കളിപ്പാട്ടങ്ങൾക്ക് പകരം ഇന്ന് ആധുനിക മെബൈലുകളും ഗെയിമുകളുമാണ് കുഞ്ഞുങ്ങൾക്ക് ബുദ്ധിയുറക്കും മുമ്പെ മാതാപിതാക്കൾ പരിചയപ്പെടുത്തുന്നത്. എന്നാൽ അത് അവരുടെ മാനസിക,ശാരീരിക വൈകല്യത്തിന് എത്രമേൽ ആപത്തുണ്ടാക്കുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല.സൈബർ ലോകത്തെ ചതിക്കുഴിയിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ അകപ്പെടുന്നത് പതിവ് കാഴ്ചയാണ്.സൈബർലോകത്തെ ഭീതിജനകമായ സംഭവങ്ങളാണ് അടുത്തിടെ കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഗെയിമിന് അടിമകളാകുന്ന കുട്ടികളാണ് ഇന്ന് സ്വയം ജീവൻ വെടിയുന്നത്.ബ്ലൂ വെയ്ൽ എന്ന മരണഗെയിം കേരളത്തിന്റെ കൗമാരത്തേയും മരണത്തിലേക്ക് കൂട്ടിനടക്കുന്നവെന്നതാണ് പുതിയ വാർത്ത.
ഉത്തർ പ്രദേശിൽ സർക്കാർ മെഡിക്കൽ കോളേജിൽ ശ്വാസം മുട്ടി പിടഞ്ഞു മരിക്കുന്ന കുഞ്ഞുങ്ങൾ, സൈബർ ലോകത്തെ പുതിയ ചതിക്കുഴിയിൽ പെട്ട് സ്വയം ജീവനൊടുക്കുന്ന കുട്ടികൾ, മാതാപിതാക്കൾ പുതിയ അനുഭൂതികൾ തേടിപ്പോകുമ്പോൾ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളോട് കൊടും ക്രൂരത..
ഇന്ത്യൻ മണ്ണിൽ വാവിട്ടു കരയാൻ ഇന്ന് കുരുന്നുകൾക്ക് കരുത്തില്ല. ജീവശ്വാസത്തിനായി കുരുന്നുകൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് പിടയുമ്പോഴും അധികാരി വർഗം മൃഗസ്‌നേഹത്തിന്റെ പിന്നാലെ പാഞ്ഞ് സ്വാതന്ത്ര്യമെന്ന യാന്ത്രികമായ ചടങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണുളളത്. ഇന്ത്യയിൽ സാക്ഷരതയിൽ വലിയ കുതിപ്പ് നടത്തിയ കേരളത്തിൽ പോലും കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി കേരള പോലീസ് ക്രൈം റെക്കോർഡ്‌സ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
ഗോരഖ്പൂരിലെ കുട്ടികളുടെ കൂട്ടമരണം
ഇന്ത്യയിൽ ജന്മം നിഷേധിക്കപ്പെടുന്ന കുരുന്നുകളുടെ കണക്കുകൾ ഇപ്പോഴും അവ്യക്തമാണ്. ഗർഭഛിദ്രം നടത്തി പൂർണവളർച്ചക്ക് മുമ്പ് തന്നെ മക്കളുടെ വളർച്ച തടയുന്ന കണക്കുകൾ നിരവധിയാണ്. എന്നാൽ അധികാരി വർഗത്തിന്റെ അവകാശ നിഷേധത്തിലൂടെ രാജ്യത്ത് കഴിഞ്ഞയാഴ്ച പിടഞ്ഞ് മരിച്ചത് എഴുപത്തഞ്ചോളം കുരുന്നുകളാണ്. ഉത്തർ പ്രദേശിലെ ഗോരഖ്പൂർ ജില്ലയിലെ ബാബാ രാഘവ്ദാസ് (ബി.ആർ.ഡി)സർക്കാർ മെഡിക്കൽ കോളേജിലാണ് ഓക്‌സിജൻ കിട്ടാതെ കുരുന്നകളുടെ കൊടും ക്രൂരത അരങ്ങേറിയത്. രാജ്യത്ത് അടുത്ത അഞ്ച് വർഷം കൊണ്ട് ദാരിദ്ര്യവും, നിരക്ഷരതയും അഴിമതിയും പോഷകാഹാര കുറവും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ വ്യാപക പ്രചാരണം നടത്തുമ്പോഴാണ് കുരുന്നുകൾ ഈയ്യാമ്പാറ്റകളെ പോലെ അൽപായുസ്സിൽ എരിഞ്ഞ് വീഴുന്നത്.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ സ്വന്തം ലോകസഭാ മണ്ഡലത്തിലാണ് രാജ്യത്തെ നടുക്കിയ കുരുന്നുകൾക്കെതിരെയുളള ക്രൂരത.സ്വന്തം കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരം നാട്ടിലേക്ക് സംസ്‌കരിക്കാൻ കൊണ്ടുപോകാൻ പോലും ഇവിടെ ആംബുലൻസുകളുണ്ടായിരുന്നില്ല. ബൈക്കിലും ഓട്ടോറിക്ഷയിലും പിടഞ്ഞുമരിച്ച കുട്ടികളുടെ മൃതദേഹവുമായി പോകുന്ന രക്ഷിതാക്കളുടെ ദയനീയാവസ്ഥ ഇന്നും അധികാരി വർഗത്തിന് ഗൗരവമുളള ചർച്ചയല്ല. എന്നാൽ തിരുവനന്തപുരത്ത് ഒരു ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടപ്പോഴുള്ള ജാഗ്രത ഈ കുരുന്നുകളുടെ കാര്യത്തിൽ കേന്ദ്രം കാണിച്ചിട്ടില്ല എന്നതും എടുത്ത് പറയേണ്ടതാണ്.
തലോടേണ്ട കൈകളിൽ പിടയുന്നവർ
തലോടേണ്ട കൈകളാൽ തന്നെ മക്കൾ ജീവനു വേണ്ടി പിടയുന്ന സംഭവങ്ങൾ കേരളത്തിൽ ഏറിവരികയാണ്. ഷെഫീഖ് എന്ന കുരുന്ന് രണ്ടാനമ്മയുടെ ക്രൂരതയാൽ മൃതപ്രാണനായത് മാസങ്ങൾക്ക് മുമ്പാണ്. ഷെഫീഖ് പിന്നീട് സുമനസ്സുകളുടെ സഹായത്തോടെ ഇന്ന് ജീവിതത്തിലേക്ക് പിച്ചുവെച്ചു തുടങ്ങി. ഷെഫീഖ് മാത്രമല്ല നിരവധി കുരുന്നുകൾ ഇന്നും സ്വന്തം മാതാപിതാക്കളുടെ ക്രൂരതയാൽ പീഡനങ്ങളേറെ ഏൽക്കുന്നുണ്ട്. മാതാപിതാക്കൾ പുതിയ അനുഭൂതികൾ തേടിപ്പോകുമ്പോൾ സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളോട് വരെ കൊടും ക്രൂരത കാണിക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് പെരുകുന്നത്. സംസ്ഥാനത്ത് പോലീസ് ക്രൈം റെക്കോർഡ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം ഈ വർഷത്തെ ആദ്യ നാലു മാസത്തിനുളളിൽ 6 കുട്ടികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഒരു പിഞ്ചു പൈതൽ ഉൾപ്പടെ 33 കുട്ടികളാണ് പലവിധത്തിൽ കൊല്ലപ്പെട്ടിരുന്നത്.പിറന്നുവീണ പൈതങ്ങൾ മുതൽ പ്രായപൂർത്തിയാവാത്ത കുരുന്നുകൾ വരെ പീഡനത്തിനും ലൈംഗിക ചൂഷണത്തിനും കൊലക്കും ഇരയാവുന്നതായണ് പോലീസ് ക്രൈം കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുളള മാസങ്ങളിൽ മാത്രം കുട്ടികൾക്കെതിരെ 1217 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
കുട്ടികളുടെ അവകാശ സംരക്ഷണവും ഉത്തമ താൽപര്യ സംരക്ഷണവും ഉറപ്പവരുത്തുന്നതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും ചൈൽഡ് പ്രൊട്ടക്ഷൻകമ്മിറ്റികൾ ഉണർന്നു പ്രവർത്തിക്കേണ്ട ആവശ്യകത വർധിച്ചിരിക്കുകയാണ്.സ്വന്തം വീട് തൊട്ട് ക്ലാസ്സ് മുറികളിൽ വരെ കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്നതാണ് വസ്തുത.കുട്ടികൾക്കെതിരെയുളള ആക്രമണങ്ങൾ,ബാലവേലയിൽ ഏർപ്പെടുന്ന കുട്ടികൾ, ഭിന്നശേഷിയുളള കുട്ടികൾ, പട്ടികജാതി - വർഗ പിന്നോക്ക വിഭാഗ കുട്ടികൾ, തെരുവിൽ അലയുന്ന കുട്ടികൾ, മാതാപിതാക്കൾക്ക് സംരക്ഷിക്കാൻ ശേഷിയില്ലാത്ത കുട്ടികൾ, അനാഥരായ കുട്ടികൾ,എച്ച്.ഐ.വി. ബാധിതരായ കുട്ടികൾ, തടവു ശിക്ഷ അനുഭവിക്കുന്ന കുട്ടികൾ, ലഹരിക്ക് അടിമപ്പെട്ട കുട്ടികൾ തുടങ്ങി ഏതു വിഭാഗത്തിൽ പെട്ടവരായാലും ഇന്ന് ക്രൂശിക്കപ്പെടുകയാണ്.
താലോലിക്കാൻ മറക്കുന്ന കൈകൾ
കുഞ്ഞിനെ തലോടുക, താലോലിക്കുക എന്നത് ഇന്നത്തെ കാലത്ത് കേട്ടുകേൾവി മാത്രമാണ്, ലോകം അത്രമേൽ മാറിയിരിക്കുന്നു. ജോലിക്ക് വേണ്ടി കുഞ്ഞിന്റെ പ്രായവും വളർച്ചയും നോക്കാതെ ഇറങ്ങുന്ന അമ്മമാരാണ് ഇന്ന് ഏറെയും. പ്രൊഫഷനാണ് ഏവർക്കും വലുത്. ജന്മം നൽകി 28 ദിവസം പ്രായമുളള കുഞ്ഞിനെ സ്വന്തം അമ്മയുടെ കൈകളിലേൽപ്പിച്ച് വിദേശത്തേക്ക് പറക്കുന്ന വീട്ടമ്മമാർ ഇന്ന് കേരളത്തിൽ സർവ്വ സാധാരണമാണ്. പ്രസവത്തിന് അവർക്ക് ലഭിക്കുന്ന ലീവ് തീരുമെന്നതിനാലാണ് വാവിട്ട് കരയുന്ന പൈതങ്ങളെ മാറിൽനിന്ന് അടർത്തി അവർ വിമാനം കയറുന്നത്.
മറ്റു ചിലർ ഇന്ന് സംസ്ഥാനത്ത് കൂണുപോലെ മുളച്ചു പൊന്തുന്ന ഉത്തരവാദിത്തമില്ലാത്ത പ്ലേ സ്‌കൂൾ, ഡേ കെയർ പോലുളള സ്ഥാപനങ്ങളിലേക്ക് പറഞ്ഞുവിടുന്നത്. കുട്ടികളുടെ ശരിയായ വികസനത്തിനും, പുരോഗതിക്കും ഉതകുന്ന തരത്തിൽ ചൂഷണരഹിതമായ സ്ഥാപനങ്ങൾ ഇന്ന് കേരളത്തിൽ വിരളമാണ്.എറണാംകുളത്തെ ഒരു ഡേകെയർ യൂണിറ്റിൽ അധ്യാപിക മൂന്ന് വയസ്സുകാരിയോട് കാണിക്കുന്ന ക്രൂരത വാർത്ത മാധ്യമങ്ങൾ പുറത്ത് വിട്ടതോടെയാണ് സർക്കാർ നിലപാട് കർക്കശമാക്കിയത്.
സ്‌നേഹവും ലാളനയും നൽകേണ്ട രക്ഷിതാക്കൾ പുതിയ ബന്ധങ്ങൾ തേടിപ്പോകുന്നതോടെയാണ് കുട്ടികൾ കടുത്ത ക്രൂരതക്ക് വിധേയരാവുന്നത്. അച്ഛൻ, അമ്മ എന്ന വിളിച്ച് പരിചയിക്കും മുമ്പ് തന്നെ രണ്ടാനമ്മ, രണ്ടാനച്ഛൻ എന്നതിലേക്ക് കുട്ടികൾ മാറേണ്ട അവസ്ഥ അവനെ മാനസികമായി തളർത്തുന്നു. എന്നാൽ രണ്ടാനമ്മയും അച്ഛനും അവരുടെ മനോഭാവം പുറത്തെടുക്കുന്നതോടെ കുരുന്നുകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. ചുടു ചട്ടുകം പഴുപ്പിച്ച് പൊളളലേറ്റ്, ക്രൂരമായി മർദ്ദിച്ച്, പട്ടിണിക്കിട്ട് അവരെ പീഡിപ്പിക്കുന്നു. പുറം ലോകം അറിയാതെ ഇന്നും പീഡനങ്ങളേറ്റു വാങ്ങുന്നവർ നിരവധിയാണ്.
കൊല ചെയ്യപ്പെടുന്ന കുരുന്നുകൾ
ഓരോ വർഷവും സാംസ്‌കാരിക കേരളത്തിൽ കുട്ടികളോടുളള ക്രൂരത ഏറിവരികയാണ്. 2008 വർഷത്തിൽ 37 കുട്ടികളാണ് കൊല്ലപ്പെട്ടിരുന്നത്.എന്നാൽ 2009 ആയപ്പോഴേക്കും 44 കുട്ടികളായി. 2010 ൽ 42 കുട്ടികളും,
2011ൽ 47പേരും മരിച്ചിട്ടുണ്ട്. 2012(34)2013(40)2014(39),2015(43) എന്നിങ്ങനെയാണ് കണക്കുകൾ.
കഴിഞ്ഞ വർഷം ഒരു പിഞ്ചു പൈതലും തെട്ടുമുമ്പുളള വർഷം 4 പൈതങ്ങളുമാണ് മരണത്തിന് കീഴടങ്ങിയത്.കുട്ടികളുടെ കൊലപാതകത്തിന് കാരണമാകുന്നത് കൂടുതലും രക്ഷിതാക്കളോ അടുത്ത ബന്ധുക്കളോ ആണ്.
കുട്ടികൾക്കെതിരെ കഴിഞ്ഞ വർഷം 2899 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.തൊട്ടു മുമ്പുളള വർഷമിത് 2384 ആയിരുന്നു.2008,2009,2010 വർഷങ്ങളിൽ 549,589,596,എന്നിങ്ങിനെയായിരുന്നങ്കിൽ 2011ന് 1452 കേസുകളാണ് രജിസ്ട്രർ ചെയ്തത്.2012(1324),2013(1877)2014(2286)കേസുകളും രജിസ്ട്രർ ചെയ്തു.ബലാൽസംഗ കേസുകൾ കഴിഞ്ഞ വർഷം 960 ആയി ഉയർന്നു.തൊട്ടുമുമ്പുളള വർഷം 720 ആയിരുന്നു.2008ൽ 215 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2009ൽ 235ആയും 2010ൽ 208ആയെങ്കിലും 2011 മുതൽ ക്രമാതീതമായി ഉയരുകയായിരുന്നു.2011ൽ 423 കേസുകളുണ്ടായി.2013(455)2014(637)കേസുകളായി വർധിക്കുകയായിരുന്നു.കുട്ടികളെ തട്ടികൊണ്ടുപോകൽ കഴിഞ്ഞ വർഷം 149 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.2008ൽ 87 കേസുകൾ മാത്രമാണുണ്ടായത്.2009(83)2010(111)2011(129), 2012(147),2013(136),2014(116), 2015(171)കേസുകളുമാണുണ്ടായത്.
സൈബർ കൊലയാളികൾ
കളിപ്പാട്ടങ്ങൾക്ക് പകരം ഇന്ന് ആധുനിക മെബൈലുകളും ഗെയിമുകളുമാണ് കുഞ്ഞുങ്ങൾക്ക് ബുദ്ധിയുറക്കും മുമ്പെ മാതാപിതാക്കൾ പരിചയപ്പെടുത്തുന്നത്.എന്നാൽ അത് അവരുടെ മാനസിക,ശാരീരിക വൈകല്യത്തിന് എത്രമേൽ ആപത്തുണ്ടാക്കുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല.
സൈബർ ലോകത്തെ ചതിക്കുഴിയിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ അകപ്പെടുന്നത് പതിവ് കാഴ്ചയാണ്.സൈബർലോകത്തെ ഭീതിജനകമായ സംഭവങ്ങളാണ് അടുത്തിടെ കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇന്റർനെറ്റ് ഗെയിമിന് അടിമകളാകുന്ന കുട്ടികളാണ് ഇന്ന് സ്വയം ജീവൻ വെടിയുന്നത്.
ബ്ലൂ വെയ്ൽ എന്ന മരണഗെയിം കേരളത്തിന്റെ കൗമാരത്തേയും മരണത്തിലേക്ക് കൂട്ടിനടക്കുന്നവെന്നതാണ് പുതിയ വാർത്ത.
മാതാപിതാക്കൾ, സുഹൃത്തുക്കൾ,അധ്യാപകർ, അയൽവാസികൾ എന്നു വേണ്ട ആരോടും അടുപ്പമില്ലാതെ ഗെയിമുകളിൽ അഭയം കണ്ടെത്തുന്നവരാണ് സ്വയം സൃഷ്ടിച്ചെടുക്കുന്ന മായാലോകത്തേക്ക് പോകാനായി ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നത്.
ബ്ലുവെയ്ൽ നിരോധിച്ചതു കൊണ്ട് മാത്രം സൈബർ ലോകത്തെ ചതിക്കുഴികൾ ഇല്ലാതാവുന്നില്ല. ഇന്റർനെറ്റ് എന്നതിന്റെ നല്ല വശങ്ങൾ പ്രയോജനപ്പെടുത്തുക എന്ന തത്വത്തിലേക്ക് മക്കളെ കൂട്ടി നടക്കുക എന്നതു മാത്രമെ ഉൽബുദ്ധരായ ജനതക്ക് ചെയ്യാനാവുകയുളളൂ.






