Sorry, you need to enable JavaScript to visit this website.

തിളച്ച മണ്ണിൽ കാൽനടയായി...

നമ്മുടെ മാതൃഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ചതിന് പുതുശ്ശേരി രാമചന്ദ്രൻ സാറിനോട് കൂടി നമ്മൾ കടപ്പെട്ടിരിക്കുന്നു. ലോക മലയാള സമ്മേളനം ആദ്യമായി സംഘടിപ്പിച്ചത് പുതുശ്ശേരി രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു. ലോക കേരളസഭയ്ക്ക് പ്രചോദനമായത് ഈ സമ്മേളനമായിരുന്നു.

അധ്യാപകൻ, കവി, ഭാഷാ ഗവേഷകൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ ഒരുപോലെ തിളങ്ങിയ വ്യക്തിയാണ് പുതുശ്ശേരി രാമചന്ദ്രൻ. കണ്ണശ്ശ രാമായണത്തിലെ ദൈർഘ്യം കൂടിയ കാണ്ഡമായ യുദ്ധകാണ്ഡം താളിയോലകളിൽ നിന്ന് പകർത്തി പാഠസംശോധനം ചെയ്ത് പ്രസിദ്ധീകരിച്ചതിലൂടെയാണ് പുതുശ്ശേരി രാമചന്ദ്രൻ ഭാഷാ ഗവേഷണ രംഗത്ത് ശ്രദ്ധേയനാകുന്നത്. കണ്ണശ്ശ രാമായണം യുദ്ധകാണ്ഡം 1971 ൽ വിശദമായ ആമുഖ പഠനത്തോടെയാണദ്ദേഹം പ്രസിദ്ധീകരിച്ചത്. മലയാള ഭാഷക്ക് അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകളിലൊന്നായി അതിനെ കണക്കാക്കാം. സ്വാതന്ത്ര്യ സമരത്തിനായും സാമൂഹിക മാറ്റത്തിനായും പ്രവർത്തിച്ച വലിയൊരു വിപ്ലവകാരിയെ കൂടിയാണ് പുതുശ്ശേരി രാമചന്ദ്രന്റെ വിടവാങ്ങലിലൂടെ നമുക്ക് നഷ്ടമായത്.
കോൺഗ്രസുകാരനായിട്ടായിരുന്നു അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ഇതേക്കുറിച്ച് പുതുശ്ശേരി സാറിന്റെ അമ്മ പുതുശ്ശേരി ജാനകിയമ്മ എഴുതി: തോപ്പിലെ ഭാസ്‌കര പിള്ളയും (തോപ്പിൽഭാസി) കാമ്പിശ്ശേരി കരുണാകരനും കൂടിയാണ് ചന്ദ്രനെ ചെറുപ്പത്തിലേ കോൺഗ്രസിൽ ചേർത്ത് പ്രവർത്തകനാക്കിയത്. അവനെ പള്ളിക്കൂടത്തിൽ നിന്ന് പുറത്താക്കിയപ്പോഴും അവരാണ് സമരം നടത്തി തിരിച്ചെടുപ്പിച്ചത്.
ക്വിറ്റിന്ത്യാ സമരം, പുന്നപ്ര വയലാർ സമരത്തെ തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭം എന്നിവയിൽ പങ്കെടുത്തതിന് സ്‌കൂളിൽനിന്ന് പുറത്താക്കപ്പെട്ട കാര്യമാണ് പുതുശ്ശേരി ജാനകിയമ്മ എഴുതിയത്. ഇവരുടെ വല്യമ്മയുടെ മകനായ പുതുപ്പള്ളി രാഘവനാണ് തോപ്പിൽ ഭാസിയേയും കാമ്പിശ്ശേരിയേയും പുതുശ്ശേരി രാമചന്ദ്രനെയുമെല്ലാം പിന്നീട് കമ്യൂണിസ്റ്റാക്കി മാറ്റിയത്. 1951-53 കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വള്ളികുന്നം-ശൂരനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു പുതുശ്ശേരി രാമചന്ദ്രൻ.
കേരള മണ്ണിനെ ചൂടു പിടിപ്പിച്ച ഒട്ടേറെ പരിവർത്തന, സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ നടുവിലൂടെയാണ് അദ്ദേഹം നടന്നത്. 'തിളച്ച മണ്ണിൽ കാൽനടയായി' എന്ന് അദ്ദേഹത്തിന്റെ ആത്മകഥയുടെ ശീർഷകം എല്ലാംകൊണ്ടും അന്വർഥമാണ്. ജീവിതത്തിൽ ഒരുപാട് കയ്പുനീർ കുടിച്ചിട്ടുള്ളയാളാണ് അദ്ദേഹം.
എഴുത്തുകരനെന്ന നിലയിലും അദ്ദേഹം അവഗണന നേരിട്ടു. എഴുപത് വയസ്സിന് ശേഷമാണ് പ്രധാനപ്പെട്ട അംഗീകാരങ്ങളൊക്കെ അദ്ദേഹത്തിന് ലഭിക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത്. പുതുശ്ശേരി രാമചന്ദ്രൻ സാറിന് വയലാർ അവാർഡ് നൽകുന്നതിനെതിരെയുള്ള വിവാദവും മറക്കാവുന്നതല്ല. വയലാർ രാമവർമ്മയുമായി വളരെ അടുത്ത ആത്മബന്ധമുണ്ടായിരുന്ന പുതുശ്ശേരി രാമചന്ദ്രന് വയലാർ അവാർഡ് ലഭിച്ചില്ല. ഗവേഷണ രംഗത്തെ അതുല്യ സംഭാവനക്കുള്ള സംസ്ഥാന സർക്കാരിന്റെ കൈരളി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോർ റിസേർച്ചേഴ്‌സ് ഏറ്റുവാങ്ങാൻ നിൽക്കാതെയാണ് അദ്ദേഹം യാത്രയായത്.
പുതുശ്ശേരി രാമചന്ദ്രൻ തന്റെ ആത്മകഥയിൽ എഴുതി: ഒരിക്കൽ കുട്ടിക്കാലത്ത് മരമറിയാതെ മാവെന്ന് കരുതി ചാരുമരത്തിൽ ഞാൻ ചെന്നു ചാരി. ദേഹമാകെ പൊള്ളി ഒടുവിൽ താന്നിമരം തേടി ഓടി. അന്നത്തെ ആ പൊള്ളലുകളെല്ലാം തൊലിപ്പുറത്തായിരുന്നു. ഇന്നതിന്റെ ഒരു പാട് പോലും എന്റെ ദേഹത്തില്ല. എന്നാൽ ആളറിയാതെ ഞാൻ ചിലരെ സ്‌നേഹിച്ചു. വളരെ വൈകിയേ അവയിൽ ചിലത് ചാരുമരമാണെന്ന് തിരിച്ചറിഞ്ഞുള്ളൂ. അതിന്റെ പൊള്ളലുകൾ എന്റെ ഉള്ളിലാണേറ്റത്. അത് ഇന്നും ഉണങ്ങിക്കരിയാതെ അവിടെ വടുകെട്ടി കിടക്കുന്നു.
പുതുശ്ശേരി രാമചന്ദ്രൻ വലിയൊരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി. രണ്ട് പതിറ്റാണ്ടിലേറെക്കാലത്തെ അടുപ്പം അദ്ദേഹവുമായി എനിക്കുണ്ട്. എന്റെ നാടിന് സമീപമുള്ള വള്ളികുന്നത്താണ് പുതുശ്ശേരി സാറിന്റെ ജന്മനാട്. ഞങ്ങളുടെ അയൽക്കാരായി അദ്ദേഹത്തിന്റെ ചില ബന്ധുക്കളുമുണ്ട്. വർഷങ്ങളായി അദ്ദേഹം തിരുവനന്തപുരത്താണ് താമസം. അതുകൊണ്ട് നേരിൽ കാണാനുള്ള അവസരം വിരളമായിരുന്നു.
ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തത് അദ്ദേഹത്തിന്റെ മരുമകൻ ഡോ. കെ.എസ്.രവികുമാർ വഴിയാണ്. 'തൈക്കാവിലെ ഉറുമ്പുകൾ' എന്ന എന്റെ ആദ്യ നോവൽ പ്രസിദ്ധീകരിച്ച കാലത്ത് ഞാൻ രവികുമാർ സാറിന് അതിന്റെ ഒരു കോപ്പി നൽകി. ഈ നോവൽ പുതുശ്ശേരി രാമചന്ദ്രൻ സാറെടുത്തു വായിച്ച ശേഷം നോവലിനെക്കുറിച്ച് നല്ല കുറെ അഭിപായം എഴുതി എനിക്കയച്ചു തന്നു. നോവലിന്റെ ഭൂമിക അദ്ദേഹത്തിന് ചിരപരിചിതമായിരുന്നു. 
മുതിർന്ന എഴുത്തുകാരനായ പുതുശ്ശേരി രാമചന്ദ്രൻ സാറിനെപ്പോലെയൊരാളിൽ നിന്ന് ഒരു തുടക്കക്കാരന് ലഭിക്കുന്ന വലിയൊരു അംഗീകാരമായിരുന്നു അത്. ഇത് എന്റെ മാത്രം അനുഭവമായിരിക്കില്ല. പലർക്കും അദ്ദേഹത്തിന്റെ സ്‌നേഹം ആസ്വദിക്കാൻ അവസരം ലഭിച്ചിട്ടുണ്ടാകണം. പുതിയ എഴുത്തുകാരുടെ കൃതികൾ വായിച്ച് ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന എത്ര മുതിർന്ന എഴുത്തുകാർ നമുക്കുണ്ട്. നല്ലൊരു കഥയോ, നോവലോ കണ്ടാൽ അങ്ങനെയൊന്ന് കണ്ടില്ലെന്ന് നടിക്കുന്നവരാണധികവും. പുതുശ്ശേരി സാറ് ഇത്തരക്കാരിൽനിന്ന് ഏറെ വ്യത്യസ്തനായിരുന്നു. സാഹിത്യ തറവാട്ടിലെ സ്‌നേഹനിധിയായ ഒരു കാരണവർ തന്നെയായിരുന്നു അദ്ദേഹം. എന്നെ എപ്പോൾ കണ്ടാലും എന്റെ നാടുമായി ബന്ധപ്പെട്ട ഗൃഹാതുരമായ ചില ഓർമകൾ അദ്ദേഹം പങ്കുവെക്കുമായിരുന്നു.
നമ്മുടെ മാതൃഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ചതിന് പുതുശ്ശേരി രാമചന്ദ്രൻ സാറിനോട് കൂടി നമ്മൾ കടപ്പെട്ടിരിക്കുന്നു. ലോക മലയാള സമ്മേളനം ആദ്യമായി സംഘടിപ്പിച്ചത് പുതുശ്ശേരി രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു. ലോക കേരളസഭയ്ക്ക് പ്രചോദനമായത് ഈ സമ്മേളനമായിരുന്നു.
---

Latest News