നാടണഞ്ഞവരുടെ വിശേഷം
ചെറുപ്രായത്തിൽ തേനീച്ചയെ പിടികൂടി നിറമുള്ള നൂൽകെട്ടി ഇളക്കി അതിനെ പിന്തുടർന്ന് തേനീച്ചക്കൂട് കണ്ടെത്തിയ വിനോദം അനുസ്മരിച്ച ഹമീദ് ഹാജി ഇപ്പോൾ തേനീച്ചകളുടെ ജീവിതത്തെ കുറിച്ചും തേനിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കും. ജൈവ കൃഷിയെ കുറിച്ചും തേനീച്ച വളർത്തലിനെ കുറിച്ചും അത്രമാത്രം വിജ്ഞാനം കരസ്ഥമാക്കിയിരിക്കുന്നു. ഇപ്പോൾ തങ്കയത്തെ വീട്ടു പറമ്പിലും ചീമേനി പഞ്ചായത്തിലെ കാക്കടവ് ഗ്രാമത്തിലുമായി നൂറോളം തേനീച്ച കോളനികളുണ്ട്.
നാടണഞ്ഞവരിൽ പലരും മറുവഴി കാണാതെ വീണ്ടും വിമാനം കയറി. എന്നാൽ കുത്തിപ്പായിച്ചിട്ടും പോകാൻ കൂട്ടാക്കാതെ തൃക്കരിപ്പൂർ തങ്കയത്തെ അബ്ദുൽ ഹമീദ് ഹാജി പ്രവാസികൾക്കായി ഒരു കഥയെഴുതി.
മടങ്ങി വന്നവർ അഥവാ മുൻപ്രവാസികൾ എന്തു ചെയ്യുന്നു എന്നറിയാനുള്ള കൗതുകമാണ് ഹമീദ് ഹാജിയിലെത്തിച്ചത്.
നാല് വർഷം മുമ്പ് നാട്ടിലെത്തിയ ഹമീദിനെ കുത്തിപ്പായിക്കാൻ ശ്രമിച്ചത് ഇവിടത്തെ ചുവപ്പുനാടകളോ ഉദ്യോഗസ്ഥരോ ഒന്നുമല്ല. മിച്ചം വെച്ചതും പിരിയുമ്പോൾ ലഭിക്കുന്ന ആനുകൂല്യവമായി മടങ്ങുന്ന പ്രവാസികൾക്കുള്ള അത്തരം ആശങ്കകൾക്ക് ഇനി സ്ഥാനമില്ലെന്നും നാട് വളരെയേറെ നന്നായിരിക്കുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഹമീദിനെ കുത്തിപ്പായിക്കാൻ ശ്രമിച്ചത് വീട്ടിലും നാട്ടിലുമുള്ള മനുഷ്യരല്ല, മനുഷ്യരുടെ സാമൂഹിക ജീവിതത്തിന് പലവിധ പാഠങ്ങൾ സമ്മാനിക്കുന്ന തേനീച്ചകളാണ്.
തേനീച്ചകളുടെ കുത്തേറ്റ് വീർത്ത ശരീരവുമായി ഗൾഫുകാരനെ കണ്ടപ്പോൾ കിറുക്കാണെന്ന് പറഞ്ഞു ചിരിച്ചു ചിലർ. പക്ഷെ, 34 വർഷം നീണ്ട പ്രവാസ ജീവിതത്തിലെ അനുഭവങ്ങൾ കീഴടങ്ങാനല്ല, ഉത്സാഹിക്കാനാണ് പ്രേരണയായത്. ഇപ്പോൾ പലരും നാട്ടിലേക്ക് മടങ്ങുന്നതു പോലെ നിർബന്ധിത സാഹചര്യത്തിലായിരുന്നില്ല ദുബായിക്കാരൻ ഹമീദിന്റെ മടക്കം. എണ്ണവിലയിടിവിനു ശേഷം, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഗൾഫ് രാജ്യങ്ങൾ നടപ്പിലാക്കി വരുന്ന ഘടനാ മാറ്റങ്ങളും സ്വദേശിവൽകരണവുമാണ് ഇപ്പോൾ പ്രവാസികളെടു തിരിച്ചൊഴുക്കിനു കാരണം. പരമാവധി പിടിച്ചു നിൽക്കണമെന്നത് വെറുംവാക്കായി മാറി.

ജീവിതത്തിലെ സമ്മർദം അൽപം കുറയ്ക്കണം,ചെറുപ്പത്തിലേ പ്രകൃതിയോടും പച്ചപ്പിനോടുമുള്ള ഇഷ്ടം വീണ്ടെടുക്കണം; ഇതായിരുന്നു ഹമീദിനെ നാടു പിടിക്കാൻ പ്രേരിപ്പിച്ചത്.
നാട്ടിലെത്തിയാൽ എന്തു ചെയ്യണമെന്ന പല ആലോചനകളിൽ ഒന്നു മാത്രമായിരുന്നു ജൈവകൃഷിയും തേനീച്ച വളർത്തലും. ഇപ്പോൾ ഇതു സമ്മാനിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാവുന്നതല്ലെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, വീട്ടുകാരിക്ക് പരിഭവമുണ്ട്. ഇതേക്കാളും നല്ലത് ഇദ്ദേഹം ഗൾഫിൽ പോകുന്നതു തന്നെ, കാരണം ഇവിടെ ഇപ്പോൾ എല്ലായ്‌പ്പോഴും തേനീച്ചക്കും ഇഞ്ചിക്കും പിന്നാലെ. ഗൾഫിലായിരുന്നെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ വിഡിയോ ചാറ്റിനു കിട്ടുമായിരുന്നു.
അപ്പോൾ കുടുംബിനിയുടെ പിന്തുണയില്ലേ എന്ന ചോദ്യത്തിന് വീടും പരിസരവും തന്നെ കൃഷിയിടവും ഫാക്ടറിയുമാക്കി മാറ്റിയ ഹമീദ് ഹാജി പറയും. കുടുംബത്തിന്റെ ഫുൾ സപ്പോർട്ട്.
കൈയിലുള്ളത് ഇൻവെസ്റ്റ് ചെയ്ത് ലാഭം മോഹിച്ച് എവിടെയെങ്കിലും ഇരിക്കുന്നതിനു പകരം ഏതു മേഖലയിലായിലും സ്വയം തന്നെ പൂർണ പങ്കാളിത്തം വഹിക്കണമെന്നാണ് ഹമീദ് ഹാജി പ്രവാസികൾക്ക് നൽകുന്ന ഉപദേശം.
ഉൽപാദന, വിപണന മേഖലയിൽ കളം നിറഞ്ഞു കളിക്കുന്നതുതന്നെയാണ് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയുടെ പരിഭവത്തിനു കാരണവും. രാവിലെ മുതൽ വൈകിട്ടു വരെ തേനിച്ചകളേയും കൃഷിയേയും പരിപാലിക്കൽ.
ദുബായിൽ മിസ്തുബിഷി കമ്പനിയിൽ മാനേജറായിരുന്ന ഇദ്ദേഹം നാട്ടിലെത്തി ഒരു വർഷത്തോളം തേനീച്ച വളർത്തലിലും ജൈവകൃഷിയിലും പരിശീലനം നേടാനാണ് ചെലവഴിച്ചത്. കാർഷിക മേഖലയിലെ പുതിയ കണ്ടുപിടിത്തങ്ങളെല്ലാം ഇദ്ദേഹത്തെ ആകർഷിക്കും. പൈപ്പിലുടെ വെള്ളമൊഴുക്കി നാടകളിലുടെ ചെടികളിൽ എത്തിക്കുന്ന രീതി ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ കണ്ടു. ടെറസുകളിൽ അനുയോജ്യമായ കൃഷി രീതി. മഴ വെള്ളം ശേഖരിച്ച് കിണറിലെത്തിക്കുന്ന ഫിൽറ്ററും ഹമീദ് ഹാജി സ്ഥാപിച്ചിട്ടുണ്ട്. മഴക്കാല കൃഷിക്കുള്ള റെയിൻ ഷെൽട്ടറുമുണ്ട്.

ഇതിനൊക്കെ ആനുകൂല്യങ്ങൾ ലഭിക്കുമോ എന്ന ചോദ്യത്തിന് കൃഷി വകുപ്പിൽനിന്നും ഹോർട്ടി കോർപ്പിൽനിന്നും അകമഴിഞ്ഞ സംഭാവനകളാണ് ഇപ്പോൾ ലഭിക്കുന്നതെന്നായിരുന്നു മറുപടി.
ചെറുപ്രായത്തിൽ തേനീച്ചയെ പിടികൂടി നിറമുളള നൂൽകെട്ടി ഇളക്കി അതിനെ പിന്തുടർന്ന് തേനീച്ചക്കൂട് കണ്ടെത്തിയ വിനോദം അനുസ്മരിച്ച അദ്ദേഹം ഇപ്പോൾ തേനീച്ചകളുടെ ജീവിതത്തെ കുറിച്ചും തേനിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കും. ജൈവ കൃഷിയെ കുറിച്ചും തേനീച്ച വളർത്തലിനെ കുറിച്ചും അത്രമാത്രം വിജ്ഞാനം കരസ്ഥമാക്കിയിരിക്കുന്നു.
ഇപ്പോൾ തങ്കയത്തെ വീട്ടു പറമ്പിലും ചീമേനി പഞ്ചായത്തിലെ കാക്കടവ് ഗ്രാമത്തിലുമായി നൂറോളം തേനീച്ച കോളനികളുണ്ട്. കാക്കടവിൽ പത്തേക്കർ കൃഷിയിടത്തിലാണ് കോളനികളുള്ളത്. സീസണുകൾക്കനുസരിച്ച് കോളനികൾ മാറ്റി ഔഷധ ഗുണങ്ങളിൽ റബർ ഫാമിൽനിന്നുള്ള തേൻ മുതൽ ചെറുതേൻ വരെ ശേഖരിക്കുന്നു. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് പ്രധാന വിളവെടുപ്പ് കാലം.
ഒരു കോളനിയിൽനിന്ന് വർഷം ശരാശരി 14 കിലോ വരെ തേൻ ലഭിക്കും. വിവിധയിനം തേനുകൾക്ക് കിലോയ്ക്ക് 300 രൂപ മുതൽ 2200 വരെയാണ് വിപണി വില.
തുടക്കത്തിൽ ഇത്രയധികം തേൻ എന്തു ചെയ്യണമെന്നറിയാതെ അമ്പരന്ന ഹമീദ് ഹാജിക്ക് ഇപ്പോൾ ആവശ്യക്കാർക്ക് തേൻ കൊടുക്കാൻ കഴിയുന്നില്ല. വ്യാജ തേനിൽനിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും നല്ല മാർഗം കർഷകനിൽനിന്ന് നേരിട്ടു വാങ്ങുകയാണ്. അതുകൊണ്ട് തന്നെ കേട്ടറിഞ്ഞവർ ഹമീദ് ഹാജിയുടെ മാംബീ തേൻ തേടിയെത്തുന്നു. സ്വന്തം ഉൽപന്നം കൂടാതെ തന്റെ കൂടെ പരിശീലനം നേടിയവരുടെ തേൻ കൂടി ശേഖരിച്ചാണ് വിപണിയിലെ ഡിമാന്റ് നേരിടുന്നത്. ഗൾഫ് നാടുകളിലേക്ക് ധാരാളം പേർ തൃക്കരിപ്പൂർ തങ്കയത്തെത്തി തേൻ വാങ്ങിക്കൊണ്ടുപോകുന്നു.
തേനീച്ച വളർത്തിലിലൂടെയും ജൈവ കൃഷിയിലൂടെയും താൻ വലിയൊരു സാമൂഹിക ദൗത്യം കൂടി നിർവഹിക്കുന്നുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. മൂന്ന് കിലോ മീറ്റർ ചുറ്റളവിൽ പരാഗണം നടക്കാൻ തന്റെ തേനിച്ച കോളനികൾ സഹായകമാകുന്നുണ്ടെന്നും കാർഷിക അഭിവൃദ്ധിക്ക് ഇത് കാരണമാണെന്നും ഹമീദ് ഹാജി പറഞ്ഞു. മഴവെള്ള ശേഖരണം ഉൾപ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങൾ സമീപത്തെ കിണറുകളിൽ ശുദ്ധ ജല ലഭ്യതക്കും സഹായകമാകുന്നു.
സീസണിൽ ഒരു ടൺ വരെ തേൻ ഉൽപാദിപ്പിക്കുമെന്നും ശുദ്ധമായ തേനിന് ഗൾഫ് നാടുകളിൽനിന്ന് ഇപ്പോൾ ധാരാളം അന്വേഷണമുണ്ടെന്നും ഹമീദ് പറഞ്ഞു.
ബംഗളൂരു, ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കും കൊറിയർ വഴി തേൻ അയക്കുന്നു. വിദ്യാർഥികളടക്കം ധാരാളം പേർ ഹമീദിന്റെ പരീക്ഷണങ്ങൾ കാണാനെത്തുന്നു. തേനീച്ച വളർത്തലിലും ജൈവകൃഷിയിലുമുള്ള സംശയങ്ങളുമായെത്തുന്നുവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും സംശയങ്ങൾ ദൂരീകരിക്കാനും സമയം കണ്ടെത്തുന്ന ഹമീദിന് നാടണയാൻ കൊതിക്കുന്ന പ്രവാസികളോട് പറയാനുണ്ട്.

മിച്ചം വെച്ച തുകയും പിരിയുമ്പോൾ കിട്ടുന്ന ആനുകൂല്യങ്ങളും നാട്ടിൽ കൊണ്ടുവന്ന് എവിടെയെങ്കിലും നിക്ഷേപിച്ച് കുത്തിയിരിക്കരുത്. താൽപര്യമുള്ള മേഖലയെ കുറിച്ച് നന്നായി പഠിക്കണം. ഗൾഫിൽ അധ്വാനത്തിൽ കാണിക്കുന്ന ഉത്സാഹം ഇവിടേയും കാണിക്കണം.
സ്വന്തം പങ്കാളിത്തം ഉറപ്പാക്കാതെ ഒരു തരത്തിലുള്ള ബിസിനസിലും ഇറങ്ങരുത്. കേരളം മാറിയിട്ടുണ്ട്. അതു കൊണ്ട് സർക്കാരിന്റെ ഭാഗത്തുനിന്നും ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്നുള്ള ചുവപ്പ് നാടകളെ കുറിച്ച് വല്ലാതെയൊന്നും ആശങ്കപ്പെടരുത്. നാട് ഒരുപാട് മാറിയിട്ടുണ്ട്. തിരിച്ചെത്തിയ ഉടൻ എടുത്തുചാടാതെ സാവകാശം കാര്യങ്ങളൊക്കെ പഠിച്ച് ഓരോ ചുവടും വെച്ചാൽ ദുഃഖിക്കേണ്ടി വരില്ല. ഹമീദുമായി ബന്ധപ്പെടാം. 00919400912923






