വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപം ഉല്ലല എന്ന ഗ്രാമത്തിലാണ് ട്രീസ ടീച്ചർ ജനിച്ചത്. ഒട്ടേറെ പരിമിതികളുടേയും അരുതായ്മകളുടേയുമിടയിലാണ് ആധുനിക ലോകത്തും പെൺകുട്ടികൾ വളരുന്നത്. അവരുടെ ശരിയായ അഭിനിവേശവും കഴിവും പലപ്പോഴും പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നില്ല. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലൊക്കെ ഈ അസമത്വവും അനീതിയും നിലനിൽക്കുന്ന സാംസ്‌കാരിക പരിസരത്ത് സ്വന്തം ജീവിതം കൊണ്ടാണ് ട്രീസ ടീച്ചർ മാതൃക രചിക്കുന്നത്.
ഓരോരുത്തരും തുല്യരാണ്. ലിംഗ നീതിയാണ് പ്രകൃതി നിയമം.
സ്ത്രീയുടേയും പുരുഷന്റേയും കൂട്ടായ വ്യക്തിത്വമാണ് സമൂഹത്തിന്റെ പുരോഗതിയെ നിർണയിക്കുന്നത്, തുടങ്ങിയ സുപ്രധാന വിഷയങ്ങൾ ചർച്ചക്ക് വെച്ച് അന്താരാഷ്ട്ര വനിതാ ദിനമാചരിക്കുമ്പോൾ വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ മാതൃകാപരമായ മുന്നേറ്റത്തിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ വേറിട്ട മാതൃക സമ്മാനിക്കുന്ന ഡോ. കെ.എക്‌സ്.ട്രീസ ടീച്ചറുടെ ജീവിതയാത്ര ഏറെ പ്രസക്തമാകുന്നു. സാമ്പത്തികവും സാമൂഹികവുമായി തരക്കേടില്ലാത്ത കുടുംബത്തിലാണ് പിറന്നതെങ്കിലും ചെറുപ്പത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ അവസരങ്ങൾ നിഷേധിക്കപ്പെട്ട അവർ ഒരു ജീവിതകാലം കൊണ്ട് നേടാവുന്ന പരമാവധി ബിരുദങ്ങളും യോഗ്യതകളും നേടിയാണ് സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകളോട് മധുരപ്രതികാരം കാട്ടിയത്.
അധ്യാപിക, ഗായിക, നർത്തകി, കവയിത്രി, ഗാനരചയിതാവ്, നോവലിസ്റ്റ്, ടെലി സീരിയൽ കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയയായ ഡോ. കെ.എക്‌സ്.ട്രീസ ടീച്ചർ. വിവിധ വിഷയങ്ങളിൽ ഒരു ഡസനോളം പി.ജി നേടിയ ഇന്ത്യയിലെ ഏക വനിതയാണ്. സാമൂഹ്യ, സാംസ്‌കാരിക മേഖലകളിൽ സജീവമായ അവർ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ മുന്നേറിക്കൊണ്ടാണ് സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ നടക്കേണ്ടതെന്ന നിലപാടുകാരിയാണ്. ജീവിതത്തിൽ പ്രശ്‌നങ്ങളും പ്രതിസന്ധികളും സ്വാഭാവികം. പുരുഷാധിപത്യമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും നിലപാടുകളും ഇച്ഛാശക്തിയുടെ പിൻബലത്തിൽ മറികടക്കാനായാൽ മാത്രമേ സമത്വം സാക്ഷാൽക്കരിക്കാനാവുകയുള്ളൂ. കേവല പ്രഖ്യാപനങ്ങൾക്കപ്പുറം ജീവിത യാഥാർഥ്യങ്ങളെ ശരിയാംവണ്ണം ഉൾക്കൊണ്ട് അറിവും തൊഴിലും നേടിയാണ് സ്ത്രീ ശക്തയാവേണ്ടത്.
വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപം ഉല്ലല എന്ന ഗ്രാമത്തിലാണ് ട്രീസ ടീച്ചർ ജനിച്ചത്. ഒട്ടേറെ പരിമിതികളുടേയും അരുതായ്മകളുടേയുമിടയിലാണ് ആധുനിക ലോകത്തും പെൺകുട്ടികൾ വളരുന്നത്. അവരുടെ ശരിയായ അഭിനിവേശവും കഴിവും പലപ്പോഴും പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നില്ല. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലൊക്കെ ഈ അസമത്വവും അനീതിയും നിലനിൽക്കുന്ന സാംസ്‌കാരിക പരിസരത്ത് സ്വന്തം ജീവിതം കൊണ്ടാണ് ട്രീസ ടീച്ചർ മാതൃക രചിക്കുന്നത്. മനസ്സുറപ്പുണ്ടെങ്കിൽ വിജയിക്കാമെന്നതിന്റെ തെളിവാണ് തന്റെ ജീവിതമെന്നാണ് ട്രീസ ടീച്ചർ പറയുന്നത്. നാം ആരോടും പ്രതികാരത്തിന് പോകേണ്ട. വെറുപ്പും വിദ്വേഷവും ഒട്ടും വേണ്ട. നമ്മുടെ ഉത്തരവാദിത്തങ്ങളും കടമകളും നിർവഹിക്കുക. സമയം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുക. എങ്കിൽ ഏത് മേഖലയിലും വിജയിക്കാനാകുമെന്നാണ് തന്റെ അനുഭവം.
സ്ത്രീയുണ്ടെങ്കിലേ പുരുഷൻ പൂർണനാകൂ. പരസ്പര സ്‌നേഹ ബഹുമാനങ്ങളിലൂടെ പൂരകങ്ങളായി മാറേണ്ട സമൂഹത്തിന്റെ രണ്ട് ഘടകങ്ങളാണ് സ്ത്രീയും പുരുഷനും. ഈ കാഴ്ചപ്പാടാണ് സമൂഹത്തിനുണ്ടാവേണ്ടത്.
പത്തൊമ്പതാം വയസ്സിൽ കോഴിക്കോട്ടെ ആംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ മലയാളം അധ്യാപികയായി കരിയർ ആരംഭിച്ച ടീച്ചർ എന്നും ആവേശമുള്ള ഒരു വിദ്യാർഥിനിയായിരുന്നു. കിട്ടുന്ന ഏതവസരവും പഠനത്തിന് പ്രയോജനപ്പെടുത്തിയാണ് നിരവധി ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളുമായി മികച്ചു നിൽക്കാൻ സാധിച്ചത്. ഓരോ പഠനവും തന്റെ വ്യക്തിത്വവും കരിയറും കൂടുതൽ ശോഭയുള്ളതാക്കുകയായിരുന്നുവെന്നാണ് ടീച്ചർ കരുതുന്നത്.
ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലാകുമ്പോൾ തന്നെ ഒരു സിസ്റ്ററുടെ സഹായത്തോടെ ഇംഗ്ലീഷ് ഭാഷയും ശരിയായ ഉച്ചാരണ രീതികളും പഠിച്ചത് സാഹിത്യത്തിൽ തൽപരയാക്കി. അങ്ങനെ ഒരു ഭാഗത്ത് ജോലി സംബന്ധമായ ഉത്തരവാദിത്തങ്ങളും മറുഭാഗത്ത് കുടുംബത്തിന്റെ ആവശ്യങ്ങളുമൊക്കെ ഉള്ളതോടൊപ്പം ടീച്ചർ തന്റെ പഠനം അനുസ്യൂതം തുടർന്നു. ഒഴിവു സമയങ്ങളും വിശ്രമവേളകളുമൊക്കെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളുമുള്ള ഒരു സകലകലാ വല്ലഭയായി ടീച്ചർ മാറുകയായിരുന്നു.
സംഗീതമാണ് ടീച്ചറുടെ ഏറ്റവും വലിയ ശക്തി. സംഗീതം ദിവ്യമാണ്. മനസ്സിനേയും ശരീരത്തേയും സുഖപ്പെടുത്താനും കുളിരേകാനും കഴിയുമെന്നാണ് അവർ വിശ്വസിക്കുന്നത്. ഡീംഡ് യൂനിവേഴ്‌സിറ്റിയായ കേരള കലാമണ്ഡലത്തിൽ നിന്നും സംഗീതത്തിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ടീച്ചർ ജീവിതതത്തിൽ സംഗീതത്തിന്റെ പ്രാധാന്യം പ്രത്യേകം അടയാളപ്പെടുത്തുന്നു. ട്രീസ ടീച്ചറുടെ സംഗീത ജീവിതം എന്നത് തന്നെ ഒരു ഗവേഷണ വിഷയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുടുംബത്തിലും സമൂഹത്തിലും സ്ത്രീ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പ്രതിസന്ധികളും അനവധിയാണ്. അവയെ ക്രിയാത്മകമായി അതിജീവിക്കണം. ആ നേട്ടത്തിന് ഇരട്ടിമധുരമായിരിക്കും. ഷേക്‌സ്പിയർ പറഞ്ഞതുപോലെ വേദനയിൽ കൂടിയുള്ള വിജയത്തിനേ മഹത്വമുണ്ടാകൂ.
വനിതാ ദിനത്തിലും അല്ലാത്തപ്പോഴും എനിക്ക് സ്ത്രീകളോട് പറയുവാനുള്ളത് ഇതാണ്. നാം സ്ത്രീ സമത്വത്തിനും തുല്യാവകാശങ്ങൾക്കും വേണ്ടി മുറവിളി കൂട്ടുകയല്ല വേണ്ടത്. മറിച്ച് ക്ഷമയോടും സഹന ബോധത്തോടെും ഇച്ഛാശക്തിയെ മുന്നോട്ടു നയിക്കുകയാണ് വേണ്ടത്. 'പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയേ്രത മർത്ത്യനെ പാരിലയച്ചതീശൻ...' എന്ന കാവ്യ ശകലമാണ് നമ്മെ പ്രചോദിപ്പിക്കേണ്ടത്.
അധ്യാപിക, ഗായിക, നർത്തകി, കവയിത്രി, ഗാനരചയിതാവ്, നോവലിസ്റ്റ്, ടെലി സീരിയൽ കഥാകൃത്ത് എന്നീ നിലകളിലൊക്കെ പ്രശസ്തയായ ഡോ. കെ.എക്‌സ്. ട്രീസ ടീച്ചറെക്കുറിച്ച്
പതറാതിരിക്കുക, പ്രവർത്തനോന്മുഖരാവുക, വിജയം നമ്മെ പിന്തുടരും. പക, വിദ്വേഷം, വൈരാഗ്യം, അസൂയ, അത്യാഗ്രഹം തുടങ്ങിയ ദുഷ്ടവികാരങ്ങൾക്കു കീഴ്‌പ്പെടാതെ നമ്മുടെ ചിന്താശക്തിയെ ഉദ്ധീപിപ്പിക്കുക. അങ്ങനെ വിജയത്തിലെത്തുമ്പോൾ വീട്ടുകാരും നാട്ടുകാരും സമൂഹവുമൊക്കെ നമുക്ക് മാന്യത തരും. തുല്യത തരും. നമ്മുടെ സക്രിയമായ ജീവിതവും സോദ്ദേശ്യപരമായ പ്രവൃത്തികളുമാണ് നമ്മെ തുല്യരും യോഗ്യരുമാക്കുന്നത്.
അറിവിന്റെ അതിരുകളില്ലാത്ത ലോകത്ത് വിരാജിച്ച് കർമ മണ്ഡലങ്ങളെ പ്രശോഭിതമാക്കുന്ന ഇത്തരം വ്യക്തികളുടെ ജീവിത മാതൃക പുതിയ തലമുറക്ക് വലിയ പ്രചോദനമാണ്. കുടുംബത്തിലും സമൂഹത്തിലുമുള്ള ഉത്തരവാദിത്തങ്ങൾ പരിമിതികളായി കാണാതെ വെല്ലുവിളികളൈ അവസരങ്ങളാക്കി മാറ്റി മുന്നേറുകയാണ് വിജയത്തിനുള്ള വഴി എന്നതാണ് ട്രീസ ടീച്ചറുടെ ജീവിതം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം. ഈ തിരിച്ചറിവ് സമ്മാനിക്കുന്ന ഊർജവും ശക്തിയും സ്ത്രീ ശാക്തീകരണത്തിനും മുന്നേറ്റത്തിനും സഹായകമാകുമ്പോൾ ആ ജീവിതം ധന്യമാകുന്നു.
രവീന്ദ്രനാഥ ടാഗോർ സ്മാരക അവാർഡ്, രാഷ്ട്രീയ കലാനിർമാൺ അവാർഡ്, ഇന്ത്യൻ ഐക്കോണിക് പേഴ്‌സണാലിറ്റി അവാർഡ്, അബ്രഹാം ലിങ്കൺ പാരമൗണ്ട് ലിറ്റററി അവാർഡ് തുടങ്ങിയവ ടീച്ചർ സ്വന്തമാക്കിയ പുരസ്‌കാരങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
32 വർഷത്തോളം കാലിക്കറ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ടീച്ചറായതിനു ശേഷം കോഴിക്കോട് ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമിയിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു വരുന്നു. മലയാളത്തിലും ഇന്ത്യൻ സംഗീതത്തിലും ബി.എ ബിരുദങ്ങളുള്ള ട്രീസ ടീച്ചർ എം.എ ഇംഗ്ലീഷ് ലിറ്ററേച്ചർ, കർണാട്ടിക് മ്യൂസിക്, സംസ്‌കൃത വ്യാകരണം, സംസ്‌കൃത സാഹിത്യം, സംഗീതം, ഭരതനാട്യം, യോഗ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, സോഷ്യോളജി, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ പന്ത്രണ്ടോളം പി.ജിയാണ് പഠിച്ചു നേടിയിട്ടുള്ളത്.
'യവനിക ഉയരുമ്പോൾ', 'രംഗവേദി', 'സദസ്സ്' എന്നിവയാണ് കവിതാ സമാഹാരങ്ങൾ. ടീച്ചർ രചിച്ച കാത്തിരുന്ന കാലം എന്ന നോവൽ 2000 ൽ സൂര്യ ടി.വി സംപ്രേഷണം ചെയ്തിട്ടുണ്ട്. ട്രീസ ടീച്ചർ രചിച്ച 'സംഗീതാഭിമുഖം', 'സംഗീതത്തേൻ' തുടങ്ങി നാല് പുസ്തകങ്ങൾ താമസിയാതെ പുറത്തിറങ്ങും. റിട്ട. സെൻട്രൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.സി.സക്കറിയയാണ് ഭർത്താവ്. സ്വീറ്റി, പ്രിറ്റി, ട്വിറ്റി എന്നിവർ മക്കളാണ്.






