Sorry, you need to enable JavaScript to visit this website.

കോമരം മരണത്തിലേക്ക് കൊണ്ടുപോയ ശ്യാംഭവിയുടെ കഥ

കാഞ്ഞാണിക്കടുത്ത് പാലാഴിയിൽ കോമരത്തിന്റെ പരസ്യമായ ലൈംഗികാരോപണ പരാമർശത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. പ്രവാസിയുടെ ഭാര്യയായ യുവതി രണ്ട് കുട്ടികളുടെ  അമ്മയാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. കോമരത്തിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അവർ പറഞ്ഞു. 

വ്യത്യസ്തമായ രീതിയിൽ ആൾദൈവങ്ങൾ നടത്തുന്ന തട്ടിപ്പുകളും കുറ്റകൃത്യങ്ങളുമൊക്കെ നടപ്പു കാലത്ത് അത്ര പുതുമയുള്ള വാർത്തയല്ല. എല്ലാ മതത്തിലും ഉൾപ്പെടുന്ന വിശ്വാസികൾ, മതത്തിന്റേയും വിശ്വാസത്തിന്റേയും അടിസ്ഥാനത്തിൽ വിവിധ തരത്തിലുള്ള ചൂഷണത്തിന് വിധേയമാകുമ്പോൾ ധനവും മാനവും തുടങ്ങി ജീവൻ വരെ നഷ്ടപ്പെടാൻ ഇട വരുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരത, പ്രബുദ്ധത തുടങ്ങി പല കാര്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്താണെങ്കിലും വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങളിൽ കേരളം ഒട്ടും തന്നെ പിന്നിലല്ല. 
ലോക മാനവരാശി മുഴുക്കെ ഭയപ്പെടുന്ന കൊറോണ വൈറസ് ബാധ ഏൽക്കാതിരിക്കാനായി പുതിയ ഇനം താന്ത്രിക വിദ്യകളും മന്ത്രങ്ങളും വചനപ്രഘോഷണങ്ങളും 'വിശ്വാസ വിപണി'യിൽ ഇതിനകം ഇടം പിടിച്ച് കഴിഞ്ഞു. മുപ്പതുകാരിയും രണ്ട് കുഞ്ഞുങ്ങളുടെ മാതാവുമായ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പ്രേരണാ കുറ്റത്തിന് ഒരു വെളിച്ചപ്പാടിനെ ഈയിടെ തൃശൂർ കോടതി റിമാന്റ് ചെയ്ത സംഭവം ഏറെ ശ്രദ്ധേയമായതാണ്. കേരളത്തിൽ ആദ്യമായാണ് ഈ രീതിയിലുള്ള ഒരു വാർത്തയുണ്ടാകുന്നത്. 

പള്ളിവാളും കാൽച്ചിലമ്പും 
'ദേവീ-ദേവന്മാരി'ൽ നിന്ന് ആത്മീയ സിദ്ധിയിലൂടെ ലഭിക്കുന്ന വെളിപാടുകൾ ആജ്ഞാ രൂപത്തിൽ അരുൾ ചെയ്യുന്നയാളാണ് വെളിച്ചപ്പാട്. കേരളത്തിന്റെ പ്രാക്തന സംസ്‌കൃതിയുടെ തിരുശേഷിപ്പായി വെളിച്ചപ്പാടുകളെ വിശേഷിപ്പിക്കാനാകും. കേരള-തമിഴക സംസ്‌കാരവുമായി ഇഴുകിച്ചേർന്നതാണിത്. പൂർവ കാലത്ത് കാളിയേയും ചാത്തനെയുമെല്ലാം കേരള ഗ്രാമാന്തരങ്ങളിൽ കുടിയിരുത്തിയത് വെളിച്ചപ്പാടന്മാരായിരുന്നുവത്രെ. ഇവരുടെ അരുളപ്പാടുകൾ അലിഖിത പ്രമാണമായി വിശ്വാസികൾ അംഗീകരിക്കപ്പെട്ടിരുന്നു. കേരളത്തിലെ പല ഭഗവതി ക്ഷേത്രങ്ങളിലും വെളിച്ചപ്പാടന്മാരുണ്ട്. വടക്കൻ കേരളത്തിൽ തെയ്യത്തിന്റെ പ്രതിപുരുഷനാണ് വെളിച്ചപ്പാടുകൾ (വെളിച്ചപ്പാടൻ, വെളിച്ചപ്പാടച്ഛൻ എന്നിങ്ങനെയും ഇവരറിയപ്പെടുന്നു). ഈഴവർ, തട്ടാൻ, ആശാരി തുടങ്ങിയ വിഭാഗങ്ങളുടെ കാവുകളിൽ വെളിച്ചപ്പാടെന്നും, വാണിയ, യാദവ, ശാലിയ സമുദായക്കാരുടെ കാവുകളിൽ 'കോമര'മെന്നുമാണ് പൊതുവെ ഇവർ വിശേഷിക്കപ്പെടുന്നത്. 
ചിലയിടങ്ങളിൽ ഇവരെ കാമ്പിത്താനെന്നും പറയുന്നു. ചെമ്പട്ടണിഞ്ഞ് അരമണി ചുറ്റി കാലിൽ ചിലമ്പിട്ട് വിശ്വാസപരമായ നേരും നെറിയുമായി ആത്മീയ വിഭ്രാന്തിയോടെ പള്ളിവാൾ കൊണ്ട് മൂർധാവിൽ വെട്ടി രക്തമൊലിപ്പിച്ച് കൊണ്ട് ഉറഞ്ഞ് തുള്ളുന്ന കോമരങ്ങൾ വിശ്വാസികൾക്ക് ദേവിയാണ്. വിശ്വാസികളുടെ സങ്കീർണമായ പ്രശ്‌നങ്ങൾക്കെല്ലാം കോമരങ്ങൾ 'ആശ്വാസ'മായി മാറുകയും ചെയ്യുന്നു.
ദൈവത്തോടുള്ള സമർപ്പണ ഭാവത്തോടെയാണ് കോമരങ്ങൾ വെളിച്ചപ്പെട്ടിരുന്നത്. ധനാഗമമോ, സ്ഥാനമാനങ്ങൾ കാംക്ഷിച്ചോ ആയിരുന്നില്ല മണിക്കൂറുകളോളം കോമരങ്ങൾ തുള്ളിയിരുന്നത്. പഴയ കാലത്ത് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായിരുന്നു കോമരങ്ങൾ. അവയെല്ലാം തെറ്റെന്ന് പറയാനുമാകില്ല. പൗരാണിക സംസ്‌കൃതികളുടെ മാറ്റൊലികളായി വേണം അതെല്ലാം വിലയിരുത്തപ്പെടാൻ. പള്ളിവാളും കാൽച്ചിലമ്പുമെന്ന സ്വന്തം കൃതിയെ ആസ്പദമാക്കി എം.ടി നിർമാല്യം എന്ന സിനിമ പ്രേക്ഷകർക്ക് നൽകിയപ്പോൾ, മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരം അത് കരസ്ഥമാക്കി. ഇതിൽ വെളിച്ചപ്പാടായി വേഷമിട്ട പി.ജെ ആന്റണിക്ക് മികച്ച നടനുള്ള അവാർഡും ലഭിച്ചിരുന്നു. മനുഷ്യർ വളരും തോറും അന്ധ വിശ്വാസങ്ങളും വളർന്നതോടെ, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കള്ള നാണയങ്ങളും പെരുകി. കള്ള നാണയങ്ങളുടെ പേരിൽ നല്ലവർ ക്രൂശിക്കപ്പെടുന്നുമുണ്ട്. 

ശ്യാംഭവിയുടെ ദുരന്തം
തൃശൂരിനടുത്ത മണലൂർ സ്വദേശി കാരണത്ത് ജോബിന്റെ ഭാര്യ ശ്യാംഭവിയെ (30) വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഫെബ്രുവരി 25-ന് പ്രദേശത്തെ ശ്രീമുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് ചടങ്ങിന്റെ ഭാഗമായി വെളിച്ചപ്പാട് 'കൽപന പുറപ്പെടുവി'ക്കുന്നതിനിടയിൽ ശ്യാംഭവിയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്നും, അതിന് പരിഹാരമായി ദേവിയോട് പരസ്യമായി മാപ്പ് പറയണമെന്നും അരുൾ ചെയ്തു. കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പെടെ ഇരുനൂറോളം പേർ പങ്കെടുത്ത ചടങ്ങിലായിരുന്നു കോമരത്തിന്റെ അരുളപ്പാട്. ചടങ്ങിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയ ശ്യാംഭവി, ഗൾഫിലുള്ള ഭർത്താവ് ജോബിനെ ഫോണിൽ വിളിച്ച്, ആൾക്കൂട്ടത്തിനിടയിൽ താൻ അപമാനിക്കപ്പെട്ടതായി പറഞ്ഞ് വിങ്ങിപ്പൊട്ടിയതായി ഭർത്താവ് ജോബിൻ പറയുന്നു. അന്ന് വൈകീട്ട് ശ്യാംഭവി വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു. കോമരത്തിന്റെ അരുളപ്പാടിനെ തുടർന്നുള്ള മനോവിഷമത്താലാണ് ശ്യാംഭവി ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും, മാപ്പ് പറയില്ലെന്നും ശ്യാംഭവി സംഭവ സമയത്ത് തന്നെ വ്യക്തമാക്കിയിരുന്നതായി സഹോദരൻ മണികണ്ഠനും പറയുന്നു. നാളുകളായി ശ്യാംഭവിയെക്കുറിച്ച് വാട്‌സാപ്പിലൂടെയും മറ്റും അപവാദ പ്രചാരണം നടത്തിയിരുന്ന തന്റെ ബന്ധു കൂടിയായ ജനമിത്രന്റെ പ്രേരണയിലാണ് ക്ഷേത്രത്തിലെ കോമരം, പാലാഴി കാരണത്ത് വീട്ടിൽ ശ്രീകാന്ത്, വെളിപാട് പറയുന്ന മട്ടിൽ ഭാര്യയെ അപമാനിച്ചതെന്നും, സംഭവത്തിൽ പങ്കാളിയായ ബന്ധു ജനമിത്രനേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ജോബിൻ പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീകാന്ത് വെളിച്ചപ്പെടുന്ന സമയത്ത് ജനമിത്രനും സമീപത്ത് നിലകൊണ്ടിരുന്നതായി ശ്യാംഭവിയുടെ സഹോദരൻ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ജനമിത്രൻ ഒളിവിലാണ്.
അന്തിക്കാട് സി.ഐ പി.കെ മനോജ്കുമാർ, എസ്.ഐ കെ.ജെ ജിനേഷ്, സി.പി.ഒമാരായ ഷറഫുദ്ദീൻ, സോണി എന്നിവരടങ്ങുന്ന സംഘമാണ് ക്ഷേത്ര കോമരം പാലാഴി കാരണത്ത് വീട്ടിൽ ശ്രീകാന്തിനെ (25) അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ ചടങ്ങിനിടെ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് പറഞ്ഞ് 'കൽപന പുറപ്പെടുവിച്ച്' ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306 വകുപ്പ് പ്രകാരം ആത്മഹത്യയിലേക്ക് നയിക്കുന്നതിന് കാരണമായ പ്രേരണാ കുറ്റമാണ് കോമരത്തിന് മേൽ ചുമത്തിയിട്ടുള്ളത്. ഇയാളെ അറസ്റ്റ് ചെയ്തതറിഞ്ഞ് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ തടിച്ച് കൂടിയിരുന്നു. പ്രദേശത്തെ സജീവ ബി.ജെ.പി പ്രവർത്തകനാണ് അറസ്റ്റിലായ ശ്രീകാന്ത്. തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശ്രീകാന്തിനെ 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. പരാതിയിൽ പറയുന്ന ബന്ധുവിനെതിരെ മതിയായ തെളിവുകൾ ശേഖരിച്ച ശേഷം നടപടി കൈക്കൊള്ളുമെന്നും അന്തിക്കാട് പോലീസ് പറഞ്ഞു.

വനിതാ കമ്മീഷനും കേസെടുത്തു
കാഞ്ഞാണിക്കടുത്ത് പാലാഴിയിൽ കോമരത്തിന്റെ പരസ്യമായ ലൈംഗികാരോപണ പരാമർശത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. പ്രവാസിയുടെ ഭാര്യയായ യുവതി രണ്ട് കുട്ടികളുടെ അമ്മയാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പറഞ്ഞു. കോമരത്തിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അവർ പറഞ്ഞു. 
അതിനിടെ, ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരും, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും ശ്യാംഭവിയുടെ വീട് സന്ദർശിച്ചിരുന്നു. പ്രതികളുടെ പേരിൽ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് മഹിളാ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ഷീലാ വിജയകുമാർ, ജില്ലാ പ്രസിഡന്റ് എം.സുവർണലത എന്നിവർ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രാന്വേഷണം നടത്തി സംഭവവുമായി ബന്ധമുള്ള എല്ലാവരേയും പിടികൂടണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം മണലൂർ മേഖലാ കമ്മിറ്റി പ്രസിഡണ്ട് പ്രേംശങ്കർ അന്തിക്കാട്, സെക്രട്ടറി വി.എസ് അജയകുമാർ എന്നിവർ ആവശ്യപ്പെട്ടു. വിഷയം സംബന്ധിച്ച് ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയ്ക്കും, ജില്ലാ പോലീസ് മേധാവിയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നാട്ടുകാരുടേയും ദൃക്‌സാക്ഷികളുടേയും മൊഴി ശേഖരിച്ചിട്ടുണ്ട്.

നടപടി പാടില്ലെന്ന് ബി.ജെ.പി 
വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ കോമരത്തെ പിന്തുണച്ച് പ്രാദേശിക ബി.ജെ.പി നേതാക്കൾ രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 'ഹൈന്ദവ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും എതിർക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒത്താശയോടെ ഉണ്ടാക്കിയ കേസാണിതെന്നാണ്' പ്രാദേശിക ബി.ജെ.പി നേതാക്കൾ പറയുന്നത്. കോമരം കെട്ടിയ ശ്രീകാന്ത് പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയും ഹൈന്ദവ ആചാരങ്ങളെയും ഇത് വഴി അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ബി.ജെ.പി മണലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്ത്പറമ്പിൽ, ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി സുരേഷ് കാരണയിൽ എന്നിവർ വ്യക്തമാക്കി.
 കോമരം കെട്ടുന്നയാളുടെ ദേഹത്ത് 'ദൈവം കൂടിക്കഴിഞ്ഞ' ശേഷം നടക്കുന്നതും പറയുന്നതൊന്നും പിന്നീടയാൾക്ക് ഓർമ പോലുമുണ്ടാകില്ല. ഈ സമയത്ത് കോമരത്തെ ഒരാൾക്കും ഒരു നിലയിലും സ്വാധീനിക്കാനുമാകില്ല. എന്നിരിക്കെ, മറ്റൊരാളുടെ പ്രേരണയിൽ കോമരം പ്രവർത്തിച്ചു എന്ന് ആരോപിക്കുന്നതിൽ ഒരർഥവുമില്ല. കോമരം വെളിച്ചപ്പെടുന്നത് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്. രാത്രിയിലാണ് ആ സ്ത്രീ ആത്മഹത്യ ചെയ്യുന്നതും. 
കോമരം കാരണമാണെങ്കിൽ അപ്പോൾ തന്നെ അവർ ആത്മഹത്യ ചെയ്യേണ്ടതല്ലേ. കോമരം തുള്ളി പറഞ്ഞതൊന്നുമല്ല അതിനുള്ള കാരണം. അവരുടെ കുടുംബത്തിൽ മറ്റ് പ്രശ്‌നങ്ങളുണ്ട്. ആത്മഹത്യക്കുള്ള കാരണം അതായിരിക്കണം. അത് തെളിയിക്കാൻ പോലീസ് നീതിയുക്തമായ അന്വേഷണം നടത്തണം. അല്ലാതെ നിരപരാധികളുടെ മേൽ കുറ്റം ചാർത്താനല്ല ശ്രമിക്കേണ്ടതെന്നും സുധീഷ് പറയുന്നു. 
കമ്യൂണിസ്റ്റ് പാർട്ടിക്കാർ പോലീസിൽ സമ്മർദം ചെലുത്തിയാണ് ബി.ജെ.പിയുടെ സജീവ പ്രവർത്തകനായ ശ്രീകാന്തിനെ കള്ളക്കേസ്സിൽ കുടുക്കിയത്. ക്ഷേത്രത്തിനും, ആചാരാനുഷ്ഠാനങ്ങൾക്കുമെതിരെ ഈ സംഭവം വഴിതിരിച്ച് വിടുന്നത് പുരോഗമന പ്രസ്ഥാനക്കാരെന്ന് പറഞ്ഞ് നടക്കുന്ന ചിലരാണ്. നൂറ്റാണ്ടുകളായി നടന്നു വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. കോമരം കെട്ടാനും, കൽപന പുറപ്പെടുവിക്കാനുമൊന്നും ആരെയും അനുവദിക്കാതിരിക്കുക എന്നാണ് അവർ ലക്ഷ്യമിടുന്നത്. ഇങ്ങനെ തുടർന്നാൽ കോമരം കെട്ടുന്ന എല്ലാവർക്കും അത് ഭീഷണിയാണ്. തുള്ളിപ്പറയാനും കൽപന പുറപ്പെടുവിക്കാനൊന്നും കഴിയാതെ വരും. ഇതിനെല്ലാം പിന്നിൽ ഗൂഢ ലക്ഷ്യങ്ങളാണുള്ളതെന്നും സുധീഷ് വിവരിക്കുന്നു. അതേസമയം, തന്റെ സഹോദരിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്ന ലക്ഷ്യം മാത്രമാണുള്ളത്. അതല്ലാതെ മതത്തെയോ, ഏതെങ്കിലും വിശ്വാസത്തെയോ, പാർട്ടിയേയോ തകർക്കാനല്ല താൻ നോക്കുന്നതെന്നും ശ്യാംഭവിയുടെ സഹോദരൻ മണികണ്ഠനും പറയുന്നു. മരണം വരെ ദൈവത്തെ ഉപാസിച്ചു കഴിഞ്ഞ അച്ഛന്റെ മക്കളാണ് താനും സഹോദരിയും. എല്ലാ ദിവസവും വിളക്ക് വെച്ച് പ്രാർഥിക്കാറുമുണ്ട്. ഒരാചാരത്തേയും വിശ്വാസത്തേയും ഇന്ന് വരെ തള്ളിപ്പറയുകയോ, അപഹസിക്കുകയോ ചെയ്തിട്ടില്ല. ദൈവനിഷേധം നടത്തിയിട്ടുമില്ല. ബന്ധുക്കളുടേയും നാട്ടുകാരുടേയും മുന്നിൽ പരസ്യമായി അപമാനിതയായപ്പോൾ മനസ്സിടറിയ ശ്യാംഭവി തെരഞ്ഞെടുത്തത് മരണമാണ്. അതിന്റെ കാരണക്കാർക്ക് മതിയായ ശിക്ഷ ലഭിക്കുക തന്നെ വേണമെന്നും മണികണ്ഠൻ ആവശ്യപ്പെട്ടു.
സ്‌നേഹത്തിലധിഷ്ഠിതമായ യുക്തി ചിന്തയിലൂടെയും കാഴ്ചപ്പാടിലൂടെയുമാണ് നവോത്ഥാനാനന്തര മലയാള സാംസ്‌കാരിക മേഖല പുരോഗമിച്ചത്. ആ വഴിയിലാണ് പൊൻകുന്നം വർക്കി പള്ളിയേയും പട്ടക്കാരേയും നേരിട്ടതും ബഷീർ തോമയെക്കൊണ്ട് പള്ളിയിലെ പൊൻകുരിശ് മോഷ്ടിപ്പിച്ചതും. 
വിശ്വാസത്തിന്റെ പേരിലുള്ള കൊടിയ ചൂഷണങ്ങൾ സാംസ്‌കാരിക കേരളത്തിൽ തകർത്താടുമ്പോൾ പുരോഗമന ചിന്തകൾ കാത്ത് സൂക്ഷിക്കുന്ന എഴുത്തുകാർ പ്രതികരിക്കാനാകാത്ത നിസ്സഹായതയിലേക്ക് സ്വയം ഒതുങ്ങുകയാണ്. നവോത്ഥാന ചിന്തയിലൂടെ മനുഷ്യ സ്‌നേഹം കൊളുത്തിവെച്ച യുക്തിയുടെ വെളിച്ചങ്ങൾ അണഞ്ഞ്് കൊണ്ടേയിരിക്കുന്നു. തൃശൂരിൽ ആത്മഹത്യ ചെയ്ത ശ്യാംഭവി എന്ന വീട്ടമ്മയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് കോമരത്തിന്റെ 'സത്യ പ്രസ്താവ' ത്തിലൂടെയാണ്. 
നിനക്ക് സ്വഭാവ ദൂഷ്യമുണ്ട്. അതിന് മാപ്പ്് പറയണമെന്നായിരുന്നു ആ സത്യ പ്രസ്താവം. ദൈവകൽപന അനുസരിക്കാതെ, പോയി ആത്മഹത്യ ചെയ്തിട്ട് കോമരത്തെ പഴിക്കുന്നത് ആചാര ലംഘനമാണെന്നാണ് ഒരു വിഭാഗം ആണയിടുന്നത്. ശ്യാംഭവിയുടെ ഭർത്താവ് ഗൾഫിൽ പോയത് മുതലാണ് ഈ വീട്ടമ്മയെ അപവാദങ്ങൾ പിന്തുടരാൻ തുടങ്ങിയത്. ഇവരുടെ അടുത്ത ബന്ധു തന്നെയാണ് അതിന്റെ പിന്നിലെന്ന് ഭർത്താവും സഹോദരനും തെളിവ് സഹിതം പറയുന്നുമുണ്ട്. 
ചെറിയ തോതിൽ അടിപിടിയും ഇക്കാരണത്താൽ നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നിട്ടും അപവാദ പ്രചാരണം അവസാനിപ്പിച്ചില്ല. ഉറഞ്ഞ് തുള്ളുന്നതിനിടയിൽ കോമരവും അതാവർത്തിച്ചതോടെ, തീ ഇല്ലാതെ പുകയുണ്ടാകില്ലെന്ന് നാട്ടുകാരും അഭിപ്രായപ്പെട്ടു. ഇല്ലാക്കഥകൾക്ക് മുമ്പിൽ പിടിച്ചു നിൽക്കാനാകാതെ, ശ്യാംഭവി മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നു. വനിതാ ദിനാഘോഷങ്ങൾക്കിടെ, സാക്ഷര-സംസ്‌കൃത കേരളമേ, ശിരസ്സ് കുനിക്കുക.

Latest News