റിയാദ്- സൗദിയില്‍ കൊറോണ വൈറസ് ബാധിച്ചവരില്‍ യു.എസ് പൗരന് ഒഴികെ എല്ലാവരുടെയും ആരോഗ്യ നില ഭദ്രമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിയാദ് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്ന യു.എസ് പൗരന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു.
രാജ്യത്ത് ഇതുവരെ 20 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ പത്തു പേര് വനിതകളും പത്തു പേര് പുരുഷന്മാരുമാണ്. സൗദിയില്‍ ഇതുവരെ കുട്ടികള്‍ക്കിടയില്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രോഗികളില്‍ ഏഴു പേര്‍ക്ക് ഇറാനില്‍ നിന്നും മൂന്നു പേര്‍ക്ക് ഇറാഖില്‍ നിന്നുമാണ് കൊറോണ ബാധിച്ചത്. മൂന്നു പേര്‍ക്ക് ഇറാഖിലൂടെയും ഇറാനിലൂടെയും കടന്നുപോയതിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ക്ക് ഈജിപ്തില്‍ നിന്നാണ് രോഗം ബാധിച്ചത്. അമേരിക്കക്കാരന് ഫിലിപ്പൈന്സിലൂടെയും ഇറ്റലിയിലൂടെയും കടന്നുപോയതിലൂടെയാണ് രോഗം ബാധിച്ചു. അവശേഷിക്കുന്ന നാലു പേര്‍ക്ക് രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെയാണ് രോഗം പടര്‍ന്നുപിടിച്ചത്.
രോഗികളില്‍ പതിനെട്ടു പേര് കിഴക്കന്‍ പ്രവിശ്യയിലും ഒരാള്‍ റിയാദിലും മറ്റൊരാള്‍ മക്ക പ്രവിശ്യയിലുമാണ്. രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 800 പേരെ തിരിച്ചറിഞ്ഞ് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സൗദിയില്‍ 2032 പേര് വീടുകളില്‍ ഐസൊലേഷനുകളിലാണ്. 468 പേര് ക്വാറന്റൈനിലുമാണ്.
അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ വെച്ച് അഞ്ചു ലക്ഷത്തിലേറെ പേരെ ഇതിനകം പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും അവധികള്‍ നിര്‍ത്തിവെക്കുന്നതിന് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. അനിവാര്യ കേസുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ ജീവനക്കാരുടെയും സേവനം ആവശ്യമാണെന്ന് മന്ത്രാലയം പറഞ്ഞു






