Sorry, you need to enable JavaScript to visit this website.
Thursday , April   09, 2020
Thursday , April   09, 2020

നിഴലും വെളിച്ചവും

നാടകവുമായുള്ള നിരന്തര സഞ്ചാരത്തിനിടയിലായിരുന്നു ജീവിതം ശാന്തനിൽ ഒരു പരീക്ഷണത്തിന് തുനിഞ്ഞത്. കാൻസർ കോശങ്ങൾ തന്റെ ശരീരം തേടിയെത്തി എന്നറിഞ്ഞപ്പോഴും അദ്ദേഹം തളർന്നില്ല. മെഡിക്കൽ കോളേജിലെ ഹെമറ്റോളജി വാർഡിൽ അരങ്ങ് സ്വപ്‌നം കണ്ടുകൊണ്ട് അദ്ദേഹം കിടന്നു. കാൻസർ ഒരു രോഗമല്ല, അവസ്ഥയാണെന്ന് തിരിച്ചറിയുകയായിരുന്നു. 

'നാടകങ്ങൾ ഒരിക്കലും എഴുതപ്പെടുന്നതല്ല. അത് സംഭവിക്കുന്നതാണ്' -നാടകകൃത്തും സംവിധായകനുമായ എ.ശാന്തകുമാർ അങ്ങനെയാണ് വിശ്വസിക്കുന്നത്. നാടകം അദ്ദേഹത്തിന് ഉപജീവനം മാത്രമല്ല, അതിജീവനം കൂടിയാണ്. നാടകമെന്ന് പറയുന്നത് ശാന്തകുമാറിന് ഒരു തീനാളമാണ്. സമൂഹത്തിൽ ദിവസവും പുതിയ പ്രശ്‌നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അവയെ കണ്ണു തുറന്നു നോക്കിയാൽ മതി. സമൂഹത്തിന്റെ വേദന ഉൾക്കൊണ്ട് അത് നാടകത്തിലേക്ക് സന്നിവേശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരിക്കലും വിഷയ ദാരിദ്ര്യമുണ്ടായിട്ടില്ല' -ശാന്തൻ പറയുന്നു. സുഹൃത്തുക്കൾക്കും നാടക പ്രവർത്തകർക്കും ശാന്തനാെണങ്കിലും സാമൂഹിക പ്രശ്‌നങ്ങളിൽ ഉഴറുന്ന മനസ്സുമായാണ് ഈ നാടക രചയിതാവിന്റെ സഞ്ചാരം. നൂറോളം നാടകങ്ങൾ ഈ നാടകകൃത്തിന്റേതായുണ്ട്. കൂടാതെ നാടകങ്ങളെക്കുറിച്ച് അഞ്ചോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. രണ്ടു തവണ കേരള സംഗീത നാടക അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അംഗീകാരത്തിനും ശാന്തൻ അർഹനായി. സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഒട്ടേറെ അംഗീകാരങ്ങൾ വേറെയുമുണ്ട്.
സത്യവുമായി ഇഴ ചേർന്നതാണ് അദ്ദേഹത്തിന്റെ നാടകങ്ങൾ. രാഷ്ട്രീയവും കർഷക ആത്മഹത്യയുമെല്ലാം അവയ്ക്ക് ഇതിവൃത്തമായിട്ടുണ്ട്. ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഏറെയും. യാത്രകളിലും പത്രവാർത്തകളിലും കാണുന്ന സംഭവങ്ങളും നാടകത്തിന് വഴിമരുന്നാകുന്നു. നാടകത്തെ ഒരു തരം ഭ്രാന്തായാണ് ശാന്തൻ കാണുന്നത്. കുട്ടിക്കാലം തൊട്ടേ തുടങ്ങിയ ഭ്രാന്ത്. ഒടുവിൽ അതില്ലാതെ ജീവിക്കാനാവില്ലെന്നായി. കോഴിക്കോട് പറമ്പിൽബസാറിൽ ജനിച്ചു വളർന്ന ഈ കലാകാരന്റെ ജീവിതത്തിൽ നാടകമില്ലാത്ത ദിവസങ്ങളില്ലെന്നായി. അക്കാലത്ത് ഗ്രാമങ്ങളിലെല്ലാം ഒട്ടേറെ നാടക സമിതികളും നിലവിലുണ്ടായിരുന്നു. 'കുപ്പയിലെ മുത്താ'ണ് ആദ്യ നാടകം. കഥ ഓർമയില്ല. അന്നത്തെ ഏഴാം ക്ലാസുകാരനുണ്ടാക്കിയ നാടകം. വീട്ടുമുറ്റങ്ങളിലും പറമ്പുകളിലുമായിരുന്നു അത് കളിച്ചിരുന്നത്. മുണ്ടായിരുന്നു കർട്ടനായി ഉപയോഗിച്ചത്. സ്‌കൂൾ പഠനത്തിൽനിന്നും കോളേജിലേയ്ക്കു കടന്നതോടെ എഴുത്തിനെ പുതിയൊരു തലത്തിലെത്തിക്കാൻ ശാന്തന് കഴിഞ്ഞു. മലയാള സാഹിത്യത്തിൽ ബിരുദം നേടിയപ്പോൾ പാരലൽ കോളേജ് അധ്യാപകനായി. നാടക രംഗത്ത് സജീവമായപ്പോൾ അധ്യാപകജോലി ഉപേക്ഷിക്കുകയായിരുന്നു. തന്റെയുള്ളിലെ എഴുത്തുകാരന് പല സംശയങ്ങളുമുണ്ടായിരുന്നു. മറ്റുള്ളവർ തന്നെ അംഗീകരിക്കുമോ എന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അന്യഭാഷകളിൽ നിന്നുള്ള കഥകൾ കടമെടുത്തു തുടങ്ങി. സംസ്ഥാനതല മത്സരങ്ങളാണ് സ്വതന്ത്രമായ നാടക രചനയിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നത്. മലയാളിയുടെ സദാചാര ബോധത്തെ കളിയാക്കിയെഴുതിയ സുഖനിദ്രയിലേയ്ക്ക് എന്ന നാടകത്തിന് മികച്ച തിരക്കഥയ്ക്കും സംവിധാനത്തിനുമുള്ള പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. 1998 ൽ എഴുതിയ ഈ നാടകം ഇപ്പോഴും അരങ്ങിൽ അവതരിപ്പിക്കാറുണ്ട്. അച്ഛനാൽ പീഡിപ്പിക്കപ്പെടുന്ന ഒരു മകളുടെ കഥയായിരുന്നു അത്. ഞങ്ങളുടെ വീടിനടുത്തുള്ള പുഴക്കരയിൽ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടതിൽ നിന്നാണ് ഈ കഥയെഴുതാനുള്ള പ്രേരണയുണ്ടായത്. ഈ സംഭവം ഇപ്പോൾ നാം പത്രവാർത്തകളിൽ കാണുന്നുണ്ടെങ്കിലും അന്നത് നിഴലുകളിൽ ഒളിഞ്ഞു കിടക്കുകയായിരുന്നു. അക്കാലത്ത് വേദിയുടെ ധാർമികതയ്ക്ക് അനുയോജ്യമാണോ ഈ നാടകം എന്ന സംശയം ജനങ്ങൾക്കിടയിലുണ്ടായിരുന്നു.  
ശാന്തകുമാറിന്റെ കഥകളിലെല്ലാം മണ്ണിന്റെ മണമുണ്ട്. അരയ്ക്കു കീഴെ തളർന്ന അജയൻ, എന്റെ സുഹൃത്തായിരുന്നു. നാടകത്തിൽ അഭിനയിക്കണമെന്ന അവന്റെ ആഗ്രഹമായിരുന്നു മരം പെയ്യുന്നു എന്ന നാടക രചനയ്ക്ക് ഇടയാക്കിയത്. അജയന് നാടകത്തിൽ ചെറിയൊരു വേഷം നൽകുകയായിരുന്നില്ല. അജയനെ നായകനാക്കിയായിരുന്നു നാടകം ചിട്ടപ്പെടുത്തിയത്. ഇരുപത്താറോളം വേദികളിൽ നാടകം അവതരിപ്പിച്ചെങ്കിലും ഒടുവിൽ അജയന്റെ അവിചാരിത മരണത്തോടെ ആ നാടകം അവസാനിക്കുകയായിരുന്നു. സിംഗപ്പൂരിൽ നാടകം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചിരുന്നെങ്കിലും പനിയുടെ രൂപത്തിൽ അജയനെ മരണം തട്ടിയെടുക്കുകയായിരുന്നു.' 
കണ്ണൂർ രാഷ്ട്രീയം ഇതിവൃത്തമായ പെരുങ്കൊല്ലൻ, അധികാരം മനുഷ്യനെ എങ്ങനെ വഴിതിരിക്കുന്നു എന്നു കാണിക്കുന്ന നീലക്കുറുക്കൻ, അധികാരികൾക്ക് കള്ളന്റെ സഹായം വേണ്ടിവരുന്ന ചോര ശാസ്ത്രം, ആഗോളവൽക്കരണം സാധാരണക്കാരന്റെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ഇതിവൃത്തമാക്കിയ എന്റെ പുള്ളിപ്പയ്യ് കരയ്യാണ്, വാർധക്യത്തിൽ ഒറ്റപ്പെട്ട സരോജിനിയുടെ കഥ പറഞ്ഞ ഏകാകിനി... ഇവയെല്ലാം രാഷ്ട്രീയവുമായി ബന്ധപ്പെട്ട നാടകങ്ങളായിരുന്നു.
രാഷ്ട്രീയം എന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയം എന്റെ കഥകളുടെ അന്തർധാരയായി എത്തുന്നുണ്ട്. ഒരു തെയ്യം കലാകാരനായിരുന്നു അച്ഛൻ. ചെറിയ കുട്ടിയായിരിക്കുമ്പോൾ തെയ്യക്കോലങ്ങളിൽ കണ്ട കടുത്ത നിറങ്ങളും രോഷത്തിന്റെ അഗ്നിയും എന്നെയും സ്വാധീനിച്ചിരുന്നു.
പോയവർഷം ഏറെ വേദികളിൽ അവതരിപ്പിച്ചത് ഗുളികനും കുന്തോലനും എന്ന നാടകമായിരുന്നു. സാധാരണക്കാരിൽ ജാതീയതയുടെ വിഷം കുത്തിവെച്ച് ജാതിക്കോമരങ്ങളാക്കി മാറ്റുന്ന പ്രവണതയെയായിരുന്നു ഈ നാടകം കളിയാക്കിയത്. കറുപ്പും വെളുപ്പും എന്ന വർണവെറിയുടെ കഥ പറയുന്ന ശരീരം എന്നൊരു നാടകവും വേദികളിലെത്തുന്നുണ്ട്. കഴിഞ്ഞ പതിനൊന്നു വർഷമായി പ്രൊവിഡൻസ് വിമൻസ് കോളേജിനു വേണ്ടി അരങ്ങിലെത്തുന്ന കൂവാതിൽ എന്ന നാടകവും ശാന്തന്റേതാണ്. ട്രാൻസ്‌ജെൻഡേഴ്‌സിന്റെ കഥ പറയുന്ന ഈ നാടകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
നാടകവുമായുള്ള നിരന്തര സഞ്ചാരത്തിനിടയിലായിരുന്നു ജീവിതം ശാന്തനിൽ ഒരു പരീക്ഷണത്തിന് തുനിഞ്ഞത്. കാൻസർ കോശങ്ങൾ തന്റെ ശരീരം തേടിയെത്തിയെന്നറിഞ്ഞപ്പോഴും അദ്ദേഹം തളർന്നില്ല. മെഡിക്കൽ കോളേജിലെ ഹെമറ്റോളജി വാർഡിൽ അരങ്ങ് സ്വപ്‌നം കണ്ടുകൊണ്ട് അദ്ദേഹം കിടന്നു. കാൻസർ ഒരു രോഗമല്ല, അവസ്ഥയാണെന്ന് തിരിച്ചറിയുകയായിരുന്നു. പനിയും തളർച്ചയും ഛർദ്ദിയും വേദനയും മയക്കവുമെല്ലാം മാറിമാറി വന്നെങ്കിലും ഏതൊരു രോഗത്തെയും പോലെ ലാഘവത്തോടെ കാണാൻ ശ്രമിച്ചു. 
മരുന്നുകൾ ശരീരം തളർത്താൻ ശ്രമിച്ചെങ്കിലും മനസ്സ് അരങ്ങിലെത്താൻ കുതിച്ചു. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിട്ടതു പോലെ ആരണ്യകാണ്ഡവും യുദ്ധകാണ്ഡവും കടന്ന് നാടകരാജ്യത്തിലേയ്ക്കുതന്നെ മടങ്ങിയെത്തി. ആ മനസ്സ് കണ്ടറിഞ്ഞ സുഹൃത്തുക്കളും കൂടെ നിന്നു. അതിനായി ശാന്തന്റെ നാടകങ്ങൾ സ്വരൂപിച്ച് വീടുകൾക്കെന്തു പേരിടും എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചു. ശാന്തന്റെ ആറു നാടകങ്ങൾ ചേർത്തൊരുക്കിയ ഈ പുസ്തകം മഞ്ചാടിക്കുരു എന്നൊരു വാട്‌സ്ആപ്പ് ഗ്രൂപ്പായിരുന്നു പ്രസാധനം ചെയ്തത്. നാടക പ്രവർത്തകരും നാടകത്തെ പ്രണയിക്കുന്നവരും അദ്ദേഹത്തിന്റെ നാടകം അവതരിപ്പിച്ചവരുമെല്ലാം കരുത്ത് പകർന്ന് കൂടെ നിന്നു. നല്ല പ്രതികരണമായിരുന്നു പുസ്തകത്തിനു ലഭിച്ചത്.
രോഗത്തോടു പൊരുതി ജീവിതം തിരിച്ചു പിടിച്ചെങ്കിലും ഇപ്പോഴും മരുന്നുകൾ കൂട്ടിനുണ്ട്. മുടങ്ങാതെ ഇനിയും കുറച്ചുനാൾ കഴിക്കണമെന്നാണ് ഡോക്ടർമാരുടെ ഉപദേശം. എങ്കിലും സായാഹ്നങ്ങളിൽ ലളിതകലാ അക്കാദമിയിലും ടൗൺഹാൾ പരിസരങ്ങളിലും സൗഹൃദങ്ങൾക്കു നടുവിൽ ശാന്തനെ കാണാം. കാരണം ഈ സൗഹൃദങ്ങളാണ് ശാന്തനെ വീണ്ടും ജീവിതത്തിലേയ്ക്കു വഴിനടത്തിയത്.
നാടകങ്ങൾ മാത്രമല്ല, സിനിമാ തിരക്കഥ രചനയിലേയ്ക്കും കടന്നിരിക്കുകയാണ് ശാന്തനിപ്പോൾ. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ശാന്തന്റേതാണ്. പല കഥകളും സിനിമയാക്കാൻ പലരും സമീപിച്ചിരുന്നെങ്കിലും ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്തതുകൊണ്ട് പിന്മാറുകയായിരുന്നു. ഷൈജു അന്തിക്കാടെന്ന ആത്മാർഥ സുഹൃത്തും നാടകപ്രേമികളും പ്രോത്സാഹിപ്പിച്ചപ്പോൾ ഞാനെഴുതിയ നാടകത്തിനു തന്നെ തിരക്കഥയൊരുക്കുകയായിരുന്നു.
പ്രണയത്തിന്റെ ആരും പറയാത്ത കഥയാണിത്. രണ്ടുപേർ പ്രണയിക്കുമ്പോൾ ലോകം മാറുമോ അതോ ചുരുങ്ങുമോ എന്ന അന്വേഷണം. പ്രണയത്തിന്റെ നിറവും കാൽപനിക സുഗന്ധവും അത് ജീവിതത്തിലുണ്ടാക്കുന്ന പൊള്ളലുകളുമെല്ലാം ഈ ചിത്രത്തിലുണ്ട്. നല്ല പ്രതികരണം ലഭിക്കുന്നതിനിടയിൽ കൊറോണയുടെ രൂപത്തിൽ തിയേറ്ററുകൾ അടച്ചിടേണ്ടി വന്നത് ശാന്തനും വിഷമമുണ്ടാക്കുന്നുണ്ട്.
വ്യത്യസ്ത സമുദായത്തിൽപെട്ട അന്ന, അഹമ്മദ്കുട്ടി എന്നീ രണ്ടു കഥാപാത്രങ്ങളുടെ പ്രണയത്തിലൂടെയാണ് കഥ വികസിക്കുന്നത്. സമൂഹത്തിൽ അവർക്ക് ഒട്ടേറെ വെല്ലുവിളികളെ നേരിടേണ്ടി വരുന്നുണ്ട്. 
ദീപക് പറമ്പോലും പ്രയാഗ മാർട്ടിനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രണയം സമൂഹത്തിലും സമുദായത്തിലുമുണ്ടാക്കുന്ന കലിബാധകളെയാണ് ശാന്തനും ഷൈജുവും പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്.
അരങ്ങിന്റെ നാലതിരുകൾക്കുള്ളിലാണ് നാടകം ആവിഷ്‌കരിക്കേണ്ടതെങ്കിൽ സിനിമയിൽ ഭാവന പറത്തിവിടാം. അതുകൊണ്ടു തന്നെ നാടക രചനയേക്കാൾ എളുപ്പമാണ് സിനിമയുടെ തിരക്കഥാ രചന. നാടകത്തിൽനിന്നും സിനിമയിലേയ്ക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് ശാന്തൻ പറയുന്നു. ഇനിയും ഒന്നുരണ്ടു സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടെന്നും ശാന്തൻ കൂട്ടിച്ചേർക്കുന്നു.ഭാര്യ ഷൈനിയും ഗവൺമെന്റ് ആർട്‌സ് കോളേജ് രണ്ടാംവർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയായ മകൾ നിലാഞ്ജനയും നൽകുന്ന പിന്തുണയും ശാന്തന്റെ കലാ ജീവിതത്തിന് കരുത്ത് പകരുന്നു.

Latest News