ദോഹ- അരലക്ഷം ഖത്തര്‍ റിയാലോ അതിനു മേലോ വിലമതിക്കുന്ന വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനോ കൊണ്ടുപോകുന്നതിനോ ഇനി മുതല്‍ പ്രത്യേക സത്യവാങ്മൂലം പൂരിപ്പിച്ചുനല്കണം.
വിമാനമാര്‍ഗമോ, കടല്‍മാര്‍ഗമോ, കരമാര്‍ഗമോ രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകുന്നതിനാണ് പ്രത്യേക സത്യവാങ്മൂലം പൂരിപ്പിച്ചുനല്‍കേണ്ടത്. കൊണ്ടുപോകുന്ന വസ്തു എങ്ങനെ സമ്പാദിച്ചു, എന്തിന് കൊണ്ടുപോകുന്നു തുടങ്ങി ചോദ്യങ്ങളെല്ലാം അടങ്ങിയ ഫോറമാണ് പൂരിപ്പിച്ചു നല്‍കേണ്ടത്. ലഭിക്കുന്ന സത്യവാങ്മൂലം പരിശോധിച്ച് ബോധ്യപ്പെടുന്നപക്ഷം മാത്രമെ ഇത്തരം ഇടപാടുകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ.
50,000 റിയാലിന് തത്തുല്യമായതോ അതിന് മുകളിലോ മൂല്യമുള്ള കറന്‍സികള്‍, സ്വര്‍ണം, വെള്ളി, വജ്രം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍, കാഷ് ചെക്കുകള്‍, ഒപ്പിട്ട മുദ്രപത്രങ്ങള്‍ തുടങ്ങിവക്കെല്ലാം പുതിയ നിബന്ധന ബാധകമാകും.
കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമാണ് പുതിയ നിബന്ധന.