കാൻഡി - ടെസ്റ്റ് പരമ്പരയിലെ തോൽവിയെക്കാൾ നാണം കെട്ട ആഘാതം ആദ്യ ഏകദിനത്തിൽ നേരിട്ട ശ്രീലങ്ക തിരിച്ചുവരവിനുള്ള തീവ്രശ്രമത്തിൽ. ഇന്നത്തെ രണ്ടാം ഏകദിനവും കൈവിട്ടാൽ ഇന്ത്യയെ തൊടാനാവില്ലെന്ന് ആതിഥേയർക്കറിയാം. ശ്രീലങ്കയുടെ സ്‌കോർ അതിന്റെ പകുതി ഓവറിലാണ് ഇന്ത്യ മറികടന്നത്. ബാറ്റ് കൈയിൽനിന്ന് തെറിച്ച് രോഹിത് ശർമ നിർഭാഗ്യത്താൽ റണ്ണൗട്ടായില്ലെങ്കിൽ ഒരു വിക്കറ്റ് പോലും അവർക്കു കിട്ടുകയില്ലായിരുന്നു. ആദ്യ മത്സരത്തിലെ തോൽവിക്കു ശേഷം രോഷാകുലരായ ക്രിക്കറ്റ് പ്രേമികൾ ശ്രീലങ്കയുടെ ടീം ബസ് തടഞ്ഞു വെച്ചിരുന്നു.
പരമ്പര മുന്നോട്ടു പോകുന്തോറും ഇന്ത്യക്ക് കാര്യങ്ങൾ അനായാസമായി വരികയാണ്. ശിഖർ ധവാൻ ടെസ്റ്റിലും ഏകദിനങ്ങളിലുമായി മൂന്ന് സെഞ്ചുറി നേടി. ഇന്ത്യയുടെ പ്രമുഖ ബൗളർമാർക്കെല്ലാം വിശ്രമം നൽകിയ സാഹചര്യത്തിൽ പാർട് ടൈം സ്പിന്നർ കേദാർ ജാദവാണ് ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ തകർത്തത്. ശ്രീലങ്കയുടെ ബാറ്റിംഗും ബൗളിംഗും പരിതാപകരമായ സാഹചര്യത്തിൽ ഫീൽഡിംഗിനെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. എന്നാൽ ഈ വർഷം ഇതുവരെ 63 ക്യാച്ചുകളാണ് ശ്രീലങ്കൻ കളിക്കാർ കൈവിട്ടത്.
സീനിയർ കളിക്കാരൊക്കെ മോശം ഫോമിലൂടെ കടന്നുപോവുകയാണ്. നിരോഷൻ ഡിക്‌വെല, കുശാൽ മെൻഡിസ് തുടങ്ങിയ യുവതാരങ്ങളിലാണ് പ്രതീക്ഷ. തിസര പെരേരയെയും ലക്ഷൻ സന്ദകനെയും മാറ്റിനിർത്തിയേക്കും. പകരം അകില ധനഞ്ജയയും മിലിന്ദ സിരിവർധനെയും ടീമിലെത്തും.
ടെസ്റ്റിൽ ഇന്ത്യ വൻ വിജയം നേടിയ ഗ്രൗണ്ടാണ് കാൻഡി. ശ്രീലങ്കക്കെതിരായ അവസാന 19 കളികളിൽ പതിനഞ്ചും ഇന്ത്യ ജയിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരെ ശിഖറിന്റെ റെക്കോർഡ് അമ്പരപ്പിക്കുന്നതാണ്. 10 ഏകദിനങ്ങളിൽ 757 റൺസ് നേടി. അതേസമയം ശ്രീലങ്കൻ ആക്രമണം നയിക്കുന്ന ലസിത് മലിംഗയുടെ മോശം റെക്കോർഡ് ഇന്ത്യക്കെതിരെയാണ്.
ഹാർദിക് പാണ്ഡ്യയെ ഓപണിംഗ് ബൗളറായി ഉപയോഗിക്കുന്നത് ഇന്ത്യക്ക് കൂടുതൽ സാധ്യതകൾ സമ്മാനിക്കുന്നുവെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞു. 135 കിലോമീറ്റർ വേഗത്തിൽ പന്ത് സ്വിംഗ് ചെയ്യിക്കാൻ കെൽപുള്ള പെയ്‌സ്ബൗളറാണ് ഹാർദിക്. ഉയരമുള്ളതിനാൽ പുതിയ പന്തിൽ എക്‌സ്ട്രാ ബൗൺസും ലഭിക്കുന്നു.






