ഖത്തറില്‍ 17 കൊറോണ രോഗികള്‍കൂടി

ദോഹ- ഖത്തറില്‍ 17 പേര്‍ക്ക്കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 337 ആയി ഉയര്‍ന്നു. നേരത്തേ രോഗബാധ കണ്ടെത്തിയ പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ടവരാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചവര്‍. ഇവരെ പൂര്‍ണമായും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
നേരത്തേ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വൈറസ് വിമുക്തരായതായി ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജോര്‍ദാന്‍, ഫിലിപ്പീന്‍സ്, സുഡാന്‍, ഇറാന്‍ എന്നീ രാജ്യക്കാരാണ് രോഗവിമുക്തരായതെന്ന് പകര്‍ച്ചവ്യാധി കേന്ദ്രത്തിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി പറഞ്ഞു.
പകര്‍ച്ചവ്യാധി കേന്ദ്രത്തിലുള്ള മുഴുവന്‍ രോഗികളുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ ആരും മരിച്ചിട്ടില്ല. ഖത്തറില്‍ ഇതുവരെയായി 5309 പേരെ കൊവിഡ്19 പരിശോധനക്കു വിധേയമാക്കി.

 

Latest News