ഏഷ്യന്‍ ഇലവന്‍: കോഹ്‌ലി  കളിക്കുമോ? തീരുമാനമായില്ല

ധാക്ക - ഏഷ്യന്‍ ഇലവനും ലോക ഇലവനും തമ്മില്‍ ബംഗ്ലാദേശില്‍ അരങ്ങേറുന്ന ട്വന്റി20 പരമ്പരയിലെ ഒരു മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കളിച്ചേക്കും. കോഹ്‌ലിയുടെ പേര് ബംഗ്ലാദേശ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നായകന്റെ സമ്മതം കാത്തിരിക്കുകയാണ് ബി.സി.സി.ഐ. ഇന്ത്യന്‍ ടീമിന് തിരക്കിട്ട ഷെഡ്യൂളായതിനാല്‍ കോഹ്‌ലിയുടെ ജോലിഭാരം പ്രധാന പ്രശ്‌നമാണ്. 
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ശെയ്ഖ് മുജീബുറഹ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് രണ്ടു മത്സര സംഘടിപ്പിക്കുന്നത്. കോഹ്‌ലിയുള്‍പ്പെടെ ആറ് ഇന്ത്യന്‍ കളിക്കാര്‍ ഏഷ്യന്‍ ഇലവനിലുണ്ട്. ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു മത്സരത്തിനും ലഭ്യമായിരിക്കും. കോഹ്‌ലിക്കൊപ്പം കെ.എല്‍ രാഹുലാണ് ഒരു മത്സരത്തില്‍ കളിക്കുക. ഇന്ത്യ, ബംഗ്ലാദേശ് കളിക്കാര്‍ക്കു പുറമെ റാഷിദ് ഖാന്‍, മുജീബുറഹ്മാന്‍ (അഫ്ഗാനിസ്ഥാന്‍), ലസിത് മലിംഗ, തിസര പെരേര (ശ്രീലങ്ക), സന്ദീപ് ലാമിചാനെയും (നേപ്പാള്‍) ഏഷ്യന്‍ ഇലവനിലുണ്ട്. പാക്കിസ്ഥാന്‍ ട്വന്റി20 ലീഗ് അരങ്ങേറുന്നതിനാല്‍ അവരുടെ കളിക്കാരെ ഉള്‍പെടുത്തിയിട്ടില്ല. 


 

Latest News