മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പീഡനം പ്രമേയമാക്കി ഷാരൂഖ് ഖാന്‍ സിനിമ നിര്‍മിക്കും

മുംബൈ- ബീഹാറിലെ മുസഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിനത്തിനിരയായ സംഭവം പ്രമേയമാക്കി സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ സിനിമ നിര്‍മിക്കുന്നു.
നിര്‍മാതാവെന്ന നിലയില്‍ ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ സിനിമയായ കാംയാബ് നിരൂപകരുടെ പ്രശംസ നേടിയതിനു പിന്നാലെയാണ് 2018 ല്‍ കുപ്രസിദ്ധമായ മുസാഫര്‍പൂര്‍ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ നിര്‍മിക്കാനുള്ള നീക്കം.
സേവാ സങ്കല്‍പ് വികാസ് സമിതി എന്ന സന്നദ്ധ സംഘടന നടത്തിയിരുന്ന പെണ്‍കുട്ടികള്‍ക്കായുള്ള അഭയകേന്ദ്രത്തില്‍ നടക്കുന്ന ലൈംഗിക പീഡനം ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടികളെ മധുബാനി, പട്‌ന, മോകാമ എന്നിവിടങ്ങളിലേക്ക് രക്ഷപ്പെടുത്തിയ ശേഷമാണ് 2018 മെയ് 31 ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.  
സുഭാഷ് ചന്ദ്രബോസിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ള ഷോയും 2017 ല്‍  മറൂണ്‍ എന്ന സിനിമയും സംവിധാനം ചെയ്ത പുള്‍കിറ്റ് ആണ് ഷാരൂഖ് ഖാന്‍ നിര്‍മിക്കുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. മുസഫര്‍പൂര്‍ സിനിമക്ക് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല.
ചിത്രത്തിനായി വിപുലമായ ഗവേഷണം നടത്തിയതായും ഒരു പത്രപ്രവര്‍ത്തകനെ നായകനാക്കിയുള്ള സിനിമ ജൂലൈയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പുള്‍കിറ്റ് പറഞ്ഞു.

 

Latest News