Sorry, you need to enable JavaScript to visit this website.

ഒളിംപിക്‌സ് സ്വപ്‌നവുമായി കരാട്ടെ

ടോക്കിയൊ ഒളിംപിക്‌സിലെ മത്സര ഇനമായി കരാട്ടെ തെരഞ്ഞെടുത്തത് ഡാമിയൻ ക്വിന്റരോയെ പോലെ നിരവധി പേരുടെ ജീവിതമാണ് മാറ്റിമറിച്ചത്. ക്വിന്റരോയെ പോലുള്ള കായികതാരങ്ങളുടേതു മാത്രമല്ല കരാട്ടെയുടെ ഭാവി പോലും ടോക്കിയോയിലെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു.... 

സ്‌പെയിനിലെ ഏറ്റവും മികച്ച കരാട്ടെ അത്‌ലറ്റ് അഞ്ചു വർഷം മുമ്പു വരെ തന്റെ സമയം പലകാര്യങ്ങൾക്കായി വീതം വെക്കുകയായിരുന്നു. കരാട്ടെ പരിശീലനം നിരവധി ഉദ്യമങ്ങളിൽ ഒന്നു മാത്രമായിരുന്നു ദാമിയൻ ക്വിന്റരോക്ക്. പരിശീലനം, പഠനം, ഒപ്പം എയ്‌റനോട്ടിക്കൽ എഞ്ചിനീയർ എന്ന തൊഴിൽ. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പറക്കുകയായിരുന്നു ഈ അർജന്റീനാ വംശജൻ. 
പരിശീലനവും പഠനവും രാത്രിയായിരുന്നു. പകൽ എഞ്ചിനീയറിംഗിനായി തലപുകക്കുകയാണ്. നിരവധി എയ്‌റോപ്ലെയ്ൻ ഘടകങ്ങൾ സങ്കീർണമായ പരിശോധനകൾക്കു വിധേയമാക്കി അവ വിമാനത്തിൽ ഘടിപ്പിക്കാൻ മാത്രം സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തുകയാണ് ക്വിന്ററോയുടെ ദൗത്യം. ഈ തിരക്കേറിയ ജോലിക്കിടയിൽ പ്രിയപ്പെട്ട കായിക ഇനത്തിനായി ആവശ്യത്തിന് സമയം മാറ്റി വെക്കുക അസാധ്യമായിരുന്നു. 
ദുരിത ദിനങ്ങളായിരുന്നു അത് -മഡ്രീഡിലെ പരിശീലന സെഷനു ശേഷം മുപ്പത്തഞ്ചുകാരൻ പറഞ്ഞു. മാസ്റ്റേഴ്‌സിന് പഠിക്കുകയായിരുന്നു അന്ന്. ഒപ്പം തൊഴിലും പരിശീലനവും. ഈ തിരക്കുകൾക്കിടയിൽ ഞാനൊരു ജീവഛവമായിരുന്നു -ക്വിന്റരൊ പറഞ്ഞു. 
2015 ലാണ് എല്ലാം മാറിയത്. ടോക്കിയൊ ഒളിംപിക്‌സിൽ മത്സര ഇനമാക്കാനുള്ള ചുരുക്കപ്പട്ടികയിൽ കരാട്ടെ സ്ഥാനം പിടിച്ചപ്പോൾ. 
ഞാനൊരു തീരുമാനമെടുത്തു, നല്ലൊരു ജോലിയും നല്ല വരുമാനവും ഉപേക്ഷിച്ച് മുഴുസമയം പരിശീലനത്തിൽ മുഴുകാൻ -ക്വിന്റരൊ പറഞ്ഞു. അർജന്റീനയിൽ ജനിച്ച ക്വിന്റരോക്ക് അഞ്ചു വയസ്സുള്ളപ്പോഴാണ് കുടുംബം സ്‌പെയിനിലേക്ക് കുടിയേറിയത്. 
കരാട്ടെ ഒളിംപിക്‌സിൽ മത്സര ഇനമാക്കാൻ അന്തിമമായി 2016 ൽ തീരുമാനം വന്നതോടെ കഠിന പരിശീലനത്തിന് ക്വിന്റരൊ തയാറായി. ഇപ്പോൾ, ടോക്കിയൊ ഒളിംപിക്‌സിന് അഞ്ചു മാസം മാത്രം ശേഷിക്കുമ്പോൾ ക്വിന്റരൊ മുഴുസമയ കരാട്ടെ താരമാണ്. ഒളിംപിക്‌സിൽ സ്വർണ മെഡൽ സാധ്യതയും. ഒളിംപിക്‌സിൽ ആദ്യമായി കരാട്ടെ മത്സര ഇനമായി അരങ്ങേറുമ്പോൾ കാട്ട വിഭാഗത്തിൽ ലോക ഒന്നാം നമ്പറാണ് ക്വിന്റരൊ. കാടയിൽ ഏകാംഗ പ്രകടനമാണ്. അത്‌ലറ്റിന്റെ ആക്രമണവും പ്രതിരോധ മികവുമാണ് ഇതിൽ വിലയിരുത്തപ്പെടുക. 
ചരിത്ര നിമിഷമായിരിക്കും അതെന്നാണ് തന്റെ മത്സര ദിനത്തെക്കുറിച്ച് ക്വിന്റരൊ പറയുന്നത്. അത് മികവു കാട്ടാൻ കൂടുതൽ പ്രചോദനം പകരുന്നു. ഒളിംപിക് മെഡൽ നേടുന്നത് കരിയറിലെ ഏറ്റവും വലിയ നേട്ടമായിരിക്കുമെന്നതിൽ സംശയമില്ല. എന്നാൽ അത് തന്നിൽ മാത്രമൊതുങ്ങി നിൽക്കുന്നതല്ലെന്ന് ക്വിന്റരോക്ക് അറിയാം. തങ്ങളുടെ സ്‌പോർട്‌സ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന എല്ലാ കരാട്ടെ താരങ്ങൾക്കും ഒളിംപിക്‌സിലെ അരങ്ങേറ്റം അഭിമാന നിമിഷമായിരിക്കും -ക്വിന്റരൊ പറഞ്ഞു. 
ടോക്കിയൊ ഒളിംപിക്‌സിൽ നല്ല പ്രകടനവും നല്ല ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള കഴിവും കരാട്ടെയെ സംബന്ധിച്ച് നിർണായകമാണ്. കാരണം 2024 ലെ പാരിസ് ഒളിംപിക്‌സിനുള്ള മത്സര ഇനങ്ങളിൽ കരാട്ടെ ഇതുവരെ ഉൾപെടുത്തിയിട്ടില്ല. അതിന് മാറ്റം വരേണ്ടത് ടോക്കിയോയിലെ പ്രതികരണമനുസരിച്ചായിരിക്കും. അടുത്ത ഡിസംബറിലായിരിക്കും പാരിസ് ഒളിംപിക്‌സിലെ മത്സര ഇനങ്ങളെക്കുറിച്ച് ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി അന്തിമമായി ധാരണയിലെത്തുക. 
പാരിസ് ഒളിംപിക് ലിസ്റ്റിൽ നിന്ന് കരാട്ടെ വെട്ടിമാറ്റപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്ന് ക്വിന്റരൊ പറയുന്നു. ചിലർ ഐ.ഒ.സിയെ കുറ്റപ്പെടുത്തുന്നു, ചിലർ പാരിസിലെ സംഘാടകരെയും. നമുക്ക് ചെയ്യാൻ പറ്റുന്നത് ഇത്ര മാത്രമാണ്, ടോക്കിയോയിലെ അരങ്ങേറ്റം ഗംഭീരമാക്കുക. ടെലിവിഷൻ റെയ്റ്റിംഗിലും മാധ്യമ ശ്രദ്ധയിലും മുമ്പിലെത്തുക. അതു രണ്ടും സാധ്യമായില്ലെങ്കിൽ ഒളിംപിക്‌സിൽ മത്സര ഇനമാവാൻ കരാട്ടെക്ക് അർഹതയില്ലെന്ന് സ്വയം കരുതേണ്ടി വരുമെന്ന് ക്വിന്റരൊ പറയുന്നു. എല്ലാം ടോക്കിയോയെ ആശ്രയിച്ചിരിക്കുന്നു. ഒഴിവാക്കപ്പെട്ടാൽ അത് ക്വിന്റരോയെ പോലുള്ള നൂറുകണക്കിന് കരാട്ടെ അത്‌ലറ്റുകൾക്ക് കനത്ത നിരാശയാണ് സമ്മാനിക്കുക. 
കരാട്ടെയെ ഒളിംപിക്‌സിന്റെ ഭാഗമാക്കാൻ തീരുമാനിച്ചപ്പോൾ തന്നെ വലിയ മാറ്റങ്ങളാണ് ദൃശ്യമായതെന്ന് ക്വിന്റരൊ ചൂണ്ടിക്കാട്ടി. ഇപ്പോൾ കരാട്ടെ എന്റെ ഇഷ്ടവിനോദവും ഒപ്പം തൊഴിലുമാണ്. എനിക്ക് സ്‌പോൺസറുണ്ട്. സ്പാനിഷ് ഒളിംപിക് കമ്മിറ്റിയിൽ നിന്നും ഗവൺമെന്റിൽ നിന്നും സഹായം കിട്ടുന്നു. എന്നാൽ പഴയ അവസ്ഥയിലേക്ക് തിരിച്ചുപോയാൽ എന്നെ പോലുള്ളവർക്ക് മുമ്പത്തെപ്പോലെ പകൽ ജോലിയോടൊപ്പം പരിശീലനം നടത്തേണ്ടി വരും -ക്വിന്റരൊ പറയുന്നു.  
കരാട്ടെ ഒളിംപിക്‌സ് മത്സര ഇനമാക്കിയതോടെ ഈ മത്സരത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം താൻ പുനഃപരിശോധിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എയ്‌റനോട്ടിക്കൽ എഞ്ചിനിയർ എന്ന കരിയറിൽ ശ്രദ്ധ പതിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു ഞാൻ. വിമാനങ്ങളാണ് എന്റെ മറ്റൊരു ആവേശം -ക്വിന്റരൊ പറഞ്ഞു.  
കരാട്ടെയിൽ തുടരാനുള്ള തീരുമാനം ഗുണം ചെയ്തു. 2015 ൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. 2014 ൽ ലോക ചാമ്പ്യനായി. 10 തവണ യൂറോപ്യൻ ചാമ്പ്യനായി. ഒരു സ്പാനിഷ് കരാട്ടെ താരത്തെ സംബന്ധിച്ചിടത്തോളം സ്വപ്‌നം കാണാനാവാത്ത നേട്ടമായിരുന്നു ഇതൊക്കെ.  
ടോക്കിയൊ ഒളിംപിക്‌സിൽ ക്വിന്റരോയുടെ പ്രധാന എതിരാളി ആതിഥേയ താരം റയോ കിയൂന ആയിരിക്കും. സമീപകാലത്ത് ഇരുവരും പലതവണ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടു വർഷം മുമ്പ് മഡ്രീഡിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ക്വിന്റരോയെ കിയൂന തോൽപിച്ചു. 
ക്വിന്റരൊ എഴുപതിലേറെ രാജ്യാന്തര മെഡലുകൾ സമ്പാദിച്ചിട്ടുണ്ട്. അതിൽ പകുതിയും സ്വർണമാണ്. കഴിഞ്ഞയാഴ്ച ദുബായിൽ നടന്ന പ്രീമിയർ ലീഗ് കരാട്ടെയിലെ സ്വർണമായിരുന്നു അവസാനത്തേത്. ഈ വിജയത്തോടെ ഒളിംപിക് റാങ്കിംഗിൽ കിയൂനയെ മറികടക്കാൻ ക്വിന്റരോക്ക് സാധിച്ചു. ക്വിന്റരോയുടെ സഹതാരം സാന്ദ്ര സാഞ്ചസും ദുബായ് മീറ്റിൽ സ്വർണം നേടി. വനിതാ കാട്ടയിൽ ചോദ്യം ചെയ്യപ്പെടാത്ത ചാമ്പ്യനാണ് സാന്ദ്ര. ലോക ഒന്നാം നമ്പറായാണ് സാന്ദ്രയും ടോക്കിയൊ ഒളിംപിക്‌സിന് എത്തുക. എങ്കിൽ ഒളിംപിക്‌സിലെ പ്രഥമ കരാട്ടെ മത്സരങ്ങളിൽ സ്പാനിഷ് പതാക പലതവണ ഉയരും. 
ഒളിംപിക്‌സിന് 80 കരാട്ടെ താരങ്ങളാണ് യോഗ്യത നേടുക. 40 പുരുഷന്മാരും 40 വനിതകളും. കൂമിതെ വിഭാഗത്തിലും മത്സരമുണ്ട്. ആം, ലെഗ് സ്‌ട്രൈക്കുകൾക്കനുസരിച്ച് പോയന്റ് കിട്ടുന്ന രീതിയാണ് ഇതിൽ. കൂമിതെയിൽ മൂന്ന് ഭാരവിഭാഗങ്ങളിൽ മത്സരമുണ്ട്. എന്നാൽ കാട്ടയിൽ ഭാരവിഭാഗങ്ങളില്ല. കാട്ടയിൽ ഏഴ് ജഡ്ജിമാർ മത്സരാർഥിയുടെ ടെക്‌നിക്കൽ, അത്‌ലറ്റിക് പ്രസന്റേഷൻ പരിഗണിച്ച് പോയന്റ് നൽകുകയാണ് ചെയ്യുക. സാങ്കൽപിക എതിരാളിയെയാണ് ഇതിൽ നേരിടുക. താരത്തിന്റെ കരുത്തും താളവും സന്തുലിതതവും പ്രഹരശേഷിയും കിക്കുകളുമൊക്കെ പോയന്റിനായി പരിഗണിക്കും.
 

Latest News