Sorry, you need to enable JavaScript to visit this website.

ചായക്കട നടത്തി ഉലകം ചുറ്റുന്നവർ 

എറണാകുളം കടവന്ത്രയിൽ ബാലാജി കോഫി ഹൗസ് നടത്തുന്ന വിജയനും ഭാര്യ മോഹനയും ഇതിനകം സഞ്ചരിച്ചത് 25 രാജ്യങ്ങൾ. അമേരിക്കയും യു.കെയും ചൈനയും ഫ്രാൻസും ജർമനിയും ഇറ്റലിയും സ്വിറ്റ്‌സർലന്റും തായ്‌ലന്റും മലേഷ്യയും സിംഗപ്പൂരും ന്യൂസിലാന്റും ബ്രസീലും പെറുവും ഉൾപ്പെടുന്ന ലോകരാജ്യങ്ങൾ. ഈയിടെ പോയി വന്നത് ഓസ്‌ട്രേലിയയിൽ. കൊറോണ ഭീതിയൊഴിഞ്ഞാൽ അടുത്ത യാത്ര റഷ്യയിലേക്ക്.ആവി പറക്കുന്ന ആ യാത്രാനുഭവങ്ങളിലൂടെ... 

2007 ഓഗസ്റ്റ് മാസത്തിലെ ഒരു വൈകുന്നേരം. തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്ര ദർശനം കഴിഞ്ഞ് മുന്നിലെ മൈതാനിയിൽ വിശ്രമിക്കുന്ന എറണാകുളത്ത് നിന്നുള്ള ഒരു സംഘം തീർഥാടകർ. അവരിൽ എല്ലാവരും തന്നെ അറുപത് കഴിഞ്ഞവരോ ഏതാണ്ട് അതിനോട് അടുത്ത് പ്രായമുള്ളവരോ ആണ്. സംഘത്തിൽ കെ.ആർ.വിജയൻ എന്നു പേരുള്ള ഒരു ഭക്തനും ഭാര്യ മോഹനയുമുണ്ട് (പലപ്പോഴായി 170 തവണ തിരുപ്പതി സന്ദർശിച്ച ആളാണ് അദ്ദേഹം. അതിൽ 140 പ്രാവശ്യവും ഭാര്യ മോഹനയ്ക്ക് ഒപ്പമായിരുന്നു). ആ ഇരിപ്പിലാണ് ഒരു വിമാനം അവരുടെ തലയ്ക്ക് മുകളിലൂടെ പറന്നു പോകുന്നത്. അതു കണ്ടപ്പോൾ വെറുതെ വിജയന് തോന്നി വിമാനത്തിൽ ഒന്ന് കയറിയാലോ? ആഗ്രഹം അറിയിച്ചപ്പോൾ കൂട്ടത്തിൽ എല്ലാവരും കളിയാക്കി. വട്ടാണെന്ന് വരെ പറഞ്ഞവരും അവരുടെ ഇടയിലുണ്ട്. വിമാന യാത്രയൊക്കെ പണക്കാർക്ക് മാത്രം പറഞ്ഞതാണ് എന്നായിരുന്നു അവരുടെ വാദം. അതെന്തായാലും വിജയൻ അവരോട് തർക്കിക്കാനൊന്നും നിന്നില്ല. തിരുപ്പതി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ അദ്ദേഹം എറണാകുളത്തെ ഒരു പ്രമുഖ ട്രാവൽ ഏജൻസിയെ സമീപിച്ച് വിദേശയാത്രയെ കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. അവരന്ന് ഈജിപ്ത്, ഇസ്രായിൽ, ജോർദാൻ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തി ഒരു ഹോളി ട്രിപ്പ് പ്ലാൻ ചെയ്യുന്ന സമയമായിരുന്നു. ആ ട്രിപ്പിൽ തന്നെയും ഭാര്യയെയും കൂടി ഉൾപ്പെടുത്താൻ വിജയൻ അവരോട് പറഞ്ഞു. ഒറ്റയടിക്ക് രണ്ട് യാത്രക്കാരെ കിട്ടിയതിൽ അവർ അതീവ സന്തുഷ്ടരായി. ഇനിയാണ് രസം. വിസയും മറ്റ് യാത്രാരേഖകളും തയാറാക്കാൻ അവർ വിജയന്റെയും ഭാര്യ മോഹനയുടെയും പാസ്‌പോർട്ട് ആവശ്യപ്പെട്ടു. വിജയനും ഭാര്യയ്ക്കും പാസ്‌പോർട്ട് തന്നെ ഉണ്ടായിരുന്നില്ല! 


ഒരു പാസ്‌പോർട്ട് പോലുമില്ലാതെ വിദേശയാത്ര നടത്താനെത്തിയ ആളെ ട്രാവൽ ഏജൻസിക്കാർ സംശയത്തോടെ നോക്കി. അയാൾ തങ്ങളെ കളിപ്പിക്കുകയാണോ എന്നുവരെ അവർക്ക് തോന്നിപ്പോയി. പക്ഷേ, യാതൊരു ഭാവഭേദവുമില്ലാതെ വിജയൻ അവരോട് ചോദിച്ചു, രണ്ട് എമർജൻസി പാസ്‌പോർട്ട് എടുക്കാൻ എത്ര ദിവസം വേണം? എത്ര പണം വേണം? എന്തെല്ലാം രേഖകൾ ഹാജരാക്കണം? ട്രാവൽ ഏജൻസിക്കാർ പറഞ്ഞ വലിയ തുകയും ആവശ്യമായ രേഖകളും പിറ്റേന്ന് തന്നെ വിജയൻ നൽകി. 10 ദിവസത്തിനുള്ളിൽ അവർക്ക് പാസ്‌പോർട്ടുകൾ കിട്ടി. അങ്ങനെ 2007 ഡിസംബർ 27-ന് വിജയൻ ഭാര്യക്കൊപ്പം ആദ്യമായി വിമാനത്തിൽ കയറി ഈജിപ്തിലേക്ക് പറന്നു. 


അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടുള്ള ഒരു വ്യാഴവട്ട ക്കാലത്തിനിടയിൽ അവർ സഞ്ചരിച്ചത് ലോകത്തിലെ 25 രാജ്യങ്ങളിലാണ്. അവയിൽ അമേരിക്കയും യു.കെയും ചൈനയും ഫ്രാൻസും ജർമനിയും ഇറ്റലിയും സ്വിറ്റ്‌സർലന്റും തായ്‌ലന്റും മലേഷ്യയും സിംഗപ്പൂരും ന്യൂസിലാന്റും ബ്രസീലും പെറുവും മാച്ചുപ്പിച്ചുവും ഉൾപ്പെടും. ഏറ്റവും ഒടുവിലായി പോയി വന്നത് ഓസ്‌ട്രേലിയയിലാണ്. ഇനി യാത്ര റഷ്യയിലേക്ക്. (കൊറോണ യുടെ ഭീതി നിലനിൽക്കുന്നതിനാൽ യാത്ര അൽപം വൈകിയേക്കും എന്ന സംശയവും വിജയൻ പ്രകടിപ്പിച്ചു). ആ യാത്രയിലും തനിക്കൊപ്പം ഭാര്യയുണ്ടാകും എന്ന് വിജയൻ അസന്നിഗ്ധമായി പറഞ്ഞു. ഞാനല്ലാതെ പിന്നെ ആരാണ് അവളെ കൊണ്ടുപോവുക എന്നാണ് അദ്ദേഹം ചോദിച്ചത്. ഇനി ഭാര്യ വരില്ലെന്നോ വയ്യെന്നോ പറഞ്ഞാൽ വീൽചെയറിൽ അവരെ ഇരുത്തി കൊണ്ടുപോകാനും വിജയൻ തയാറാണ്. സത്യത്തിൽ ആ പറയുന്നതിൽ ഭാര്യയെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരു ഭർത്താവിന്റെ മനസ്സ് കാണാം. ഊഷ്മളമായ സ്‌നേഹ സൗഹാർദങ്ങൾ പങ്കു വെക്കുന്ന ഒരു ദാമ്പത്യ ബന്ധത്തിന്റെ സ്വർണത്തിളക്കവും അതിലുണ്ട്. ജീവിതത്തിലെന്ന പോലെ യാത്രകളിലും തന്റെ ശക്തി ഭാര്യയാണ് എന്നു പറയാനും വിജയൻ മടിച്ചില്ല.

എറണാകുളത്ത് കടവന്ത്രയിൽ ഗാന്ധിനഗറിലുള്ള ശ്രീ ബാലാജി കോഫി ഹൗസ് എന്ന ചെറിയൊരു ചായക്കട നടത്തുന്നവരാണ് ഈ ദമ്പതികൾ. പക്ഷേ, അവരിന്ന് അറിയപ്പെടുന്നത് അതിപ്രശസ്തരായ രണ്ട് ലോക സഞ്ചാരികൾ എന്ന നിലയിലാണ്. ലോകത്തിലെ 25 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് നേടിയ അനുഭവങ്ങളുടെ അമൂല്യനിധിയാണ് ഈ ദമ്പതികൾ. യാത്രകൾ യുവത്വത്തിന്റെ മാത്രം ആഘോഷമാണെന്ന ധാരണയെ അവർ തകിടം മറിക്കുന്നു. പകരം വാർധക്യത്തിലും വിരാമമില്ലാത്ത യാത്രകൾ ആകാമെന്ന് സ്വന്തം ജീവിതംകൊണ്ട് അവർ തെളിയിക്കുകയാണ്.  
ആ ചായക്കടയിലെ എല്ലാ ജോലികളും ചെയ്യുന്നത് അവർ രണ്ടു പേർ മാത്രമാണ്. അതിൽ നിന്നുള്ള വരുമാനം കൊണ്ടാണ് അവർ ലോകസഞ്ചാരം നടത്തുന്നത്. യാത്രകൾക്കായി ഇതുവരെ ചെലവഴിച്ചത് ഏകദേശം 30 ലക്ഷത്തോളം രൂപയും. സാധാരണക്കാരന് അത് ധൂർത്തോ പാഴ്‌ച്ചെലവോ ആയി തോന്നാം. ആ പണം കൊണ്ട് സ്വർണമോ ഭൂമിയോ കെട്ടിടമോ വാങ്ങിയിരുന്നെങ്കിൽ ഭാവി ഭദ്രമാകില്ലേ എന്നാണവർ ചിന്തിക്കുക. പണം, ഭൂമി, സ്വർണം എന്നിവ സൂക്ഷിച്ചു വെച്ചിട്ട് എന്തുകാര്യം എന്നാണ് വിജയന്റെ ചോദ്യം. അവ തിന്നാൻ പറ്റുമോ? പണത്തിന് അതിന്റെ യഥാർഥ മൂല്യം ഉണ്ടാകുന്നത് അത് ആവശ്യത്തിന് ചെലവഴിക്കുമ്പോഴാണ് എന്ന് വിജയൻ കരുതുന്നു. 
യാത്രയോടുള്ള വിജയന്റെ കമ്പം ചുറ്റുമുള്ളവർക്കും നാട്ടുകാർക്കും അങ്ങനെ ദഹിക്കാറില്ല. അവർ വിജയന് ഭ്രാന്താണെന്ന് പറയും. പറഞ്ഞോട്ടെ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എല്ലാ മനുഷ്യർക്കും ഓരോരോ ഭ്രാന്തുകളുണ്ടല്ലോ. യാത്രകളാണ് തങ്ങളുടെ ഭ്രാന്ത്. യാത്രകളിൽ നിന്ന് കിട്ടുന്ന സുഖം, സംതൃപ്തി, ആഹ്ലാദം എന്നിവ പറഞ്ഞറിയിക്കാൻ ആവാത്തതാണ് എന്ന പക്ഷക്കാരനാണ് അദ്ദേഹം. ഒരു തരത്തിൽ ചായക്കടയിലെ ജോലിത്തിരക്കുകളിൽ നിന്നും അവരെടുക്കുന്ന ബ്രേക്കാണ് യാത്രകൾ. അതവരെ മടുപ്പിൽനിന്നും മോചിപ്പിക്കുന്നു. ഒരു റിഫ്രഷ്‌മെന്റ് എന്നാണ് വിജയൻ അതിനെ വിശേഷിപ്പിക്കുന്നത്.
    ആലപ്പുഴയിലെ ചേർത്തലയിൽ നിന്ന് എറണാകുളത്തെത്തി ചായക്കട ആരംഭിച്ചവരാണ് വിജയന്റെ അച്ഛനപ്പൂപ്പന്മാർ. ഇപ്പോൾ വിജയനും അത് തുടരുന്നു. കുട്ടിക്കാലത്ത് വിജയനെ അച്ഛൻ ചെറിയ ചെറിയ യാത്രകൾക്ക് കൊണ്ടുപോകുമായിരുന്നു. പഴനിയിലും രാമേശ്വരത്തും മധുരയിലും കന്യാകുമാരിയിലും ശബരിമലയിലും മറ്റും. അദ്ദേഹത്തിന് യാത്രകളിൽ കമ്പം കയറിത്തുടങ്ങിയത് അങ്ങനെയാണ്. പിന്നെ ധാരാളമായുള്ള വായനയും കാരണമായി. പ്രത്യേകിച്ചും യാത്രാ വിവരണങ്ങളും ചരിത്ര പുസ്തകങ്ങളും. മറ്റൊന്ന് സിനിമകളാണ്. ചെറുപ്പത്തിലേ ഒരുപാട് സിനിമകൾ കാണുമായിരുന്നു. വിദേശ രാജ്യങ്ങളിൽ ഷൂട്ട് ചെയ്ത ഹിന്ദി സിനിമകൾ പല തവണ കണ്ടിട്ടുണ്ട്. ലണ്ടനിലും സ്വിറ്റ്‌സർലന്റിലുമായി ചിത്രീകരിച്ച പാട്ടു സീനുകളുള്ള ദിൽവാലെ ദുൽഹാനിയാ ലേ ജായേംഗേ എന്ന സിനിമ ആറു പ്രാവശ്യമാണ് വിജയൻ കണ്ടത്. 


അങ്ങനെ സിനിമകൾ കണ്ട് പാരീസിലെ ഈഫൽ ടവറും ബ്രിട്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരവും ലണ്ടൻ ബ്രിഡ്ജും യൂറോപ്പിലെ ആൽപ്‌സ് പർവതവും അമേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥനമായ വൈറ്റ് ഹൗസും നയാഗ്ര വെള്ളച്ചാട്ടവും ഈജിപ്തിലെ പിരമിഡുകളും ജോർദാനിലെ ചാവുകടലും മറ്റും പണ്ടേ വിജയന് ഹൃദിസ്ഥമായിരുന്നു. അവയെല്ലാം പിന്നീട് നേരിട്ട് കാണാൻ ഭാഗ്യമുണ്ടായപ്പോൾ എന്തെന്നില്ലാത്ത ആത്മനിർവൃതിയാണ് തനിക്കുണ്ടായത് എന്നദ്ദേഹം പറഞ്ഞു. 
1973 ലാണ് വിജയനും മോഹനയുമായുള്ള വിവാഹം നടക്കുന്നത്. പിന്നീടുള്ള യാത്രകളിലെല്ലാം അവർ ഒരുമിച്ചായിരുന്നു. അപ്പോഴൊന്നും വിദേശ യാത്രകളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അന്നത്തെ യാത്രകളെല്ലാം ഇന്ത്യക്ക് അകത്തായിരുന്നു. ചെന്നൈ, വേളാങ്കണ്ണി, കൊൽക്കത്ത, മുംബൈ, ദൽഹി, കാശി, രാമേശ്വരം, കന്യാകുമാരി, ഋഷികേശ്, ഗംഗോത്രി, യമുനോത്രി, ഹരിദ്വാർ, വരാണസി, ബദരീനാഥ്, കേദാർനാഥ്, അലഹബാദ്, ഡെറാഡൂൺ, അമൃത്‌സർ, ജയ്പുർ, കശ്മീർ, വാഗാ അതിർത്തി തുടങ്ങി ഒരുപാട് സ്ഥലങ്ങളിൽ കറങ്ങി. മോഹനയ്ക്ക് യാത്രകൾ ഇഷ്ടമായിരുന്നെങ്കിലും കല്യാണത്തിന് മുമ്പ് അവർ എറണാകുളത്തിന് പുറത്ത് ഒരിടത്തും പോയിരുന്നില്ല. വിദേശത്ത് പോയി ഇത്രയധികം രാജ്യങ്ങൾ കാണുമെന്ന് താൻ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല എന്ന് മോഹന പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ വിജയന്റെ ഭാര്യയായത് മഹാഭാഗ്യമായി അവർ കരുതുന്നു. 
യാത്രകളിൽ ചിലപ്പോൾ മക്കളേയും ഇവർ കൂടെ കൊണ്ടുപോകാറുണ്ട്. സിംഗപ്പുർ, തായ്‌ലന്റ്, ചൈന യാത്രകളിൽ മകൾ ശശികലയുണ്ടായിരുന്നു. ഓസ്‌ട്രേലിയൻ യാത്രയിൽ മകൾ ഉഷയും ഭർത്താവ് മുരളിയും കൂടെയുണ്ടായി. വിദേശയാത്ര കഴിഞ്ഞ് വരുമ്പോൾ അവിടുത്തെ കറൻസി, വിശേഷപ്പെട്ട വസ്തുക്കൾ എന്നിവ കൊണ്ടുവന്ന് കടയിൽ വെക്കാറുണ്ട്. അതേസമയം, തങ്ങളുടേത് ആഡംബര യാത്രകളല്ല എന്നവർ വ്യക്തമാക്കുന്നു. കാരണം അങ്ങനെ ഇഷ്ടംപോലെ ചെലവഴിക്കാൻ അവരുടെ കൈയിൽ കാശില്ല എന്നതു തന്നെ. രാജ്യങ്ങൾ കാണുകയും ആസ്വദിക്കുകയുമാണ് ഈ ദമ്പതികളുടെ ലക്ഷ്യം. യാത്രകളിൽ ഏറ്റവും പിശുക്കി മാത്രമെ അവർ പണം ചെലവാക്കാറുള്ളൂ. പലപ്പോഴും ഒരു കാപ്പി മാത്രം മേടിച്ച് അവർ പകുത്ത് കഴിച്ച യാത്രാനുഭവവുമുണ്ട്. 
വിദേശത്ത് ചെല്ലുമ്പോൾ അവർക്കൊപ്പം യാത്ര ചെയ്യുന്നവരിൽ പലരും ലക്ഷപ്രഭുക്കളും കോടീശ്വരൻമാരുമാണ്. എന്താണ് ജോലി എന്ന് അവർ ചോദിക്കുമ്പോൾ ഹോട്ടൽ നടത്തിപ്പാണ് എന്ന് വിജയൻ മറുപടി പറയും. വിദേശ യാത്രയിൽ പരിചയപ്പെട്ട ഒരു സായിപ്പ് ഒരിക്കൽ അവരുടെ ഹോട്ടൽ തേടി വന്നു. കട കണ്ട് അയാൾക്ക് സംശയമായി. കാരണം അയാൾ വിചാരിച്ചത് വിജയൻ ഏതോ വമ്പൻ സ്റ്റാർ ഹോട്ടലാണ് നടത്തുന്നത് എന്നാണ്. ഈ ചെറിയ ചായക്കടയിലെ ചെറിയ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ച ചെറിയ തുകയും കൂടാതെ ബാങ്ക് ലോണും എടുത്താണ് അവർ യാത്ര ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ അയാൾ ശരിക്കും അമ്പരന്ന് പോയിട്ടുണ്ട്. 
യാത്ര ചെയ്ത വിദേശ രാജ്യങ്ങളെ കുറിച്ചുള്ള തങ്ങളുടെ അറിവും അനുഭവങ്ങളും വിജയനും ഭാര്യയും സ്‌കൂളൂകൾ, കോളേജുകൾ, സംഘടനകൾ, സാംസ്‌കാരിക പ്രസ്ഥാനങ്ങൾ എന്നിവയുടെ ക്ഷണപ്രകാരമെത്തി സദസ്സിൽ പങ്കുവെക്കാറുണ്ട്. തങ്ങളുടെ യാത്രാനുഭവങ്ങൾ ഉൾപ്പെടുത്തി അടുത്തു തന്നെ 
ഒരു പുസ്തകം ഇറക്കാനുള്ള തയാറെടുപ്പിലുമാണ്. 28 വയസ്സിനുള്ളിൽ ലോകത്തിലെ 189 രാജ്യങ്ങളിൽ സഞ്ചരിച്ച പ്രമുഖ അമേരിക്കൻ യാത്രികൻ ഡ്രൂ ബീൻസ്‌കിയാണ് പുസ്തകത്തിന് അവതാരിക എഴുതുന്നത്.
പണം സമ്പാദിച്ചു കൂട്ടണമെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ല എന്ന് വിജയൻ പറഞ്ഞു. മരിക്കുമ്പോൾ നമ്മൾ ഇതൊന്നും കൂടെ കൊണ്ടുപോകില്ലല്ലോ. 33 വർഷം വാടകയ്ക്ക് താമസിച്ച ശേഷമാണ് അദ്ദേഹം സ്വന്തമായി ഒരു വീട് വാങ്ങിയത്. ചായക്കട നടത്തുന്ന കെട്ടിടം പോലും ഇപ്പോഴും സ്വന്തമല്ല, വാടകക്കാണ്. വീടും കൈയിലെ സ്വർണവും പണയം വെച്ച് അവർ യാത്രകൾ ചെയ്തിട്ടുണ്ട്. തിരിച്ചുവന്ന് ചായക്കടയിൽ കഷ്ടപ്പെട്ട് ജോലി ചെയ്ത് അത് വീട്ടും. വീണ്ടും ലോണെടുത്ത് അടുത്ത യാത്ര പോകും. തങ്ങളുടെ ഈ യാത്രകൾ കണ്ട് പരിചയത്തിലുള്ള 60-ലേറെ പേർ ലോകയാത്രകൾ ചെയ്തു തുടങ്ങി എന്ന് അഭിമാനത്തോടെ വിജയനും മോഹനയും പറഞ്ഞു. 


അമേരിക്കയിൽ പോകാനുള്ള വിസ ലഭിക്കാൻ യാത്രികർ ബാങ്ക് ഗ്യാരണ്ടി കാണിക്കണം. പക്ഷേ, വിജയന് ബാങ്ക് ബാലൻസില്ലായിരുന്നു. അദ്ദേഹം എംബസിക്ക് നൽകിയ പ്രത്യേക അപേക്ഷയിൽ എഴുതി: എനിക്ക് ബാങ്ക് ബാലൻസില്ല. ഞാൻ ഇൻകം ടാക്‌സ് അടക്കുന്നില്ല. അമേരിക്കയിൽ ജോലി ചെയ്യാനോ ബിസിനസിനോ അവിടെയുള്ള ബന്ധുക്കളെ കാണാനോ അല്ല ഞാൻ വരുന്നത്. നിങ്ങളുടെ രാജ്യം കാണാനും ചരിത്രവും സംസ്‌കാരവും അറിയാനും ഒരു മോഹം. അതു മാത്രമാണ് യാത്രയുടെ ലക്ഷ്യം. അങ്ങനെ പറഞ്ഞപ്പോൾ എതിർപ്പില്ലാതെ അവർ അദ്ദേഹത്തിനും ഭാര്യക്കും വിസ അനുവദിച്ചു. യു.കെയിലേക്കും ബാങ്ക് ഗ്യാരണ്ടിയില്ലാതെയാണ് വിസ സംഘടിപ്പിച്ചത്. ഇപ്പോൾ പിന്നെ ഏത് രാജ്യത്തിന്റെ വിസയും എളുപ്പത്തിൽ അവർക്ക് ലഭിക്കും. 25 രാജ്യങ്ങളിൽ ചെന്നതിന്റെ എമിഗ്രേഷൻ സ്റ്റാമ്പുകളല്ലേ പാസ്‌പോർട്ടിൽ കിടക്കുന്നത്?
ഒരിക്കൽ സ്വർണം കെട്ടിയ രുദ്രാക്ഷമാല വിജയൻ ആഗ്രഹിച്ചു വാങ്ങി. കുറച്ചു കാലം ഉപയോഗിച്ചപ്പോൾ മതിയായി. ഉടനെ വിറ്റു. ആ കാശും ബാക്കി ബാങ്ക് ലോണും എടുത്താണ് സിംഗപ്പുർ ട്രിപ്പ് നടത്തിയത്. പണം കൈയിലുണ്ടെങ്കിലും യാത്ര ചെയ്യാത്തവരുണ്ട്. യാത്ര ഇഷ്ടമാണെങ്കിലും പണമില്ലാത്തതിനാൽ പറ്റാത്തവരുമുണ്ട്. എന്നാൽ ഇത് രണ്ടും നൽകി ദൈവം വിജയൻ-മോഹന ദമ്പതികളെ അനുഗ്രഹിക്കുന്നു. യാത്ര ഒരു വിൽപവറിന്റെ ഉപോൽപ്പന്നമാണ് എന്നദ്ദേഹം പറയും. അല്ലാതെ 365 ദിവസവും ചായക്കടയിൽ പണിയെടുത്ത്, പണം വാരിക്കൂട്ടി, അത് ഭൂതം നിധി കാക്കുന്നതു പോലെ സൂക്ഷിച്ചിട്ട് എന്ത് കാര്യം എന്നാണ് അദ്ദേഹം ചോദിക്കുന്നത്. 
ഈ പ്രായത്തിലും യാത്ര ചെയ്യാൻ ധൈര്യം കിട്ടുന്നതിന്റെ രഹസ്യമെന്താണ് എന്ന് ചോദിച്ചപ്പോൾ രണ്ടു പേരും ഉടനെ മറുപടി പറഞ്ഞത് ഇങ്ങനെയാണ് -യാത്ര ചെയ്യാനുള്ള മനസ്സാണ് അതിന് പ്രധാനം. അതുണ്ടായാൽ ബാക്കിയൊക്കെ താനേ വന്നുകൊള്ളും. ഇപ്പോൾ താങ്കൾ സൂചിപ്പിക്കുന്നു, ഞങ്ങൾക്ക് വയസ്സായി എന്ന്. സ്ഥിരമായി യാത്രകൾ ചെയ്യുന്നതു കൊണ്ട് ഞങ്ങൾക്കങ്ങനെ തോന്നിയിട്ടേയില്ല. യാത്രകളിൽ ഇതുവരെ ശാരീരികമായി ഞങ്ങൾക്കൊരു ബുദ്ധിമുട്ടും വന്നിട്ടുമില്ല. ഇനി ഒരു രഹസ്യം കൂടി പറയട്ടെ. യാത്രകൾ നിങ്ങളുടെ മനസ്സിനെ ചെറുപ്പമാക്കും. സംശയിക്കണ്ട, നിങ്ങളും യാത്രകൾ ചെയ്തു നോക്കൂ. അപ്പോൾ അത് ബോധ്യമാകും എന്ന് അവർ ചിരിച്ചുകൊണ്ട് പറഞ്ഞ് നിർത്തി.

Latest News