ഇതാ, ചില സ്‌നേഹത്തുരുത്തുകൾ...

മതവിദ്വേഷം വിതച്ച് കലാപത്തിന് തിരി കൊളുത്തുന്നവർക്കിടയിൽ മാനവികതയുടെ മൈത്രീഭാവങ്ങൾ ജ്വലിപ്പിക്കുന്ന ചില നല്ല മനുഷ്യരുടെ കഥ

ഐ.പി.സി 159 വകുപ്പ് പ്രകാരം മലപ്പുറം പോലീസ് ഈയിടെ ഒരു കേസ് രജിസ്റ്റർ ചെയ്തു. നടപ്പ് കാലത്ത് അത്ര വാർത്താ പ്രാധാന്യമൊന്നും ഇത്തരം നടപടികൾക്കില്ലെങ്കിലും, ഈ വാർത്തയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കാരണം ദേശീയ മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്ത ഒരു വ്യാജ വാർത്തയെ തുടർന്നാണ് മലപ്പുറം പോലീസിന്റെ നടപടിയുണ്ടാകുന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരിൽ മലപ്പുറം-കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് പൈങ്കണ്ണൂർ ഹരിജൻ കോളനി വാസികൾക്ക് കുടിവെള്ളം നിഷേധിച്ചതായും, ഇതേ തുടർന്ന് സേവാ ഭാരതി പ്രവർത്തകർ വാഹനത്തിൽ കുടിവെള്ളം എത്തിച്ച് നൽകുകയാണെന്നുമുള്ള വ്യാജ വാർത്ത ട്വിറ്റർ വഴി പ്രചരിച്ചതോടെയാണ് ദേശീയ മാധ്യമങ്ങൾ ഈ വിഷയം വൻ ചർച്ചയാക്കുന്നത്. 
സുപ്രീം കോടതി അഭിഭാഷകനും കുറ്റിപ്പുറം സ്വദേശിയുമായ അഡ്വ.സുഭാഷ് ചന്ദ്രൻ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് വ്യാജവാർത്തക്ക് ട്വിറ്ററിലൂടെ പ്രചാരണം നടത്തിയ ഉഡുപ്പി-ചിക്മംഗളൂർ ബി.ജെ.പി എം.പി ശോഭാ കരന്തലജെക്കെതിരെ മലപ്പുറം പോലീസ് കേസെടുക്കുന്നത്.


 'കേരളം മറ്റൊരു കശ്മീരാകാനുള്ള ശ്രമത്തിലാണ്. മലപ്പുറത്തെ ഹിന്ദുക്കൾ പൗരത്വ നിയമത്തെ അനുകൂലിച്ചെന്ന കാരണത്താൽ അവർക്ക് കുടിവെള്ളം നിഷേധിച്ചിട്ടുണ്ട്. സേവാ ഭാരതി പ്രവർത്തകരാണ് ഇവർക്കിപ്പോൾ കുടിവെള്ളം നൽകുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ സമാധാനപരമായ അസഹിഷ്ണുത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമോ എന്നായിരുന്നു' ശോഭാ കരന്തലജെ ട്വിറ്ററിൽ കുറിച്ചത്. ഇവരുടെ ട്വീറ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. കർണാടക മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയുടെ അടുത്തയാളായാണ് ശോഭാ കരന്തലജെ. നേരത്തെ യദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താൻ 3,300 അടി ഉയരത്തിലുള്ള ചാമുണ്ഡിമല ചെരിപ്പിടാതെ ഇവർ ചവിട്ടിക്കയറിയത് വാർത്തയുമായിരുന്നു. കുറ്റിപ്പുറത്തെ സേവാ ഭാരതി പ്രവർത്തകർ രണ്ട് ദിവസം മാത്രം നടത്തിയ ജല വിതരണത്തിൽ, 'പൗരത്വ നിയമത്തെ അനുകൂലിച്ച കാരണത്താൽ സ്വകാര്യ വ്യക്തി കോളനിവാസികൾക്ക് കുടിവെള്ളം നിഷേധിക്കുന്നു' എന്നെഴുതിയ ഫഌക്‌സ് പ്രദർശിപ്പിച്ചതായും, ഇപ്രകാരം മതസ്പർധ വളർത്തുന്ന തരത്തിൽ പ്രവർത്തിച്ചതിനാലുമാണ് സേവാ ഭാരതി പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുള്ളത്.

വെറുപ്പ് കലർന്ന ട്വീറ്റുകൾ
 ജനുവരി 17-ന് വളാഞ്ചേരിയിൽ ബി.ജെ.പി നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പൗരത്വ ഭേദഗതി നിയമ വിശദീകരണ യോഗത്തിൽ പങ്കെടുത്തു എന്ന കാരണത്താൽ പൈങ്കണ്ണൂർ പ്രദേശത്തെ ദളിത് കോളനി വാസികൾക്ക് കുടിവെള്ളം നിഷേധിച്ചതായി സംഘ്പരിവാർ സംഘടനകൾ വൻ പ്രചാരണമാണ് നടത്തിയത്. ബി.ജെ.പി എം.പി ശോഭാ കരന്തല ഈ വിഷയം ജനു 20 ന് ട്വിറ്ററിൽ കുറിച്ചതോടെ ദേശീയ തലത്തിലും ഈ പ്രചാരണം ക്ലിക്കായി. 'മറ്റൊരു കശ്മീരാകാൻ കേരളം ചെറു ചുവടുകൾ വയ്ക്കുന്നു' എന്ന തലവാചകത്തോടെയാണ് കോളനി വാസികൾക്ക് സേവാ ഭാരതി പ്രവർത്തകർ കുടിവെള്ള വിതരണം ചെയ്യുന്ന ചിത്രം ഉപയോഗപ്പെടുത്തിയതും. ഇക്കാര്യം ബി.ജെ.പി ദേശീയ നേതാക്കളടക്കം പലരും റീ ട്വീറ്റ് ചെയ്യുകയും, സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി നിറയുകയും ചെയ്തതോടെ, മലപ്പുറം-പൈങ്കണ്ണൂരിലെ ഹരിജൻ കോളനിക്ക് സമീപം താമസിക്കുന്ന സൈനുദ്ദീന്റെ മാതാവ് ഫാത്തിമ എന്ന നാമം ദേശീയ തലത്തിൽ ശ്രദ്ധ നേടി. ഫാത്തിമയ്ക്കാകട്ടെ പൗരത്വ രാഷ്ട്രീയമെന്തെന്നോ, അത് രാജ്യമെമ്പാടും സൃഷ്ടിച്ചിട്ടുള്ള അസ്വസ്ഥതകളെന്തെന്നോ അറിയില്ല. എന്നാൽ ഫാത്തിമ അതിവേഗം പ്രസിദ്ധയായി. അതാകട്ടെ, പൗരത്വത്തിന്റെ പേരിലും. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചവർക്ക് കുടിവെള്ളം നിഷേധിച്ച സ്ത്രീയായിട്ടാണ് ഇവരെ ജില്ലയ്ക്ക് പുറത്തും, സംസ്ഥാനത്തിന് പുറത്തുമുള്ളവർ അറിഞ്ഞത്. അല്ലെങ്കിൽ അങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്.
കുറ്റിപ്പുറം പഞ്ചായത്തിന്റെ മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതിയുടെ ഫോട്ടാകളുൾപ്പെടുത്തി കേരളത്തിലെ സംഘ്പരിവാർ അനുകൂല സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം കൊഴുത്തതോടെ, ഇതിനെതിരിലുള്ള പോർവിളികളും ശക്തമായി. വിഷയം നീറിപ്പുകയാൻ തുടങ്ങിയതോടെ, ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ അഡ്വ. എൽ.മുരുകനും, മറ്റ് ഉദ്യോഗസ്ഥരും കോളനിയിലെത്തി. സബ് കലക്ടർ, തഹസിൽദാർ, ജില്ലാ പോലീസ് മേധാവി, പട്ടികജാതി വകുപ്പിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരെല്ലാം ആളും പരിവാരവുമായി കോളനിയിലെത്തി. തുടർന്ന് കുറ്റിപ്പുറം പഞ്ചായത്തധികൃതരും, ആരോപണ വിധേയരും, നാട്ടുകാരും വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു.

കുടിവെള്ളത്തിലെ വർഗീയത
പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതിനാൽ കോളനി ഉൾപ്പെടുന്ന പ്രദേശത്ത് കുറേ നാളായി കുടിവെള്ളം മുടങ്ങിക്കിടക്കുകയാണ്. വിഷയം പരിഹരിക്കാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചതായും ബന്ധപ്പെട്ടവർ പറയുന്നു. ഇതിനിടയിൽ വീണുകിട്ടിയ അവസരം 'ഫലപ്രദമായി' ഉപയോഗപ്പെടുത്താൻ ചിലർ തുനിഞ്ഞതായാണ് നാട്ടുകാർ പറയുന്നത്. സ്വന്തം ചെലവിൽ സ്വന്തം വീട്ടിലേക്ക് ഏർപ്പാട് ചെയ്ത കുടിവെള്ളമാണ് കോളനി വാസികൾക്ക് സൗജന്യമായി സൈനുദ്ദീൻ നൽകിയിരുന്നത്. വെള്ളത്തിന് ക്ഷാമം നേരിടുകയും, വൈദ്യുതി ഉപയോഗം വർധിക്കുകയും ചെയ്തതോടെ കെ.എസ്.ഇ.ബി ഇടപെടുകയും വൈദ്യുതി ചാർജ് അധികരിക്കുകയും ചെയ്തു. ഇത് കാരണം വെള്ളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് മാത്രമേ കോളനി വാസികളോട് താൻ പറഞ്ഞിട്ടുള്ളൂവെന്ന് ആരോപണ വിധേയനായ സൈനുദ്ദീൻ വ്യക്തമാക്കുന്നു. വീട്ടിൽ നിന്ന് 500 മീറ്റർ അകലെ പുഞ്ചപ്പാടത്തെ കിണറിൽ മോട്ടോർ വെച്ച് പൈപ്പിട്ടാണ് താൻ കുടിവെള്ളം വീട്ടിലെത്തിക്കാൻ തുടങ്ങിയത്. മറ്റ് 12 വ്യക്തികൾ സ്ഥാപിച്ച മോട്ടോറുകളും ഈ കിണറിലുണ്ട്. കുത്തനെയുള്ള ഭാഗത്തേക്ക് വെള്ളം കേറണമെങ്കിൽ കുഴൽക്കിണറിൽ ഉപയോഗിക്കുന്ന പവർ കൂടിയ മോട്ടോറും, പൈപ്പിംഗ് സംവിധാനവും സ്വന്തം ചെലവിലാണ് സൈനുദ്ദീൻ സ്ഥാപിച്ചത്. വൻ തുകയും ഇതിന് ചെലവായി. ഇപ്രകാരം ദൂരെ നിന്ന് പൈപ്പിലൂടെ എത്തിക്കുന്ന വെള്ളത്തിൽ നിന്നാണ് അയൽക്കാരിയും കോളനി വാസിയുമായ രാജിയും കുടുംബവും, കോളനിയിലെ മറ്റ് പത്തോളം കുടുംബവും കുടിവെള്ളമെടുത്തിരുന്നത്. ആയിരം ലിറ്ററിന്റെ ടാങ്ക് നിറയണമെങ്കിൽ 20 മിനിറ്റ് നേരം മോട്ടോർ പ്രവർത്തിപ്പിക്കണം. കുടിക്കാനുള്ള വെള്ളത്തിന് പുറമെ, മറ്റാവശ്യങ്ങൾക്ക് കൂടി കോളനി വാസികൾ വെള്ളമെടുക്കാൻ തുടങ്ങിയതോടെ, കിണറിൽ വെള്ളം കുറവായി വരികയും, ഇതേ തുടർന്ന് മൂന്ന് കുടം വീതം ഓരോ കുടുംബവും വെള്ളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്ന നിർദേശം സൈനുദ്ദീന്റെ മാതാവ് ഫാത്തിമ അയൽക്കാരി തങ്കത്തിന് നൽകി. ഇതാണ് മറ്റ് നിലയിലുള്ള പ്രചാരണങ്ങളിലേക്ക് വഴിമാറിയത്. കുടിവെള്ളത്തിന് ജാതിയും മതവുമില്ല. വെള്ളം ഉണ്ടെങ്കിൽ അതാർക്കും കൊടുക്കും. കൊടുത്തിട്ടുമുണ്ട്. ഇനിയും കൊടുക്കുമെന്നും ഫാത്തിമയും പറയുന്നു. പക്ഷേ പ്രചരിച്ചതെല്ലാം കെട്ടിക്കൂട്ടി മെനഞ്ഞ വിഷയങ്ങളാണ്. അതിൽ വല്ലാത്ത സങ്കടമുണ്ടെന്നും ഫാത്തിമ പറയുന്നു.
നിഗൂഢവും കുടിലവുമായ രാഷ്ട്രീയ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണം സംഘ്പരിവാർ സംഘടനകൾ നടത്തുന്നതെന്നും, പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള മനഃപൂർവമായ ശ്രമങ്ങളാണ് ഇത്തരം പ്രചാരണത്തിന് പിന്നിലുള്ളതെന്നും കുറ്റിപ്പുറം പഞ്ചായത്ത് വാർഡ് മെംബറും, വനിതാ ലീഗ് പ്രവർത്തകയുമായ വസീമ വാളേരി പറയുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിഭജിക്കാനുള്ള  ശ്രമങ്ങളാണ് ചിലർ നടത്തുന്നത്. പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി പരമാവധി വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും വസീമ കൂട്ടിച്ചേർത്തു. കുടിവെള്ളം നിഷേധിക്കപ്പെട്ടത് പോലുള്ള ഒരു പരാതി ഇത് വരെ ലഭിച്ചിട്ടില്ലെന്ന് കുറ്റിപ്പുറം പോലീസും വ്യക്തമാക്കി. മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതിയുടെ പേരിലാണ് ഈ വ്യാജ പ്രചാരണമെല്ലാം നടക്കുന്നതെന്നാണ് സി.പി.എം കുറ്റിപ്പുറം ഏരിയാ സെക്രട്ടറി രാജീവ് പറയുന്നു. യു.ഡി.എഫാണ് കുറ്റിപ്പുറം പഞ്ചായത്ത് ഭരിക്കുന്നത്. കോളനി നിവാസികൾക്ക് മാത്രമല്ല, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഭരണ സമിതിക്കെതിരെ രാഷ്ട്രീയമായി ഈ വിഷയം ഞങ്ങൾക്ക് ഉന്നയിക്കാമെങ്കിലും, നിലവിലുള്ള വ്യാജ പ്രചാരണത്തിൽ ഒട്ടും കാമ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ള പ്രദേശങ്ങളിലൊന്നാണ് മലപ്പുറം. സാധാരണ ജീവിതം അസാധ്യമാക്കുന്ന അവികസിതാവസ്ഥ ചൂഷണം ചെയ്ത് വർഗീയ ശക്തികൾക്ക് വിളവെടുപ്പ് നടത്താവുന്ന ഏറ്റവും വളക്കൂറുള്ള ഭൂമികയും മലപ്പുറമാണെന്ന് പറയാം. രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ ഹൈന്ദവ വിഭാഗത്തിന് വെള്ളം നിഷേധിച്ചു എന്ന ആരോപണത്തിന് ഇവിടെ അതീവ പ്രാധാന്യമുണ്ട്. കുടിവെള്ള പ്രശ്‌നം ഊതിപ്പെരുപ്പിച്ച് ശോഭാ കരന്തല ഉൾപ്പെടെയുള്ളവർ പ്രചാരണം നടത്തിയതിൽ പാളിച്ച പറ്റിയതായി ബി.ജെ.പി പ്രാദേശിക നേതൃത്വം തന്നെ ഇപ്പോൾ സമ്മതിക്കുന്നുണ്ട്. അതേസമയം, ഇത്തരമൊരു വാർത്തയുണ്ടായത് നന്നായെന്ന് കരുതുന്നവരും ഇതേ കോളനിയിലുണ്ട്. പൈങ്കണ്ണൂർ ഹരിജൻ കോളനിയിൽ 22 വീടുകളാണുള്ളത്. ഇങ്ങനെ വിവാദമുണ്ടായത് കൊണ്ടും, ബി.ജെ.പിയുടേയും ശോഭാ കരന്തലയുടേയും ആരോപണം മൂലവും മാത്രമാണ് ഇപ്പോൾ ജില്ലാ ഭരണകൂടം കോളനിയിൽ കുടിവെള്ളം എത്തിക്കുന്നതെന്ന് നിഷ്‌കളങ്കമായി കരുതുന്നവരും ഇവിടെയുണ്ട്.

ചില സ്‌നേഹക്കാഴ്ചകൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും, അനുകൂലമായും രാജ്യത്ത് ഏറെ കോലാഹലങ്ങളാണ് ഇപ്പോൾ നടന്ന് വരുന്നത്. മലപ്പുറത്തെ കരുവാരകുണ്ട് പ്രദേശത്ത് ചുള്ളിയോടിലെ അന്ധനായ അബ്ദുല്ലയുടെ മകളുടെ വിവാഹ ദിനം വധുവിനെ യാത്രയാക്കുന്ന വേളയിൽ വധുവിന്റെ ഉമ്മയും, അയൽക്കാരി ശാന്തയെന്ന വീട്ടമ്മയും പൊട്ടിക്കരയുന്നു. ഈ രംഗം കണ്ട് ആരെങ്കിലും ചോദിച്ചെന്നിരിക്കണം 'ആരുടെ മകളാണ് കല്യാണപ്പെണ്ണ്' എന്ന്. വധുവിനെ പ്രസവിച്ച മാതാവിനെ, പ്രധാനമന്ത്രി മോഡി ഒരിക്കൽ ആക്ഷേപിച്ച പോലെ 'വേഷത്തിൽ തിരിച്ചറിയാനാകും'. നടപ്പ് കാലത്ത് ഇത്തരം സംഭവങ്ങൾ അടയാളപ്പെടുത്തുന്നത് എന്താണെന്ന് നന്നേ ചുരുക്കം പേർക്ക് മനസ്സിലാകുന്നില്ല. അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരിൽ കുടിവെള്ളം പോലും മുട്ടിച്ചുവെന്ന നുണപ്രചാരണമൊക്കെ അരങ്ങ് വാഴുന്നതും. ഇത്തരത്തിലുള്ള സ്‌നേഹവും ഐക്യവും സഹവർത്തിത്വവുമൊക്കെ കേരളത്തിന്റെ മാത്രം സവിശേഷതയാണ്. മലബാർ കലാപത്തെക്കുറിച്ചും, ടിപ്പു സുൽത്താനെക്കുറിച്ചുമെല്ലാം പുതുകഥകൾ രൂപപ്പെടുകയും ചരിത്രം തിരുത്തപ്പെടാൻ ശ്രമിക്കുകയും മത-സാമുദായിക അന്തരീക്ഷം വിഷമയമാക്കാൻ ഓവർടൈം പണിയെടുക്കുകയും ചെയ്യുന്നവർക്ക് ഇരുട്ടടി പോലെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇടയ്ക്കിടെ ഇത്തരത്തിലുള്ള സ്‌നേഹം വിടരുന്ന വാർത്തകൾ വന്ന് കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ മഹിത പാരമ്പര്യം കളങ്കം ചാർത്താനായി കൊണ്ടുപിടിച്ച ശ്രമം തകൃതിയായി ഒരു വശത്ത് നടക്കുമ്പോഴാണ് ഇത്തരത്തിലുള്ള വാർത്തകൾ ഇടയ്ക്കിടെ ഓർമപ്പെടുത്തേണ്ടി വരുന്നതും.
'ലൗ ജിഹാദ്' എന്ന ദിവ്യാസ്ത്രം സ്വയംഭൂ ആയി ഉയരുകയും, പല കോണിൽ നിന്നുമായി ഒരേ ലക്ഷ്യത്തിലേക്ക് ഇടക്കിടെ അമ്പ് പോലെ എയ്ത് കൊണ്ടിരിക്കുകയും ചെയ്യുന്ന കേരളത്തിൽ ഈയിടെ നടന്ന ചില വിവാഹ വിശേഷങ്ങൾക്ക് നടപ്പ് കാലത്ത് പ്രസക്തി ഏറെയാണ്. കറുത്ത പർദ്ദയും ഹിജാബുമിട്ട ഉമ്മയുടെ പാദം തൊട്ട് വന്ദിക്കുന്ന പൊട്ട് തൊട്ട് പട്ടുടുത്ത കല്യാണപ്പെണ്ണ്. തമിഴ്‌നാട്-തഞ്ചാവൂർ സ്വദേശി രാജശ്രീയാണ് ഈ കല്യാണപ്പെണ്ണ്. വരൻ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദും. ഒരേസമയം അനാഥയും, സനാഥയുമാണ് രാജേശ്വരി. പിതാവ് ശരവണൻ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. ഭാര്യ മരണപ്പെട്ട ശേഷം ശരവണൻ കുറച്ച് കാലം കാസർകോട് മേൽപ്പറമ്പ് ഷമീം മൻസിലിൽ കുന്നരിയത്ത് അബ്ദുല്ലയുടെ വീട്ടുവളപ്പിലും കൃഷിയിടത്തിലുമെല്ലാം ജോലി ചെയ്തിരുന്നു. ഒരിക്കൽ നാട്ടിൽ പോയി വന്നപ്പോൾ അമ്മയില്ലാത്ത എട്ട് വയസ്സുകാരി രാജേശ്വരിയേയും കൂട്ടിയാണ് ശരവണൻ ഷമീം മൻസിലിലെത്തിയത്. മാസങ്ങൾക്ക് ശേഷം രോഗബാധയെ തുടർന്ന് ശരവണനും മരണപ്പെട്ടു. അങ്ങനെയാണ് രാജേശ്വരി, നെറ്റിയിൽ നിസ്‌കാരത്തഴമ്പുള്ള അബ്ദുല്ലയുടേയും പർദ്ദധാരിയായ ഭാര്യ ഖദീജയുടേയും മകളായി മാറിയത്. സ്വന്തം മക്കൾ ഷമീമിനും നജീബിനും ഷെരീഫിനുമൊപ്പം 'കൂടെപ്പിറക്കാത്ത കൂടപ്പിറപ്പായി' രാജേശ്വരിയെന്ന പെങ്ങളുട്ടിയും വളർന്നു.
കാലം കടന്ന് പോവുകയും രാജേശ്വരി 22 വയസ്സ് പിന്നിടുകയും ചെയ്തതോടെ പല ഘട്ടങ്ങളിലായി അവൾക്ക് വിവാഹാലോചനകൾ വന്നു. തരക്കേടില്ലാത്തത് ഒത്ത് വന്നപ്പോൾ രക്ഷിതാവ് അബ്ദുല്ലയും വീട്ടുകാരും വിഷ്ണുപ്രസാദിന്റെ വീട്ടിലെത്തി കാര്യങ്ങൾ സംസാരിച്ചു. പുതിയകോട്ടയിലെ ബാലചന്ദ്രൻ-ജയന്തി ദമ്പതികളുടെ മകനാണ് ലാബ് ജീവനക്കാരനായ വിഷ്ണുപ്രസാദ്. വിവാഹമുറപ്പിക്കുന്ന ഘട്ടത്തിൽ, ചടങ്ങുകൾ ക്ഷേത്രത്തിൽ വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായക്കാർക്ക് കേറാവുന്ന കാഞ്ഞങ്ങാട്ടെ മനിയോട്ട് ക്ഷേത്രത്തിൽ വെച്ച് നടത്താമെന്ന് ഇതോടെ തീരുമാനിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 16-നായിരുന്നു ഇവരുടെ വിവാഹം. വിഷ്ണുവിന്റെ സുഹൃത്തുക്കളെ കൂടാതെ മാതൃസഹോദരി പൂർണിമയും ബന്ധുക്കളും, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ എച്ച്.ആർ ശ്രീധരൻ, ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി എ.വേലായുധൻ, അബ്ദുല്ലയെ കൂടാതെ 84-കാരിയായ മാതാവ് സഫിയുമ്മ, ഭാര്യ ഖദീജ, സഹോദരൻ മുത്തലിബ്, ഭാര്യാ സഹോദരൻ ബഷീർ എന്നിവരെല്ലാം ചടങ്ങിന് സന്നിഹിതരായിരുന്നു. വിഷ്ണുവിന്റെ സുഹൃത്തുക്കൾ വധുവിനൊപ്പമെത്തിയവരെ നാലമ്പലത്തിലേക്ക് ആനയിച്ചു. ശ്രീകോവിലിന് മുന്നിൽ ചടങ്ങ് തുടങ്ങുമ്പോൾ തെല്ലകലെ മാറി നിന്ന അബ്ദുല്ലയേയും കുടുംബത്തേയും വരന്റെ ആളുകൾ വധുവിനരികിലേക്ക് അടുപ്പിച്ച് നിർത്തി. മനിയോട്ട്  ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയുടെ കാർമികത്വത്തിൽ തിരുനടയിൽ വെച്ച് വിഷ്ണുപ്രസാദ് രാജേശ്വരിയുടെ കഴുത്തിൽ മിന്ന് ചാർത്തുമ്പോൾ അബ്ദുല്ലയുടേയും ഭാര്യ ഖദീജയുടേയും മിഴികൾ ഈറനണിഞ്ഞത് സ്വാഭാവികം. ആനന്ദാശ്രു പൊഴിച്ച് രാജേശ്വരിയുടെ 'മാതാപിതാക്കളായ' ഇവർ വധൂവരന്മാരെ അനുഗ്രഹിച്ചു. ഇതിന് സാക്ഷ്യം വഹിച്ച് കൊണ്ട് രാജേശ്വരിയുടെ മുസ്‌ലിം സഹോദരന്മാരും അവർക്കരികിൽ നില കൊണ്ടപ്പോൾ, അത് നടപ്പ് കാലത്തെ സാമുദായിക ഐക്യത്തിന്റെ മികച്ച അടയാളപ്പെടുത്തലായി മാറുകയായിരുന്നു.

ബാങ്ക്‌വിളിക്ക് പിറകെ മന്ത്രോച്ചാരണം
 ബാങ്ക്‌വിളി മുഴങ്ങിയതിന് തൊട്ട് പിറകെ, കായംകുളം-ചേരാവള്ളി ജുമാമസ്ജിദിന്റെ മുറ്റത്ത് തയാറാക്കിയ പന്തലിൽ മന്ത്രോച്ചാരണങ്ങളുയർന്നു. താൽക്കാലികമായി തയാറാക്കിയ കതിർ മണ്ഡപത്തിൽ കല്യാണപ്പുടവയണിഞ്ഞ് അഞ്ജുവും വരൻ ശരത്തും ചമ്രം പടിഞ്ഞിരിക്കുകയാണ്. ചുറ്റിനും ബന്ധു മിത്രാദികളും, വ്യത്യസ്ത മത വിശ്വാസികളായ നാട്ടുകാരും. അങ്ങനെ അഞ്ജുവും ശരത്തും വിവാഹിതരായി. ചേരാവള്ളി അമൃതാഞ്ജലിയിൽ പരേതനായ അശോകന്റേയും ബിന്ദുവിന്റേയും മകളാണ് അഞ്ജു. നിർധന കുടുംബാംഗമായ ബിന്ദുവിന് അഞ്ജുവടക്കം മൂന്ന് മക്കളുണ്ട്. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ബിന്ദുവിന് മകളുടെ വിവാഹം നടത്താൻ ഒരു വഴിയുമില്ലായിരുന്നു. ഇതേ തുടർന്നാണ് ഇവർ ചേരാവള്ളി മുസ്‌ലിം ജമാഅത്തിന്റെ സഹായം തേടിയതും.
ബിന്ദുവിന്റെ പ്രതീക്ഷ പാഴായില്ല. ചേരാവള്ളി മഹല്ല് കമ്മിറ്റി സെക്രട്ടറി നജ്മുദ്ദീന്റെ നേതൃത്വത്തിൽ പള്ളിക്കമ്മിറ്റി ഭാരവാഹികൾ കൂടിയാലോചന നടത്തി അഞ്ജുവിന്റെ വിവാഹച്ചുമതല ഏറ്റെടുക്കുകയായിരുന്നു. വരൻ ശരത്ത് കൃഷ്ണപുരം കാപ്പിൽ തെക്കേടത്ത് തറയിൽ ശശിധരൻ-മിനി ദമ്പതിമാരുടെ മകനാണ്.
പത്ത് പവൻ സ്വർണാഭരണങ്ങളും, രണ്ട് ലക്ഷം രൂപയും മഹല്ല് അംഗം ചേരാവള്ളി പട്ടന്റയ്യത്ത് വീട്ടിൽ നസീർ സമ്മാനിച്ചു. വിവാഹത്തിന് ഹൈന്ദവ ആചാര പ്രകാരമുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കി. വിവാഹവേദി ഒരുക്കാനും, തോരണം കെട്ടാനും, ഭക്ഷണം പാകം ചെയ്യാനുമെല്ലാം മുന്നിട്ടിറങ്ങിയത് നാട്ടുകാർ. പള്ളിക്കമ്മിറ്റി ഭാരവാഹികൾ വധൂവരൻമാരേയും ബന്ധുക്കളേയും വിവാഹ വേദിയിലേക്കാനയിച്ചു. ഏറ്റുമാനൂർ ശിവനാചാരി നിറദീപത്തിന് മുന്നിൽ മുഖ്യ കാർമികനായപ്പോൾ, കതിർ മണ്ഡപത്തിലെ കല്യാണമേളത്തിന് താളം പിടിച്ചതും, താലികെട്ട് സമയത്ത് വായ്ക്കുരവ മുഴക്കിയതും വ്യത്യസ്ത മത വിശ്വാസികളായിരുന്നു. പള്ളി ഇമാം റിയാസുദ്ദീൻ ഫൈസി ചടങ്ങുകൾക്ക് ആശീർവാദമേകി. കമ്മിറ്റി ഭാരവാഹികളായ നജ്മുദ്ദീൻ, മജീദ്കുട്ടി എന്നിവർ ദമ്പതികൾക്ക് ഉപഹാരം നൽകി. പള്ളിയങ്കണത്തിൽ മൂവായിരത്തോളം പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യയുമൊരുക്കിയിരുന്നു. എ.എം ആരിഫ് എം.പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രമുഖർ വധൂവരൻമാരെ ആശീർവദിക്കാനെത്തി. കേരളത്തിൽ മത സാഹോദര്യത്തിന്റെ മനോഹര മാതൃകയുടെ പുതിയ ഏടാണ് ചേരാവള്ളിയിൽ രചിക്കപ്പെട്ടതെന്നും, മതത്തിന്റെ പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്ന കാലത്ത് ഈ വിവാഹത്തിനായി പ്രയത്‌നിച്ച എല്ലാവർക്കും ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ ഇതേക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു.

മതവും രാഷ്ട്രീയവും
മത സൗഹാർദത്തിന്റേയും സാമുദായിക ഐക്യത്തിന്റേയും മനോഹരമായ മുഹൂർത്തത്തിലാണ് വിഷ്ണുപ്രസാദ് രാജേശ്വരിയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹച്ചെലവുകളെല്ലാം വഹിച്ചതും രാജേശ്വരിയുടെ രക്ഷിതാവ് അബ്ദുല്ല തന്നെ. അഞ്ച് നേരം നമസ്‌കരിക്കുന്ന അബ്ദുല്ല, രാജേശ്വരിയെ അവളുടെ എല്ലാ വിശ്വാസവും സംരക്ഷിച്ച് കൊണ്ട് തന്നെയാണ് സ്വന്തം മകളായി പോറ്റി വളർത്തിയത്. ഇഷ്ടപ്പെട്ട ചെറുക്കനെ കൊണ്ട് അവളെ കെട്ടിച്ച് വിടുകയും ചെയ്തു. ഇത്തരം നല്ല മനസ്സുള്ളവർ കേരളത്തിലെ എല്ലാ സമുദായക്കാരിലുമുണ്ട്. അവരുടെ നന്മ കൊണ്ട് തന്നെയാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായി വാഴ്ത്തപ്പെടുന്നതും. അഞ്ജുവും ശരത്തും താലി ചാർത്തിയതും നല്ല മനസ്സുകളുടെ തിരുമുറ്റത്താണ്. ഇവിടെ മതത്തിന്റെ ചട്ടക്കൂടുകളോ, സങ്കുചിത മനസ്സുകളുടെ വേർതിരിവോ ഉണ്ടായതുമില്ല. ഇതെല്ലാം ദഹിക്കാത്ത ചുരുക്കം മനസ്സുകൾ അവിടെയൊക്കെ ഉണ്ടായെന്നിരിക്കണം.

Latest News