Sorry, you need to enable JavaScript to visit this website.

പോൾ ഹെയ്‌ലിയുടെ ഗോ കരോണ 

കുറച്ചു ദിവസം മുമ്പ് മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര ടെർമിനലിൽ സ്യൂട്ട്‌കേസുമായി പതിവില്ലാതെ ഒരു യാത്രക്കാരൻ. നല്ല ക്ഷീണിതനാണ്. അങ്ങകലെ സംഗ്ലി മുതൽ ഓടിയതിന്റെ ക്ഷീണം ആ സാധുവിന്റെ മുഖത്തുണ്ട്. സ്‌പെയിൻ, ഇറ്റലി, ഇറാൻ, സൗത്ത് കൊറിയ എന്നിവിടങ്ങളിലേക്ക് വല്ല ഫ്‌ളൈറ്റും വരുന്നുണ്ടോയെന്നും നോക്കി നിൽപ്പാണ് പുള്ളിക്കാരൻ. ലോകത്തെ വിറപ്പിക്കുന്ന കക്ഷിയാണ് കൊറോണ. പറഞ്ഞിട്ടെന്ത് ഫലം? മഹാരാഷ്ട്രയിൽ കാല് കുത്തിയതോടെ കഷ്ടകാലം തുടങ്ങി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ യു.പി, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക നേതാക്കളാണ് സാധാരണ വിവരക്കേട് വിളിച്ചു പറഞ്ഞ് ഭാരതീയർക്ക് ടെൻഷനകറ്റി ചിരിക്കാനുള്ള വക നൽകുക. ഭജപയുടെ കൂടെ നിൽക്കുമ്പോൾ നമ്മളായിട്ട് മോശക്കാരാവാൻ പറ്റുമോയെന്ന് സംഗ്ലി സ്വദേശിയായ രാംദാസ് ബന്ധു അത്തേവാല എന്ന കേന്ദ്ര മന്ത്രിയ്ക്ക് തോന്നിയതിന് അദ്ദേഹത്തെ കുറ്റം പറയാനാവുമോ? അമേരിക്കയിലാണ് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളുമുള്ളത്. ഇന്ത്യയിലും വേണ്ടേ ഒരെണ്ണം. അങ്ങനെയാണ് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ രൂപീകൃതമായത്. അത്തേവാല അതിന്റെ ദേശീയ അധ്യക്ഷനുമാണ്. നരേന്ദ്ര മോഡി മന്ത്രിസഭയിൽ സാമൂഹിക നീതി വകുപ്പ് കൈകാര്യം ചെയ്യുന്നത് അദ്ദേഹമാണ്. നല്ല സാമൂഹ്യ ബോധമുള്ള മനുഷ്യനാണ്. കണ്ണിൽ കണ്ട വൈറസുകൾ ഉപദ്രവമുണ്ടാക്കി എല്ലാം നശിച്ച് വിലപിച്ചിട്ട് കാര്യമില്ലെന്ന് രാജ്യസഭാംഗമായ അദ്ദേഹത്തിനറിയാം. അതുകൊണ്ടാണല്ലോ സംഗ്ലി അങ്ങാടിയിൽ കുറച്ച് അനുയായികളെ കൂട്ടി ഗോ കൊറോണ മുദ്രാവാക്യം മുഴക്കിയത്. നമുക്ക് നയിക്കാനല്ലേ പറ്റൂ. വിവരദോഷികളായ ചില അനുയായികൾ ഗോ കരുണ എന്നും വിളിച്ചതായി വീഡിയോ കണ്ട ചില ദോഷൈകദൃക്കുകൾ പറയുന്നു. 
*** *** ***
ഈ മുസ്‌ലിംകളെ കൊണ്ട് തോറ്റു. എന്തൊക്കെ ജാതി ജിഹാദുകളാണ് ഇവർ കണ്ടുപിടിക്കുന്നത്. ഇപ്പോഴിതാ ഭൂമി ജിഹാദും തുടങ്ങിയിരിക്കുന്നു. ഇന്ത്യാ ടുഡേ ടി.വി വെള്ളിയാഴ്ച സന്ധ്യാ സംവാദത്തിൽ ചർച്ച ചെയ്തത് ഇന്ത്യയെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപിക്കുന്നതിനെ കുറിച്ചാണ്. മറ്റു പല ചാനലുകളിലും ഗ്വാളിയറിലെ രാജകുമാരൻ പുതിയ കാല് ഘടിപ്പിച്ചത് ചർച്ച ചെയ്തു. സി.എൻ.എൻ-18 ദേശീയ ചാനലിലും സമാന വിഷയത്തെ കുറിച്ച് ബ്രേക്കിംഗ് ന്യൂസ്. ഇന്ത്യയിൽ രാജസ്ഥാനിലെ ഡോക്ടർമാർ കൊറോണയ്ക്ക് ചികിത്സ കണ്ടെത്തിയിരിക്കുന്നു. അവർക്കതൊക്കെ പറയാം. വിദ്വേഷ പ്രചാരണത്തിന് ക്വട്ടേഷനെടുത്ത സീ ന്യൂസിന് പണി നിർത്താൻ പറ്റില്ലല്ലോ. 
പതിവ് രീതിയിൽ ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണ് സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരി ചെയ്തത്. ജമ്മു കശ്മീരിൽ പുതിയ നിയമത്തിന്റെ പിൻബലത്തിൽ മുസ്‌ലിംകൾ ഭൂമി വാങ്ങിക്കൂട്ടുന്നുവെന്നും ഇത് ഭൂമി ജിഹാദാണെന്നും ചൗധരി ആരോപിച്ചു. 
സിന്ധ്യയുടെ കാലുമാറ്റത്തേക്കാൾ പ്രധാന വിഷയം മുസ്‌ലിംകൾ ഭൂമി വാങ്ങുന്നതാണെന്നും എന്നാൽ മാധ്യമ അജണ്ടയ്ക്ക് എതിരായതിനാൽ മറ്റ് മാധ്യമങ്ങൾ ഇതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും സുധീർ ചൗധരി അവർകൾ എടുത്തു പറഞ്ഞു. 
90 ശതമാനം മുസ്‌ലിംകൾ ഹിന്ദു ഭൂരിപക്ഷ സ്ഥലമായ ജമ്മുവിൽ പുനരധിവസിക്കപ്പെട്ടു. സർക്കാർ ഭൂമി പിടിച്ചെടുത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യയിൽ മാറ്റം വരുത്താനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും സുധീർ ചൗധരി ആരോപിച്ചു. 
ജമ്മു കശ്മീരിൽ നിലവിലുള്ള റോഷ്ണി ആക്ട് പരാമർശിച്ചു കൊണ്ടാണ് ചൗധരി ചർച്ച ആരംഭിച്ചത്. ജമ്മുവിൽ 25,000 ആളുകളെയും 5000 പേരെ കശ്മീരിലും സർക്കാർ പുനരധിവസിപ്പിച്ചുവെന്ന് ചൗധരി പറഞ്ഞു. ഹാർഡ് ജിഹാദി, സോഫ്റ്റ് ജിഹാദി എന്നിങ്ങനെ രണ്ട് തരത്തിൽ ജിഹാദികളുണ്ടെന്ന് ചൗധരി അവകാശപ്പെട്ടു. ജനസംഖ്യാ ജിഹാദ്, ലൗ ജിഹാദ്, ഭൂമി ജിഹാദ്, വിദ്യാഭ്യാസ ജിഹാദ് എന്നിവയാണ് ഹാർഡ് ജിഹാദ്. സാമ്പത്തിക ജിഹാദ്, ചരിത്ര ജിഹാദ്, മാധ്യമ ജിഹാദ്, സിനിമപാട്ട് ജിഹാദ്, മതേതര ജിഹാദ് എന്നിവ സോഫ്റ്റ് ജിഹാദാണെന്നും ചൗധരി പറയുന്നു. വിദ്വേഷത്തിന്റെ വിഷവിത്തുകൾ കലാപം സൃഷ്ടിക്കുന്ന ഇക്കാലത്ത് സീ ന്യൂസ് എഡിറ്റർ സുധീർ ചൗധരിയെ പോലുള്ളവരെ ഭാരതരത്‌നം നൽകി ആദരിക്കാവുന്നതാണ്. 
*** *** ***
നമ്മളെന്തിന് വടക്ക് നോക്കി ഞെട്ടിത്തരിച്ച് നിൽക്കണം? മുന്തിയ ഇനം ഡോക്ടറേറ്റുകാർ ഇവിടെയും ഇറങ്ങിത്തിരിച്ചിട്ടുണ്ടല്ലോ. തിരുവനന്തപുരത്ത് ഏതാനും ആഴ്ചകൾക്കപ്പുറം പത്രസമ്മേളനം നടത്തി മാധ്യമ പ്രവർത്തകനെ കൈകാര്യം ചെയ്ത ആജീവനാന്ത പോലീസ് മേധാവി ഇതാ കൊല്ലത്ത് അവതരിച്ചിരിക്കുന്നു. 
പത്രസമ്മേളനത്തിലെ പ്രസക്തമായ ചോദ്യവും കുമാരന്റെ ഉത്തരവും- 
ചോദ്യം- 
'ഷിംന അസീസ് ആർക്ക് വേണ്ടിയാണ് സംസാരിയ്ക്കുന്നത് എന്നൊക്കെ മനസ്സിലായിട്ടുണ്ട്. ഈ ഷിംന മുൻപ് വാക്‌സിൻ വിരുദ്ധപ്രചാരണം നടക്കുമ്പോൾ അതിനെതിരെ എന്തെങ്കിലും പറഞ്ഞോ?'
മാധ്യമ പ്രവർത്തക: 'വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങൾക്കെതിരെ ഏറ്റവുമധികം പ്രതികരിച്ച ആളാണ് ഷിംന അസീസ്'
ചോദ്യം: 'അത് മാത്രമല്ല, ഒരാളോട് സംസാരിക്കുമ്പോൾ അയാളുടെ തലയിൽ ചാണകമാണെന്നാണൊ ചോദിക്കേണ്ടത്? ആണോ? ങേ ആണോ? അങ്ങനെയാണോ നിങ്ങൾക്ക് തോന്നുന്നത്?' 
മാധ്യമ പ്രവർത്തക: 'ഡബ്ല്യു.എച്ച്.ഒ പോലും പറഞ്ഞ ചില കാര്യങ്ങളുണ്ട്. അതിനപ്പുറത്തേയ്ക്ക് മണ്ടത്തരങ്ങൾ പറഞ്ഞാൽ പിന്നെ ആൾക്കാര് ചോദിക്കില്ലേ?'  
മുൻ പോലീസ് മേധാവി: 'നിങ്ങൾ ഡോ.പോൾ ഹേലിയുടെ വീഡിയോ കണ്ടോ? ഇല്ലേൽ ഞാൻ അയയ്ക്കണോ? (ഫോൺ കാണിക്കുന്നു). 
മാധ്യമ പ്രവർത്തക: 'എവിടെയാണ് പറഞ്ഞിരിയ്ക്കുന്നത് ചൂടു കൂടിയാൽ വൈറസ് പോകുമെന്ന്. അങ്ങനെ എങ്കിൽ ചൂടു കൂടിയ വിവിധ സ്ഥലങ്ങളിൽ വൈറസ് വരില്ലായിരുന്നല്ലോ'
മലയാളത്തിലെ മുഴുവൻ പ്രൈം ടൈം ചർച്ചകളിലും ഉയരുന്ന ചോദ്യങ്ങളേക്കാൾ, അലർച്ചകളേക്കാൾ ആയിരം മടങ്ങ് കരുത്തായിരുന്നു കൊല്ലത്ത് ടി.പി സെൻകുമാറിന്റെ വാർത്താ സമ്മേളനത്തിൽ ഉയർന്ന വനിതാ മാധ്യമ പ്രവർത്തകയുടെ സ്വരത്തിന്. ആർജവമുള്ള ആ ശബ്ദം ഏഷ്യാനെറ്റ് കൊല്ലം റിപ്പോർട്ടർ പി.ആർ പ്രവീണയുടേതായിരുന്നു. പ്രവീണ ചോദ്യം ചെയ്തില്ലായിരുന്നുവെങ്കിൽ എന്നത്തേയും പോലെ ടി.പി സെൻകുമാർ പറഞ്ഞ മണ്ടത്തരങ്ങളും പ്രസരിപ്പിക്കുന്ന വിഷവും തടസ്സങ്ങളില്ലാതെ ഉപഭോഗം ചെയ്യേണ്ടി വരുമായിരുന്നു കേരളത്തിന്. 
കൊറോണ വൈറസ് ബാധയുടെ ഭീതിയിൽ വർഗീയ വിഷം കൂടി ചേർക്കുക എന്ന അജണ്ടയുടെ ഭാഗം തന്നെയായിരുന്നു കൊല്ലത്തെ വാർത്താ സമ്മേളനവും. ആ അജണ്ടയെ തുറന്നു കാട്ടുക എന്ന ചരിത്രപരമായ കാര്യം കൂടിയാണ് പ്രവീണ ചെയ്തത്. ഡോക്ടർ ഷിംന അസീസ് വാക്‌സിൻ വിരുദ്ധയാണെന്ന വ്യാജം സെൻകുമാർ ആവർത്തിച്ചപ്പോഴാണ് പ്രവീണ ഇടപെട്ടത്. 
തുടർന്ന് വാർത്താ സമ്മേളനത്തിൽ എത്തിയ ചിലർ വെർബൽ അറ്റാക്കുമായി രംഗത്തെത്തി. ഈ ആക്രമണത്തെ പ്രവീണ എഴുന്നേറ്റു നിന്ന് നേരിട്ടു. തന്റെ ഫോട്ടോ എടുത്തവനെക്കൊണ്ട് പ്രവീണ അത് ഡിലീറ്റ് ചെയ്യിപ്പിച്ചു. ഈ അവസരത്തിലാണ് മറ്റുള്ള മാധ്യമ പ്രവർത്തകർ ശബ്ദമുയർത്തുന്നത്. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ മതിയെന്ന നിലപാട് അവർ ഉറക്കെ പ്രഖ്യാപിച്ചു. അല്ലെങ്കിലും കേരളത്തിൽ വാർത്താ സമ്മേളനം നടത്തുമ്പോൾ ഒരു സംഘത്തെ കൂടെ കൊണ്ടുവരുന്ന ശീലം എപ്പോഴാണ് തുടങ്ങിയത്? പണ്ടൊക്കെ ലീഡറുടെ ഒപ്പമോ മറ്റോ കുഴപ്പക്കാരല്ലാത്ത ഒരു കോറസിനെ കണ്ടാലായി. പ്രവീണയ്ക്ക് പൂച്ചെണ്ട്. 
*** *** ***
മാതൃഭൂമി സംഘടിപ്പിച്ച കോഫി വിത്ത് മമ്മൂട്ടി മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ ചോദ്യങ്ങൾക്ക് നടൻ മമ്മൂട്ടി നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. 'ഇത്രയും വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോ?' എന്ന ആരാധികയുടെ ചോദ്യത്തിന് ഉത്തരം മുട്ടിക്കുന്ന മറുചോദ്യമാണ് മമ്മൂട്ടി ഉന്നയിച്ചത്. 
ചോദ്യകർത്താവിനെ നോക്കി മമ്മൂട്ടിയുടെ തമാശ കലർന്ന ചോദ്യം ഇങ്ങനെ:
'അപ്പുറത്ത് ഇരിക്കുന്നത് ഭർത്താവാണോ?'
'അതെ'
'എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ?'
ചുറ്റും പൊട്ടിച്ചിരി ഉയർന്നു.
'അതുപോലെയാണ് എനിക്ക് അഭിനയവും'
ഇത്രയും തമാശ രീതിയിലായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അങ്ങനെയൊന്നും ചോദിക്കല്ലേ, അഭിനയം ഒരിക്കലും ബോറടിക്കല്ലേ എന്നത് മാത്രമാണ് തന്റെ പ്രാർഥനയെന്നും അദ്ദേഹം വ്യക്തമാക്കി.
*** *** ***
ഇറ്റലിയിൽ നിന്നെത്തി നിരീക്ഷണത്തിലായ കുട്ടിക്ക് പ്രാതലിന് ഇറ്റാലിയൻ പിസ തന്നെ ഏർപ്പാടാക്കി കൊടുത്ത കലക്ടർ മുതൽ കേരളത്തിലെ ഭരണ സംവിധാനമാകെ എണ്ണയിട്ട യന്ത്രം പോലെ കൊറോണയെ പിടിച്ചു കെട്ടാനുള്ള തീവ്രയത്‌നത്തിലാണ്. ന്യൂസ്-18 ചാനലിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെ എസ്.ലല്ലു അഭിമുഖം നടത്തുന്നത് കണ്ടു. ഒട്ടും തലക്കനമില്ലാതെ കേരളത്തിന്റെ ടീച്ചറമ്മ ഹെഡ്മാസ്റ്ററെ പോലെ കാര്യങ്ങൾ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഗത്ഭ നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തുന്നു. ഒരിക്കലും അമാനുഷിക സിദ്ധിയുള്ള അമ്മയായി ചിത്രീകരിക്കപ്പെടരുതേ എന്നാണ് ആഗ്രഹമെന്നും ഇ.എം.എസിനും ഇ.കെ നായനാർക്കുമൊപ്പം കുട്ടിക്കാലത്തേ പാർട്ടി വേദികളിലൂടെ ജനകീയ പ്രക്ഷോഭങ്ങളിലൂടെ വളർന്ന വനിതാ സാരഥി അഭിമുഖത്തിൽ വ്യക്തമാക്കി.
 

Latest News