Sorry, you need to enable JavaScript to visit this website.

അബലകളല്ല, നമ്മൾ...

'ന സ്ത്രീ സ്വാതന്ത്ര്യമർഹതി' എന്ന മനുസ്മൃതി വാക്യം പല തരത്തിലും പല രൂപത്തിലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ സംഘടിത പ്രസ്ഥാനങ്ങളും വനിതാ മതിലുകളും ശബരിമല പ്രവേശവും എല്ലാം പോയ വർഷം നമ്മൾ കണ്ടതാണ്. 
സ്ത്രീ അബലയല്ല എന്ന് പൊതുസമൂഹത്തിൽ കാണിക്കപ്പെടുന്ന പലതരം കെട്ടുകാഴ്ചകൾ. എങ്കിലും മുമ്പെങ്ങുമില്ലാത്തവിധം സ്ത്രീ ശാക്തീകരണം സമൂഹത്തിൽ ബലപ്പെട്ടുവരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. 
കാലങ്ങളായി പുരുഷാധിപത്യത്തിന്റെ മേൽക്കോയ്മയിൽ ഉരുത്തിരിഞ്ഞ വിധേയത്വത്തിന്റെ പ്രതീകമാണ് സ്ത്രീ. സമൂഹത്തിന്റെ മാറുന്ന കാഴ്ചപ്പാടുകൾക്കനുസരിച്ച് മനുഷ്യന്റെ സങ്കുചിത മനോഭാവം മാറാത്തതാണ് പലപ്പോഴും സ്ത്രീ സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള മുഖ്യ കാരണം. ഈ മനോഭാവം മാറണമെങ്കിൽ സ്ത്രീ-പുരുഷ സമത്വത്തിന്റെ ആദ്യ പാഠങ്ങൾ ഉൾക്കൊള്ളേണ്ടത് 'അമ്മ' എന്ന സ്ത്രീയിൽ നിന്നാണ്. പെൺമക്കൾ വീടിന്റെ ഐശ്വര്യമാണ്, വിളക്കാണ് എന്നൊക്കെ ഘോരഘോരം പ്രസംഗിക്കുന്നവരുണ്ട്. ഇതേ പെൺമക്കൾ മരുമക്കളാകുമ്പോൾ വീട്ടിൽ വലിഞ്ഞു കയറിവരുന്ന അനിഷ്ടക്കാരായി മാറുന്നു. ഈ ഐശ്വര്യത്തെയാണ് പല രീതികളിലുള്ള മാനസിക, ശാരീരിക പീഡനങ്ങൾ നൽകി അവസാനം ഭ്രാന്തി എന്ന മുദ്രകുത്തി ആത്മഹത്യയുടെ വഴിയിലെത്തിക്കുന്നത്. സ്ത്രീകളെ സ്ത്രീകൾ തന്നെയാണ് അബലകളാക്കി മാറ്റുന്നത്. 
ഇന്ന് സ്ത്രീകൾക്ക് ഉന്നമനത്തിന്റെ ആവശ്യമില്ല. അവർ അവരുടെ ഉയർച്ചയുടെ ഉച്ചസ്ഥായിയിലാണ്. സ്ത്രീക്ക് സമത്വവും സ്വാതന്ത്ര്യവും ഒരുപോലെ ലഭ്യമാണ്. അബല എന്ന് മുദ്രകുത്തി പലപ്പോഴും പുരുഷനും സ്ത്രീയും ഒരുപോലെ ദുരുപയോഗം ചെയ്യുന്നു എന്ന് മാത്രം.
സ്ത്രീയേ, നിന്നാലാണ് ജീവന്റെ സ്പന്ദനം ആദ്യം തുടിക്കുന്നത്. അതിനാൽ നിനക്കാണ് ഈ പ്രപഞ്ചത്തിൽ മറ്റേതിനേക്കാളും ആജ്ഞാശക്തിയും നിയന്ത്രണ ശക്തിയുള്ളത്. നീ വിചാരിച്ചാൽ ഈ ഭൂമി സ്വർഗമാവും, നീ വിചാരിച്ചാൽ ഈ ഭൂമി നരകതുല്യവുമാകും. ഈയിടെ നവമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഒരു ചിത്രം, നിസ്സഹായതയുടെ പ്രതിബിംബമായ ഒരു മധ്യവയസ്‌കൻ തറയിലിരിക്കുന്നു.
അയാൾക്ക് ചുറ്റും താണ്ഡവമാടുന്ന കിരാതന്മാർ. ഒരു നിമിഷമെങ്കിലും അവർ ചിന്തിച്ചിരുന്നെങ്കിൽ, ആ തറയിലിരിക്കുന്ന ജീവിയും ആരുടെയോ മകനാണ്, ഭർത്താവാണ്, പിതാവാണ് എന്ന്? അരുത്  മക്കളേ, സഹജീവികളെ സ്വന്തം രക്തമായി കണ്ടില്ലെങ്കിലും സഹാനുഭൂതി കാണിക്കൂ എന്ന് ആ നരാധമന്മാരുടെ മാതാക്കൾ ഒരുവേള മൊഴിഞ്ഞിരുന്നെങ്കിൽ, അവർ ഒരിക്കലും ഈ ക്രൂരകൃത്യത്തിനു മുതിരില്ലായിരുന്നു. 
സോഷ്യൽ മീഡിയകളിലൂടെ തന്റെ വീട്ടിലുള്ള മഹതികളല്ലാത്ത സമൂഹത്തിൽ കാണുന്ന സ്ത്രീകളെയെല്ലാം എന്തും പറഞ്ഞ് ഉപദ്രവിക്കാമെന്നുള്ള പുരുഷന്റെ ധിക്കാരത്തിന്റെ, സംസ്‌കാരശൂന്യതയുടെ തെളിവാണ് രണ്ടു ദിവസം മുന്നേ താരാ കല്യാൺ എന്ന അമ്മയ്ക്ക് സംഭവിച്ചത്. അവരുടെ വേദന നമ്മൾ കണ്ടതാണ്. സ്വന്തം മരുമകൻ മകൻ തന്നെയല്ലേ? ഓരോ അമ്മയും തന്റെ മകനോട് ഭാര്യയുടെ മാതാവിൽ സ്വന്തം അമ്മയുടെ പ്രതിരൂപം ദർശിക്കാൻ പറഞ്ഞുകൊടുത്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. 
അമ്മ എന്ന സ്ത്രീയുടെ ഒരു നിമിഷത്തെ മാനസിക വൈകല്യത്തിന്റെ ഇരയാണ് കടലിലേക്ക് എറിയപ്പെട്ട അയാൻ എന്ന കുരുന്ന്. കടൽതീരത്തെ പാറക്കെട്ടുകളിലേക്ക് ചെന്നു പതിച്ചപ്പോൾ പോലും എത്രമാത്രം ആ കുഞ്ഞു മനസ്സ് ആശിച്ചിരിക്കാം തന്റെ അമ്മ വന്ന് തന്നെ രക്ഷിച്ച് ആശ്ലേഷിക്കും എന്ന്. ആ അമ്മയ്ക്ക് സംഭവിച്ചത് ഒരു നിമിഷത്തെ മാനസിക വിഭ്രാന്തിയാണ്. അതെ, അവളും സോഷ്യൽ മീഡിയയുടെ ചതിക്കുഴിയിൽപെട്ട ഒരു ഇരയാണ്. ഇര എന്ന് അവളെ വിശേഷിപ്പിക്കാൻ പറ്റില്ല. കാമുകന് വേണ്ടി സ്വന്തം കുഞ്ഞിന്റെ ജീവൻ കളയാനുള്ള അവളുടെ ചേതോവികാരം അവളുടെ അപക്വമായ മനസ്സിന്റെ വിഭ്രാന്തിയാണ്. 
കാമുകന്റെ തൃഷ്ണക്ക് മുന്നിൽ അവൾ സ്വയം ഇല്ലാതായിത്തീരുകയായിരുന്നു. അയാൾ അവൾക്കു നൽകിയ മോഹനവാഗ്ദാനങ്ങളോ, സ്‌നേഹ ചുംബനങ്ങളോ ഒക്കെത്തന്നെ ഒരു നൈമിഷിക ഭോഗത്തിനു വേണ്ടിയുള്ളതായിരുന്നു എന്ന് മനസ്സിലാക്കുവാനുള്ള പക്വത ആ അമ്മയ്ക്കില്ലാതെ പോയി. സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ഗുഡ് മോർണിംഗ് സന്ദേശങ്ങളോ പരിലാളനകളോ സ്വന്തം കുടുംബത്തെ തകർത്തെറിയാൻ പോകുന്ന തരത്തിലേക്കാകാതിരിക്കാൻ ഒരുവേള സ്ത്രീ മനസ്സുകൾ സ്വയം ഒന്ന് മനസ്സിരുത്തിയാൽ സാധിക്കും. 
പ്രത്യേകിച്ച് കുടുംബിനികൾ സ്വയം മനസ്സിലാക്കൂ, സ്‌നേഹവും പ്രണയവും ഒത്തുചേരുന്നിടത്താണ് ഒരു കുടുംബത്തിന്റെ ഊഷ്മളത നിലനിൽക്കുന്നതെന്ന്. 
സോഷ്യൽ മീഡിയ പ്രഭാത-പ്രദോഷ സന്ദേശങ്ങളിൽ, സ്ത്രീകൾക്ക്, പ്രത്യേകിച്ച് വിവാഹിതകൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ കേവലം സുഹൃദ്ബന്ധത്തിലുപരി മറ്റെന്തെങ്കിലുമാണോ എന്ന് മനസ്സിലാക്കുന്നിടത്താണ് സ്ത്രീ വിജയിക്കപ്പെടുന്നത്. അല്ലെങ്കിൽ സ്വന്തം ചോരയെ തന്നെ ബലി കൊടുക്കേണ്ടിവരും. അതാണ് ആയാന്റെ അമ്മയ്ക്ക് സംഭവിച്ചത്. ഒരു നിമിഷം അവൾ തന്റെ പൈതലിന്റെ മുഖത്തേക്ക് നോക്കി വാത്സല്യത്തോടെ ആ കുഞ്ഞിനെ ചുംബിച്ചിരുന്നെങ്കിൽ ഒരിക്കലും ആ കുരുന്നിനു പാറക്കെട്ടുകളിൽ വീണ് തകരേണ്ടി വരില്ലായിരുന്നു.
സ്ത്രീയിൽ നിന്ന് തന്നെയാണ് സംസ്‌കാരത്തിന്റെയും സ്‌നേഹത്തിന്റെയും കരുണയുടെയും ആദ്യ പാഠങ്ങൾ ഉൾക്കൊള്ളപ്പെടുന്നത്. അമ്മ എന്ന സ്ത്രീയിൽ നിന്നാണ് കുടുംബത്തിന്റെ അടിത്തറ നിലനിൽക്കുന്നത്. ഒരമ്മയ്ക്ക് സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. പ്രപഞ്ചസൃഷ്ടിയുടെ എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിച്ചു തീർക്കാനുള്ള അവകാശമുണ്ട്. മറ്റുള്ളവന്റെ ജീവനെയോ സ്വത്തിനെയോ ഹനിക്കരുതെന്ന പാഠം കുഞ്ഞുന്നാളിൽ തന്നെ അമ്മയുടെ നാവിൽ നിന്ന് കിട്ടുന്ന ഒരു മനുഷ്യജീവിക്ക് പിന്നെങ്ങനെ സഹജീവികളോട് കരുണയും സ്‌നേഹവും കാണിക്കാതിരിക്കാൻ സാധിക്കും. അവിടെയാണ് സ്ത്രീ സമ്പന്നയാവുന്നത്. 
തന്റെ കുട്ടിയെ കുടുംബത്തിനും സമൂഹത്തിനും ഉതകുന്ന രീതിയിൽ പാകപ്പെടുത്തി എടുക്കുന്നത് വഴി സമ്പൂർണതയിലേക്കാണ് സ്ത്രീ ഉയർത്തപ്പെടുന്നത്. വനിതകളേ, നിങ്ങൾ നിങ്ങളുടെ സങ്കുചിത മനസ്ഥിതി വെടിയൂ, നൂതന ആശയങ്ങൾ ഉൾക്കൊള്ളുന്ന അറിവിന്റെ വാതായനങ്ങൾ നിങ്ങളുടെ മനസ്സും ചിന്തകളും പാകപ്പെടുത്തിയെടുക്കൂ. എങ്കിൽ മാത്രമേ പരിമിതമായ അറിവുകളിൽ നിന്നും വിശാലമായ ഒരൊറ്റ ജനത, ഒരൊറ്റ ലോകം എന്ന കാഴ്ചപ്പാടിലേക്ക് നിങ്ങളുടെ സന്തതികൾ എത്തിപ്പെടുകയുള്ളൂ. എങ്കിൽ മാത്രമേ സഹവർത്തിത്വവും സാഹോദര്യവും നിലനിൽക്കുകയുള്ളൂ. നല്ലൊരു ജനതയെ വാർത്തെടുക്കുന്നതു വഴി നിങ്ങളാണ് വാഴ്ത്തപ്പെടുന്നത്. നിങ്ങളാണ് മഹത്വവൽക്കരിക്കപ്പെടുന്നത്. മറക്കാതിരിക്കുക, നിങ്ങളുടെ കർത്തവ്യങ്ങളും ഉത്തരവാദിത്തങ്ങളും. അബലകളുടെ മൂടുപടമണിഞ്ഞ് സ്വയം വിഡ്ഢികളാകാൻ ശ്രമിക്കാതിരിക്കൂ.
 

Latest News