കുവൈത്ത് സിറ്റി - കൊറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കൊറോണ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ച കാര്യം മറച്ചുവെക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം കുവൈത്ത് മന്ത്രിസഭ അംഗീകരിച്ചു. രോഗം ബാധിച്ച കാര്യം മറച്ചുവെക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 10,000 കുവൈത്തി ദീനാര്‍ മുതല്‍ 50,000 കുവൈത്തി ദീനാര്‍ വരെ പിഴയുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. രോഗവ്യാപനം തടയുന്നതിനുള്ള മറ്റു തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും 10,000 കുവൈത്തി ദീനാര്‍ മുതല്‍ 30,000 കുവൈത്തി ദീനാര്‍ വരെ പിഴയും ശിക്ഷ ലഭിക്കും.
കുവൈത്തില്‍ പുതുതായി ഏഴു പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കുവൈത്തില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 130 ആയി. രോഗവ്യാപനം തടയുന്നതിന് ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ നടപടികളും കുവൈത്ത് നടപ്പാക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അല്‍സനദ് പറഞ്ഞു. ലോകത്ത് 156 രാജ്യങ്ങളില്‍ കൊറോണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മധ്യപൗരസ്ത്യദേശത്തെ നാലു രാജ്യങ്ങളില്‍ ഇതുവരെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.






