരദ് എടുക്കുകയും ചെയ്തു. ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള രമേഷിന്റെ അതിരുവിട്ട ഭ്രമം കണ്ടപ്പോൾ നിനക്ക് പണ്ഡിറ്റ് ജസ്‌രാജിന്റെ ശിഷ്യനായിക്കൂടേയെന്ന് ഒരിക്കൽ സുനിൽ ചോദിച്ചു. അതോടെ മനസ്സിലെ ആ വലിയ മോഹം ഒന്ന് കൂടി സടകുടഞ്ഞെഴുന്നേറ്റു. 


സുനിൽ തന്നെയാണ് ജസ്‌രാജിന്റെ മുംബൈയിലെ നമ്പർ സംഘടിപ്പിച്ച് രമേഷിന് നൽകിയത്. പേടിച്ചു പേടിച്ചാണ് രമേഷ് അദ്ദേഹത്തെ വിളിച്ചത്. പരിചയപ്പെടുത്തിയപ്പോൾ പിറ്റേ ദിവസം മുംബൈയിൽ വന്നു കാണാനായിരുന്നു മറുപടി. പൂനെയിൽ നിന്നും നേരെ അങ്ങോട്ടേക്ക് വണ്ടി കയറി. വീട്ടിലെത്തി ഏറെനേരം കാത്തിരുന്ന ശേഷമാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാനായത്. അങ്ങയുടെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ അഗ്രഹ മുണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യം ഒരു കർണാട്ടിക് കൃതിയും തുടർന്ന് ഒരു ഹിന്ദുസ്ഥാനിയും പാടാൻ ആവശ്യപ്പെട്ടു. രണ്ടും പാടി. നിന്റെ പ്രാഗത്ഭ്യം കർണാട്ടിക്കിലാണ് എന്നും അതിനാൽ ബാലമുരളീകൃഷ്ണയെ പോലുള്ള ഒരാളുടെ ശിഷ്യത്വം സ്വീകരിക്കുക എന്നുമായിരുന്നു അദ്ദേഹം ഉപദേശിച്ചത്. അദ്ദേഹം തന്നെ തിരസ്‌കരിക്കുകയാണ് എന്നറിഞ്ഞപ്പോൾ രമേഷിന്റെ മനസ്സ് വിങ്ങിപ്പൊട്ടി. നിരാശയോടെ പിൻതിരിഞ്ഞ് നടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അതു കണ്ടപ്പോൾ ജസ്‌രാജ്, രമേഷിനെ തിരിച്ചു വിളിച്ചിട്ട് പറഞ്ഞു, 'നീ എന്റൊപ്പം കൂടിക്കോളൂ...' അത് തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മൂഹൂർത്തങ്ങളിൽ ഒന്നാണെന്ന് ഇന്നും രമേഷ് നാരായണൻ ഓർമിക്കുന്നു.
പണ്ഡിറ്റ് ജസ്‌രാജിനൊപ്പം ചേർന്നെങ്കിലും രണ്ടു വർഷക്കാലം അദ്ദേഹം രമേഷിനെ ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് ഒന്നും പഠിപ്പിച്ചില്ല. അദ്ദേഹത്തിന്റെ സംഗീതക്കച്ചേരികളിൽ തംബുരു മാത്രമിട്ടു കൊണ്ട് രമേഷ് പിറകിലിരുന്നു. സത്യത്തിൽ ഹിന്ദുസ്ഥാനി പഠിക്കാനുള്ള ക്ഷമയും സഹന ശക്തിയും രമേഷിനുണ്ടോ എന്ന് ഇക്കാലമത്രയും ഗുരു പരീക്ഷിക്കുകയായിരുന്നു. അത് രമേഷിനുണ്ട് എന്ന് തിരിച്ചറിഞ്ഞ ഒരുനാൾ പണ്ഡിറ്റ് ജസ്‌രാജ് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിപ്പിക്കാൻ തുടങ്ങി. അത് രാപ്പകൽ നീളുന്ന അതികഠിനമായ പരിശീലനമായിരുന്നു. തുടർന്ന് അദ്ദേഹത്തിനൊപ്പം സംഗീത പഠനവും കച്ചേരിയുമായി രമേഷ് ഇന്ത്യ മുഴുവൻ കറങ്ങി. തന്റെ സംഗീത ജീവിത്തിലെ സുവർണ നാളുകളാണത് എന്നാണ് രമേഷ് നാരായണൻ അതിനെക്കുറിച്ച് പറഞ്ഞത്.


1987-ൽ ഒരിക്കൽ പണ്ഡിറ്റ് ജസ്‌രാജ് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ വന്നു. തംബുരുവിട്ടു കൊണ്ട് രമേഷ് പിന്നിലുണ്ട്. അന്നദ്ദേഹത്തെ മുന്നിലേക്ക് വിളിച്ച് ഗുരു പാടാൻ പറഞ്ഞു. രമേഷ് ഹിന്ദുസ്ഥാനിയിൽ ഒരു ഗാനം തകർത്തു പാടി. അതിന് സദസ്സിൽ നിന്നും വലിയ കൈയടിയാണ് കിട്ടിയത്. അത് കണ്ടപ്പോൾ വേദിയിൽ അദ്ദേഹത്തെ ചേർത്തു പിടിച്ച് കൊണ്ട് ജസ്‌രാജ് സദസ്യരോട് പറഞ്ഞു -ഇവൻ നല്ല കഴിവുള്ള സംഗീതജ്ഞനാണ്.  നിങ്ങൾ ഇവനെയും ഇവന്റെ സംഗീതത്തേയും കാത്തുകൊള്ളണം. ഒരുനാൾ ഇവൻ അറിയപ്പെടുന്ന സംഗീതജ്ഞനായി മാറും. എല്ലാ ശിഷ്യരേയും തന്റെ സമ്പത്തായി കാണുകയും കരുതലോടെ കൂടെ കൊണ്ടുനടക്കുകയും ചെയ്യുന്ന അദ്ദേഹം ഒരിക്കലും ഒരു ശിഷ്യനേയും അനാവശ്യമായി പുകഴ്ത്താറില്ല എന്നതും സത്യമാണ്. 
1990-ലായിരുന്നു പണ്ഡിറ്റ് രമേഷ് നാരായണന്റെ വിവാഹം. കർണാട്ടിക് സംഗീതത്തിൽ പ്രാവീണ്യമുള്ള ഹേമയായിരുന്നു ഭാര്യ. അതോടെയാണ് ഉത്തരേന്ത്യൻ പ്രവാസം അവസാനിപ്പിച്ച് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നതും തിരുവനന്തപുരത്ത് താമസം തുടങ്ങുന്നതും. പക്ഷേ, അപ്പോഴും ഗുരുജിയുമായുള്ള ബന്ധമൊന്നും അദ്ദേഹം ഉപേക്ഷിച്ചില്ല. ഇപ്പോഴുമതെ. തനിക്കതിന് കഴിയില്ല എന്നദ്ദേഹം പറഞ്ഞു. സത്യത്തിൽ ആ വലിയ മനുഷ്യന്റെ ദാനമാണ് തന്റെ സംഗീതജീവിതം എന്നദ്ദേഹം വ്യക്തമാക്കി. അമ്മ കഴിഞ്ഞാൽ ഗുരുജിയാണ് രമേഷിന്റെ ജീവിതത്തിലും സംഗീതത്തിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തി. കല്യാണത്തിന് ശേഷവും വർഷത്തിൽ കുറേ ദിവസം മുംബൈയിൽ ചെന്ന് അദ്ദേഹം ഗുരുജിക്കൊപ്പം താമസിക്കുകയും സംഗീതം അഭ്യസിക്കുകയും സംഗീതക്കച്ചേരികളിൽ പങ്കെടുക്കുകയും ചെയ്തു പോരു ന്നുണ്ട്. പലപ്പോഴും ഭാര്യ ഹേമയും അദ്ദേഹത്തിനൊപ്പമുണ്ടാകും. അവർക്ക് ഗുരുജിയിൽ നിന്നും സംഗീതം അഭ്യസിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്. അദ്ദേഹം കേരളത്തിൽ എത്തുമ്പോഴെല്ലാം ഒപ്പം പാടാൻ രമേഷിനെ ക്ഷണിക്കും. എത്ര വലിയ തിരക്കുണ്ടായാലും അതൊക്കെ ഒഴിവാക്കി അദ്ദേഹം ചെല്ലും. ഗുരുജിയുടെ സാമീപ്യം തനിക്ക് ദൈവതുല്യമായ ഒന്നാണ് എന്ന് രമേഷ് നാരായണൻ വ്യക്തമാക്കി. 


അക്കാലത്തൊന്നും സിനിമ രമേഷ് നാരായണന്റെ സ്വപ്‌നത്തിൽ പോലും ഉണ്ടായിരുന്നില്ല. അന്നുമിന്നും സിനിമയിൽ അതിരുവിട്ട് അഭിരമിക്കുന്ന ഒരാളല്ല അദ്ദേഹം. ഹിന്ദുസ്ഥാനി സംഗീതവും കച്ചേരികളുമാണ് എന്നും അദ്ദേഹത്തിന്റെ ആവേശം. സത്യത്തിൽ സിനിമയിൽ എന്തെങ്കിലും ആയിത്തീരണമെന്ന് കരുതി സംഗീതം പഠിച്ച ആളല്ല താനെന്ന് രമേഷ് പറഞ്ഞു. സിനിമയിൽ അദ്ദേഹം എത്തിപ്പെടുന്നതൊക്കെ വളരെ യാദൃഛികമായിട്ടാണ്. 1993-ൽ പി.ടി.കുഞ്ഞുമുഹമ്മദിന്റെ മഗ്‌രിബ് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു അത്. പി.ടിയോട് അദ്ദേഹത്തെക്കുറിച്ച് ആദ്യം പറയുന്നത് അടൂർ ഗോപാലകൃഷ്ണനാണ്. ഹിന്ദുസ്ഥാനി സംഗീതത്തിൽ അവഗാഹമുള്ള ഒരാൾ എന്നായിരുന്നു പരിചയപ്പെടുത്തൽ. തുടർന്ന് 1998-ൽ പി.ടിയുടെ ഗർഷോമിൽ രമേഷ് നാരായണൻ സംഗീത സംവിധായകനായി. 


ഗർഷോമിലെ 'പറയാൻ മറന്ന പരിഭവങ്ങൾ' എന്ന ഗാനം ഒരു വമ്പൻ ഹിറ്റായത് രമേഷ് നാരായണന്റെ സിനിമാ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. ആ പാട്ട് ആദ്യം ഗുരുവായൂരിൽ വെച്ച് മറ്റൊരു ട്യൂൺ നൽകിയാണ് ചെയ്തത്. അതിഷ്ടപ്പെടാഞ്ഞിട്ടോ എന്തോ പിന്നീടൊരു നാൾ പി.ടിയും വി.കെ.ശ്രീരാമനും ചേർന്ന് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ട്യൂൺ ഒന്ന് മാറ്റി നോക്കിയാലോ എന്ന് ചോദിച്ചു. അങ്ങനെയാണ് അത് ജോഗ് രാഗത്തിൽ മാറ്റി ചിട്ടപ്പെടുത്തിയത്. അത് പി.ടിക്ക് നന്നായി പിടിച്ചു. പടം ഇറങ്ങിയ സമയത്ത് ആ പാട്ട് ആളുകൾ അധികം ശ്രദ്ധിച്ചിരുന്നില്ല. കാരണം ക്ലാസിക്കൽ സംഗീതത്തിന്റെ മൂല്യം കാത്തു സൂക്ഷിച്ചുകൊണ്ട് ജനപ്രിയത ലക്ഷ്യമാക്കി ചെയ്ത ഒന്നായിരുന്നു അത്. അക്കാര്യം ആളുകൾ തിരിച്ചറിഞ്ഞത് പതുക്കെയായിരുന്നു. അതിനാൽ ഹിറ്റാവാനും സമയമെടുത്തു. ഗുരു ജസ്‌രാജും സംഗീത സംവിധായകൻ രവീന്ദ്രൻ മാഷുമൊക്കെ ആ പാട്ടിനെ കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞത് വലിയ അംഗീകാരമായിട്ടാണ് രമേഷ് നാരായണൻ കാണുന്നത്. ഇന്ന് എവിടെ പാടാൻ ചെന്നാലും ആ പാട്ട് പാടാതെ സദസ്സ് അദ്ദേഹത്തെ വിടാറില്ല. അത്രയും വലിയൊരു റീച്ചിലേക്ക് ആ ഗാനം എത്തിച്ചേർന്നിരിക്കുന്നു. 

 


റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഈണമിട്ടപ്പോഴാണ് പണ്ഡിറ്റ് രമേഷ് നാരായണന്റെ പല ഹിറ്റ് ഗാനങ്ങളും പിറന്നത്. പറയാൻ മറന്ന പരിഭവങ്ങൾ (ഗർഷോം), തട്ടം പിടിച്ചു വലിക്കല്ലേ (പരദേശി), കണ്ണോട് കണ്ണോരം (വീരപുത്രൻ), നിലാവിന്റെ (വിശ്വാസപൂർവം മൻസൂർ)... തുടങ്ങിയ പാട്ടുകൾ ഉദാഹരണം. എല്ലാ ഗാനങ്ങളും നന്നാവണം എന്ന ചിന്തയോടെയാണ് സൃഷ്ടിക്കാറ് എന്നദ്ദേഹം പറഞ്ഞു. അവയിൽ ചിലത് ഹിറ്റുകളായി തീരുന്നത് ആ സ്വാദകരുടെ മനസ്സുകളിലാണ്. റഫീക്കിന്റെ വരികൾ ഭാവദീപ്തങ്ങളാണ്. 
അവ ഉൾക്കൊണ്ട് സംഗീതം പകരുക തനിക്ക് താരതമ്യേന എളുപ്പവുമാണ് എന്നദ്ദേഹം വ്യക്തമാക്കി. വരികൾ ചിട്ടപ്പെടുത്തുന്ന സമയത്ത് എല്ലാ കാര്യങ്ങളും അവർ പരസ്പരം ചർച്ച ചെയ്ത് ആവശ്യമായ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. എടുത്തു പറയേണ്ട ഒരു കാര്യം ഈ ഹിറ്റുകളൊക്കെ പിറന്നത് പി.ടിയുടെ സിനിമകളിലാണ് എന്നുള്ളതാണ്. നല്ല സംഗീത അവബോധമുള്ള ആളാണ് പി.ടി. തനിക്ക് തൃപ്തിയാകുന്ന തലത്തിൽ സംഗീതം എത്തുവോളം അദ്ദേഹം തന്റെ സംഗീത സംവിധായകരെക്കൊണ്ട് ട്യൂൺ മാറ്റിമാറ്റി ചെയ്യിക്കും. കണ്ണാട് കണ്ണോരം ഒരു മാസമെടുത്ത്, അഞ്ചിലേറെ ട്യൂണുകൾ മാറിമാറി ചെയ്ത് അവസാനം ഈ രൂപത്തിലായപ്പോൾ മാത്രമാണ് പി.ടിക്ക് തൃപ്തിയായത് എന്ന് രമേഷ് നാരായണൻ പറഞ്ഞു. 
പി.ടിയുടെ മാത്രമല്ല മലയാളത്തിലെ മറ്റു പല പ്രമുഖ സംവിധായകരുടെ സിനിമകളിലും രമേഷ് നാരായണന് സംഗീതമൊരുക്കാൻ കഴിഞ്ഞിട്ടുണ്ട്. ലെനിൻ രാജേന്ദ്രന്റെ രാത്രിമഴ, മകരമഞ്ഞ്, ഇടവപ്പാതി, അന്യർ, കമലിന്റെ മേഘമൽഹാർ, ജയരാജിന്റെ മകൾക്ക്, സലീം അഹമ്മദിന്റെ ആദാമിന്റെ മകൻ അബു, ആർ.എസ് വിമലിന്റെ എന്നു നിന്റെ മൊയതീൻ തുടങ്ങി നിരവധി പടങ്ങളുണ്ട്. ആ പടങ്ങളിലൂടെയെല്ലാം നല്ല കുറേ പാട്ടുകൾ സൃഷ്ടിച്ചെങ്കിലും സംഗീത സംവിധായകൻ എന്ന നിലയിൽ ആദ്യ സംസ്ഥാന അംഗീകാരം അദ്ദേഹത്തിന് കിട്ടുന്നത് 2006 ലാണ് -ലെനിൻ രാജേന്ദ്രന്റെ രാത്രിമഴയ്ക്ക്. അതിന് മുമ്പ് 2005-ൽ സൈറ എന്ന സിനിമയിലെ പശ്ചാത്തല സംഗീതത്തിനും അദ്ദേഹം സംസ്ഥാന അവാർഡിന് അർഹനായിരുന്നു. 2014-ൽ വൈറ്റ് ബോയ്‌സ് എന്ന സിനിമയിലെ സംഗീത സംവിധാനത്തിനും 2015-ൽ ഇടവപ്പാതി, എന്ന് നിന്റെ മൊയ്തീൻ എന്നീ സിനിമകളിൽ സംഗീതം ചിട്ടപ്പെടുത്തിയതിനും സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി. ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത സോർഡ് ഓഫ് ലിബർട്ടി എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 2018-ലെ ദേശീയ പുരസ്‌കാരവും കിട്ടിയിട്ടുണ്ട്.  


ഇതൊന്നും കൂടാതെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്, ഫിലിം ക്രിട്ടിക്‌സ് അവാർഡ്, മാഡ്രിഡ് ഇന്റർനാഷണൽ അവാർഡ്, പ്രേംനസീർ ഫൗണ്ടേഷൻ ടി.വി അവാർഡ്, ഗോൾഡൻ ചക്ര അവാർഡ്, താൻസെൻ അവാർഡ്, സംഗീത സമ്രാട്ട് അവാർഡ് തുടങ്ങി അംഗീകാരങ്ങളുടെ പെരുമഴക്കാലം തന്നെ അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. ഒരു കലാകാരൻ എന്ന നിലയിൽ അംഗീകാരങ്ങൾ സന്തോഷകരമാണ് എന്നദ്ദേഹം പറഞ്ഞു. അതേസമയം, ഒരു പാട്ടും അദ്ദേഹം അവാർഡ് കിട്ടുമെന്ന് കരുതി ചെയ്തിട്ടില്ല. ഇനി ചെയ്യാനും പോകുന്നില്ല. ഒരു പാട്ടിന് അംഗീകാരം കിട്ടി എന്നുവെച്ച് അടുത്ത പാട്ട് ഗംഭീരമാക്കിക്കളയാം എന്നും രമേഷിന് ഇതുവരെ തോന്നിയിട്ടില്ല. അങ്ങനെ ചെയ്യാനും കഴിയില്ല. സത്യത്തിൽ ഒരു പാട്ട് കംപോസ് ചെയ്യുന്ന സമയത്ത് തനിക്ക് മുന്നിൽ അംഗീകാരങ്ങളില്ല എന്നദ്ദേഹം വ്യക്തമാക്കി. മറിച്ച് ആ പാട്ട് പരമാവധി മികവുറ്റതാക്കാനുള്ള പ്രവർത്തനവും പ്രാർഥനയുമേയുള്ളൂ. ബാക്കിയെല്ലാം അർഹതയുണ്ടെങ്കിൽ മാത്രം നമ്മെത്തേടി വരുന്നതാണ് എന്നദ്ദേഹം കരുതുന്നു.


1993 മുതൽ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഒരാളാണെങ്കിലും ഇന്നത്തെ ന്യൂജെൻ സിനിമകളിലെ സംഗീതത്തെ വിലയിരുത്തുക തനിക്കത്ര എളുപ്പമല്ല എന്നദ്ദേഹം വ്യക്തമാക്കി. ദേവരാജൻ മാഷുടേയും ബാബുക്കയുടേയുമൊക്കെ (എം.എസ്.ബാബുരാജ്) സംഗീത പാരമ്പര്യം മഹത്തരമാണ്. സ്വന്തം ആത്മാവിൽ നിന്നും പിറവിയെടുക്കുന്ന സംഗീതമാണ് അവരുടേത്. ക്ഷമയും സഹനവും അർപ്പണവും ആത്മാർഥതയും അതിന് ഒരുപാട് വേണം. പക്ഷേ, അത്തരം സംഗീതം ഇന്നത്തെ തലമുറക്ക് ദഹിക്കാൻ വഴിയില്ല. അവരെല്ലാം വേഗത്തിലും എളുപ്പത്തിലും മ്യൂസിക് ചെയ്യുന്നവരാണ്. അതെന്തായാലും ഒന്നോ രണ്ടോ പടങ്ങളിൽ സംഗീതം ചെയ്ത പുതിയൊരാളെ കുറഞ്ഞൊരു സമയത്തിനുള്ളിൽ ആർക്കും ഒരു തരത്തിലും അളക്കാൻ പറ്റില്ല. അങ്ങനെ ചെയ്യുന്നതും ശരിയല്ല. കാലമാണ് അവരുടെ കഴിവുകളെ വിലയി രുത്തേണ്ടത്. അതിന് സമയമെടുക്കും, നമുക്ക് കാത്തിരിക്കാം.

Latest News