Sorry, you need to enable JavaScript to visit this website.

മിസ്സിംഗ് ഒളിംപിക്‌സ്

2020 ലെ ഒളിംപിക്‌സ് നടത്തുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുകയാണ് ടോക്കിയൊ. 1940 ലെ ഒളിംപിക്‌സിലും ഇതേപോലെയാണ് അവർ  ആവർത്തിച്ചത്. ആ ഒളിംപിക്‌സിന് എന്താണ് പറ്റിയത്?

നാലു പതിറ്റാണ്ടുകൾ കൂടുമ്പോഴുള്ള ഒളിംപിക്‌സുകൾ ശപിക്കപ്പെട്ടതാണോ? 1920 ലെ ഒളിംപിക്‌സ് ഒന്നാം ലോക യുദ്ധത്തിനു ശേഷമുള്ള ആദ്യത്തേതായിരുന്നു. രണ്ടാം ലോക യുദ്ധം കാരണം 1940 ലെ ഒളിംപിക്‌സ് ഉപേക്ഷിക്കപ്പെട്ടു. 1980 ലെ മോസ്‌കൊ ഒളിംപിക്‌സ് മുതലാളിത്ത ചേരി ഒന്നാകെ ബഹിഷ്‌കരിച്ചു. ഇപ്പോഴിതാ 2020 ലെ ഒളിംപിക്‌സിനെ കൊറോണ പിടികൂടിയിരിക്കുന്നു. 
1940 ലും ജപ്പാനിൽ നടക്കേണ്ടിയിരുന്ന ഒളിംപിക്‌സാണ് മാറ്റിവെച്ചത്. ജപ്പാന്റെ സൈനികാതിക്രമമായിരുന്നു അന്ന് ലോക യുദ്ധത്തെ വഷളാക്കിയത്. ആദ്യം ഹെൽസിങ്കിയിലേക്ക് ഒളിംപിക്‌സ് മാറ്റി. പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. 1944 ലും ലോക യുദ്ധം കാരണം ഒളിംപിക്‌സ് അരങ്ങേറിയില്ല. മിസ്സിംഗ് ഒളിംപിക്‌സ് എന്നാണ് അത് അറിയപ്പെടുന്നത്.
2011 ലെ മൂന്ന് ദുരന്തങ്ങളായ ഫുകുഷിമ ആണവദുരന്തം, ഭൂകമ്പം, സുനാമി എന്നിവയുടെ പ്രത്യാഘാതത്തിൽ നിന്ന് ജപ്പാൻ കരകയറിയെന്ന് തെളിയിക്കുകയാണ് 2020 ലെ ഒളിംപിക്‌സ് കൊണ്ട് പ്രധാനമായും ജപ്പാൻ ഉദ്ദേശിച്ചത്. ദീപശിഖാ റാലി തുടങ്ങുന്നത് ഫുകുഷിമയിൽ നിന്നാണ്. 1923 ലെ ഭൂകമ്പത്തിന്റെ പ്രത്യാഘാതത്തിൽനിന്ന് ജപ്പാൻ കരകയറിയെന്ന തെളിയിക്കാനായിരുന്നു 1940 ൽ അവർ ഒളിംപിക്‌സ് സംഘടിപ്പിക്കാൻ ഉദ്ദേശിച്ചത്. ഏഷ്യയിലെ പ്രഥമ ഒളിംപിക്‌സായേനേ അത്. ജപ്പാന്റെ പ്രഥമ ചക്രവർത്തി ജിമ്മുവിന്റെ കിരീടധാരണത്തിന്റെ 2600 ാം വാർഷികമായിരുന്നു 1940.
1932 ലാണ് ജപ്പാൻ വേദിക്കായി ശ്രമം തുടങ്ങിയത്. റോമും ഹെൽസിങ്കിയുമായിരുന്നു പ്രധാന എതിരാളികൾ. ഇറ്റലിയിലെ ഫാസിസ്റ്റ് ഏകാധിപതി ബെനിറ്റൊ മുസോളിനിയുടെ പിന്തുണ ജപ്പാൻ തേടി. 1944 ൽ റോമിൽ ഒളിംപിക്‌സ് നടത്തുന്നതിനെ പിന്തുണക്കാമെങ്കിൽ പകരം പിന്തുണ നൽകാമെന്ന് മുസോളിനി ഉറപ്പ് നൽകി. റോം പിന്മാറി. വോട്ടെടുപ്പിൽ 37-26 ന് ടോക്കിയൊ തെരഞ്ഞെടുക്കപ്പെട്ടു. 
അതിന് ഒരു വർഷം മുമ്പ് 1931 ൽ ചൈനീസ് പ്രവിശ്യയായ മഞ്ചൂരിയയിൽ ജപ്പാൻ അധിനിവേശം നടത്തിയിരുന്നു. യു.എന്നിന്റെ മുൻരൂപമായ ലീഗ് ഓഫ് നാഷൻസിൽ നിന്ന് 1933 ൽ ജപ്പാൻ പിന്മാറി. അധിനിവേശം അംഗീകരിക്കാത്തതിന്റെ പേരിലായിരുന്നു ഇത്. ഒളിംപിക്‌സിലൂടെ ബ്രിട്ടീഷ്, അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുമായി ബന്ധം മെച്ചപ്പെടുത്താമെന്ന് ജപ്പാൻ ആഗ്രഹിച്ചു. 1940 സെപ്റ്റംബർ 21 നായിരുന്നു ഉദ്ഘാടനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. ജപ്പാൻകാരെ സംബന്ധിച്ചിടത്തോളം ചക്രവർത്തിക്ക് ദൈവികപദവിയാണ്. അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാൻ പാടില്ല. അതിനാൽ എങ്ങനെ ഉദ്ഘാടനച്ചടങ്ങ് നടത്തുമെന്നത് ചർച്ചയായി. അതിനിടെ, യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടി. ഒളിംപിക്‌സിനല്ല സൈനികശക്തി വർധിപ്പിക്കാനാണ് പണം ചെലവിടേണ്ടതെന്ന ആവശ്യം ശക്തമായി. അമേരിക്കയും ബ്രിട്ടനും ഒളിംപിക്‌സ് ബഹിഷ്‌കരിക്കുമെന്ന ശ്രുതി പരന്നു. എന്തുവന്നാലും ഒളിംപിക്‌സ് നടത്തുമെന്ന വാശിയിലായിരുന്നു ടോക്കിയൊ, 2020 ലേതു പോലെ തന്നെ. ഒടുവിൽ ചൈനയുമായുള്ള പ്രശ്‌നങ്ങളുടെ കാരണം പറഞ്ഞ് 1938 ൽ ഒളിംപിക്‌സ് നടത്തുന്നതിൽ നിന്ന് ജപ്പാൻ പിന്മാറി. വടക്കൻ ജപ്പാൻ നഗരമായ സപ്പോറോയിൽ നിശ്ചയിച്ച ശീതകാല ഒളിംപിക്‌സും ഉപേക്ഷിച്ചു. 1944 ലെ ഗെയിംസ് ലണ്ടനിലാണ് നിശ്ചയിച്ചത്. യുദ്ധത്തിൽ ലണ്ടൻ ചാരക്കൂമ്പാരമായി. നാലു വർഷത്തിനുശേഷം 1948 ലാണ് ലണ്ടൻ ഒളിംപിക്‌സിന് ദീപശിഖ തെളിഞ്ഞത്. യുദ്ധത്തിൽ പരാജയപ്പെട്ട ജപ്പാനെ ഒളിംപിക്‌സിൽനിന്ന് മാറ്റിനിർത്തി. ഹെൽസിങ്കി 1952 ലെ ഒളിംപിക്‌സിന് വേദിയൊരുക്കി. ജപ്പാന് ഒടുവിൽ 1964 ലാണ് ഒളിംപിക്‌സ് നടത്താൻ അവസരം കിട്ടിയത്. ഏഷ്യയിലാദ്യമായി 1964 ൽ ടോക്കിയോയിൽ ഒളിംപിക്‌സ് അരങ്ങേറി.
 

Latest News