സ്കൂളിന്റെ ചരിത്രം നാടിന്റെ ചരിത്രവും സമൂഹത്തിന്റെ ഗതിവേഗമാപിനിയും ആയിത്തീരുന്നതിന്റെ അടയാളങ്ങളാണ് കോഴിക്കോട് മദ്രസത്തുൽ മുഹമ്മദിയ്യയുടെയും ഹിമായത്തുൽ ഇസ്ലാമിന്റെയും ശതാബ്ദി സുവനീറുകൾക്ക്.
2012 ൽ നൂറു വർഷം പൂർത്തിയാക്കിയ ഹിമായത്തും 2018 ൽ നൂറ്റാണ്ട് പിന്നിടുന്ന മദ്രസത്തുൽ മുഹമ്മദിയ്യയും സമൂഹത്തിന്റെ വേവും വേപഥുവും രേഖപ്പെടുത്തി. അതാണ് 'മദ്രസത്തുൽ മുഹമ്മദിയ്യ ശതാബ്ദി സ്മരണികയും ഹിമായത്ത് 100 ഉം'. പരിണത പ്രജ്ഞരായ സ്മരണികാ സാരഥികൾക്ക് കൃത്യമായ ദിശാബോധം ഉണ്ടായിരുന്നുവെന്ന് വായനക്കാർക്ക് വ്യക്തമാകും.
'എത്രയെത്ര അരുവികളും ആശ്രമങ്ങളും ഉന്നത സ്ഥാനങ്ങളും കൃഷിയിടങ്ങളുമാണവർ വിട്ടേച്ചു പോയത്. പിന്നീട് നാം അത് മറ്റൊരു ജനതയ്ക്ക് ഉടമപ്പെടുത്തിക്കൊടുത്തു. ആ പോയവരെ ഓർത്ത് മണ്ണോ വിണ്ണോ കരഞ്ഞില്ല. അവരുടെ കാലാവധി നീട്ടുകയുമുണ്ടായില്ല' എന്ന വിശുദ്ധ ഖുർആൻ വചനത്തിലാണ് മദ്രസത്തുൽ മുഹമ്മദിയ്യയുടെ സ്മരണിക ആരംഭിക്കുന്നത്. കാമക്കകന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി, കൊയപ്പത്തൊടി ഖാൻ സാഹിബ് മമ്മദ്കുട്ടി ഹാജി, വലിയകം ഖാൻ ബഹാദൂർ അലി ബറാമി തുടങ്ങി സ്കൂൾ സ്ഥാപകരായ മഹാരഥന്മാർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് വർത്തമാന കാലത്തേക്ക് കടക്കുകയാണ്. എം.ഇ.എ പ്രസിഡന്റ് പി.കെ അബ്ദുൽ അസീസും സെക്രട്ടറി കെ.വി കുഞ്ഞഹമ്മദ് കോയയും സ്മരണിക കമ്മിറ്റി കൺവീനറും ചരിത്രകാരനുമായ പി.പി മമ്മദ്കോയ പരപ്പിലും ആരംഭത്തിൽ ചെന്ന് തൊടുന്നു, ഇന്നോളം എത്തിയ കഥ പറയാൻ.
കല്ലായിപ്പുഴയും അറബിക്കടലും തീവണ്ടിപ്പാതയും അതിരുകളിട്ട ഭൂപ്രദേശത്ത് അറബികളടക്കമുള്ളവരോട് വ്യാപാരം ചെയ്ത് സാമൂതിരി രാജാവിന്റെ തണലിൽ ജീവിച്ച സമൂഹം. അവർ മുസ്ലിംകളായിരുന്നു. വ്യാപാര പ്രമുഖരും ബ്രിട്ടീഷ് ബഹുമതികൾ നേടിയ ഖാൻ ബഹാദൂർമാരും ഉണ്ടായിരുന്നെങ്കിലും ഇവിടത്തെ ആദ്യത്തെ വിദ്യാലയം ഹിമായത്തുൽ ഇസ്ലാം സ്കൂൾ ആരംഭിക്കുന്നത് 1912 ൽ ആണ്. രണ്ടാമത്തെ സ്കൂൾ ആണ് മദ്രസത്തുൽ മുഹമ്മദിയ്യ. വിദ്യാഭ്യാസത്തോടുള്ള താൽപര്യത്തോടൊപ്പം കക്ഷിപ്പോരും ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിൽ പങ്ക് വഹിച്ചുവെന്ന് ചരിത്രം രേഖപ്പെടുത്താതെ പോയിട്ടില്ല. ഒരു വിദ്യാലയം കൊണ്ടുനടക്കാൻ പ്രയാസപ്പെടുമ്പോഴാണോ രണ്ടാമത്തേത് എന്നായിരുന്നു തടസ്സവാദം. കാമക്കകന്റകത്ത് കുഞ്ഞഹമ്മദ് കോയ ഹാജി, കൊയപ്പത്തൊടി ഖാൻ സാഹിബ് മമ്മദ്കുട്ടി ഹാജി, വലിയകം ഖാൻ ബഹാദൂർ അലി ബറാമി ത്രയം ഒത്തു ചേർന്നതോടെ അന്നത്തെ വലിയ സംഖ്യയായ ഒരു ലക്ഷം രൂപ സാധ്യമായി.
1918 ഒക്ടോബർ 5 ന് ജസ്റ്റിസ് അബ്ദുറഹീം സ്വർണത്താക്കോൽ കൊണ്ടാണ് മദ്രസത്തുൽ മുഹമ്മദിയ്യയുടെ കവാടം തുറന്നത്. അദ്ദേഹത്തിന്റെ പ്രസംഗം തർജമ ചെയ്തത് കോൺഗ്രസ് നേതാവായ കെ.മാധവൻ നായരാണ്. ഈ ചടങ്ങിന്റെ വാർത്ത ആലപ്പുഴയിലെ മുസ്ലിം പത്രത്തിന് വേണ്ടി അയച്ചത് മുസ്ലിം നവോത്ഥാന നായകരിലൊരാളായ കെ.എം.സീതി സാഹിബുമാണ്.
ധനസഹായത്തിനായി ഹൈദരാബാദ് നൈസാമിന് കത്ത് അയച്ചതും 1923 ൽ സഹായം കലക്ടർക്ക് ലഭിച്ചതും ഹിമായത്ത്, മദ്രസത്തുൽ മുഹമ്മദിയ്യ അവകാശ വാദത്തിൽ തീർപ്പുണ്ടാക്കാനാവാതെ ഒൻപത് മാസത്തിനു ശേഷം തിരിച്ചുപോയതും മമ്മദ് കോയ രേഖപ്പെടുത്തുന്നു.
ബ്രിട്ടീഷ് ഗവർണർമാർ ആയിരുന്ന ജോൺ സിംഗ്ലയർ, ലോർഡ് വെല്ലിംഗ്ടൺ, പ്രശസ്ത പണ്ഡിതൻ മർമഡ്യൂക് പിക്താൾ തുടങ്ങി നിരവധി പേർ സന്ദർശിച്ചതടക്കം രേഖകൾ സ്കൂൾ ആർക്കൈവ്സിൽ സൂക്ഷിച്ചിരിക്കുന്നു.
പൂർവ വിദ്യാർഥികളെയും അധ്യാപകരെയും അനുസ്മരിച്ചു കൊണ്ടുള്ള കുറിപ്പുകൾ എഴുതിയത് അത്ര തന്നെ പ്രഗത്ഭരായ പൂർവ വിദ്യാർഥികളാണ് എന്നത് സ്മരണികയുടെ പ്രത്യേകതയാണ്. പി.വി മുഹമ്മദ് മൗലവിയെ ആറ്റക്കോയ പള്ളിക്കണ്ടിയും അബ്ദുൽഖാദർ മൗലവിയെ സ്മരണിക ചെയർമാൻ കൂടിയായ ഹസ്സൻ വാടിയിലും പി.വി.മുഹമ്മദിനെ പി.പി.കുഞ്ഞഹമ്മദ് കോയയും പി.പി ഉമ്മർകോയയെ ഇ.വി.ഉസ്മാൻ കോയയും അനുസ്മരിക്കുന്നു.
സ്വാതന്ത്ര്യ സമരവുമായി സ്കൂളിന്റെ ബന്ധത്തെ ഡോ. കെ.എം. അൻവർ കുറിക്കുന്നു. എ.കെ.ജി, പുളിക്കൽ നരിക്കുത്ത് കളത്തിൽ സയ്യിദ് അഹമ്മദ്കോയ തങ്ങൾ, രാഘവ്ജി, പാറോൽ ഹുസൈൻ മൗലവി, മേലേക്കണ്ടി മൊയ്ദു, പി.ആർ.നമ്പ്യാർ, എ.കെ.ശേഖര പിഷാരടി, മധുരവനം ചെറുകോട്ടു കൃഷ്ണക്കുറുപ്പ്, എം.കോയക്കുട്ടി മാസ്റ്റർ, പി.കെ മമ്മു ഹാജി, പാലാട്ട് കുഞ്ഞിക്കോയ എന്നിവരും അനുസ്മരിക്കുന്നു.
മാധ്യമ പ്രവർത്തന രംഗത്തെ പൂർവ വിദ്യാർഥികളെപ്പറ്റി എ.എം.പക്കർ കോയയും കലയ്ക്ക് സമർപ്പിച്ച വ്യക്തിത്വങ്ങളെക്കുറിച്ച് നടൻ മാമുക്കോയയും കായിക രംഗത്തെ നേട്ടങ്ങളെക്കുറിച്ച് സി.പി.എം അബ്ദുൽ റഷീദും എഴുതുന്നു. ശതാബ്ദി ചിന്ത എന്ന വിഭാഗത്തിലാണ് എം.എം ആർക്കൈവ്സിനെ കുറിച്ച് സി.പി അബ്ദുൽ ഹമീദും വിദ്യാഭ്യാസത്തെക്കുറിച്ച് പ്രൊഫ. കെ.വി ഉമർ ഫാറൂഖും സംസ്കാരത്തെപ്പറ്റി ഡോ. എൻ.പി.ഹാഫിസ് മുഹമ്മദും എഴുതുന്നത്. പി.എസ് അബ്ദുല്ലക്കോയ, ഹൈദരലി ശിഹാബ് തങ്ങൾ, ഡോ. ഒ.അബ്ദുറഹിമാൻ (കാംബ്രിഡ്ജ്) എന്നിവർ വിദ്യാലയ കാലം ഓർമിക്കുന്നു. 1959 ൽ ദൽഹിയിൽ പോയതും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനൊപ്പം സമയം പങ്കിട്ടതും അനുസ്മരിക്കുന്നു. അപൂർവം ചിത്രങ്ങളാലും അലങ്കരിച്ച സ്മരണികക്ക് ആർട്ടിസ്റ്റ് മദനൻ വരച്ച ചിത്രത്തോടെയുള്ള പുറംചട്ട മാറ്റ് കൂട്ടുന്നു.
കോഴിക്കോട്ടങ്ങാടിയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഹരജിയിലെ അപാകതകൾ കണ്ട് 'മാപ്പിളമാർക്ക് ഇംഗ്ലീഷെഴുതാൻ അറിയില്ലെങ്കിൽ മലയാളത്തിൽ എഴുതട്ടെ. മലയാളം അറിയുന്ന ബ്രിട്ടീഷ് കലക്ടർമാർ ഉണ്ട്' എന്ന മലബാർ കലക്ടർ ഫ്രാൻസിസ് പരിഹസിച്ചതായി പി.പി മമ്മദ്കോയ പരപ്പിലിന്റെ കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രത്തിൽ പറയുന്നുണ്ട്. അതാണ് 1912 ൽ കേരളത്തിലെ ആദ്യത്തെ മുസ്ലിം വിദ്യാലയം സ്ഥാപിക്കാൻ ഹേതു ആയതെന്ന് പറയുന്നു. 1906 ൽ അലിഗഢിൽ കോളേജ് തുടങ്ങാൻ പണപ്പിരിവിനു നേതൃത്വം നൽകിയ കോഴിക്കോട്ടെ വർത്തക പ്രമാണിമാർ പക്ഷേ സ്വന്തം നാട്ടിൽ വിദ്യാലയം തുടങ്ങിയത് വൈകിയാണ്. ഹിമായത്തുൽ ഇസ്ലാം സഭക്ക് കീഴിൽ ഇന്തിശാറുൽ ഇസ്ലാം കമ്മിറ്റിയും ഹിമായത്തുൽ ഇസ്ലാം സ്കൂളും ഉണ്ടായി. ഓർമപ്പുസ്തകം എന്ന് തന്നെ പേരിട്ട ഹിമായത്ത് 100 പൂർവ അധ്യാപക വിദ്യാർഥികളുടെ ഓർമകൾ കൊണ്ട് സമ്പന്നമാണ്.
ഹേ, വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന് കൊടിപ്പടം താഴ്ത്താൻ...
എന്ന വൈലോപ്പിള്ളി ശ്രീധര മേനോന്റെ വരികളിൽ ആരംഭിക്കുന്ന ഓർമക്കടൽ അലയടിക്കുന്ന കോഴിക്കോടിന്റെ സാംസ്കാരിക ജീവിതത്തെ നോവലിൽ അടയാളപ്പെടുത്തിയ പി.എ.മുഹമ്മദ് കോയയുടെ സുൽത്താൻ വീട്ടിൽ നിന്നുള്ള കോഴിക്കോടിനെ ഓർമയിൽ കോർത്തിരിക്കുന്നു. പൊതുജീവിതത്തിന് ഹിമായത്തിന്റെ ചേർത്ത് വെപ്പിനെ എടുത്തു വെക്കുകയാണ് എന്നും മുന്നിൽ നടന്ന താളുകളിൽ. സ്വാതന്ത്ര്യ സമരം മുതൽ കച്ചവടത്തിന്റെയും രാഷ്ട്രീയ ഉദ്യോഗ മേഖലകളുടെയും മുന്നിൽ നിന്ന മനുഷ്യരെ രേഖപ്പെടുത്തുന്നു.
ഹിമായത്ത് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.കെ അഹമ്മദ്, സെക്രട്ടറി കെ.ഹസൻകോയ, ട്രഷറർ സി.പി കുഞ്ഞഹമ്മദ് എന്നിവരുടെ ലേഖനങ്ങൾ സ്കൂളിന്റെ ചരിത്രവും അതിനേക്കാൾ വർത്തമാനവും രേഖയാക്കുന്നു. കലാ കായിക വൈജ്ഞാനിക മേഖലകളിലെ സ്കൂളിന്റെ നേട്ടങ്ങളുടെ പട്ടിക നിരത്തുന്നു. അതിനുമപ്പുറം പൂർവ അധ്യാപകരും വിദ്യാർഥികളും സ്കൂൾ കാലത്തെ ഓർത്തെടുക്കുകയാണ്. സ്കൂൾ കമ്മിറ്റിയുടെ മിനുട്സ് ബുക്കിൽ നിന്നുള്ള ചില ഭാഗങ്ങൾ നൽകിയത് തീർച്ചയായും ചരിത്ര കുതുകികൾക്ക് മുതൽക്കൂട്ടാകും.






