ദുബായ്- എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും കോവിഡ്–19 പടര്‍ന്നതോടെ ഗള്‍ഫിലെ ട്രാവല്‍ ബിസിനസ് അവതാളത്തിലായി. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍കുറവാണ് രേഖപ്പെടുത്തുന്നത്. ശരാശരി പകുതിയായി യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ചില സെക്ടറുകളിലേക്ക് അത് 70 ശതമാനം വരെ ഉയരുന്നു.
സ്‌കൂള്‍ അവധിയും കാലാവസ്ഥാ മാറ്റവും പരിഗണിച്ച് അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്തവര്‍ വിമാന, ഹോട്ടല്‍ ബുക്കിംഗുകള്‍ റദ്ദാക്കുകയാണ്. യൂറോപ്പിലേക്കും ഇന്ത്യയിലേക്കുമാണ് ഇത്തരം യാത്ര കൂടുതലായി ഉണ്ടാകാറ്.
യൂറോപ്പില്‍ പ്രധാനമായും ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അവധിക്കാലത്ത് യു.എ.ഇയില്‍നിന്ന് ആളുകള്‍ പോകാറ്. ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തീര്‍ഥയാത്രയുടെ ഭാഗമായി റോമിലേക്ക് പോകുക പതിവാണ്. എന്നാല്‍, കോവിഡ്–19 ന് ശേഷം ഇത്തരം തീര്‍ഥയാത്രകള്‍ക്ക് ആളില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.
ഇന്ത്യയിലെ സ്‌കൂള്‍ അവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളില്‍ ഒട്ടേറെ കുടുംബങ്ങള്‍ ഗള്‍ഫിലേക്ക് വരാറുണ്ട്. ഇതിനായി ബുക്ക് ചെയ്തവര്‍ വിസയും വിമാന ടിക്കറ്റും റദ്ദാക്കുകയാണ്. ബിസിനസ് കുറഞ്ഞതോടെ ജീവനക്കാരെ അവധിയില്‍ അയക്കുകയാണ് പല ട്രാവല്‍ ഏജന്‍സി ഉടമകളും.






