Sorry, you need to enable JavaScript to visit this website.

ബാസ്‌ക് -കിരീടമല്ല പ്രധാനം

സ്‌പെയിനിലെ പ്രധാനപ്പെട്ട പല ഫുട്‌ബോൾ ക്ലബ്ബുകളും ബാസ്‌ക് മേഖലയിലാണ്. അത്‌ലറ്റിക് ബിൽബാവൊ, സൊസൈദാദ് ഡിപോർടിവ ഐബാർ, അലാവെസ്, റയൽ സൊസൈദാദ് ക്ലബ്ബുകളാണ് അതിൽ പ്രധാനം. ഈ നാലു ക്ലബ്ബുകളും സ്‌പെയിനിലെ ഒന്നാം ഡിവിഷൻ ലീഗായ ലാ ലിഗയിൽ കളിക്കുന്ന ടീമുകളാണ്. ഈ ടീമുകൾക്കൊന്നും കിരീടമല്ല പരമപ്രധാനം. ഓരോന്നിനും അവരുടേതായ വിശ്വാസപ്രമാണങ്ങളുണ്ട്. പ്രാദേശിക കളിക്കാരെ വളർത്തിയെടുക്കുകയാണ് അവയുടെ പ്രധാന ലക്ഷ്യം.  അത്‌ലറ്റിക്കൊ ബിൽബാവൊ ബാസ്‌ക് മേഖലക്കു പുറത്തുള്ള കളിക്കാരെ ടീമിലെടുക്കാറില്ല.
വടക്കുകിഴക്കൻ സ്‌പെയിനിലെ നാല് പ്രദേശങ്ങളും തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ മൂന്ന് സ്ഥലങ്ങളും ചേർന്നതാണ് ബാസ്‌ക് മേഖല. സ്‌പെയിനിലെ പ്രധാനപ്പെട്ട പല ഫുട്‌ബോൾ ക്ലബ്ബുകളും ബാസ്‌ക് മേഖലയിലാണ്. അത്‌ലറ്റിക് ബിൽബാവൊ, സൊസൈദാദ് ഡിപോർടിവ ഐബാർ, അലാവെസ്, റയൽ സൊസൈദാദ് ക്ലബ്ബുകളാണ് അതിൽ പ്രധാനം. ഈ നാലു ക്ലബ്ബുകളും സ്‌പെയിനിലെ ഒന്നാം ഡിവിഷൻ ലീഗായ ലാ ലിഗയിൽ കളിക്കുന്ന ടീമുകളാണ്. ഈ ടീമുകൾക്കൊന്നും കിരീടമല്ല പരമപ്രധാനം. ഓരോന്നിനും അവരുടേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അവരുടേതായ ആരാധകവൃന്ദമുണ്ട്. കിരീടനേട്ടത്തെക്കാൾ പ്രധാനം ആ വിശ്വാസപ്രമാണങ്ങൾക്കും ആരാധകരുടെ തൃപ്തിക്കുമനുസരിച്ച് കളിക്കുകയാണ്. കളി മികവിലും സമ്പദ്‌സമൃദ്ധിയിലും ലോകത്തെ ഏറ്റവും മികച്ച ടീമുകളിലുൾപെടുന്ന റയൽ മഡ്രീഡും ബാഴ്‌സലോണയും കളിക്കുന്ന ലീഗാണ് ലാ ലിഗ. ഈ ഗോലിയാത്തുമാർക്കു മുന്നിൽ ദാവീദുകളായി പൊരുതുകയാണ് ബാസ്‌ക് ക്ലബ്ബുകൾ. തങ്ങളുടെ സാംസ്‌കാരികത്തനിമയിൽ വിട്ടുവീഴ്ചയില്ലാതെയാണ് ഈ ടീമുകൾ കളിക്കുന്നത്. പ്രാദേശിക കളിക്കാരെ വളർത്തിയെടുക്കുകയാണ് അവയുടെ പ്രധാന ലക്ഷ്യം.  


അത്‌ലറ്റിക്കൊ ബിൽബാവൊ ബാസ്‌ക് മേഖലക്കു പുറത്തുള്ള കളിക്കാരെ ടീമിലെടുക്കാറില്ല. യൂറോപ്യൻ സോക്കറിന്റെ മുകൾതട്ടിലുള്ള മറ്റൊരു ടീമും ഈ ഒരു രീതി പിന്തുടരുന്നില്ല. ഐബാർ ലാ ലിഗയിലെ ചെറിയ ക്ലബ്ബുകളിലൊന്നാണ്. റയൽ മഡ്രീഡിന്റെ കമ്പോളമൂല്യം 1180 കോടി ഡോളറാണെങ്കിൽ ഐബാറിന്റേത് വെറും ഏഴ് കോടി ഡോളറാണ്.  27,000 ആണ് ഐബാറിലെ ജനസംഖ്യ, അവരുടെ ഇപുരുവ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി വെറും എണ്ണായിരവും. വലുപ്പത്തിന്റെ മഹിമക്കു വേണ്ടി സ്റ്റേഡിയം പൊളിച്ചുപണിയാനൊന്നും അവർക്ക് പദ്ധതിയേ ഇല്ല. ഐബാർ മുൻനിര ടീമുകളെ അട്ടിമറിച്ചിട്ടുണ്ട്. ഈ സീസണിൽ അത്‌ലറ്റിക്കൊ മഡ്രീഡിനെ തോൽപിച്ചു. മറ്റു ടീമുകളിൽ നിന്ന് കണക്കിന് കിട്ടിയിട്ടുമുണ്ട്. 
ഇപുരുവയിൽ കഴിഞ്ഞ മാസം ലിയണൽ മെസ്സിയുടെ നാലു ഗോളിൽ ബാഴ്‌സലോണ 5-0 ന് ഐബാറിനെ തകർത്തു. 2014 ൽ ലാ ലിഗയിലേക്ക് സ്ഥാനക്കയറ്റം നേടിയതു മുതൽ ഐബാറിന് ഒരു ലക്ഷ്യമേയുള്ളൂ - തരംതാഴ്ത്തൽ ഒഴിവാക്കുക, മെസ്സിയെ പോലുള്ള കളിക്കാർക്കെതിരെ ഒരു സീസൺ കൂടി ഉറപ്പാക്കുക. 
ഐബാറും പ്രധാനമായി കളിക്കാരെ കണ്ടെത്തുന്നത് ബാസ്‌ക് മേഖലയിൽ നിന്നാണ്. ജപ്പാൻകാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ തകാഷി ഇനൂയി മാത്രമാണ് അപവാദം. ദീർഘകാലം മൂന്നും നാലും ഡിവിഷനുകളിൽ പൊരുതിയ ടീമാണ് ഐബാർ.
റയൽ മഡ്രീഡും ബാഴ്‌സലോണയും അത്‌ലറ്റിക്കൊ മഡ്രീഡും കഴിഞ്ഞാൽ ലാ ലിഗയിലെ പ്രധാന ടീം തങ്ങളാണെന്നാണ് ബിൽബാവൊ കരുതുന്നത്. എട്ടു തവണ അവർ ലീഗ് ചാമ്പ്യന്മാരായിട്ടുണ്ട്. റയലും ബാഴ്‌സലോണയും അത്‌ലറ്റിക്കോയും മാത്രമാണ് മുന്നിൽ. സ്പാനിഷ് കോപ ഡെൽറേ ഫൈനലിനരികിലാണ് അവർ. സെമി ഫൈനൽ ആദ്യ പാദത്തിൽ ഗ്രനേഡക്കെതിരെ 1-0 ന് മുന്നിലാണ്. റയലും ബാഴ്‌സലോണയും അത്‌ലറ്റിക്കോയുമൊക്കെ നേരത്തെ പുറത്തായിക്കഴിഞ്ഞു. 
1921 ൽ സ്ഥാപിതമായ അലാവെസ് ദീർഘകാലം താഴെത്തട്ടിൽ കഴിയേണ്ടി വന്ന ടീമാണ്. 2016 ലാണ് ലാ ലിഗയിലേക്ക് സ്ഥാനക്കയറ്റം നേടിയത്. 2001 ലായിരുന്നു അവരുടെ ഉയർച്ച കൊടുമുടി കയറിയത്. യുവേഫ കപ്പിൽ ഫൈനലിലെത്തി. എക്‌സ്ട്രാ ടൈമിൽ അക്കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന ഗോൾഡൻ ഗോൾ നിയമപ്രകാരം ലിവർപൂളിനോട് 5-4 നാണ് തോറ്റത്. പിന്നീട് ക്ലബ് കടത്തിലായി. അടച്ചുപൂട്ടലിന്റെ വക്കിലെത്തി. പ്രാദേശിക ബാസ്‌കറ്റ്‌ബോൾ ടീമിന്റെ പിന്തുണയോടെയാണ് ടീം പിന്നീട് പിടിച്ചുകയറിയത്. സാസ്‌കി ബാസ്‌കോണിയ ടീം അലാവെസിന്‌റെ 81 ശതമാനം ഓഹരി വാങ്ങി.  
റയൽ സൊസൈദാദും 1989 വരെ ബാസ്‌ക് മേഖലയിലെ കളിക്കാരെ മാത്രമേ ടീമിലുൾപെടുത്തിയിരുന്നുള്ളൂ. 1989 ലാണ് ഈ നയം തിരുത്തിയത്.  ലിവർപൂളിന്റെ ഐറിഷ് ഇന്റർനാഷനൽ ജോൺ ആൾഡ്രിഡ്ജായിരുന്നു ബാസ്‌ക് മേഖലക്കു പുറത്തു നിന്നുള്ള അവരുടെ പ്രഥമ കളിക്കാരൻ. സൊസൈദാദിന്റെ അക്കാദമി വളരെ സുസജ്ജമാണ്. 
ലോകകപ്പ് ചാമ്പ്യന്മാരായ സാബി അലോൺസോയും ആന്റോയ്ൻ ഗ്രീസ്മാനുമൊക്കെ കളി പഠിച്ചത് സൊസൈദാദിന്റെ അക്കാദമിയിൽ നിന്നാണ്. അമ്പതിലേറെ ക്ലബ്ബുകളുമായി സഹകരിച്ചാണ് അവർ അക്കാദമി നടത്തുന്നത്. പത്തു വയസ്സാവാതെ കളിക്കാരെ എടുക്കില്ലെന്ന കർക്കശ നിയന്ത്രണം സൊസൈദാദ് പാലിക്കുന്നു. 
ഫെബ്രുവരി ഒമ്പതിന് അത്‌ലറ്റിക് ബിൽബാവോയും റയൽ സൊസൈദാദും തമ്മിലുള്ള കളി ബാസ്‌ക് മേഖലക്ക് ഉത്സവമായിരുന്നു. പാട്ടും കളിയുമായി ഗാലറിയെ അവർ നിറപ്പകിട്ടുള്ളതാക്കി. ഓരോ ടച്ചും ഓരോ വിജയകരമായ പാസും അവർ കൂട്ടമായി ആഘോഷമാക്കി. ക്ലബ്ബുകളുടെ ഫുൾ കിറ്റുമായി കുട്ടികൾ സൈഡ് ഗെയിംസ് കളിച്ചു. ഒരേ ശൈലിയും വിശ്വാസവും പിന്തുടരുന്ന ടീമുകളുടെ പോരാട്ടമായിരുന്നു അത്. ഒരു കളിയിലെ വിജയമല്ല, ഒരു സമൂഹത്തിന്റെ വിജയമാണ് അവർ ആഗ്രഹിക്കുന്നത്. 

Latest News