Sorry, you need to enable JavaScript to visit this website.

തുല്യതയ്ക്കായി മുന്നോട്ട് 

പണ്ടു കാലത്ത് പത്രത്തിന്റെ പ്രാദേശിക പേജിൽ ചെറിയ ബിറ്റായി വന്ന വാർത്തകൾ പോലും മഹാ സംഭവമായി മാറുന്ന കാലമാണിത്. വെള്ളിയാഴ്ച രാവിലെ ന്യൂസ് 18 മലയാളത്തിൽ വനിതാ ലീഗിലെ പൊട്ടിത്തെറി ഭയങ്കര വിവാദമായി അവതരിപ്പിക്കുന്നത് കാണാനിടയായി. ഷഹീൻബാഗ് മാതൃകയിൽ കോഴിക്കോട് ബീച്ചിൽ നടക്കുന്ന സമരത്തിൽ വൈകുന്നേരം അഞ്ച് മുതൽ രാത്രി 10 വരെ സ്ത്രീകൾ പങ്കെടുക്കേണ്ടതില്ലെന്ന് വനിതാ ലീഗിന്റെ ദേശീയ സെക്രട്ടറി അഡ്വ. നൂർബീനാ റഷീദ് പറഞ്ഞതാണ് കോലാഹലത്തിന് അടിസ്ഥാനം.
90 കളിൽ സംഘടന രൂപീകരിച്ച കാലം മുതൽ പാർട്ടി അധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങൾ ഇതു സംബന്ധിച്ച് വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും അടുത്തിടെ ബംഗളൂരുവിൽ നടത്തിയ ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്ത നൂർബീന പറഞ്ഞു. ചാനലിൽ പ്രതികരിച്ച സംസ്ഥാന അധ്യക്ഷ കുൽസു ടീച്ചർ സ്ത്രീകൾ പങ്കെടുക്കുന്നതിൽ ഒരു കുഴപ്പവുമില്ലെന്ന നിലപാടുകാരിയാണ്. 
അന്താരാഷ്ട്ര വനിതാ ദിനം പൊടിപൊടിക്കുമ്പോൾ സ്ത്രീ ശാക്തീകരണത്തിനും തുല്യ നീതി ഉറപ്പാക്കാൻ ഇത്തരം സംവാദങ്ങൾ നല്ലതാണ്. പൗരത്വ ഭേദഗതി കേസിൽ സുപ്രീം കോടതിയിലെ നടപടി ക്രമങ്ങൾ അനന്തമായി നീളുകയാണ്. 
യമുനാ നദിക്കരയിൽ ദൽഹി ഷഹീൻബാഗിലെ സമര പന്തൽ ശൂന്യമെന്ന് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനൽ. മീഡിയയിലെ പിന്തുണക്കാർ പിന്മാറിയതോടെയാണിതെന്ന് ചാനൽ. 
ഇതേ വാർത്ത സോഷ്യൽ മീഡിയക്ക് കടപ്പാട് രേഖപ്പെടുത്തിയ ചിത്ര സഹിതം ഇന്ത്യാ ടി.വിയിലും കണ്ടു. 
 ***      ***      ***

സോഷ്യൽ മീഡിയയിൽ കോടികൾ പിന്തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി പിന്മാറുന്നുവെന്ന് വാർത്ത വന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും കോടികളുണ്ടെങ്കിലും പേജുകളിൽ വിമർശകരുടെ കമന്റും ധാരാളമാണ്. ഈ വർഷം കൊറോണ കാരണം ഹോളി ആഘോഷം വേണ്ടെന്ന് വെച്ച പോസ്റ്റിൽ ദൽഹിയിലെ ബ്ലഡ് ഫെസ്റ്റിവലിന്റെ തിരക്കിലായിരിക്കുമെന്ന് വരെ പ്രതികരിച്ചവരുണ്ട്. ഇതൊക്കെയാണല്ലോ ജനാധിപത്യം. ഏതായാലും മോഡി പിന്മാറുന്നില്ല. വനിതാ ദിനത്തിൽ സമൂഹ മാധ്യമങ്ങളുടെ ഉത്തരവാദിത്തം വനിതകളെ ഏൽപിക്കാനാണ് പരിപാടി. 
 ***      ***      ***

കേരളത്തിന്റെ ആരോഗ്യ രംഗത്തിന്റെ വളർച്ചയും  കാര്യക്ഷമതയും ബി.ബി.സി സംവാദത്തിൽ പ്രശംസയ്ക്ക് പാത്രമായി. ഇന്ത്യയിൽ കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ, ചൈനീസ് മാധ്യമപ്രവർത്തകനായ ക്യുയാൻ സുൻ, സുബോധ് റായ് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചാനൽ ചർച്ച ഒരുക്കിയത്. വർക്ക് ലൈഫ് ഇന്ത്യ എന്ന ചാനൽ ചർച്ചയിലാണ് കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ പരാമർശിക്കപ്പെട്ടത്. 
കൊറോണ ലോകമെമ്പാകും പടർന്നുപിടിക്കുമ്പോൾ കേരളത്തിലെ ആശുപത്രികൾ ഇതിനെ നേരിടാൻ സുസജ്ജമാണ്. നിപയും സിക്കയും അടക്കമുള്ള വൈറസ് ബാധയെ കേരളം ചെറുത്തുതോൽപിച്ച നടപടികളെക്കുറിച്ചും എന്താണ് കേരളത്തിന്റെ പ്രവർത്തനങ്ങളിൽനിന്ന് പഠിക്കാനുള്ളത് എന്നുമുള്ള അവതാരിക ദേവിന ഗുപ്തയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആശുപത്രികൾ മാത്രമല്ല, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവർത്തനം വളരെ മികച്ചതാണെന്ന് ഡോ. ഷാഹിദ് ജമീൽ  അഭിപ്രായപ്പെട്ടു.
നിപ്പ, സിക്ക, കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കേരളം മുന്നോട്ടു വെച്ച മാതൃകയെ അവതാരക പ്രശംസിച്ചിരുന്നു. ഇത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി പ്രാഥമിക ആരോഗ്യ സംവിധാനത്തിന്റെ ഇടപെടൽ ശേഷിയും, രോഗങ്ങളെ ഡയഗ്‌നോസ് ചെയ്യാനുള്ള മികവും കാരണമാണ് അത് സാധിച്ചതെന്ന് ചർച്ചയിൽ പങ്കെടുത്ത പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീൽ പറഞ്ഞു. 
രോഗം തുടക്കത്തിൽ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും കേരളത്തിലെ ആരോഗ്യ രംഗം എടുക്കുന്ന നടപടികളെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയിൽ ആദ്യം കൊറോണ റിപ്പോർട്ട് ചെയ്തതും കേരളത്തിൽ ആയിരുന്നു. കേരളത്തിൽ റിപ്പോർട്ട് ചെയ്ത മൂന്നു കേസുകൾ രോഗം ഭേദമായി തിരികെ വീടുകളിലേക്ക് മടങ്ങിയിരുന്നു. സമാനമായ രീതിയിലായിരുന്നു നിപ്പ കേസുകളും കേരളം ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്തത്.

***      ***      ***

പാർവതി തിരുവോത്തിന് ഒട്ടേറെ ബഹുമതികൾ നേടിക്കൊടുത്ത ചിത്രമായിരുന്നു 'ടേക്ക് ഓഫ്' . ഇറാക്കിൽനിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ മലയാളി നഴ്‌സുമാരുടെ കഥയായിരുന്നു അത്. എന്നാൽ താൻ അഭിനയിച്ച ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിൽ ഇസ്‌ലാമോഫോബിയ ഉണ്ടായിരുന്നെന്നും പിന്നീടാണ് അത് തിരിച്ചറിഞ്ഞതെന്നും പാർവതി പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് 'ടേക്ക് ഓഫ്' സംവിധായകൻ മഹേഷ് നാരായണൻ. പാർവതിയ്ക്ക് ഇസ്‌ലാമോഫോബിയ എന്താണെന്ന് അറിയില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ഇസ്‌ലാമോഫോബിയ എന്നതിനെ ഡിഫൈൻ ചെയ്യുന്ന ചില ഘടകങ്ങൾ ഉണ്ടെന്നും സംവിധായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.
'ഒരു കാര്യം പറയുമ്പോൾ കൃത്യമായി പറയണം. എന്താണ് ഘടകം എന്നത് വ്യക്തമാക്കണം. ടേക്ക് ഓഫ് എന്നത് ഒരു ഫിക്ഷനൽ കഥയാണ്. അതിൽ ഒരാളുടേയും പക്ഷത്ത് നിന്നല്ല കഥ പറഞ്ഞത്. ടേക്ക് ഓഫിൽ സമീറ ഭർത്താവുമായാണ് ഇറാഖിൽ പോകുന്നത്. അങ്ങനെയൊരു നഴ്‌സ് യഥാർത്ഥത്തിൽ നടന്ന കഥയിൽ ഇല്ല. ഫിക്ഷനലായിട്ട് പറഞ്ഞതാണ്. ടൈം ലൈൻ മാത്രമേ എടുത്തിട്ടുള്ളു. അങ്ങനെയൊരു കഥയിൽ ഏത് രീതിയിൽ കഥ മുമ്പോട്ട് കൊണ്ടുപോകണമെന്നത് ഒരു സംവിധായകന്റെ സ്വാതന്ത്ര്യമാണ്', മഹേഷ് നാരായൺ പറയുന്നു.
'എന്റെ സിനിമകളിൽ ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് പാർവതി പറയുന്നത് കേട്ടു. ഞാൻ ചിന്തിക്കുന്നത് ഇത് എപ്പോഴാണ് പാർവതിയുടെ സിനിമയായതെന്നാണ്. സിനിമ സംവിധായകന്റേതാണ്. ഒരു സ്‌ക്രിപ്റ്റ് എഴുതി കൊടുത്തിട്ട് താൽപര്യമുണ്ടെങ്കിൽ ചെയ്താൽ മതിയെന്നാണ് പറയുന്നത്.
വായിച്ചുനോക്കിയിട്ടു നിങ്ങൾക്ക് എന്തെങ്കിലും രീതിയിലുള്ള ഇഷ്യൂ ഉണ്ടെങ്കിൽ ചെയ്യണ്ട. ഒഴിവാക്കാം. ആരേയും നിർബന്ധിച്ച് കൊണ്ടുവന്നു ചെയ്യിച്ചിട്ടില്ല. ഇത് എപ്പോഴാണ് അവരുടെ സിനിമ ആകുന്നതെന്ന് തനിക്ക് അറിയില്ല.
മമ്മുക്കയെ പറയുമ്പോൾ പോലും, ഞാൻ സ്ത്രീ വിരുദ്ധത എതിർക്കുന്ന ആളാണ്. അവർ പറഞ്ഞതിന്റെ കൂടെ നിൽക്കുന്ന ആളാണ്. പക്ഷേ അതിൽ മമ്മുക്കയെ അല്ല പറയേണ്ടത്. അതിന്റെ എഴുത്തുകാരനേയും സംവിധായകനേയുമാണ്. മമ്മുട്ടി ഒരു അഭിനേതാവാണ്. സ്‌ക്രീനിൽ റെപ്രസന്റ് ചെയ്യുന്ന ആൾ മാത്രമാണ് അഭിനേതാവ്. എഴുത്തുകാരനാണ് അതിനെ കുറിച്ച് ചിന്തിക്കേണ്ടത്. 
 ***      ***      ***

ദൽഹി കലാപത്തെ കുറിച്ച് ഇന്ത്യയിലെ മാധ്യമങ്ങളിൽ വന്നതിലും സമഗ്രമായ കവറേജ് കാണികൾക്കും വായനക്കാർക്കും നൽകിയത് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ്. യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ച വേളയിലായതിനാലാണ് ഇതിന് പ്രാധാന്യം കൂടിയത്. ബി.ബി.സി, സി.എൻ.എൻ, വാൾ സ്ട്രീറ്റ് ജേണൽ, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബർഗ്, ടൈം, ഒബ്‌സർവർ, ഇന്റിപെൻഡന്റ് എന്നിങ്ങനെ പട്ടിക നീളുന്നു. മതമൈത്രിയുടെ ഉത്തമ സന്ദേശം പകർന്ന സംഭവങ്ങളുമുണ്ടായി. 1984 ലെ സിക്ക് വിരുദ്ധ കലാപത്തിൽ രക്ഷപ്പെട്ടയാളാണ് മൊഹീന്ദർ സിംഗ്. മൊഹീന്ദറും മകൻ ഇന്ദർജിത് സിംഗ് ഇത്തവണ കലാപ മേഖലയിൽനിന്ന് നിരവധി കുടുംബങ്ങളെ രക്ഷപ്പെടുത്തി ഹീറോയായി. തന്നെ 36 വർഷം മുമ്പ് ആളുകൾ സംഘർഷത്തിനിടെ രക്ഷപ്പെടുത്തിയ കാര്യം ബി.ബി.സിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം അനുസ്മരിച്ചു. ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് ലോഡ്‌സ് ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി ചർച്ച ചെയ്ത വാർത്തയും ബി.ബി.സി അതേ ദിവസം നൽകി. ഇന്ത്യയിലെ അക്രമം രാജ്യത്തിന്റെ വികസന സാധ്യതയെ ബാധിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത് ടൈംസ് ഓഫ് ഇന്ത്യയും നൽകിയിരുന്നു. ലഹള ബാധിത മേഖലയിൽ ബി.ബി.സി ലേഖിക യോഗിത ലിമായെ സന്ദർശിച്ച് റിപ്പോർട്ട് ചെയ്തതിൽ പോലീസിന്റെ അസാന്നിധ്യം വിശദമായി പ്രതിപാദിച്ചു. പോലീസ് മർദനത്തിലാണ് തന്റെ സഹോദരൻ മരിച്ചതെന്ന് വടക്കു കിഴക്കൻ ദൽഹിയിലെ നസീം ലേഖികയോട് പറയുന്നുണ്ട്. സി.എൻ.എൻ റിപ്പോർട്ടിൽ ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്ത അനുഭവം ലേഖിക അനുസ്മരിക്കുന്നു. അൽ ജസീറ ഇംഗഌഷിലും സമഗ്രമായ കവറേജ് കണ്ടു. 
കേരളത്തിലെ രണ്ട് പ്രമുഖ വാർത്താ ചാനലുകളെ വിലക്കിയ സംഭവത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനും ഇന്ത്യ ടുഡേ കൺസൾട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സർദേശായി പ്രതികരിച്ചു.  'കേന്ദ്ര സർക്കാരിന്റെ കുഴലൂത്തുകാരായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്ക് എതിരെ നടപടിയൊന്നുമില്ലേ?' എന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചത്. റിപ്പബ്ലിക് ടി.വിയെ അർണബ് ഗോസാമി തുടങ്ങിവെച്ച അട്ടഹാസ ജേണലിസത്തെ ഫോക്കസ് ചെയ്തുള്ള അൽ ജസീറയുടെ റിപ്പോർട്ട് പിന്നിട്ട വാരത്തിലെ മികച്ച ട്രീറ്റായി. 
മലയാളത്തിലെ വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും വെള്ളിയാഴ്ച വൈകുന്നേരം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ രണ്ടു ദിവസത്തെ സംപ്രേഷണ വിലക്ക് ശനിയാഴ്ച രാവിലെയോടെ പിൻവലിക്കുകയായിരുന്നു. വർഗീയ പരാമർശമുള്ളതും കലാപത്തിന് പ്രോത്സാഹനം നൽകുന്നതുമായ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് വിലക്കുന്ന 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിലെ ആറ് (1) സി, ആറ് (1) ഇ ചട്ടങ്ങൾ പ്രകാരമാണ് നടപടി. കലാപവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മന്ത്രാലയം ഫെബ്രുവരി 25 ന് നൽകിയ മാർഗ നിർദേശം ലംഘിച്ചെന്നും ഉത്തരവിൽ പറയുന്നുണ്ട്.
 

Latest News