Sorry, you need to enable JavaScript to visit this website.

സൗദിയിലെ വിസാ, പ്രവേശന വിലക്ക്; വിശദാംശങ്ങള്‍

റിയാദ്- കൊറോണ വ്യാപനത്തിനെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി അറേബ്യ ഇന്ന് പുലർച്ചെ മുതല്‍ ഏർപ്പെടുത്തിയ പ്രവേശന വിലക്കില്‍ വർക്ക് വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവ ഉള്‍പ്പെടുന്നില്ലെന്ന് സൗദി അറേബ്യന്‍ എയർലൈന്‍സ് ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു.

എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള ഉംറ വിസക്കാർക്കും നേരത്തെ കൊറോണ സ്ഥരീകരിച്ച രാജ്യങ്ങളില്‍നിന്നുള്ള വിസിറ്റ് വിസക്കാർക്കുമാണ് താല്‍ക്കാലിക വിലക്ക് ബാധകം.

ടൂറിസം വിസ സസ്പെന്‍റ് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.

അയല്‍ രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങളില്‍ നവകൊറോണ (കോവിഡ്-19) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സൗദി അറേബ്യ ഉംറ വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഇതിനകം വിസ നേടിയര്‍ രാജ്യത്ത് പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്.


വിശദമായ സൗദി വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


അപകടകരമാംവിധം കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ടൂറിസ്റ്റ് വിസകളില്‍ രാജ്യത്ത് പ്രവേശിക്കുന്നതും താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്. സൗദി അറേബ്യക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലെ യാത്രകള്‍ക്ക് സൗദി പൗരന്മാരും ഗള്‍ഫ് പൗരന്മാരും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നതും വിലക്കി.

തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തു നിന്ന് പുറത്തുപോയ സൗദി പൗരന്മാരെയും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സൗദിയില്‍ പ്രവേശിച്ച് നിലവില്‍ രാജ്യത്ത് കഴിയുന്ന ഗള്‍ഫ് പൗരന്മാരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് സൗദി പൗരന്മാരും ഗള്‍ഫ് പൗരന്മാരും ഏതെല്ലാം രാജ്യങ്ങളാണ് സന്ദര്‍ശിച്ചതെന്ന് അന്വേഷിച്ച് ഉറപ്പുവരുത്തുന്നതിനാണ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സൗദിയില്‍ പ്രവേശിക്കുന്നതിനും രാജ്യത്തു നിന്ന് പുറത്തുപോകുന്നതിനും സൗദി പൗരന്മാര്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തുന്നത്.

താല്‍ക്കാലികമായി ബാധകമാക്കിയ ഈ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തുടര്‍ച്ചയായി വിലയിരുത്തും. കൊറോണ വ്യാപനം തടയുന്നതിന് ആഗോള സമൂഹം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സൗദി അറേബ്യ പിന്തുണ നല്‍കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു. ഗള്‍ഫ് പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് അംഗ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സാധിക്കും. ഈ ഇളവാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.


ഇതിനകം ഉംറ വിസ ലഭിച്ചവര്‍ തുടര്‍ നടപടികളെ കുറിച്ച് അറിയുന്നതിന് 00966920002814 എന്ന നമ്പറില്‍ ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഉംറ വിസ ലഭിച്ചവരുടെ അന്വേഷണങ്ങള്‍ക്ക് കേന്ദ്രം 24 മണിക്കൂറും മറുപടികള്‍ നല്‍കും. ഇ-മെയില്‍ ([email protected])  വഴിയും ട്വിറ്ററിലെ ഉപഭോക്തൃ സേവന കേന്ദ്രത്തിന്റെ ഒഫീഷ്യല്‍ അക്കൗണ്ട് വഴിയും ഈയാവശ്യാര്‍ഥം ബന്ധപ്പെടാവുന്നതാണ്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, ഇന്ത്യ, ഈജിപ്ത്, അള്‍ജീരിയ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്ന് കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ഫോണില്‍ ബന്ധപ്പെടുന്നതിന് ലോക്കല്‍ കോള്‍ നിരക്ക് ആണ് കണക്കാക്കുകയെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.


കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയില്‍ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് സൗദി പൗരന്മാരും ഗള്‍ഫ് പൗരന്മാരും യാത്ര ചെയ്യുന്നത് താല്‍ക്കാലികമായി വിലക്കിയിട്ടുണ്ട്.

കോസ്‌വേയിലൂടെ സൗദിയിലേക്കും ബഹ്‌റൈനിലേക്കും കടന്നുപോകാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കണമെന്ന് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ആവശ്യപ്പെട്ടു. ഇറാനും ചൈനയും അടക്കം കൊറോണ പടര്‍ന്നുപിടിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനു വേണ്ടിയാണ് സൗദി പൗരന്മാര്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും കോസ്‌വേയില്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കിയിരിക്കുന്നത്.


ബഹ്‌റൈനില്‍ കൊറോണ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തില്‍ കിംഗ് ഫഹദ് കോസ്‌വേ അടച്ചിട്ടു എന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും കോസ്‌വേ അതിറിറ്റി പറഞ്ഞു. സൗദി പൗരന്മാരും രാജ്യത്ത് കഴിയുന്ന വിദേശികളും ചൈനയും ഇറാനും സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിച്ച് ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുന്ന വിദേശികളെ രാജ്യത്തേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.


സൗദിയില്‍ ഇതുവരെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയില്‍ നിന്നുള്ള ഡയറക്ട് സര്‍വീസുകളില്‍ എത്തിയ 3,195 പേരെയും നേരിട്ടുള്ളതല്ലാത്ത സര്‍വീസുകളില്‍ എത്തിയ 2,355 പേരെയും പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

Latest News