ഉത്തര ഉണ്ണി വിവാഹാഘോഷങ്ങള്‍ മാറ്റിവച്ചു 

കൊച്ചി-കൊറോണ രോഗബാധ കേരളത്തെ പിടികൂടിയ സാഹചര്യത്തില്‍ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റിവച്ച് നടി ഉത്തര ഉണ്ണി. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇക്കാര്യം ഉത്തര ആരാധകരെ അറിയിച്ചിരിക്കുന്നത്. നൃത്തവേദികളില്‍ പ്രശസ്തയും സിനിമാ സീരിയല്‍ നടി ഊര്‍മ്മിള ഉണ്ണിയുടെ മകളുമാണ് ഉത്തര ഉണ്ണി.
ലോകം ഇപ്പോള്‍ കൊറോണ ഭീതിയിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങളോക്കെ തീരുന്നതുവരെ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റിവെക്കുന്നുവെന്നാണ് ഉത്തര തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഏപ്രില്‍ മാസത്തിലാണ് ഉത്തരയുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. നിതേഷാണ് വരന്‍.  നേരത്തെ തീരുമാനിച്ചപ്രകാരം അതേ ദിവസംതന്നെ അമ്പലത്തില്‍ വച്ച് താലികെട്ട് മാത്രം നടത്തുമെന്നും താരം അറിയിച്ചിട്ടുണ്ട്. സ്ഥിതി ശാന്തമായശേഷം ആഘോഷങ്ങള്‍ നടത്തുമെന്നും ഉത്തര സൂചിപ്പിച്ചിട്ടുണ്ട്. 
കൂടാതെ കല്യാണത്തിന് വരാനായി ടിക്കറ്റടക്കം ബുക്ക് ചെയ്ത് തയ്യാറായവരോട് ക്ഷമ ചോദിക്കുന്നുവെന്നും എല്ലാവരോടും സുരക്ഷിതരായി ഇരിക്കണമെന്നും ആരോഗ്യം ശ്രദ്ധിക്കണമെന്നും താരം കുറിച്ചിട്ടുണ്ട്.

Latest News