ഗള്‍ഫില്‍ എല്ലാ രാജ്യങ്ങളിലും കൊറോണ; ചൈനയില്‍ രോഗബാധ കുറയുന്നു

ദുബായിലെ അല്‍മഖ്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഇറാനിലേക്ക് അയക്കുന്ന യു.എ.ഇയുടെ കൊറോണ മെഡിക്കല്‍ സഹായം.

ദുബായ്- ചൈനയില്‍ പുതിയതായി കൊറോണ വൈറസ് കോവിഡ്19 ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും ഗള്‍ഫിലടക്കം മറ്റു രാജ്യങ്ങളില്‍ രോഗബാധ വര്‍ധിക്കുന്നു. സൗദി അറേബ്യയില്‍ കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ഗള്‍ഫില്‍ എല്ലാ രാജ്യങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറാനില്‍നിന്ന് ബഹ്‌റൈന്‍ വഴി കിഴക്കന്‍ പ്രവിശ്യയില്‍ എത്തിയ സൗദി പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ബഹ്‌റൈന്‍-47 യുഎഇ-21, ഒമാന്‍-6, ഖത്തര്‍-4 എന്നിങ്ങനെയാണു മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ രോഗബാധിതരുടെ കണക്ക്.  

നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അമേരിക്കയില്‍ മരണസംഖ്യ ആറായി. ന്യൂയോര്‍ക്കിലും കൊറോണ ബാധ സ്ഥരീകരിച്ചു.ഹൂസ്റ്റണില്‍ നടത്താനിരുന്ന ആഗോള ഊര്‍ജ ഉച്ചകോടി റദ്ദാക്കി.  മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ദക്ഷിണ കൊറിയയില്‍ മരണം 34 ആയി. 600 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതര്‍ 4,812 ആയി.

ചൈനയില്‍ പുതിയതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ അറിയിച്ചു. രാജ്യത്ത് കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 2,943 ആയിട്ടുണ്ട്. തിങ്കളാഴ്ച 31 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു 25 പേര്‍ക്കു കൂടി രാജ്യത്ത് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നുള്ളവരാണ് മരിച്ച 31 പേരും. വുഹാനില്‍ തന്നെ 111 പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ ആകെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,151 ആയി.

18 പേര്‍ കൂടി മരിച്ചതോാടെ ഇറ്റലിയില്‍ കൊറോണ മരണസംഖ്യ 52ആയി. 2000ത്തിലധികം പേര്‍ ചികില്‍സയിലാണ്. ചൈന കഴിഞ്ഞാല്‍ കൊറോണ അപകടകരമാം വിധം വ്യാപിച്ച ഇറാനില്‍  66 ആയി. 1501 പേര്‍ക്ക് രോഗബാധയുണ്ട്. ഇറാനില്‍ അടിയന്തര വൈദ്യ സഹായം എത്തിക്കുമെന്നു ലോകാരോഗ്യ സംഘടന അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 50 ലക്ഷം യൂറോയുടെ സഹായം നല്‍കും.

ഇറാനില്‍ കൊറോണ ബാധിച്ച് മരിച്ചവരില്‍  പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേശക സമിതിയിലെ അംഗവും ഉള്‍പ്പെടുന്നു.  ലോകത്താകെ കൊറോണ മരണസംഖ്യ 3000 കടന്നിരിക്കയാണ്. 65 അറുപത് രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം പേര്‍ നിരീക്ഷണത്തിലും ചികിത്സയിലുമാണ്. ജോര്‍ദാന്‍, പോര്‍ച്ചുഗല്‍, തുനീസിയ, സെനഗല്‍, ചെക്ക് റിപ്പബ്ലിക്, അര്‍മേനിയ എന്നിവയാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ച രാജ്യങ്ങള്‍.

ഇന്ത്യയില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. ദല്‍ഹിയിലും തെലങ്കാനയിലും രാജസ്ഥാനിലും ഒരാള്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 21 വിമാനത്താവളങ്ങളിലും 12 തുറമുഖങ്ങളിലും ശക്തമായ പരിശോധനകള്‍ തുടരുന്നു.

ദുബായില്‍ നിന്ന് മടങ്ങിയെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച ജയ്പൂരിലെത്തിയ ഇറ്റാലിയന്‍ പൗരനാണ് മൂന്നാമത് രോഗം സ്ഥിരീകരിച്ചത്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 23 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദല്‍ഹില്‍ ചികില്‍സയില്‍ കഴിയുന്ന രോഗി യാത്ര ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലെ മുഴുവന്‍ ജീവനക്കാരും അടിയന്തരമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

 

 

Latest News